ചരിത്രം കാവിവത്കരിക്കപ്പെടുന്ന സമകാലിക അവസ്ഥയിൽ ചരിത്രം ദേശീയ പ്രസ്ഥാനത്തെയും 1921നെയും ഒക്കെ അദൃശ്യമാക്കിയതെങ്ങനെയെന്ന് പരിശോധിക്കുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം. േദശീയ പ്രസ്ഥാനത്തിലെ വ്യക്തികളും പോരാട്ടങ്ങളുമായി ബന്ധപ്പെട്ട ചില ചരിത്രരേഖകള്‍ പുനര്‍വായനക്കായി സമര്‍പ്പിക്കുകയാണ് ലേഖകൻ.
സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ ജിഹ്വയായി മാറിയ ‘മാതൃഭൂമി’പത്രം മലബാറില്‍ ആരംഭിച്ചത് 1923 മാർച്ച് 18നായിരുന്നു. അതില്‍ 1921 വിഷയമാക്കിയ ഒരു ലേഖനപരമ്പര പത്രത്തിന്റെ ആദ്യ മുഖ്യാധിപന്‍ കെ. മാധവൻ നായര്‍ എഴുതി പ്രസിദ്ധപ്പെടുത്തി തുടങ്ങിയത് 1923 ഏപ്രിൽ 28 മുതലായിരുന്നു. സ്വാതന്ത്ര്യസമരരംഗത്ത് നിസ്സഹകരണ, ഖിലാഫത്ത് പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം അതിനുനല്‍കിയ ശീര്‍ഷകം ആദ്യത്തില്‍ ‘മലയാളത്തിലെ മാപ്പിള ലഹള’ എന്നും ഇടക്കു നിന്നുപോയ, ഒരു ഇടവേളക്കുശേഷം 1923 ഡിസംബർ 1 മുതല്‍ തുടര്‍ന്ന് ‘മലബാറിലെ മാപ്പിള ലഹള’ എന്നുമായിരുന്നു. 1933 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതകാലത്ത് അത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. 37 വര്‍ഷങ്ങള്‍ക്കുശേഷം 1970കളില്‍ അദ്ദേഹത്തിന്റെ സഹധര്‍മിണി ആദ്യമായി പുസ്തകമാക്കി പുറത്തിറക്കി. എന്നാല്‍, ആദ്യകാല പത്രത്തിലൂടെതന്നെ ഒരു പുനര്‍വായന നടത്തുമ്പോള്‍ ആ കാലഘട്ടത്തിലെ പ്രതികരണങ്ങളും അദ്ദേഹത്തിന്റെ കുറ്റസമ്മതങ്ങളും കൂടി വിലയിരുത്താനാകുന്നതാണ്. ആദ്യ ലേഖനത്തിലെ ആദ്യ ഖണ്ഡികയില്‍തന്നെ മാധവന് നായര്‍ പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്: “ഇക്കഴിഞ്ഞ വമ്പിച്ച ലഹളയെപ്പറ്റി ചരിത്രം എഴുതുവാന്‍ കാലം ആയിട്ടില്ല. ലഹളയുമായി സംബന്ധിച്ചുള്ള പലരുടെയും അദൃഷ്ടംതന്നെ തീര്‍ച്ചപ്പെട്ടിട്ടില്ല. വലുതായ ഈ കലാപത്തിന്റെ ഫലമായി ജനസാമാന്യത്തെ അലട്ടുന്ന സ്പർധകള് ശമിച്ചിട്ടില്ല. നിഷ്പക്ഷമല്ലാത്ത അഭിപ്രായങ്ങളുടെ ശക്തിക്ക് കുറവ് വന്നിട്ടില്ല. എന്നുമാത്രമല്ല, ലഹളക്കാലത്ത് നടന്ന സംഭവങ്ങളുടെ സൂക്ഷ്മമായ വിവരം ഇതുവരെ വെളിപ്പെട്ടിട്ടുമില്ല.” (1) ഈ പ്രസ്താവനയില്‍നിന്നുതന്നെ അദ്ദേഹം എഴുതിയത് സൂക്ഷ്മമായ ഒരു ചരിത്രനിരീക്ഷണമല്ലെന്ന് പല ഘട്ടങ്ങളിലും നമുക്ക് വിലയിരുത്തേണ്ടിവരും.
ഹിച്ച്ഹോക്ക്, ഇ.കെ. മൗലവി
തുടര്‍ന്ന് അദ്ദേഹം പറയുന്നത്, സര്‍ക്കാര്‍ ആ കലാപ ചരിത്രമെഴുതാന്‍ നിയോഗിച്ച ഹിച്ച്ഹോക്കില് പ്രതീക്ഷ വെച്ചുവെന്നും എന്നാല്‍, അയാളത് ചെയ്യാത്തതിനാലും ആ പ്രതീക്ഷയും ഉപേക്ഷിച്ചുവെന്നുമാണ്. പിന്നീട് കോണ്‍ഗ്രസ് പ്രസിഡന്റും മദ്രാസ് ഹൈകോടതിയിലെ മുൻ ജഡ്ജിയുമായിരുന്ന തയ്യബ്ജിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയതും അത് നടക്കാതെപോയതും ഒന്നരക്കൊല്ലമായി ഒരന്വേഷണം നടക്കാത്തതിനാല്‍ തന്റെ അറിവിലുള്ള കാര്യങ്ങള്‍ ‘മാതൃഭൂമി’യില്‍ എഴുതുന്നത് അനൗചിത്യമായി വരില്ലെന്നും പറഞ്ഞുവെക്കുന്നു. തന്റെ ‘ജന്മികളും മാപ്പിളലഹളയും’ എന്ന ലേഖനം തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയെന്നു സമ്മതിക്കുന്നതോടൊപ്പം ‘മലബാര്‍ ഇസ്ലാമി’ന്റെ പോര്ക്കുവിളിയും ചിലരുടെ അപേക്ഷയും പരിഗണിച്ചാണ് എഴുതുവാന്‍ തുനിയുന്നതെന്നും പറയുന്നു. (2) ഈ നിരീക്ഷണങ്ങളില്‍നിന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പലയിടത്തും നിഷ്പക്ഷമാകാന്‍ സാധ്യതയില്ലെന്ന വിലയിരുത്തല്‍ സ്വാഭാവികം. കൂടാതെ, അദ്ദേഹം അത് എഴുതുമ്പോള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ‘വാഗണ്‍ ട്രാജഡി’ക്ക് കാരണക്കാരനായ ഹിച്ച്കോക്ക് തന്നെ 1925ല്‍ ‘Peasant Revolt in Malabar’ (‘മലബാറിലെ കര്‍ഷക കലാപം’) എന്നപേരില്‍ ഔദ്യോഗിക ചരിത്രം രചിച്ചത് മാധവന് നായര്‍ വിലയിരുത്തി തന്റെ ചില കണ്ടെത്തലുകള്‍ പിന്നീട് തിരുത്തിയിട്ടുമില്ല. അതിന് അദ്ദേഹത്തിന്റെ അകാലത്തിലുള്ള മരണം കാരണമായേക്കാം.
ഹിച്ച്കോക്ക് തന്റെ പുസ്തകത്തില്‍ വിശദീകരിച്ച് തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്. “ലഹളയുണ്ടാകാന്‍ ഹിന്ദുക്കള്‍ വഹിച്ച പങ്കും, അതില്‍ പങ്കാളികളാകാത്ത അനേകം മാപ്പിളമാരെയും കണക്കിലെടുക്കുമ്പോള്‍ അതിനെ മാപ്പിളലഹളയെന്നു പറയുന്നത് ശരിയല്ല.’’ (3) തുടര്‍ന്ന് ഇങ്ങനെ നിരീക്ഷിക്കുന്നു: “ഹിന്ദു കുടുംബങ്ങളിലെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഒരംഗത്തെ നിലനിര്‍ത്തിയിട്ട് ബാക്കിയുള്ളവര്‍ സ്ഥലംവിടുന്നത് സാധാരണയായിരുന്നു. ആ സ്ഥലത്തുള്ള കലാപകാരികളില്‍നിന്നും അയാള്‍ക്ക് ഉപദ്രവം ഉണ്ടാകുമെന്ന ആശങ്ക അയാള്‍ക്കില്ലായിരുന്നു. മറ്റു സ്ഥലങ്ങളിലെ സംഘങ്ങള്‍ വരുമ്പോഴായിരുന്നു പ്രശ്നങ്ങളുണ്ടായത്. കലാപങ്ങള്‍ക്കിടയില്‍ ഏറനാട്ടില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലായിരുന്നു... (ഗവൺമെന്റ്) ആഞ്ഞടിക്കാന്‍ ശ്രമിച്ചതാണ് കലാപത്തിന് കാരണം... വാഴക്കാടും കോഴിക്കോട് താലൂക്കിലും സ്ഥലത്തെ ഹിന്ദുക്കള്‍ പട്ടാളത്തിന്റെ പിറകേ കൂടി. (1921 ഒക്ടോബര്‍ 18ഓടുകൂടിയാണ് ഈ സംഭവങ്ങള്‍ ആരംഭിച്ചത്.) വളരെയധികം കൊള്ളകള്‍ നടത്തി... ആ സംഭവം ലഹളക്കാരുമായി ചേരാത്ത മുസ്ലിംകളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. പ്രദേശത്തെ മുഴുവന്‍ ഇളക്കിമറിക്കാന്‍ അത് കാരണമായെന്ന് മാത്രമല്ല, പ്രശ്നങ്ങള്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു.” (4)
ചരിത്രകാരന് കെ.എന്‍. പണിക്കര്‍ ഇങ്ങനെ എഴുതുന്നു: ‘‘കോന്നാര തങ്ങന്മാരെ മാപ്പിളമാര്‍ ബഹുമാനിച്ചിരുന്നു. പട്ടാളത്തിന്റെ കൂടെയെത്തിയ ഹിന്ദുക്കള്‍ മതഗ്രന്ഥങ്ങള്‍ കീറി നശിപ്പിച്ചശേഷം മൂത്ത തങ്ങളുടെ നെറ്റിയില്‍ ഭസ്മം പൂശി മതംമാറ്റത്തിന്റെ ലക്ഷണമായി വേദം ഒാതിപ്പിച്ചു. തങ്ങളുടെ കുടുംബത്തിലെ ചെറുപ്പക്കാരനായ ഒരംഗം ഹിന്ദുക്കളെ മതം മാറ്റാന്‍ ശ്രമിച്ചു’’.(5) ഖിലാഫത്ത്, നിസ്സഹകരണ സമരങ്ങളെ മതവും ജാതിയും നോക്കാതെ ജനം എങ്ങനെ സ്വാഗതം ചെയ്തുവെന്നും അതിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും വ്യക്തമായി ജില്ലാ മജിസ്ട്രേറ്റുകൂടിയായ കലക്ടര്‍ തോമസ് മദ്രാസ് സര്‍ക്കാറിന് അയച്ച ദ്വൈവാരിക റിപ്പോര്‍ട്ടുകളില്‍നിന്നും മനസ്സിലാക്കാം. (6) ഹിന്ദു-മുസ്ലിം മൈത്രി അതിന്റെ പാരമ്യത്തിലായിരുന്ന കാലത്താണ് തിരൂരങ്ങാടിയില്‍ ആഗസ്റ്റ് 20നു ലഹള ഉണ്ടായതെന്നു ബ്രഹ്മദത്തന് നമ്പൂതിരി അനുഭവത്തില്‍നിന്നും പറയുന്നു. അത് പഞ്ചാബിലും ചൗരിചൗരയിലും ഉണ്ടായതിനു തുല്യവും. കോണ്‍ഗ്രസ് അതില്‍ എടുത്ത നിലപാടിനെയും അദ്ദേഹം വിമര്‍ശിക്കുന്നുമുണ്ട്.(7) ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ക്കു മുന്നില്‍ നിന്നിരുന്ന കോണ്‍ഗ്രസ് നേതാവായ കെ. മാധവന് നായരെയായിരുന്നു 1921ലെ തിരൂരങ്ങാടി സംഭവത്തിന്റെ വെളിച്ചത്തില്‍ തന്റെ പ്രസംഗത്തിനും ഇടപെടലുകള്‍ക്കും ശേഷം ജനങ്ങളെ ശാന്തരാക്കാന്‍ മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് വിളിച്ചുകൊണ്ടുപോയത്. എന്നാല്‍, അദ്ദേഹം പട്ടാളം മഞ്ചേരിയില്‍ എത്തിയതിന്റെ അടുത്തദിവസം സെപ്റ്റംബര്‍ 3ന് അനുയായികളെ ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് മാപ്പിളമാര്തന്നെ ഒരുക്കിയ കാളവണ്ടിയില്‍ പോകുകയായിരുന്നു. 4ന് കോഴിക്കോട് എത്തിയ അദ്ദേഹം അടുത്തദിവസം കലക്ടറെ കണ്ട് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കുകയായിരുന്നു. ആറുമാസത്തേക്ക് ഏറനാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തുകയില്ലെന്നു മാത്രമല്ല, ഹിന്ദുക്കളെ ഉപദ്രവിക്കുന്നതും മതം മാറ്റാന്‍ ശ്രമിക്കുന്നതും മാപ്പിളമാരാണെന്നും പട്ടാളത്തെ അയച്ച് അവരെ അടിച്ചമര്‍ത്തണമെന്നും എഴുതിക്കൊടുത്തു.(8) മലബാര്‍ കലാപത്തെക്കുറിച്ച് എഴുതിയവരെല്ലാം ഒരുപോലെ പറയുന്നതാണ് ആ സംഭവത്തിനുശേഷമാണ് പല വര്‍ഗീയ ലഹളകളും അരങ്ങേറിയതെന്നത്.
‘മാതൃഭൂമി’ പത്രം, കെ. മാധവന് നായരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍തന്നെ അതിനെതിരായ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അതിലൂടെതന്നെ വരുകയും അദ്ദേഹത്തിന്റെ വിശദീകരണം തുടര്‍ന്നു കൊടുക്കുകയും ചെയ്തിരുന്നു. 1925 മേയ് ജൂലൈ 12ന് ഇ.കെ. മൗലവിയുടെ ഒരു ആക്ഷേപം പൂര്‍ണരൂപത്തില്‍ പത്രം കൊടുത്തിരുന്നു. അതില്‍ അദ്ദേഹം ഹിന്ദു-മുസ്ലിം മൈത്രിക്കുതന്നെ ടി ലേഖനങ്ങള്‍ ഭംഗം വരുത്തുമോ എന്ന ഭയത്താല്‍ 1923 മേയ് മാസത്തില്‍ കെ. മാധവന് നായരെ ഓഫിസില്‍ ചെന്നുകണ്ട് സംസാരിക്കുകയുണ്ടായെന്നു പറയുന്നുണ്ട്. “ഈ ക്ഷോഭം അക്ഷരജ്ഞാനം സിദ്ധിച്ചിട്ടില്ലാത്ത പാമരജനങ്ങളുടെ ഇടയിലായതുകൊണ്ട് നിങ്ങളെപ്പോലുള്ള നേതാക്കള്‍, അത്തരക്കാരുടെ വാദങ്ങള്‍ അനാവശ്യമായിരുന്നാലും ചില മഹത്തായ കാര്യസാധ്യത്തിനായി വകവെച്ചുകൊടുക്കേണ്ടതാണെന്നും ക്ഷോഭത്തിനിടവരാത്ത നിലയില്‍ നിങ്ങളുടെ ലേഖന പരമ്പരയെ തുടര്‍ന്നുപോകാനുള്ള അവസരത്തെ ഉണ്ടാക്കുവാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നും” അങ്ങോട്ട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സമാധാനം ഇങ്ങനെ: “മി. കെ.പി. കേശവമേനോന് ഇവിടെയില്ല. അദ്ദേഹം വന്നയുടനെ ഞങ്ങള്‍ ഗാഢമായി ആലോചിച്ചു വേണ്ടതുപോലെ ചെയ്യുന്നതാണ്.” (8)
ഇ.കെ. മൗലവിയുടെ വാക്കുകളില്‍, “നിഷ്കളങ്കതകൊണ്ടായിരിക്കാം മി. മാധവന് നായര്‍ ലേഖനപരമ്പര തുടര്‍ന്നുകൊണ്ടേയിരുന്നു”വെന്ന് പറയുമ്പോഴും അദ്ദേഹം വിനീതനായി ചില കുറവുകളും തെറ്റുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഇവയൊക്കെയായിരുന്നു: സ്കൂളും കോളജും ഉപേക്ഷിച്ച് ഖിലാഫത്ത്, കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ എത്തിച്ചേര്‍ന്നവരുടെ പേരുകളില്‍ അന്ന് ബി.എ (ഓണേഴ്സ്) ക്ലാസ് ഉപേക്ഷിച്ച് വന്ന മുഹമ്മദ് അബ്ദു റഹ് മാന്‍, മെസ്സേര്‍സ് എന്‍.എ. അബ്ദു റഹ് മാന്‍, എ. മുഹമ്മദ്, എ.കെ. മുഹമ്മദ്, കുഞ്ഞാമു തുടങ്ങിയവരെ ഒഴിവാക്കിയതില്‍ തെറ്റിദ്ധാരണ വന്നിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ്, ഖിലാഫത്ത് പ്രവര്‍ത്തനങ്ങളില്‍ ത്യാഗങ്ങള്‍ അനുഭവിച്ച മുഹമ്മദ് അബ്ദു റഹ് മാനോടൊപ്പം ഉണ്ടായിരുന്ന ജനാബ് മൊയ്തീന് കോയ, ഇ. മൊയ്തു മൗലവി, ജനാബ് ഹസ്സന് കോയ മുല്ല, മുഹമ്മദ് കുട്ടി മുസ്ലിയാര്, മുഹമ്മദ് ഹാജി, എ.കെ. മാഹിന്‍ ഹാജി, കെ. കാതൃകുട്ടി, എം. ഹുസൈന് കുട്ടി എന്നിവരെയും എടുത്ത് കാണിച്ചിട്ടില്ല. കല്പകഞ്ചേരി യോഗം കഴിഞ്ഞു മറ്റൊരു മീറ്റിങ് പൊന്നാനിയില്വെച്ചു നടന്നത് ഖിലാഫത്ത് പ്രസ്ഥാനം ദുഷിച്ചുപോയതിന്റെ ലക്ഷണമായിരുന്നുവെന്നും അതില്‍ പങ്കെടുത്ത ദൂരദേശത്ത് നിന്നും ഘോഷയാത്രയായിവന്ന വോളണ്ടിയര്‍മാരില്‍ പലരും ആയുധപാണികളായിരുന്നുവെന്നും അവര്‍ പൊലീസുകാരെ ആക്രമിച്ചുവെന്നും പറയുന്നത് തെറ്റാണ്. അദ്ദേഹം ഉദ്ദേശിക്കുന്ന യോഗം ഉലമാസംഘത്തിന്റെ ഒരു വിശേഷാൽ യോഗമാണെങ്കില്‍ അതില്‍ 20,000ല്‍പരം ആളുകള്‍ പങ്കെടുത്തിട്ടും ഒരു കുഴപ്പവും ഉണ്ടായില്ലെന്ന് മാത്രമല്ല, വളരെ ഭംഗിയായി കലാശിച്ചു. ദൂരപ്രദേശങ്ങളില്നിന്നും വളരെ മാപ്പിളമാര്‍ അവിടെ വന്നത് ശരിതന്നെ. പക്ഷേ, അന്ന് രാവിലെ 10 മണിക്ക് തന്നെ ഘോഷയാത്രക്ക് നിരോധന കല്പന വന്നുകഴിഞ്ഞതിനാല്‍ പറഞ്ഞമാതിരി ആയുധപാണികളായ വളന്റിയര്‍മാര്‍ അങ്ങനെ നടത്തിയെങ്കില്‍ അവിടെ അറസ്റ്റ് ഉണ്ടാകേണ്ടതാണ്. അങ്ങനെയൊന്നും നടന്നിട്ടില്ല. അതുപോലെ പൊലീസുകാരെ ആക്രമിച്ചുവെന്നു പറയുന്നത് തെറ്റാണ്. ആലി മുസ്ലിയാരും കൂട്ടരും അങ്ങാടിപ്പാലത്തിനു അടുത്തെത്തിയപ്പോള്‍ പൊലീസാണ് അവരെ തടഞ്ഞതും ദേഹോപദ്രവം ഏൽപിച്ചതും. അതിനു പകരക്രിയക്കൊരുങ്ങിയത് സഹകരണ ത്യാഗസിദ്ധാന്തത്തിനു എതിരാണ്. ഈ വസ്തുത മറ്റു ഉദ്യോഗസ്ഥരും ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന മി. പി. ആമു സാഹിബും പൊന്നാനി സബ് ഇന്‍സ്പെക്ടറും അന്വേഷിച്ചറിയുകയും സമ്മതിക്കുകയും ചെയ്തതാണ്. ആ സമയം മൊയ്തു മൗലവിയും മുഹമ്മദ് അബ്ദുല്‍ റഹുമാനും സ്ഥലത്തെത്തി അക്രമം പ്രവര്‍ത്തിച്ചവരെ പിരിച്ചയക്കുകയും ചെയ്തത് എത്ര സ്തുതിച്ചാലും അധികമായി പോയെന്നു വരില്ല. കൂടാതെ, മുന്‍ ലേഖനങ്ങളിലും ഇതുപോലെ പല പിശകുകളും വന്നുപോയതില്‍ വേണ്ടിവന്നാല്‍ ഒരു വിമര്‍ശനം ചെയ്യുവാന്‍ തയാറാണ്. ഇ.കെ. മൗലവി ആക്ഷേപം അവസാനിപ്പിക്കുന്നത്, ഇനി മേലാല്‍ അത്തരം ആക്ഷേപങ്ങള്‍ക്ക് ഇടവരാതിരിപ്പാന് ശ്രമിക്കണമെന്ന് മി. മാധവന് നായരോടും എന്തെങ്കിലും കാണുമ്പോള്‍ ക്ഷോഭിച്ചു വശാകുന്ന സ്വഭാവം വെടിയണമെന്ന് പൊതുജനങ്ങളോടും അപേക്ഷിച്ചുകൊണ്ടായിരുന്നു. (10)
ഇതേ പത്രത്തില്‍തന്നെ മാധവന് നായരുടെ സമാധാനം താഴെ ചേര്‍ക്കുകയും അതില്‍ മുഹമ്മദ് അബ്ദു റഹ് മാൻ സാഹിബിന്റെ പേർ വിട്ടുപോയതില്‍ ഖേദം പ്രകടിപ്പിക്കുകയും അദ്ദേഹത്തെ വാഴ്ത്തുന്നതോടൊപ്പം കോണ്‍ഗ്രസ് ഖിലാഫത്ത് പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ നിന്ന തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ലിയാര് (കെ.എം. മൗലവി), ഹസ്സന് കോയ മുല്ല മുതലായവരെ ഒരിക്കലും മറക്കാൻ പാടില്ലെന്ന് സമ്മതിക്കുകയും ചെയ്യുമ്പോള്‍ മറ്റു ആരോപണങ്ങളില്‍ നിശ്ശബ്ദനാകുന്നു.
സമരങ്ങളെ തന്നെ കലുഷിതമാക്കി പൊലീസ്-പട്ടാള തേര്‍വാഴ്ചക്ക് അവസരം ഒരുക്കിയ കെ. മാധവന് നായരുടെ മുന്‍ധാരണയോടുകൂടിയുള്ള നിര്‍ദേശങ്ങളും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും ഹിന്ദു-മുസ്ലിം ഐക്യത്തിന് താല്‍ക്കാലികമായെങ്കിലും വിള്ളല്‍ ഏൽപിച്ചു. എന്നാല്‍, ഹിന്ദു-മുസ്ലിം മൈത്രിയുടെ ആഴവും മലബാര്‍ കലാപത്തില്‍ താനും കുടുംബവും അത് നേരിട്ട് അനുഭവിച്ചതായുള്ള വിവരണവും അടങ്ങിയ മഹാകവി വള്ളത്തോള്‍ നാരായണ മേനോനുമായി ബന്ധപ്പെട്ട 1945ലെ ‘മലയാള രാജ്യ’ത്തില്‍ വന്ന ഒരു ചരിത്രരേഖകൂടി പുറത്തുകൊണ്ടുവരുകയാണ്. അതില്‍ ഹിന്ദുമതത്തെയും ഇസ്ലാം മതത്തെയും അദ്ദേഹത്തിന്റെ വീക്ഷണകോണിലൂടെ മതേതര സ്വഭാവത്തില്‍ വിലയിരുത്തുകയും അന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തില്‍ ഒരുപക്ഷേ, ഗാന്ധിജിയുടെ ചിന്താഗതിയോട് കൂടുതല്‍ നീതിപുലര്‍ത്തി ഒരു വിഭജനം ഒഴിവാക്കാനുള്ള മനസ്സും അതിലൂടെ തുറക്കുന്നു.
കൊളോണിയല്‍ ആശ്രിത സവർണ ദേശീയ പൊതുബോധം ഉണര്‍ത്തുന്ന ‘കാട്ടെലിയുടെ കത്ത്’, 1915ല്‍ എഴുതിയ ‘ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും’, ‘ഭാരത സ്ത്രീകള്തന് ഭാവശുദ്ധി’ എന്നീ കാവ്യങ്ങള്‍ അദ്ദേഹത്തിന്റെ മുസ്ലിം വിരുദ്ധത വിളിച്ചോതുന്നു എന്നത് നിരൂപകര്‍ പലപ്പോഴും പറഞ്ഞാലും മുഹമ്മദ് നബിയെ പ്രകീര്‍ത്തിച്ച് എഴുതിയ ‘ജാതകം തിരുത്തി’, ‘അല്ലാഹ്’ എന്നീ കാവ്യങ്ങള്‍ അതിനു അപവാദമായി ഇതര മതങ്ങളെ ആദരിക്കുന്ന, മതമൈത്രിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടാം. എന്നാല്‍, നിരൂപണങ്ങളില്‍ ഒന്നും പരാമര്‍ശിക്കാത്ത തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ഉതകുന്ന ഈ ചരിത്രരേഖയിലൂടെ മഹാകവിയുടെ മനസ്സു തുറക്കുന്നത് നമുക്ക് അവലോകനം നടത്താന്‍ മതിയായ തെളിവാണ്. വള്ളത്തോളിന് കൊല്ലം മജ്ലിസ് ക്ലബ് നല്കിയ ഒരു മംഗളപത്രത്തിന് മറുപടിയായി അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ സംക്ഷേപം ‘ഹിന്ദു-മുസ്ലിം ബന്ധം’ എന്ന പേരില്‍ ‘മലയാള രാജ്യം’ 1944 ജനുവരി 17നു പ്രസിദ്ധീകരിച്ചു.” (11.) അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു
‘ഹിന്ദു-മുസ്ലിം ബന്ധം’ എന്ന പേരില്‍ ‘മലയാള രാജ്യം’ 1944 ജനുവരി 17ന് പ്രസിദ്ധീകരിച്ച ലേഖനം
“മാന്യസുഹൃത്തുക്കളേ, നിങ്ങൾക്ക് എന്റെ വിനീതമായ വന്ദനം. എന്റെ പ്രിയപ്പെട്ട മുസൽമാൻ സഹോദരരെ, നിങ്ങളുടെ ആഹ്ലാദത്താൽ തുടുത്തിരിക്കുന്ന ഈ മംഗളപത്രം ഞാൻ ആദരവോടെ സ്വീകരിക്കുന്നു. എന്റെ അറുപത്തഞ്ചു വയസ്സിനുള്ളിൽ ഒരു മുസ്ലിം സമിതിയിൽനിന്നും മംഗളപത്രം എനിക്ക് ലഭിച്ചിട്ടുള്ളതായി ഞാൻ ഓർക്കുന്നില്ല. ഞാൻ ജനിച്ചു വളർന്നതും മുസല്മാന്മാരുടെ ഇടയിലാണ്. ഇവിടത്തെ മുസ്ലിം സഹോദരന്മാരിൽനിന്നും മംഗളപത്രം സ്വീകരിക്കാൻ സംഗതിയായതിൽ എനിക്ക് അനല്പമായ ആഹ്ലാദവും അഭിമാനവും ഉണ്ട്. വടക്കുനിന്നും ഒരു ചെകിടൻ നായരുവന്നു; അയാൾക്ക് ഒരു മംഗളപത്രം കൊടുക്കാം എന്നായിരിക്കുകയില്ല നിങ്ങൾ വിചാരിച്ചത്; ഒരു സാഹിത്യകാരനെന്നു നടിക്കുന്ന വള്ളത്തോളിന് മംഗളപത്രം കൊടുക്കാമെന്നായിരിക്കാനേ തരമുള്ളൂ. ഇവിടത്തെ മുസ്ലിം സഹോദരന്മാര്ക്ക് സാഹിത്യാഭിരുചിയുണ്ടെന്നാണ് അതിന്റെ അർഥം. നിങ്ങളോട് പല കാര്യങ്ങളെപ്പറ്റിയും സംസാരിക്കാന്‍ എനിക്കാഗ്രഹമുണ്ട്.”
തുടര്‍ന്ന് ഹിന്ദു-മുസ്ലിം ബന്ധത്തെക്കുറിച്ചും മതവിശ്വാസങ്ങളെല്ലാം മതമൂല്യങ്ങളെയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ആ വിശ്വാസവും മൂല്യങ്ങളും ഉള്ള മുസ്ലിംകൾ ഇന്ത്യ ഭരിച്ചാലും ഒന്നും നഷ്ടപ്പെടില്ലെന്നും പറയുന്നു. പ്രസക്ത ഭാഗം ഉദ്ധരിക്കുന്നു.
“ഹിന്ദുക്കളും മുസൽമാൻമാരും തമ്മില്‍ സ്പർധയാണെന്നു ഒരു സംസാരം ഉണ്ട്. അങ്ങനെ ഒരു സ്പർധ ഉള്ളതായി അനുഭവത്തില്‍ കണ്ടിട്ടില്ല. എന്റെ ബോംബെ പ്രസംഗത്തില്‍ ഞാനിത് സൂചിപ്പിച്ചിട്ടുണ്ട്. എന്റെ തറവാട്ടിലെ കുടിയാന്മാര് മിക്കപേരുംമുസല്മാന്മാരാണ്. മലബാറില്‍ മാപ്പിളലഹള ഉണ്ടായ കഥ നിങ്ങള്‍ കേട്ടിരിക്കുമല്ലോ. ലഹളക്കാര്‍ മുഴുവന്‍ മുസല്മാന്മാർ അല്ലായിരുന്നു. ഏറനാട് പ്രദേശത്തെ മുസ്ലിംകള് വിദ്യാഭ്യാസത്തില്‍ തുലോം പിന്നാക്കം നില്‍ക്കുന്നവരാണ്. അവരെ ചില വിരുതന്മാര് പറഞ്ഞിളക്കിവിട്ടതാണ് ലഹളക്ക് പ്രധാന ഹേതു. മുസല്മാന് വേഷം കെട്ടി ഹിന്ദുക്കളും അവരോട് ചേര്‍ന്നു ലഹള നടത്തിയെന്ന് കേട്ടിട്ടുണ്ട്. അനവധി ആളുകള്‍ അവിടം വിട്ടു പോന്നു. എന്റെ കുടുംബത്തില്‍പെട്ട നാലു വീടുകള്‍ ഉണ്ട്. ആ വീടുകളില്‍നിന്നും ആരും പോയില്ല. ഒടുവില്‍ ഉദ്യോഗസ്ഥന്മാര് ചിലര്‍ വന്നു സ്ഥലം വിട്ടുപോകാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചു. ‘ഞങ്ങള്‍ക്ക് പേടിയില്ല, മുസല്മാന്മാർ തന്നെ ഞങ്ങളെ രക്ഷിക്കാന്‍ ഉണ്ട്’ എന്നാണു അമ്മാവന് മറുപടി പറഞ്ഞത്. ഞങ്ങളുടെ വീട്ടിനു മൂന്നു നാഴിക അടുത്തുവരെ ലഹളക്കാര്‍ വന്നു. ഞങ്ങളുടെ സ്ഥലത്ത് വരുകയുണ്ടായില്ല. ഞങ്ങളുടെ നാലു ഭവനങ്ങള്‍ കാത്തുരക്ഷിച്ചത് മുന്നൂറില്പരം മുസല്മാന്മാരാണ്. അവര്‍ വയ്പും ഊണും താമസവും എല്ലാം അവിടെ തന്നെയായിരുന്നു. ഞങ്ങള്‍ അത്ര ഇണങ്ങിയാണ് മുസല്മാന്മാരുമായി കഴിഞ്ഞുവരുന്നത്.
ഇപ്പോള്‍ ചില പുതു മുസ്ലിമുകള് പറഞ്ഞു തുടങ്ങിയിട്ടുണ്ട്, ഞാന്‍ മുഹമ്മദീയ വിരോധിയാണെന്നു. എന്റെ ബോംബെ പ്രസംഗത്തില്‍ ഞാന്‍ മിസ്റ്റര്‍ ജിന്നയെ ശകാരിച്ചുവെന്നു. ‘ചന്ദ്രിക’ എന്ന തലശ്ശേരിയിലെ മുസ്ലിംപത്രത്തില് ഒരു മുസല്മാന് എഴുതിയിരുന്നു. പട്ടിണികൊണ്ടും നടപ്പുരോഗംകൊണ്ടും കഷ്ടപ്പാടനുഭവിക്കുന്ന ബംഗാളിനെ രക്ഷിക്കാന്‍ പണപ്പിരിവ് നടത്തിയപ്പോള്‍ ഹിന്ദുക്കളെ രക്ഷിക്കാന്‍ മുസ്ലിംകള് പണം കൊടുക്കരുതെന്ന് മി. ജിന്ന ഉപദേശിച്ചതായി ഒരു പത്രത്തില്‍ കണ്ട്. അത് നേരാണെങ്കില്‍ “ഒരു ചെറു പക്ഷിയിലെങ്കിലും ദയ ചെയ്യുന്നവനെ ഈശ്വരന് അനുഗ്രഹിക്കും” എന്ന നബിവചനം മതഭക്തനായ ശ്രീമാന്‍ ജിന്ന കേട്ടിട്ടില്ലേ എന്നു ചോദിക്കുകയേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഇതാണ് ബോംബെ പ്രസംഗത്തില്‍ ഞാന്‍ ജിന്നയെ ശകാരിെച്ചന്നു പറയുന്ന വാചകം. ഭൂതക്കണ്ണാടി വെച്ച് നോക്കിയാല്‍പോലും അതില്‍ ശകാരത്തിന്റെ ഒരു കണികയെങ്കിലും ഉള്ളതായി കാണുമോ?
മറ്റൊരു അപരാധം ഞാന്‍ ‘നായര്‍ സ്ത്രീയും മുഹമ്മദീയനും’ എന്നൊരു കഥ എഴുതിയതില്‍ മുസ്ലിം വര്‍ഗത്തെ ആക്ഷേപിച്ചു എന്നാണ്. ഒരു നായര്‍ സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഒരു മുസല്‍മാനെ അയാളുടെ പക്കല്‍ ഉണ്ടായിരുന്ന കത്തികൊണ്ടുതന്നെ കൊന്നുവെന്നാണ് കഥാസാരം. അത് എന്റെ കല്പിതമല്ല; അവിടങ്ങളില്‍ അക്കാലത്ത് പറഞ്ഞുകേട്ട ഒരു സംഭവമാണ്. പത്തിരുപതു വര്‍ഷങ്ങള്‍ക്ക് അപ്പുറമാണ് ഈ കഥ എഴുതിയത്. ഇപ്പോള്‍ പറയുന്നു, മുഹമ്മദീയരെ ആക്ഷേപിക്കാന്‍ ഞാന്‍ കരുതിക്കൂട്ടി എഴുതിയതാണെന്ന്! ഒരു സമയം ഈ ആക്ഷേപങ്ങള്‍ ഒന്നും എനിക്ക് മംഗളപത്രം തന്ന ഇവര്‍ കണ്ടില്ലായിരിക്കാം, കണ്ടെങ്കില്തന്നെ, നമ്മുടെ നാട്ടിലെ ഒരു കവിയല്ലേ എന്നുകരുതി സ്നേഹപൂർവം തന്നതായിരിക്കാം.
ഹിന്ദു-മുസ്ലിം സ്പർധക്ക് കാരണക്കാര്‍ ഹിന്ദുക്കളും മുസ്ലിംകളുംതന്നെയാണ്. ഹിന്ദു മഹാസഭക്കാര്‍ പറയും മുസ്ലിം ഭരണം വന്നാല്‍ ഹിന്ദുക്കള്‍ക്ക് ദോഷമാണെന്ന്. തൊള്ളായിരം വര്‍ഷങ്ങള്‍ മുസല്മാന്മാര് ഇന്ത്യ ഭരിച്ചില്ലേ? അതുകൊണ്ട് ഹിന്ദുക്കള്‍ക്ക് എന്തു അപകടമാണ് പറ്റിയത്? ഇന്ത്യയില്‍നിന്നും ബ്രിട്ടീഷ് ഭരണം ഒഴിയുകയും ഇന്ത്യ സ്വതന്ത്രയാകുകയും ചെയ്താല്‍ സ്വതന്ത്ര ഇന്ത്യയുടെ ഭരണകൂടത്തിന്റെ അധ്യക്ഷ സ്ഥാനം മി. ജിന്നക്ക് കൊടുക്കാമെന്നു മഹാത്മജി പറഞ്ഞത് ഈ അടുത്തകാലത്താണ്. മുസ്ലിംകളുടെ മൂന്നിരട്ടി ഹിന്ദുക്കളാണ് ഇവിടെ ഉള്ളത്. മുസ്ലിം ഭരണംകൊണ്ട് ഒരു ന്യൂനതയും വരാനില്ല. ഒരുപക്ഷേ ഹിന്ദുക്കള്‍ മുഴുവന്‍ നശിച്ചുവെന്നിരിക്കട്ടെ. അതുകൊണ്ട് എന്താണ് ലോകത്തിന് ഹാനിയുള്ളത്? ശ്രീ ജിന്ന പറയുന്നു, ഹിന്ദുഭരണം മുസ്ലിംകള്ക്ക് നാശകരമാകുമെന്ന്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒന്നുമല്ല ലോകം നടത്തുന്നത്, മനുഷ്യരാണ്. മനുഷ്യര്‍ ശേഷിച്ചാല്‍ മതി. പക്ഷേ, ഹിന്ദുനാശത്തോടൊപ്പം ഋഗ്വേദം നശിക്കരുത്. അത് ബ്രാഹ്മണരുടെ വകയാണെന്ന് പറയാറുണ്ടെങ്കിലും ബ്രാഹ്മണരുടേതല്ല, മനുഷ്യരുടേതാണ്. അതുപോലെതന്നെ ബൈബിളും ഖുർആനും. എല്ലാത്തിലും ഉള്ള തത്ത്വങ്ങള്‍ ഒന്നാണ്. ഭിന്ന ഭാഷകളില്‍ പ്രതിപാദിച്ചിരിക്കുന്നുവെന്നേയുള്ളൂ. ഈശ്വരന് എല്ലാ ഭാഷയും അറിയാം; ചെവിയും കേള്‍ക്കാം. ഏതു ഭാഷയില്‍ വിളിച്ചാലും ഒരേമാതിരി വിളികേള്‍ക്കും. ഈ അകന്നകന്നുള്ള നില്ക്കലുകൊണ്ടല്ലേ നമ്മുടെ മാതൃഭൂമി അന്യാധീനയായത്? ഋഗ്വേദം പരക്കേ വായിച്ചിട്ടില്ല. അതുപോലെ ഖുര്‍ആന്‍ ഹിന്ദുക്കളും വായിച്ചിരിക്കയില്ല. തന്മൂലം ഓരോന്നിലും അടങ്ങിയിരിക്കുന്ന തത്ത്വം ഒന്നാണെന്നുള്ള പരമാർഥം അറിയാന്‍ കഴിയുന്നില്ല. ഹിന്ദുക്കള്‍, ദേവിയെയും സുബ്രഹ്മണ്യനെയും ശാസ്താവിനെയും മറ്റും പൂജിക്കുന്നത് കണ്ട് മറ്റുള്ളവര്‍ അപഹസിക്കുന്നു. യഥാർഥ ഹിന്ദു എന്തിനെ പൂജിച്ചാലും ഒരാളെ തന്നെയായിരിക്കും. ഭഗവദ്ഗീതയില്‍ പറയുന്നു: “എന്നെ മനുഷ്യന് ഏതുരൂപത്തില്‍ ധ്യാനിക്കുന്നുവോ ആ രൂപത്തില്‍ ഞാന്‍ പ്രത്യക്ഷപ്പെടും” എന്ന്. ഒരേ സദാചാരംതന്നെയല്ലേ, ബൈബിളിലും ഖുർആനിലും അടങ്ങിയിരിക്കുന്നത്? മുഹമ്മദ്നബി അരുളിയിട്ടുണ്ട്, “മതം ഈശ്വരാജ്ഞയാണ്; മനുഷ്യരെ ശുദ്ധീകരിക്കയാണ് മതത്തിന്റെ ഉദ്ദേശ്യം.” ഇസ്ലാം എന്ന പദത്തിന്റെ അർഥം തന്നെ ഈശ്വരേച്ഛ അനുസരിച്ച് നടക്കുകയെന്നല്ലയോ?
ഒരു മുസ്ലിം മറ്റൊരാളെ കണ്ടാല്‍ ‘സലാമലേക്ക്’ എന്ന് പറഞ്ഞാണ് ഉപചരിക്കാറുള്ളത്. അതിന്റെ അർഥം ‘നിനക്ക് ശാന്തിഭവിക്കട്ടെ’ എന്നാണ്. ഹിന്ദു പറയും, ‘സ്വസ്തിയസ്തു’ ‘നല്ലതുവരട്ടെ’ എന്നർഥം. ഭാഷ മാറുന്നുവെന്നേയുള്ളൂ. സദാചാരങ്ങള്‍ ഭൂലോകത്തിന്റെ ഏതുഭാഗത്തും ഒന്നാണ്. മുഹമ്മദീയരുടെ നിസ്കാരത്തിനുള്ള ഒരു മന്ത്രത്തില്‍ ‘നാം എവിടെ നോക്കിയാലും ഈശ്വരന്റെ മുഖമാണ് കാണുന്നത്’ എന്നർഥമുള്ള ഒരു വാചകമുണ്ട്. ശ്വേതാശ്വതദോപനിഷത്തിലും ഇതേ ആശയം കാണാം. ഒരാള്‍ മക്കയില്‍വെച്ച് പറഞ്ഞു; മറ്റൊരാള്‍ ഇന്ത്യയില്‍ വെച്ചും - ഇതേ വ്യത്യാസം ഉള്ളൂ. മഹാനായ അക്ബര്‍ ഹിന്ദുക്കള്‍ ഖുര്‍ആനും മുസ്ലിംകള് ഉപനിഷദാദി ഗ്രന്ഥങ്ങളും പഠിക്കണമെന്ന് വ്യവസ്ഥചെയ്തിരുന്നു. മതങ്ങള്‍ തമ്മില്‍ ഭിന്നതയില്ലെന്ന് കാണാന്‍ എല്ലാവരും എല്ലാ മതഗ്രന്ഥങ്ങളും വായിച്ചാലേ മതിയാകൂ. അതിനു പല പ്രയാസങ്ങളുമുണ്ട്. ബൈബിള്‍ വായിക്കാന്‍ പറഞ്ഞാല്‍ ഹിന്ദുവിനും മറ്റും അതൊരു അന്യമതഗ്രന്ഥമാണെന്ന വിചാരം ഉണ്ടാകും. അത് സഹിച്ച് പുസ്തകം കൈയിൽ എടുത്താല്‍ ഒരു പേജ് വായിക്കുംമുമ്പേ ഉറക്കംവരും. മലയാളഭാഷ എത്രമേല്‍ ചീത്തയാക്കാമോ അതുമേല്‍ ചീത്തയാക്കിയാണ് ബൈബിള്‍ തര്‍ജമ ചെയ്തിരിക്കുന്നത്.
ഖുർആന്റെ ഒരു മലയാള ഗ്രന്ഥം ഉണ്ടാകാന്‍ മുസ്ലിംകള് ഒരു ശ്രമം നടത്തുന്നത് അത്യാവശ്യം. അതിനു ഒരു ലക്ഷം രൂപ ചെലവ് ഉണ്ടാകാം. ശ്രീമാന്‍ തങ്ങള്‍കുഞ്ഞു മുസ്ലിയാര് ഒരാള്‍ മനസ്സുവെച്ചാല്തന്നെ ഈ ചെലവ് നിഷ്പ്രയാസം നടക്കില്ലയോ? ആ ധനാഢ്യനായ പരോപകാരിയുടെ ശ്രദ്ധ ഈ പുണ്യകര്‍മത്തില്‍ പതിയുമാറു നിങ്ങള്‍ പരിശ്രമിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.” (12)
1921 നടക്കുമ്പോഴും ശേഷവും അധിനിവേശ ആധിപത്യത്തിനോടുള്ള അമിതമായ വിധേയത്വത്തില്‍ ലഭിച്ച ഉയര്‍ച്ചയില്‍ അഭിരമിക്കുന്നവര്‍ ഈ യാഥാർഥ്യങ്ങള്‍ മനസ്സിലാക്കി നിലപാടുകള്‍ തിരുത്തട്ടെ. 1921 ആഗസ്റ്റ് 20നു തിരൂരങ്ങാടിയില്‍ പട്ടാളം ഇറങ്ങിയത് മുതല്‍ അരങ്ങേറിയ നരനായാട്ടുകള്‍ക്ക് ഇരയായ ഇരുവിഭാഗക്കാരുടെയും പിൻതലമുറക്കാരെ നേരില്‍ കണ്ട് സംവദിച്ച പി. സുരേന്ദ്രന്റെ ‘1921 പോരാളികള്‍ വരച്ച ദേശഭൂപടങ്ങള്‍’ എന്ന പുസ്തകത്തില്‍ ഉള്ളത് ചോരയും കണ്ണുനീരും മണക്കുന്ന വരികളും ചിത്രങ്ങളുമാണെങ്കിലും പുറത്തുവരുന്ന ഒരു യാഥാർഥ്യം ആ പ്രദേശങ്ങളിലെ ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ ഇപ്പോഴുമുള്ള ആഴമേറിയ സൗഹൃദമാണ്. ഒരിക്കലും രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായിരുന്നില്ല ആ കലാപം എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം അദ്ദേഹം കണ്ട സ്നേഹബന്ധമായിരുന്നുവെന്ന കണ്ടെത്തലുകള്‍, ഈ വര്‍ത്തമാനകാലത്തിലും കൂടുതല്‍ പഠനങ്ങള്‍ നടത്തി മതമൈത്രി ഊട്ടിയുറപ്പിക്കാനുതകുന്ന, മുകളില്‍ ചൂണ്ടിക്കാട്ടിയതുപോലുള്ള മറയ്ക്കപ്പെട്ട കൂടുതല്‍ ചരിത്രരേഖകള്‍ പുറത്തുകൊണ്ടുവരാന്‍ പുതിയ തലമുറക്ക് പ്രചോദനമാകട്ടെ.
(അവസാനിച്ചു)
ഗ്രന്ഥസൂചിക:
1. മാതൃഭൂമി,കോഴിക്കോട്: 1923 ഏപ്രില്‍ 28
2. Ibid
3. Hitchcock,‘Peasant Revolt in Malabar’, p3,
4. Hitchcock,‘Peasant Revolt in Malabar’,p 152-178,
5. K.N. Panikkar,Against Lord and State, p.180,181,
6. Tottenham, G. R. F. Exhibit no .3 case 1280/1922 Madras High Court records, cited by M.P.S. Menon , മലബാര്‍ കലാപം p.168) (1922).
7. ബ്രഹ്മദത്തന് നമ്പൂതിരി, ഖിലാഫത്ത് സ്മരണകള്‍, പേജ് 6 5to 70, 84, 85,
8. Exhibit no.3 case 1280/1922 Madras High Court records, cited by M.P.S. Menon , മലബാര്‍ കലാപം p.168,
9. മാതൃഭൂമി, 1924 ജൂൈല 12
10. Ibid,
11. ‘മലയാളരാജ്യം’, 1944 ജനുവരി 17,
12. പി. സുരേന്ദ്രന് ‘1921 പോരാളികള്‍ വരച്ച ദേശഭൂപടങ്ങള്‍’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.