കള്ള് മോഷ്ടിക്കുന്നതിനിടയിൽ വൈദ്യുത കെണിയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം; ഫാം ഉടമയും വൈദ്യുതബോർഡ് ജീവനക്കാരും അറസ്റ്റിൽ

കോയമ്പത്തൂർ: തമിഴ്നാട്ടിൽ കള്ള് മോഷ്ടിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കോയമ്പത്തൂരിലെ രുത്രിയംപാളയം സ്വദേശിയായ എസ്. സുജിത്ത്(22) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഫാം ഉടമയെയും അഞ്ച് വൈദ്യുതബോർഡ് ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫാമിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സുജിത്തിന്‍റെ മൃതദേഹം ഫാം ഉടമയായ ദുരൈവും കൂട്ടാളികളും ചേർന്ന് തോടരികിൽ ഉപേക്ഷിക്കുകയായിരുന്നു.

മദ്യപിക്കുന്നതിനായി സുജിത്ത് പതിവായി കഞ്ചപ്പള്ളി സന്ദർശിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ 20ന് കഞ്ചപ്പള്ളിയിലേക്ക് പോയ ഇയാൾ വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് ഇയാളെ തോടരികിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ലഭിച്ച പ്രദേശത്ത് വൈദ്യുത ആഘാതം ഏൽക്കാനുള്ള സാഹചര്യം ഇല്ലാത്തത് സംശയത്തിനിടയാക്കി. തുടർന്ന് സുജിത്തിന്‍റെ ഭാര്യ പൊലീസിൽ പരാതി നൽകി.

ദുരൈവ് എന്നയാളുടെ തെങ്ങിൻ തോപ്പിൽ കള്ള് ഉണ്ടാക്കിയിരുന്നു. എന്നാൽ ആളുകൾ കള്ള് മോഷ്ടിച്ച് കുടിക്കാൻ തുടങ്ങിയതോടെ തെങ്ങിൻ തോപ്പിനു ചുറ്റും വൈദ്യുതി കമ്പികൾ സ്ഥാപിച്ചു. കള്ള് മോഷ്ടിക്കാൻ ശ്രമിക്കവെ സുജിത്തിന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. തുടർന്ന് ദുരൈവ് വൈദ്യുത ബോർഡിലുള്ള സുഹൃത്തുക്കളെ വിവരമറിയിക്കുകയും അവരുടെ സഹായത്തോടെ മൃതദേഹം തോടിനരികൽ തള്ളുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ ആറു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - Youth killed by electric trap while stealing toddy; farm owner, TNEB staff among six held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.