കോട്ടക്കൽ: ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസും യുവാവും തമ്മിൽ സംഘർഷം. മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ചവരെ വിരട്ടിയോടിച്ചു. സ്കൂട്ടർ യാത്രികരുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടനിലക്കാരനായി സംസാരിച്ച യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത് ബലം പ്രയോഗിച്ച്. കോട്ടക്കൽ ആയുർവേദ കോളജിന് സമീപമുണ്ടായ സംഭവത്തിൽ പുത്തൂർ സ്വദേശി പൂളക്കുണ്ടൻ സർജാദാണ് (22) അറസ്റ്റിലായത്. ഇയാൾക്ക് പിന്നീട് ജാമ്യം നൽകി. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ സ്കൂട്ടർ യാത്രികർക്കെതിരെയും പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ അലവി തിരൂർ കോടതിയിൽനിന്ന് വരുന്നതിനിടെ സ്കൂട്ടർ യാത്രികരായ യുവാക്കൾ തടസ്സപ്പെടുത്തി. എടരിക്കോട് ജങ്ഷൻ വരെ ഇത് തുടർന്നതോടെ കോളജ് പടിക്ക് സമീപം പൊലീസ് ഇവരെ പിടികൂടി. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ സർജാദ് വിഷയത്തിൽ ഇടപെടുകയായിരുന്നു. കാര്യം തിരക്കിയ ശേഷം യുവാക്കളോട് പോകാൻ നിർദേശിച്ചു. ഇതോടെ പൊലീസും യുവാവും തമ്മിൽ തർക്കമായി. ഇതിനിടെ യുവാക്കൾ സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളഞ്ഞതോടെ സർജാദിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ, ജീപ്പിൽ കയറില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നുമുള്ള നിലപാടിലായിരുന്നു യുവാവ്.
ഇതിനിടയിൽ മാസ്കും ഹെൽമെറ്റും ഇല്ലാത്തതിനാൽ യുവാക്കളെ പൊലീസ് തടഞ്ഞുവെക്കുന്നുവെന്നാരോപിച്ച് യാത്രക്കാരടക്കമുള്ളവർ രംഗത്തെത്തി. മൃഗീയമായി ഉപദ്രവിച്ച് യുവാവിനെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാരടക്കമുള്ളവർ പൊലീസിനെതിരെ തിരിഞ്ഞു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചവരുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു. തുടർന്ന് കോട്ടക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ വിവേക് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി. സർജാദിനെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റുകയായിരുന്നു. സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് നിരവധി പേരാണ് തടിച്ചുകൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.