കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പൊലീസിന്റെ സ്വർണവേട്ട. അബൂദബിയില്‍നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരനെ വിമാനത്താവളത്തിന് പുറത്തുനിന്ന് കരിപ്പൂര്‍ പൊലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി അബ്ദുറഹ്മാനാണ് (34) 1079 ഗ്രാം സ്വർണവുമായി അറസ്റ്റിലായത്.
മിശ്രിത രൂപത്തില്‍ നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. ഞായറാഴ്ച രാവിലെ എട്ടിന് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ അബ്ദുറഹ്മാന് കസ്റ്റംസ് പരിശോധന അതിജീവിച്ച് പുറത്തിറങ്ങിയശേഷം, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ സ്വർണക്കടത്ത് വിവരം മറച്ചുവെച്ച ഇയാളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് നടത്തിയ എക്സ് റേ പരിശോധനയിലാണ് ശരീരത്തിനകത്ത് ഒളിപ്പിച്ച സ്വർണ മിശ്രിതമടങ്ങിയ നാല് ക്യാപ്സ്യൂളുകള് കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും തുടരന്വേഷണത്തിന് വിശദ റിപ്പോര്‍ട്ട് കസ്റ്റംസിന് നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.