വെള്ളറട: മലയോര മേഖലയില്‍ വിതരണം ചെയ്യാനായി രണ്ട് കിലോ കഞ്ചാവുമായി ബൈക്കിലെത്തിയ എസ്.എഫ്.ഐ വെള്ളറട ഏരിയ കമ്മിറ്റി അംഗം രാഹുല്‍ കൃഷ്ണ (20) അമ്പൂരിയില്‍ അറസ്റ്റിലായി.
അമ്പൂരി പഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്ന് എക്സൈസ് ആര്യനാട് റേഞ്ച് ഇന്‍സ്പെക്ടര്‍ ആദര്‍ശും സംഘവുമാണ് വാഴിച്ചല്‍വീണ ഭവനില്‍ വിനു(40)വിനൊപ്പം കസ്റ്റഡിയിലെടുത്തത്.
ഇവരുടെ പിന്നില്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കഞ്ചാവ് കച്ചവടത്തിനൊപ്പം ഇവര്‍ ഗുണ്ടാപ്രവര്‍ത്തനങ്ങളും നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.
മലയോര പഞ്ചായത്തുകളായ അമ്പൂരി, വെള്ളറട, ആര്യന്‍കോട്, കള്ളിക്കാട്, പാറശ്ശാല, കുന്നത്ത്കാല്‍, ഒറ്റശേഖരമംഗലം എന്നിവിടങ്ങളില്‍ ലഹരി മാഫിയ സജീവമാണ്. ഭരണപക്ഷ യുവജന സംഘടനകളുടെ മറവിലാണ് ലഹരി വ്യാപാരമെന്നും ആരോപണമുണ്ട്.
ആര്യനാട് റെയ്ഞ്ച് ഓഫിസിലെ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശ്രീകുമാര്‍ ജി.വി, ശ്രീകുമാര്‍ എ, സൂരജ്, ബ്ലെസണ്‍ സത്യന്, സുമിത, കാട്ടാക്കട റേഞ്ചിലെ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രജ്ഞിത്ത്, ശങ്കര്‍ എന്നിവര്‍ അറസ്റ്റില്‍ പങ്കെടുത്തു. മജിസ്ട്രേട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അംബൂരി പഞ്ചായത്ത് കണ്ടംതിട്ട വാര്‍ഡ് മെംബര്‍ ജയന്റെ വീട് ആക്രമണ കേസിലെ പ്രതിയാണ് രാഹുല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.