തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതികളായ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈമാസം 23ന് വൈകീട്ട് അഞ്ചുവരെയാണ് കസ്റ്റഡി അനുവദിച്ച് തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടത്. കേസിന്‍റെ തുടർനടപടികൾക്കുള്ള അധികാരവും ഈ കോടതിക്ക് തന്നെയായിരിക്കുമെന്ന് ജഡ്ജി ബാലകൃഷ്ണൻ പറഞ്ഞു.
കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്യാനും വിമാനത്താവളത്തിലും വിമാനത്തിലും തെളിവെടുപ്പ് നടത്താനും ആറു ദിവസം കസ്റ്റഡിയിൽ വേണമെന്നുമാണ് പ്രത്യേക സംഘം ആവശ്യപ്പെട്ടത്. എന്നാൽ, കോടതിയിൽ നിന്ന് കിലോമീറ്ററുകൾ മാത്രം ദൂരെയുള്ള വിമാനത്താവളത്തിൽ തെളിവെടുപ്പ് നടത്താൻ ആറു ദിവസം ആവശ്യമില്ലെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്.
വിമാനത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കേണ്ടത് എൻ.ഐ.എ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും നിലവിൽ കേസ് പരിഗണിക്കുന്ന കോടതിക്ക് അതിനുള്ള അധികാരമില്ലെന്നും പ്രതിഭാഗം വാദിച്ചു. ദേശീയ സുരക്ഷ നിയമത്തിന്‍റെ പരിധിയിലുള്ള കേസാണെങ്കിലും വിമാനത്താവള നിയമങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി ജില്ലയിൽ വേറെ ഇല്ലാത്തതിനാൽ ജില്ല സെഷൻസ് കോടതിക്കായിരിക്കും അധികാരമെന്ന് ഉത്തരവിൽ പറയുന്നു.
പ്രതികളെ തുടർപരിശോധനക്ക് വിധേയമാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഒന്നാം പ്രതി ഫർസിൻ മജീദിനെ ഈ മാസം 17നും രണ്ടാം പ്രതി നവീൻകുമാറിനെ 20നും മെഡിക്കൽ കോളജിലെ സർജറി, ഇ.എൻ.ടി വിഭാഗത്തിൽ കൊണ്ടു പോകണമായിരുന്നു. എന്നാൽ, പൊലീസ് വീഴ്ച വരുത്തി. കഴിഞ്ഞ ദിവസം ഇക്കാര്യം കോടതിയെ ധരിപ്പിച്ചെങ്കിലും ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി മെഡിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു. പ്രതികൾക്ക് നീതി നിഷേധിക്കുകയാണെന്ന് അഭിഭാഷകൻ വാദിച്ചു. ആവശ്യമായ ചികിത്സ നൽകാൻ പ്രോസിക്യൂഷന് കോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.