ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടത് അവർണജാതിക്കാർക്ക് മാത്രമായിരുന്നോ? അല്ല, നായർ സമുദായത്തിലെ അംഗങ്ങൾപോലും ക്ഷേത്രത്തിന് പുറത്താക്കപ്പെട്ടിരുന്നോ? ക്ഷേത്രപ്രവേശനത്തിനായി ഒരു നായർ സ്ത്രീ നടത്തിയ നിയമപോരാട്ടത്തിന്റെ തെളിവുകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും എഴുത്തുകാരനുമായ ലേഖകൻ.
കേരളത്തിൽ ‘അയിത്ത’ജാതിക്കാർ മാത്രമാണ് ആദ്യം ക്ഷേത്രപ്രവേശനത്തിന് യത്നിച്ചതെന്നാണ് ഇതുവരെ നാം കേട്ടിരുന്നത്. അതല്ല, അവർണരെക്കാൾ മുമ്പേ ചില സവർണർ മുന്നിട്ടിറങ്ങിയിരുന്നു അക്കാര്യത്തിന് എന്നതിന്റെ ആധികാരിക തെളിവാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ളത്. മാത്രമല്ല, ഒരു സ്ത്രീതന്നെയാണ് ആ സമരം നയിച്ചത്. കോടതിയെത്തന്നെയാണ് അവർ അതിന് വേദിയാക്കിയത്. എറണാകുളത്തപ്പൻ ക്ഷേത്ര ഭാരവാഹികൾ, ശൂദ്രയായ തന്റെയും കൂട്ടരുടെയും ആരാധനാ സ്വാതന്ത്ര്യം തടഞ്ഞു എന്നാണ് അവരുടെ ആരോപണം. ക്ഷേത്രത്തിൽ താൻ കടന്നതിനാൽ അവിടം അശുദ്ധമായെന്ന് പറഞ്ഞ് ‘പുണ്യാഹ’ച്ചെലവ് ഈടാക്കിയെന്നും അവർ കോടതിയിൽ പരാതിപ്പെട്ടു. എന്നാൽ, ശൂദ്രയല്ല എന്നുപറഞ്ഞാണ് ക്ഷേത്രക്കാരും സർക്കാരും രാജാവും അതിനെ നേരിട്ടത്.
കൊച്ചി രാജ്യത്താണ് സംഭവമെങ്കിലും അതിന്റെ ഔദ്യോഗിക രേഖകൾ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത്, തിരുവിതാംകൂർ തലസ്ഥാനമായിരുന്ന തിരുവനന്തപുരത്തുള്ള സംസ്ഥാന ആർെക്കെവ്സ് ഡയറക്ടറേറ്റിലാണ് (Cochin Files, Vol I, Local & Legislative Dept., Legislative & Suits Section Current No. 347/84, Dated 8.5.1909, Bundle No. 8, SI No. 33, File No. 283/84).
117 കൊല്ലം മുമ്പ് 1906 ജൂണിലാകാം, എറണാകുളം കരിത്തലയിലെ കൊ(കോ?)ട്ടപ്പുറത്ത് പറമ്പിലുള്ള കൊ (കോ?) ട്ടപ്പിള്ളി വീട്ടിലെ അംഗങ്ങളായ നങ്ങേലിയും കൂട്ടരും എറണാകുളം ക്ഷേത്രത്തിൽ ആരാധനക്ക് പ്രവേശിച്ചത്. ദേവസ്വം സൂപ്രണ്ട് 19.6.1906നും 10.7.06നും ദിവാന്റെ സെക്രട്ടറിക്ക് റിപ്പോർട്ടുകൾ സമർപ്പിച്ചു. അതിന്റെ സൂചനയുണ്ട്, അഞ്ചിക്കൈമൾ (എറണാകുളം) ജില്ലാ കോടതിയിലെ സർക്കാർ വക്കീൽ 8.1.1909ന് ദിവാൻ സെക്രട്ടറിക്ക് എഴുതിയ കത്തിൽ (File Page 17). പിറകെ നങ്ങേലിയും കൂട്ടരും (പിന്നീട് കോടതിയിൽ ഹരജി നൽകിയവർ) ദിവാന് 30.7.1907നും മറ്റൊരു തീയതിയിലും പരാതികൾ നൽകിയതിനെപ്പറ്റിയും സൂചനയുണ്ട് ആ കത്തിൽ, അതേ പേജിൽ. ഇതിനിടക്ക് ഒരു നാരായണൻ മൂസതും കൂട്ടരും 24.6.1906ന്റെ തീയതിവെച്ച് പരാതി നൽകിയതായുമുണ്ട് ആ പേജിൽ. നങ്ങേലിയും മറ്റും ക്ഷേത്രത്തിൽ പ്രവേശിച്ച് അയിത്തമാക്കിയതിന്റെ പേരിൽ പുണ്യാഹ പിഴയൊടുക്കേണ്ടിവന്നതിനെപ്പറ്റി അവർ നൽകിയ പരാതികളുടെ തുടർച്ചയാകാം 30.7.1907ന്റെയും മറ്റും പരാതികൾ. അതിന്റെ തുടർച്ചയായി ക്ഷേത്രാധികാരികൾ 28.4.1908ന്റെ തീയതിവെച്ച് (ക്ഷേത്രത്തിൽ?) പ്രസിദ്ധപ്പെടുത്തിയ അറിയിപ്പിനെപ്പറ്റിയാകാം, ദിവാൻ സെക്രട്ടറിക്കുള്ള കത്തിൽ സർക്കാർ അഡ്വേക്കറ്റ് & ലോ ഓഫിസർ ടി.എ. അനന്തരാമ അയ്യർ 14.12.1908ന് സൂചിപ്പിക്കുന്നത് (File Page 13). പ്രസ്തുത അറിയിപ്പ് വന്ന് ദിവസങ്ങൾക്കകം 2.5.1908ന്റെ കൊച്ചി സർക്കാർ ഗസറ്റിലും (P. 283) അറിയിപ്പ് വന്നു. സർക്കാർ അഡ്വേക്കറ്റിന് ദിവാൻ സെക്രട്ടറി അയച്ച 8.12.1908ന്റെ പ്രൊസീഡിങ്സ് ഓർഡറിൽ അത് (File Page 12) പറയുന്നുണ്ട്. ആ ഗസറ്റിൽനിന്ന് (Vol. XLII, No. 34, Part II, P. 283, Saturday) പ്രസ്തുത അറിയിപ്പ് പകർത്തുന്നു:
‘‘Notice re. probihiting the entrance into the Ernakulam Temple by the Ernakulam Kottappilli house people.
‘‘നൊട്ടീസ്സ’’
എറണാകുളം വില്ലെജ കരിത്തല മുറിയിൽ കൊട്ടപ്പുറത്തപറമ്പിൽ പാർക്കും കൊട്ടപ്പിള്ളി വീട്ടിൽ നങ്ങെലി മുതൽ പെര കീഴനടപ്പിന്ന വിരൊധമായി എറണാകുളം ക്ഷെത്രത്തിൽ കടന്ന ക്ഷെത്രം അശുദ്ധപ്പെടുത്തി പുണ്യാഹത്തിന്ന എടവരുത്തുന്നു എന്നും മറ്റും സംഗതികൾ കാണിച്ച ദെവസ്വക്കാർ റിപ്പൊർട്ടാക്കിയ കാര്യത്തിലും [,] തങ്ങൾക്ക ക്ഷേത്രങ്ങളിൽ കടന്ന തൊഴുന്നതിന്ന വിരൊധമില്ലന്നും [,] പുണ്യാഹം വകക്ക വസൂലാക്കിയിരിക്കുന്ന സംഖ്യ മടക്കിക്കൊടുപ്പിക്കെണമെന്നും മറ്റും ടി നങ്ങെലി മുതൽ പെര ബൊധിപ്പിച്ച ഹർജിക്കാര്യത്തിലും വിചാരണ നടത്തി എഴുതി അയച്ചിരുന്നതിൽ [,] അെന്ന്വഷണം കൊണ്ട ടി നങ്ങെലി മുതൽ പെരായ ഹർജിക്കാരുടെ ജാതിക്കാര്യത്തിൽ സംശയം ജനിക്കുന്നു എന്നും [,]അവരുടെ അവകാശം ഒരു സിവിൽ കൊടതി മുഖാന്തരം സ്ഥാപിക്കെണ്ടതാണന്നും മറ്റും കാണിച്ച ഹജൂരിൽനിന്നും ടി നങ്ങെലി മുതൽ പെർക്ക യാദാസ്ത [കാര്യ വിവര നോട്ടിസ്] കൊടുക്കുകയും ചെയ്തിട്ടുള്ള പ്രകാരം യാതൊരു നിവൃത്തിയും സമ്പാദിച്ചിട്ടുള്ളതായി കാണുന്നില്ലന്ന മാത്രമല്ലാ [,] പിന്നെയും ടി ക്ഷെത്രത്തിൽ കയറുവാൻ ഉത്സാഹിച്ച വരുന്നതായും [,] ജാതികാര്യത്തെപറ്റി സംശയം ജനിച്ചിരിക്കുന്ന സ്തിതിക്ക അവർ കെറുന്നപക്ഷം പുണ്യാഹം ആവശ്യമാണെന്ന തന്ത്രി അഭിഃപ്രായപ്പെട്ടിരിക്കുന്നതായും [,] ആ സ്തിതിക്ക ടി നങ്ങെലി മുതൽ പെര ക്ഷെത്രത്തിൽ കടക്കാതിരിക്കുന്നതിന്ന വെണ്ടുന്ന ഏർപ്പാട ചെയ്തില്ലങ്കിൽ വലുതായ നഷ്ടത്തിന്നും മറ്റും എടവരുന്നതാണെന്നും ദെവസ്വക്കാരുടെ റിപ്പൊർട്ടുകളാൽ കാണുന്നു.
നങ്ങേലിയും മറ്റും എറണാകുളം ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് കാട്ടി കൊച്ചി കണയന്നൂർ തഹസിൽദാർ പുറപ്പെടുവിച്ച നോട്ടീസ്
‘‘അതുകൊണ്ട ഹജൂരിൽനിന്നും കൊടുത്തിരിക്കുന്ന യാദാസ്ത അനുസരിച്ച നങ്ങെലി മുതൽ പെരായ ഹർജിക്കാര സിവിൽ കൊടതി മുഖാന്തരം ഒരു നിവൃത്തി സമ്പാദിക്കുന്നത വരെ അവർ സർക്കാര ക്ഷെത്രങ്ങളിൽ കടക്കരുതെന്ന അവരെ ഇതിനാൽ അറിവിച്ചിരിക്കുന്നു.
എന്ന 1083 മെടം 16ന്
ടി.കെ. ഹരിഹരയ്യർ
കൊച്ചി കണയന്നൂര
താസിൽദാർക്ക വെണ്ടി.’’
തങ്ങളെ സർക്കാർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് തടയുന്നതിനെതിരെ, കൊട്ടപ്പിള്ളി വീട്ടിലെ നങ്ങേലിയും മറ്റും അഞ്ചിക്കൈമൾ ജില്ലാ കോടതിയിൽ സർക്കാറിനെ പ്രതിചേർത്ത് ഒരു ഹരജി നൽകി (O.S No. 19/84). ഈ ഫയലിലെ വിഷയവിവര പേജിലെ (Local & Legislative Dept.) ഒരു ഇനീഷ്യലിൽനിന്ന് ഊഹിക്കാനാവുന്നത്, 15.12.1908ന് മുമ്പാകാം ഈ കേസ് കോടതിയിൽ ഫയൽ ചെയ്തത് എന്നാണ്. അത് ശരിയാണെന്ന് താഴെ പറയുന്ന ഫയലിൽനിന്ന് മനസ്സിലാക്കാം. (അതേ പേജിലെ 9.1.1909ന്റെ ഓഫിസ് നോട്ടിൽ കാണുന്നത്, കേസ് കേൾക്കാൻ െവച്ചിരിക്കുന്നത് 4.2.1909നാണെന്നാണ് സർക്കാർ വക്കീൽ ഓഫിസിൽനിന്ന് കിട്ടിയ വിവരം എന്നാണ്. സർക്കാർ അഡ്വക്കേറ്റിൽനിന്ന് സർക്കാർ വക്കീൽ ഉപദേശം തേടണമെന്നുണ്ട് 19.1.09ന്റെ നോട്ടിൽ.)
****
അഞ്ചിക്കൈമൾ ജില്ലാ കോടതിയിലെ സർക്കാർ വക്കീൽ 19.9.1908ന് ദിവാൻ സെക്രട്ടറിക്ക് (Local & Legislative Dept.) ഇങ്ങനെ എഴുതി: ‘‘തങ്ങൾക്ക് സർക്കാർ ക്ഷേത്രങ്ങളിൽ ആരാധനയ്ക്കായി പ്രവേശിക്കാൻ അവകാശമുണ്ടെന്നും മറ്റും പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാർ (OS No. 19 of '84) ആവശ്യപ്പെടുന്നത്. 6.1.1909നാണ് കേസ് കേൾക്കുന്നത്’’ (File Page 1). നങ്ങേലി സംഘം കേസ് കൊടുത്തത് 19.9.1908ന് മുമ്പാണ് എന്ന് മേൽസൂചനയിൽനിന്ന് മനസ്സിലാക്കാം. 4.2.1909ന് രണ്ടാമത്തെ കേസ് ഹിയറിങ്ങാണെന്ന് കരുതാം.
****
കോടതിയിൽ സമർപ്പിക്കാൻ സർക്കാർ വക്കീൽ എ. ശങ്കര പുതുവാൾ 15.12.1908ന് മുമ്പ് തയാറാക്കിയ കരട് പത്രികയിൽ (File Page 9)നിന്ന്: ‘‘താഴെ പറയുന്നവ ഒഴിച്ചുള്ള, ഹർജിക്കാരുടെ എല്ലാ ആരോപണങ്ങളും സർക്കാർ (Defendant) നിഷേധിക്കുന്നു:
1. ജാതിഭേദ പ്രശ്നം ഉൾക്കൊള്ളുന്ന കേസുകൾ കേൾക്കാൻ സിവിൽ കോടതികൾക്ക് അധികാരമില്ല. ???????
3. [?] ഹർജിയുടെ രണ്ടാം ഖണ്ഡികയിൽ പറയുന്നവർ എറണാകുളം ക്ഷേത്രത്തിൽ പ്രവേശിക്കയും അതുവഴി അതിനെ അശുദ്ധപ്പെടുത്തുകയും ചെയ്തതിനാൽ, നിലവിലുള്ള സമ്പ്രദായം അനുസരിച്ച് അവരിൽനിന്ന് പുണ്യാഹച്ചെലവ് ഈടാക്കിയെന്നത് സത്യമാണ്. എന്നാൽ, ആ തുക ഈടാക്കിയത്, ഭീഷണിപ്പെടുത്തിയോ മാമൂൽ വിരുദ്ധമായോ അല്ല.
4. ഹർജിക്കാർ ശൂദ്രർ ആണെന്ന പ്രസ്താവനയ്ക്ക് വ്യക്തതയില്ല. ഹർജിക്കാർക്ക് എറണാകുളം ക്ഷേത്രത്തിലോ അതുപോലുള്ള ക്ഷേത്രങ്ങളിലോ പ്രവേശിക്കാൻ അവകാശമില്ല. അവർ അത്തരം ക്ഷേത്രങ്ങളിൽ ആരാധനയ്ക്ക് പ്രവേശിക്കാറുണ്ടെന്ന് പറയുന്നത് ശരിയല്ല. അവർക്ക് അതിന് അവകാശമില്ല.
5. ഹർജിയിൽ സൂചിപ്പിക്കുന്ന ദേവസ്വം സൂപ്രണ്ടിന്റെയും ദിവാന്റെയും ഉത്തരവുകൾ ശരിയാണ്; സിവിൽ കോടതികൾക്ക് അവ തീരുമാനിക്കാൻ അധികാരമില്ല.
6. ഹർജിക്ക് പറയുന്ന കാരണം ശരിയല്ല.
7. പുണ്യാഹത്തിന് അടച്ച പണമോ അതിന്റെ പലിശയോ മടക്കിക്കിട്ടാൻ അവകാശമില്ല ഹർജിക്കാർക്ക്.
8. ഹർജിക്ക് പറയുന്ന കാരണങ്ങൾക്ക് പൊരുത്തമില്ല.
9. അവകാശ പ്രഖ്യാപനത്തിനും ഉത്തരവ് നിരോധനത്തിനുമുള്ള അപേക്ഷ അനുവദിക്കാവുന്നതല്ല.
ആയതിനാൽ, ഹർജി ചെലവുസഹിതം തള്ളാൻ അപേക്ഷിക്കുന്നു.’’
****
ഇതിന് താഴെയുള്ള നോട്ട്: ‘‘കോടതിക്കുള്ള പത്രികയിൽ നിർദേശിക്കുന്ന ഭേദഗതികൾ:
ഖണ്ഡിക 1ൽ – ജാതി, ഭേദ-മത പ്രശ്നങ്ങൾ തീരുമാനിക്കാനുള്ള പൂർണ അധികാരം ഈ സംസ്ഥാനത്ത് മഹാരാജാവ് തിരുമനസ്സിനാണ്.
കൂട്ടിച്ചേർക്കേണ്ട ഖണ്ഡിക – ഹർജിക്ക് പറയുന്ന കാരണം അംഗീകരിച്ചാലും, അതനുസരിച്ച് ഒരു ദുരിതാശ്വാസത്തിനും അപേക്ഷിച്ചിട്ടില്ലാത്തതിനാൽ ഹർജി അനുവദിക്കാവുന്നതല്ല.’’
****
കോടതിയിൽ സമർപ്പിക്കാൻ സർക്കാർ വക്കീൽ തയാറാക്കിയ പത്രികയുടെ കരട് രൂപത്തെക്കുറിച്ച്, സർക്കാർ അഡ്വക്കേറ്റ് 3.12.1908ന് ദിവാൻ സെക്രട്ടറിക്ക് എഴുതിയതിൽനിന്ന് (File Page 11): ‘‘ഇതിലെ പ്രധാന വാദം, ജാതിപ്രശ്നങ്ങൾ തീരുമാനിക്കാൻ സിവിൽ കോടതികൾക്ക് അധികാരമില്ലെന്നതാണ്. ഇത് തീർച്ചയായും വളരെ ശരിയായ വാദമാണ്. എങ്കിലും അത് ഈ കേസിൽ ഉന്നയിക്കുന്നതിന്റെ സാധുതയെപ്പറ്റി എനിക്ക് ഒരു സംശയമുണ്ട്. തങ്ങൾക്ക് ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുള്ള അവകാശം, തക്ക അധികാരമുള്ള ഒരു സിവിൽ കോടതി വഴി സ്ഥാപിച്ചെടുക്കണമെന്നാണ് ഹർജിക്കാരോട് സർക്കാർ പറഞ്ഞിട്ടുള്ളത്. അതനുസരിച്ചാണ് അവർ ഇപ്പോഴത്തെ ഹർജി നൽകിയിട്ടുള്ളത്. അതുകൊണ്ട്, നിയമപരമായി സർക്കാറിന് അവകാശമുണ്ടെങ്കിലും പ്രസ്തുത വാദം ഉചിതമല്ല.’’
മേൽ കത്ത് െവച്ച് ദിവാൻ ഓഫിസ്, സർക്കാർ അഡ്വക്കേറ്റ് ടി.എ. അനന്തരാമ അയ്യരോട് 8.12.1908ന് ഉത്തരവായി (File Page 12): ‘‘ജാതിഭേദ പ്രശ്നങ്ങളുള്ള ഹർജി കൈകാര്യം ചെയ്യാൻ സിവിൽ കോടതികൾക്ക് അധികാരമില്ല; സമുദായ തലവനാണ് അതിനുള്ള ഒരേയൊരു വിധികർത്താവ്. സമുദായ തലവൻ എന്ന നിലയിൽ ജാതികാര്യങ്ങളുടെ ഏക അധികാരി മഹാരാജ തിരുമനസ്സാണ് എന്നും വ്യക്തമാക്കണം [കോടതിയ്ക്കുള്ള പത്രികയിൽ] വേണ്ട തിരുത്തലുകൾ വരുത്താൻ സർക്കാർ അഡ്വക്കേറ്റ് മിസ്റ്റർ അനന്തരാമ അയ്യരോട് അപേക്ഷിക്കുന്നു. അദ്ദേഹത്തിന്റെ 11.2.08ന്റെ കത്തിലുള്ള പരാമർശങ്ങളെയും 2.5.08ന്റെ കൊച്ചി സർക്കാർ ഗസറ്റിന്റെ പേജ് 283ലുള്ള അറിയിപ്പിനെയും കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും അറിയിക്കണം.’’
മേൽ ഉത്തരവിന് സർക്കാർ അഡ്വക്കേറ്റ് 14.12.1908ന് മറുപടിയെഴുതി (File Page 13): ‘‘ദിവാൻ നിർദേശിച്ച തിരുത്തലുകളോടെ കോടതിക്കുള്ള പത്രിക അയക്കുന്നു; ഒരു ഖണ്ഡിക ഞാൻ കൂട്ടിച്ചേർത്തിട്ടുമുണ്ട്. എന്റെ 11.2.1908ന്റെ കത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ [ആധികാരിക നിയമഗ്രന്ഥമായ] Mulla's Book on Casteൽ വിശദമായി ചർച്ചചെയ്യുന്ന, തീർപ്പാക്കിയ കേസുകളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഞാൻ ആ അഭിപ്രായങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. പ്രസ്തുത ഗസറ്റ് അറിയിപ്പിൽ, ഹർജിക്കാർക്ക് സർക്കാറിനെതിരെ കേസ് കൊടുക്കുന്നതിനുള്ള കൃത്യമായ കാരണങ്ങളുണ്ട്. തങ്ങളുടെ ശരിയായ പദവിയെപ്പറ്റി, അധികാരപ്പെട്ട ഒരു സിവിൽ കോടതിയിൽനിന്നുള്ള പ്രഖ്യാപനം കിട്ടും മുമ്പേ സർക്കാർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് അവരെ വിലക്കിയിരിക്കയാണ് അതിൽ. അതിന്റെ പരിണതഫലമായുണ്ടായ നിയമവിരുദ്ധമായ പുണ്യാഹപ്പിഴയൊടുക്കലിൽനിന്ന് ആശ്വാസം കിട്ടാനായി, ആ തുക തിരിച്ചുനൽകണമെന്നാണ് അവർ അപേക്ഷിക്കുന്നത്.
‘‘ആരാധനയ്ക്ക് ഒരു ക്ഷേത്രത്തിൽ കടക്കാൻ അവകാശമുണ്ടെന്ന് പറയുന്ന ഒരാളെ അതിൽനിന്ന് തടയുമ്പോൾ, ആ തടസ്സക്കാർക്കെതിരെ കേസ് കൊടുക്കാൻ അയാൾക്ക് അവകാശമുണ്ട്. മദ്രാസ് ഹൈക്കോടതി വിധിച്ചിട്ടുള്ളത്, ഒരു പ്രത്യേക ക്ഷേത്രത്തിൽ ആരാധന നടത്താൻ ഒരു ആരാധകനുള്ള സിവിൽ അവകാശം സിവിൽ കോടതികൾ അംഗീകരിച്ചിട്ടുള്ളതാണെന്നാണ് (ILR 13, Madras, 293 [Vol 13, Yrs 1888-90]). ഒരു ക്ഷേത്രത്തിൽ മേൽജാതിക്കാർക്ക് മാത്രം ആരാധന യ്ക്ക് പ്രവേശിക്കാൻ അവകാശമുള്ള ഇടങ്ങളിൽ, കീഴ്ജാതിക്കാർക്ക് പ്രവേശനമില്ലെന്നും അതേ കോടതി വിധിച്ചിട്ടുണ്ട്. എന്നാൽ, ഒരാൾ ഏതു ജാതിയിലാണ് ഉൾപ്പെടുന്നതെന്നത് തീരുമാനിക്കുന്നത് യഥാർഥത്തിൽ സമുദായത്തലവനാണ്. സിവിൽ കോടതികൾക്ക് സന്ദർഭവശാൽ മാത്രമേ ഇത്തരം പ്രശ്നങ്ങളിലേക്ക് കടക്കേണ്ടതുള്ളൂ. അയാൾ അവകാശപ്പെടുന്ന ജാതിപദവിയനുസരിച്ചുള്ള സിവിൽ അവകാശം നിഷേധിക്കപ്പെട്ടോ, അത് സിവിൽ കോടതിവഴി പുനഃസ്ഥാപിക്കാൻ കഴിയുമോ എന്ന അന്വേഷണത്തോടനുബന്ധിച്ചാണത്. ജസ്റ്റിസ് മുത്തുസ്വാമി അയ്യർ, വെങ്കടാചലപതിയും സുബ്ബരായഡുവും തമ്മിലുള്ള കേസിൽ സന്ദർഭവശാൽ പറഞ്ഞത്, ജാതിത്തർക്കത്തിൽ പൊതുവെ പൗരോഹിത്യ കോടതിയുടെ തീർപ്പ് അന്തിമമാണെന്നാണ്.
എന്നാൽ, [ബ്രിട്ടിഷ്] ഇൻഡ്യയിൽ ഒരു അംഗീകൃത പൗരോഹിത്യ കോടതിയില്ലാത്തതിനാലും, ഹിന്ദുമതം രാഷ്ട്രമതമല്ലാത്തതിനാലും, സിവിൽ അവകാശങ്ങൾ ഉൾപ്പെടുന്ന ജാതിപ്രശ്നങ്ങളിൽ കോടതികൾക്ക് ഇടപെടേണ്ടതുണ്ട്. എന്നാൽ, നമ്മുടെ സംസ്ഥാനത്ത് ഒരു പൗരോഹിത്യ തലവൻ, രാജ തിരുമനസ്സ്, ഉള്ളതിനാൽ, ഹിന്ദുസമുദായ തലവൻ എന്ന നിലയിൽ ജാതിപ്രശ്നങ്ങളിൽ പരമമായ വിധികർത്താവ് അദ്ദേഹമാണ്.
‘‘മദ്രാസ്, ബോംബെ ഹൈക്കോടതികളുടെ, ഈയിടെയുണ്ടായ തീർപ്പുകളിൽ (ILR 30 Madras 158 & 28 Madras, 202, and 28 Bombay, 20) കാണുന്നത്, ശുദ്ധമായ ജാതിപ്രശ്നങ്ങളിൽ സിവിൽ കോടതികൾ ഇടപെടരുതെന്നാണ്.
എന്നാൽ, വ്യക്തി സ്വയം തനിക്കുണ്ടെന്ന് പറയുന്ന സിവിൽ അവകാശം അയാളുടെ സാമൂഹികപദവിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, സിവിൽ കോടതികൾക്ക് സന്ദർഭവശാൽ അത്തരം പ്രശ്നങ്ങളിൽ ഇടപെടേണ്ടിവരും.
‘‘മറ്റു ശൂദ്രരെയും മേൽജാതിക്കാരെയുംപോലെ സർക്കാർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനും മറ്റും അവകാശമുള്ള ശൂദ്രരാണോ ഹർജിക്കാർ എന്നാണ്, ഇപ്പോഴത്തെ കേസിൽ ഒരു സിവിൽ കോടതി വഴി ആദ്യം തീരുമാനിക്കേണ്ടത്. സാമൂഹികവും ധർമശാസ്ത്രപരവുമായ കുറ്റങ്ങളിൽ, ഒരു വ്യക്തി ഉൾപ്പെടുന്ന ജാതിയുടെയോ സമുദായത്തിന്റെയോ തലവൻ, ന്യായപൂർണമായ അന്വേഷണങ്ങൾക്കുശേഷം അയാളെ ഭ്രഷ്ടാക്കുന്നതുപോലുള്ള പ്രശ്നങ്ങളിൽ സിവിൽ കോടതികൾ ഇടപെടരുതെന്ന് തീർപ്പാക്കിയ പല കേസുകളുമുണ്ട്. ഈ തീർപ്പുകളെല്ലാം Mulla on Caste എന്ന ഗ്രന്ഥത്തിൽ സംഗ്രഹിച്ചിട്ടുണ്ട്. ആ കേസുകളിൽ അടങ്ങിയിരിക്കുന്ന തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ ഇക്കാര്യത്തിലുള്ള എന്റെ വീക്ഷണം രൂപപ്പെടുത്തിയിരിക്കു ന്നത് (Mulla on Caste, Pages 9, 24, 25, 27). അതുകൊണ്ട് ഞാൻ കരുതുന്നത്, ഹർജിക്കാർ തങ്ങളുടെ ശൂദ്രപദവിയെപ്പറ്റി ആദ്യ അവസരത്തിൽതന്നെ മഹാരാജ തിരുമനസ്സിൽനിന്ന് ഒരു പ്രഖ്യാപനം വാങ്ങണം എന്നാണ്. എന്നിട്ടുവേണം അവർക്ക്, ഹിന്ദുക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതുപോലുള്ള പ്രത്യേകാവകാശത്തിന്റെ അംഗീകാരത്തിനായി സിവിൽ കോടതികളെ സമീപിക്കാൻ. തങ്ങളിൽനിന്ന് ഈടാക്കിയ പുണ്യാഹച്ചെലവ് തിരിച്ചുകിട്ടണമെന്ന് അവർ ഹർജിയിൽ ആവശ്യപ്പെടുന്നതിനാൽ, അത് അവർക്ക് ഒരു കേസ് കൊടുക്കുന്നതിന് അവകാശം നൽകുന്നുണ്ട്. എന്നാൽ, ജാതിഭേദ പ്രശ്നമുള്ള തങ്ങളുടെ ശൂദ്രപദവി സ്ഥാപിച്ചെടുക്കാനായാലേ അവർക്ക്, പിഴ തിരിച്ചുകിട്ടുന്നതിനുള്ള അവകാശം സ്ഥാപിക്കാനാവൂ.’’
നങ്ങേലിയുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുള്ള ഫയലുകൾ
ഇതേതുടർന്ന് ദിവാന്റെ സെക്രട്ടറി, രാജാവിന്റെ അനുമതിയ്ക്കായി 19.12.1908ന്റെ തീയതിവെച്ചുള്ള ഓഫിസ് നോട്ട് സമർപ്പിക്കുന്നു. അതിൽ സൂചിപ്പിക്കുന്ന സർവാധികാര്യക്കാരുടെ (രാജ സെക്രട്ടറി) മുൻ നോട്ട് 14.4.1908ന്റേതാണ്. അതായത്, ഈ വിഷയത്തിൽ സർവാധികാര്യക്കാർ തിരുമുമ്പിലെത്തിച്ച അവസാന നോട്ടാണത്. ദിവാൻ സെക്രട്ടറി പ്രസ്തുത നോട്ടിൽ എഴുതുന്നു (File Page 14):
‘‘കൊട്ടപ്പിള്ളി വീട്ടുകാരെ സർക്കാർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുന്ന ഒരു അറിയിപ്പ് പ്രസിദ്ധീകരിക്കുന്നതിന് അനുവാദം നൽകുകയും തുടർന്ന് 2.5.1908ന്റെ കൊച്ചി സർക്കാർ ഗസറ്റിൽ കൊച്ചി-കണയന്നൂർ താസിൽദാർ അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അതിലെ കക്ഷികൾ, തങ്ങൾക്ക് സർക്കാർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനും ദുരിതാശ്വാസം കിട്ടുന്നതിനുമുള്ള പ്രഖ്യാപനമുണ്ടാകണമെന്ന് അപേക്ഷിച്ച് OS 19 of 84ാം നമ്പറായി കേസ് ഫയൽ ചെയ്തിരിക്കുന്നു.
‘‘ഹർജിയുടെ കോപ്പിയും കോടതിയിൽ സമർപ്പിക്കാൻ സർക്കാർ അഡ്വക്കേറ്റ് അവസാനമായി പരിഷ്കരിച്ച പത്രികയും അദ്ദേഹത്തിന്റെ 14.12.1908ന്റെ കത്തിന്റെ കോപ്പിയും ചേർത്ത് പത്രികയ്ക്കു തിരുമനസ്സിന്റെ ദയാപൂർവകമായ അംഗീകാരത്തിനായി ഇതോടൊപ്പം സമർപ്പിക്കുന്നു.’’
ഇതിന്റെ വലത്ത് HIS HIGHNESS' ORDERS എന്ന് അച്ചടിച്ചതിന് താഴെ, A 399/84 എന്ന നമ്പറിൽ 21.12.1908 എന്ന തീയതിയിൽ സർവാധികാര്യക്കാർ എഴുതുന്നു: ‘‘തിരുമനസ്സ് ഹർജിയും [കോടതിയിലേക്കുള്ള] പത്രികയും, സർക്കാർ അഡ്വക്കേറ്റിന്റെ കത്തിന്റെ കോപ്പിയും വായിച്ചു. പത്രികയെപ്പറ്റി തിരുമനസ്സിന് ഒന്നുമില്ല പറയാൻ. ഹർജിയുടെ കോപ്പിയും പത്രികയും ഇതോടൊപ്പം മടക്കുന്നു.’’
****
ഫയൽ പേജ് 16ലുള്ള ദിവാൻ സെക്രട്ടറിയുടെ ഓഫിസ് നോട്ടിൽ (4.1.09) കാണുന്നത്, കോടതി കേസ് കേൾക്കുന്നത് 6.1.1909നാണെന്നാണ്. ദേവസ്വം സൂപ്രണ്ടിനാണ് ഈ നോട്ട് അയക്കുന്നത്.
****
ദിവാൻ സെക്രട്ടറിക്ക് 8.1.1909ന് സർക്കാർ വക്കീൽ എഴുതിയ കത്തിൽനിന്ന് (File Page 17),
OS No. 19 of 84ന്റെ ഹർജിക്കാർ ആവശ്യപ്പെട്ട ചില രേഖകൾ നൽകുന്നതിനായി, അഞ്ചിക്കൈമൾ ജില്ലാ കോടതിയിൽനിന്ന് എനിക്ക് ഒരു നോട്ടിസ് തന്നിട്ടുണ്ട്. കേസ് ആദ്യം കേൾക്കുന്ന 1084 ധനു 23 [6.1.1909]നോ മുമ്പോ അത് ഹാജരാക്കണം [പക്ഷേ ഈ കത്തിന്റെ തീയതി 8.1.1909 ആണ്!]. അതുകൊണ്ട്, താഴെ പറയുന്ന രേഖകൾ ഹുസൂർ കച്ചേരി [കൊച്ചി രാജ്യ സെക്രട്ടേറിയറ്റ്]യിൽനിന്ന് തൊട്ടടുത്ത ദിവസം തന്നെ എനിക്കെത്തിച്ചുതരണമെന്ന് അപേക്ഷിക്കുന്നു:
1. നാരായണൻ മൂസ്സതും കൂട്ടരും ദിവാനു സമർപ്പിച്ച, 1081 മിഥുനം 10 (24.6.1906)ന്റെ പെറ്റിഷൻ.
2. ഹർജിക്കാരായ നങ്ങെലിയും കൂട്ടരും 15.12.1082 [30.7.1907] നും മറ്റു തീയതിയിലും [11.7.08] ദിവാനു സമർപ്പിച്ച പെറ്റിഷനുകൾ.
3. ദേവസ്വം-ഊട്ടുപുര സൂപ്രണ്ട് 1081 മിഥുനം 5നും [19.6.1906] 1081 മിഥുനം 26നും [10.7.1906] ദിവാൻ സെക്രട്ടറിക്ക് [ദേവസ്വം ബ്രാഞ്ച്] സമർപ്പിച്ച റിപ്പോർട്ടുകൾ.’’
****
ഇതിന് മറുപടിയായി ഫയൽ പേജ് 18ന് കാണുന്ന ദിവാൻ സെക്രട്ടറിയുടെ ഉത്തരവിൽനിന്ന് മനസ്സിലാകുന്നുണ്ട് ഒരു കാര്യം:
നങ്ങേലി സംഘം പിന്നീട് സമർപ്പിച്ചതായി സർക്കാർ വക്കീൽ 8.1.09െന്റ കത്തിൽ സൂചിപ്പിക്കുന്ന പെറ്റിഷന്റെ തീയതി 11.7.08 ആണ്.
സർക്കാർ വക്കീലിന്റെ മേൽ കത്തിൽ 3ാം ഖണ്ഡികയിൽ ആവശ്യപ്പെടുന്ന രേഖകൾ ഡിപ്പാർട്ട്മെന്റൽ റിപ്പോർട്ടുകളാണെന്നും അവ കോടതിയിൽ ഹാജരാക്കാനാവില്ലെന്നും പറയുന്നു ദിവാൻ സെക്രട്ടറി. അദ്ദേഹം 11.1.09ന് ഒപ്പിട്ടതിന് താഴെ കാണുന്ന 18.1.09ന്റെ നോട്ട്: ‘‘ഈ ഫയൽ ക്ലോസ് ചെയ്യാം. ഇത് ഒരു പ്രധാന കേസാണെന്ന് കാണുന്നു.’’ പക്ഷേ, ഇതിനെതിരായി തൊട്ടുതാഴെ, മറ്റാരോ കുറിച്ചതുപോലെ തോന്നുന്ന വേറെ വാചകം: ‘‘May be kept pending’’ (ക്ലോസ് ചെയ്യണ്ട, പെൻഡിങ്ങിൽ വെക്കാമെന്ന്).
****
‘Very Urgent’ എന്ന് കുറിച്ച് സർക്കാർ വക്കീൽ 18.1.09ന് ദിവാൻ സെക്രട്ടറിക്ക് എഴുതിയ കത്തിൽനിന്ന് (File Page 19): ‘‘തങ്ങളുടെ സാമൂഹിക പദവിയെപ്പറ്റി വൈദികന്മാർ നൽകിയ ചില സർട്ടിഫിക്കറ്റുകൾ ഹർജിക്കാർ ഹർജിയോടൊപ്പം ഹാജരാക്കിയിരിക്കുന്നു. അവ ശരിയായതാണെന്ന് സർക്കാർ വക്കീൽ അംഗീകരിക്കുന്നില്ലെങ്കിൽ, ഈ വൈദികരെ ഒരു കമീഷനെ വെച്ച് ചോദ്യംചെയ്യണമെന്ന് അവർ കോടതി [അവരുടെ ആത്മവിശ്വാസമല്ലേ അതിലുള്ളത്?] യോട് അപേക്ഷിച്ചു. കോടതി തുടർന്ന് സർക്കാർ വക്കീലിന് നോട്ടീസ് നൽകാൻ കൽപിക്കയും, എനിക്ക് നോട്ടിസ് തരുകയും ചെയ്തു. മകരം 8ന് (20.1.1909) കോടതിയിൽ ഹാജരാകാനാണ് നോട്ടിസ്.
‘‘പ്രസ്തുത വൈദിക സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാമോ എന്ന് എനിക്ക് സംശയമുണ്ട്. ഇക്കാര്യത്തിൽ ഞാൻ എന്ത് ചെയ്യണമെന്ന് എന്നെ ഉപദേശിച്ച് ഉത്തരവാകുന്നതിന് ദിവാനോട് പറയാൻ അങ്ങേയ്ക്കു ദയയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.’’
****
അതിന് ദിവാൻ സെക്രട്ടറി എഴുതിയ മറുപടി, ഫയൽ പേജ് 20ലുണ്ട്: ‘‘സർക്കാർ വക്കീലിന് സർക്കാർ അഡ്വക്കേറ്റിന്റെ ഉപദേശം തേടാം.’’ ഈ കുറിപ്പ് 19.1.1909ന് സർക്കാർ വക്കീലിന് അയച്ചു.
****
അഞ്ചിക്കൈമൾ ജില്ലാ ജഡ്ജി 26.1.1909ന് ദിവാൻ സെക്രട്ടറിക്ക് എഴുതി (File Page 21), ‘‘ഇതോടൊപ്പം, ഡ്യൂപ്ലിക്കേറ്റ് കോപ്പിയും ചേർത്ത് അയക്കുന്ന സമൺസ്, മാർജിനിൽ പേരെഴുതിയിട്ടുള്ളവർക്ക് യഥാസമയം എത്തിച്ചുകൊടുക്കയും, ഒറിജിനൽ തിരിച്ചയക്കയും ചെയ്യാൻ അപേക്ഷിക്കുന്നു.’’
****
ഇതിന് മറുപടിയായി തയാറാക്കിയ ദിവാൻ ഉത്തരവ് (Proceeding of the Diwan, File page 22)
െവച്ച് ദിവാന്റെ സെക്രട്ടറി 29.1.09ന് എഴുതിയത്:
‘‘1. സമൺസിന്റെ ഒറിജിനൽ, മേലൊപ്പ് വച്ച് ഇതോടൊപ്പം ജില്ലാ ജഡ്ജിക്ക് തിരിച്ചയക്കുന്നു. 2. സമൺസിന്റെ ഡ്യൂപ്ലിക്കേറ്റ് അഞ്ചിക്കൈമൾ സർക്കാർ വക്കീലിന് (കോടതിയിൽ ഹാജരാകാൻ അപേക്ഷിച്ചിട്ടുള്ളത് അദ്ദേഹത്തോടാണ്) അയച്ചിട്ടുണ്ട്. [വക്കീൽ സൂചിപ്പിച്ചിട്ടുള്ള] ദേവസ്വം സൂപ്രണ്ടിന്റെ റിപ്പോർട്ടുകൾ, ക്രിമിനൽ പ്രൊസീജിയർ കോഡിന്റെ സെക്ഷൻ 133ൽ പറയുന്നതരം സംരക്ഷിത രേഖകളായതിനാൽ [കോടതിയിൽ] ഹാജരാക്കാൻ കഴിയില്ലെന്നാണ് ദിവാൻ കരുതുന്നത് [സംരക്ഷിത രേഖകൾ ഏതൊക്കെയെന്ന് തീരുമാനിക്കുന്നതിനുള്ള അധികാരി ദിവാനാണെന്ന് വേറൊരിടത്ത് പറയുന്നു]. ആ റിപ്പോർട്ടുകളിൽ ആദ്യത്തേതിനൊപ്പം അടക്കംചെയ്തിരുന്ന രേഖകൾ ഈ ഓഫിസിൽ ഇപ്പോൾ ഇല്ല.
To
The Anjl. Dt. Judge (Para 1 only)
A.S.V’’
****
ഈ ഫയലിലെ അവസാന പേജാണ് മുകളിൽ കണ്ടത്. ആകെ 26 പേജുകൾ ഉണ്ട് എന്ന് കവറിൽ കുറിച്ചിട്ടുണ്ടെങ്കിലും 22ന് ശേഷം കാണുന്നില്ല (19.6.2007നാണ് ഞാൻ പരിശോധിച്ചത്). തീയതി ക്രമത്തിൽ നോക്കിയാൽ 22നു േശഷം വരേണ്ട ഒരു വിഷയം ഫയലിന്റെ ആദ്യംതന്നെ ചേർത്തിട്ടുണ്ട്. എന്നാൽ, ആ ഡബ്ൾ പേജ്, ആദ്യത്തെ വിഷയവിവര ഷീറ്റിന്റെ തുടർച്ചയാണ്. അതേസമയം, 22ാം പേജിൽ വിശദീകരിക്കാഞ്ഞ ഒരു കാര്യം ഇവിടെയുണ്ട്: ദിവാൻ സെക്രട്ടറിക്ക് 8.1.1909ന് സർക്കാർ വക്കീൽ എഴുതിയ കത്തിൽ സൂചിപ്പിക്കുന്നതും, ദേവസ്വം ഊട്ടുപുര സൂപ്രണ്ട് 19.6.1906നും 10.7.06നും ദിവാൻ സെക്രട്ടറിക്ക് എഴുതിയതുമായ റിപ്പോർട്ടുകളിൽ ആദ്യത്തേതിനൊപ്പമുണ്ടായിരുന്ന ഉൾച്ചേർപ്പ് (Enclosures) ദേവസ്വം സൂപ്രണ്ടിനുതന്നെ തിരിച്ചയച്ചു (ഈ നോട്ടിന് താഴെ ഇനിഷ്യൽ ചെയ്തിരിക്കുന്നത് 27.1.09നാണ്).
നങ്ങേലിയുടെ ക്ഷേത്രപ്രവേശനം -ആർെക്കെവ്സ് രേഖ
രണ്ട് കത്തുകൾ ദിവാൻ ഓഫിസിൽതന്നെ സൂക്ഷിച്ചുവെച്ചിട്ട്, ഒന്നിന്റെ ഉൾച്ചേർപ്പ് മാത്രം മടക്കിയെന്ന്! നങ്ങേലിയും കൂട്ടരും അനധികൃതമായി ക്ഷേത്രത്തിൽ പ്രവേശിച്ചു എന്നുപറയുന്ന സംഭവത്തിന്റെ ‘എഫ്.ഐ.ആർ’ തന്നെയായിരിക്കണം അത്. അത് ഹർജിക്കാർക്ക് അനുകൂലമായതുകൊണ്ടാണോ സർക്കാർ മറച്ചുവെക്കുന്നത്? ഹർജിക്കാർ ക്ഷേത്രത്തിൽ കടന്നപ്പോൾ ജീവനക്കാർക്ക് സന്ദർഭവശാൽ ഉണ്ടായ തെറ്റിദ്ധാരണമൂലമോ വൈരാഗ്യത്താലോ അവരെ അയിത്ത ജാതിക്കാരാക്കി പുണ്യാഹപ്പിഴയിടീച്ചതാണെന്നതിന്റെ സൂചനയുണ്ടാകുമോ അതിൽ? അതേസമയം, അറിയപ്പെടുന്ന നായർജാതിക്കാരായതുകൊണ്ടാകണമല്ലോ (അതിലും താഴ്ന്ന ജാതിക്കാർ അതിന് ധൈര്യപ്പെട്ടില്ലല്ലോ അക്കാലത്ത്) അവർ കുടുംബസമേതം ക്ഷേത്രത്തിലെത്തിയത് എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. കേസ് എങ്ങനെ അവസാനിച്ചെന്ന് അറിയാൻ വഴിയില്ലെങ്കിൽ, മേൽസൂചിപ്പിച്ച ബ്രിട്ടീഷ് കോടതി വിധിപോലും അനുകൂലമല്ലാത്തതിനാലും സർക്കാർ എതിർക്കുന്നതിനാലും മറിച്ചെന്തെങ്കിലും സംഭവിക്കുമോ?
വിഷയവിവര പേജുകളിലെ അവസാന എൻട്രിയിൽനിന്ന്: ‘‘എല്ലാ രേഖകളും കോടതിയിൽ സമർപ്പിച്ചുകഴിഞ്ഞു. ഇനി ആകെ ചെയ്യാനുള്ളത്, കേസിന്റെ തീർപ്പെന്ത് എന്ന് ശ്രദ്ധിക്കയാണ്. അപ്പപ്പോഴത്തെ റിപ്പോർട്ടുകൾ വഴി അത് ചെയ്യാം. ഈ ഫയൽ ക്ലോസ് ചെയ്യാം – 8.5.09.’’
മേൽ തീയതി ശ്രദ്ധിക്കുക. ഇതേ രേഖ, ഫയൽ പേജ് 18ൽ നേരത്തേ നാം കണ്ടതാണ്. അതിലെ നോട്ടുകളിൽ അവസാനത്തേതിന്റെ തീയതി 18.1.09 ആണ്. അതായത്, മൂന്നരമാസം കഴിഞ്ഞിട്ടും കേസ് വീണ്ടും കോടതി പരിഗണിച്ചിട്ടില്ല. നീണ്ട ഒരു അന്വേഷണംകൊണ്ട് മാത്രമേ ഈ വിഷയത്തിന്റെ അവസാനം കണ്ടുപിടിക്കാനാവൂ നമുക്ക്. അന്നത്തെ രാജാവ്, ഭാര്യ ശൂദ്രജാതിക്കാരിയാണെങ്കിലും, യാഥാസ്ഥിതികത്വത്തിന്റെ മൂർത്തിയായ രാജർഷി രാമവർമയാണ്; ഒത്തുപോകുന്ന എൻ. പട്ടാഭിരാമ റാവു (15.5.1907 വരെ). എ.ആർ. ബാനർജി (15.5.07 മുതൽ) ഇവരായിരുന്നു ദിവാന്മാർ.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.