മുട്ടം: ഫിനാൻസ് സ്ഥാപനത്തിെൻറ മറവിൽ അമിതപലിശക്ക് വായ്പകൊടുത്ത ശേഷം ചെക്ക് കേസ് നൽകി സ്ത്രീകളെ കുടുക്കിയ യുവാവ് അറസ്റ്റിൽ. മുട്ടം എള്ളുംപുറം അരീപ്ലാക്കൽ സിബി തോമസിനെയാണ് (49) കുളമാവ് പൊലീസ് അറസ്റ്റ് ചെയതത്. ഇയാളുടെ സ്ഥാപനത്തിൽനിന്ന് പലിശക്ക് പണം വാങ്ങിയശേഷം കേസുകളിൽപ്പെട്ട സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തൊടുപുഴ സ്റ്റേഷന് കീഴിൽ നിരവധി പരാതികളാണ് സിബിക്കെതിരെയുള്ളത്. പണം വായ്പയെടുത്ത സ്ത്രീയെ ഭീഷണപ്പെടുത്തി ബലാത്സംഗം ചെയ്തു എന്ന കേസിലും വിദേശത്ത് താമസിക്കുന്ന ആളുടെ വ്യാജ ചെക്ക് കോടതിയിൽ ഹാജരാക്കിയ കേസിലും പ്രതിയാണ്. തൊടുപുഴ, മുട്ടം മേഖലകളിലായി 500ൽ അധികം വീട്ടമ്മമാർക്കെതിരെയാണ് ഇയാൾ ചെക്കുകേസ് നൽകിയിട്ടുള്ളത്. 5000വും 10,000വും പലിശക്കെടുത്തവർക്കെതിരെ 10 ലക്ഷത്തിലധികം രൂപയുടെ കേസാണ് നൽകിയിരിക്കുന്നത്. പലിശക്കെടുത്തവർ പതിന്മടങ്ങ് തിരിച്ചടച്ചെങ്കിലും ചെക്ക് തിരിച്ചുനൽകാതെ വീണ്ടും കേസ് നൽകുകയാണ് ഇയാളുടെ രീതി. പണം വാങ്ങിയത് പുരുഷന്മാർ ആണെങ്കിലും കേസ് കൊടുക്കുന്നത് സ്ത്രീകൾക്കെതിരെയാണ്.
പണം ആവശ്യപ്പെട്ട് വരുന്നവരുടെയും അവരുടെ ഭാര്യമാരുടെ അല്ലെങ്കിൽ അമ്മമാരുടെയും കൂടി ചെക്കും മറ്റ് രേഖകളും വാങ്ങുകയാണ് സ്ഥാപനത്തിെൻറ രീതി. തിരിച്ചടക്കുന്ന തുകക്ക് സ്ഥാപനം രസീതോ മറ്റ് രേഖകളോ നൽകാത്തതിനാൽ കേസുകളിൽപെട്ട് വീട്ടമ്മമാർ കോടതി കയറുകയാണ് പതിവ്.
പലിശക്ക് പണം എടുത്തവരിലധികവും കൂലിപ്പണിക്കാരും ഓട്ടോ തൊഴിലാളികളുമാണ്. വർഷങ്ങൾക്ക് മുമ്പ് കൂലിപ്പണിക്കാരനായിരുന്ന ഇയാളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് പൗരസമിതി ഉൾപ്പടെ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ഇയാളിൽനിന്ന് ആനുകൂല്യം പറ്റുന്നതായി ആക്ഷേപമുണ്ട്. തൊടുപുഴ ഡിവൈ.എസ്.പി ജിം പോളിെൻറ നിർദേശപ്രകാരം കുളമാവ് എസ്.എച്ച്.ഒ സുനിൽ തോമസിെൻറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് സിബിയെ തൊടുപുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ കാപ്പ ചുമത്താൻ കലക്ടർക്ക് റിപ്പോർട്ട് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.