പുലയരുടെ ഒരു ഉപജാതിയാണ് തിരുവിതാംകൂറിലെ ‘വള്ളുവർ’ എന്ന് എഡ്ഗർ തഴ്സ്റ്റൻ പറയുന്നത് 1901ലെ തിരുവിതാംകൂർ സെൻസസ് അടിസ്ഥാനമാക്കിയാണ്(1) 1891ലെ മദ്രാസ് സെൻസസ് റിപ്പോർട്ടിൽ അവർ പറയരുടെ ഉപജാതിയാണെന്നും പറയുന്നുണ്ട് തഴ്സ്റ്റൻ അവിടത്തന്നെ. അദ്ദേഹത്തിന്റെ ഈ പുസ്തകം 1909ൽ പുറത്തിറങ്ങി രണ്ടുകൊല്ലം കഴിഞ്ഞപ്പോഴാണ് തിരുവനന്തപുരത്തെ ടി.വി. തമ്പിരാൻ (Thumberan/iran) എന്ന വള്ളുവ വിദ്യാർഥി ഒരു സ്കോളർഷിപ്പിനായി തിരുവിതാംകൂർ സർക്കാറിലേക്ക് അപേക്ഷ നൽകുന്നത്. തുടർന്നുണ്ടായ പ്രതികരണങ്ങളും തടസ്സങ്ങളും പ്രോത്സാഹനങ്ങളും അയാളുടെ അടുത്ത വിദ്യാഭ്യാസ ജീവിതഘട്ടങ്ങളുമാണ് ഈ ലേഖനത്തിന്റെ പ്രമേയം.
തിരുവിതാംകൂറിലെ ആദ്യ ദലിത് ബിരുദധാരിയാണയാൾ എന്നുകരുതാം. ഇവിടെ മുഖ്യമായത്, അയാൾ പഠിച്ച തിരുവനന്തപുരം മഹാരാജാസ് കോളജിലെ അധികാരികളെല്ലാം ഒരേ സ്വരത്തിൽ നൽകുന്ന സ്വഭാവ സർട്ടിഫിക്കറ്റുകളാണ്. ഒരു വിശിഷ്ടവ്യക്തിയാണ് തങ്ങളുടെ ഈ വിദ്യാർഥിയെന്നും അവന് ഉന്നതമായ ഭാവിയുണ്ടെന്നും സാക്ഷ്യപ്പെടുത്തുകയാണവർ! ദലിത് കുട്ടികൾക്ക് പോത്തിന്റെ ഗ്രഹണശേഷിയേ ഉള്ളൂവെന്നും അവരെ സവർണ കുട്ടികളോടൊപ്പമിരുത്തി പഠിപ്പിക്കരുതെന്നും ബുദ്ധിജീവികൾ ഉദ്ബോധിപ്പിച്ചിരുന്ന അതേ നഗരത്തിലും അതേ കാലത്തുമാണ് ഈ സംഭവം എന്നതാണ് നമ്മുടെ അടുത്ത ശ്രദ്ധാവിഷയം. സ്കൂൾ പ്രവേശനത്തിന് ചെല്ലുന്ന ദലിത് കുട്ടികളെയും രക്ഷാകർത്താക്കളെയും തല്ലിയോടിച്ചിരുന്ന ഊരൂട്ടമ്പലം, പുല്ലാട് ലഹളകളുടെ അതേ കാലം. എന്നിട്ടും എങ്ങനെയാണ് അന്ന് ഒരു ദലിതൻ സവർണ കോളജിൽ ചേർന്ന് പഠിച്ച് ബി.എ പാസായത്. അതും കഴിഞ്ഞ് ഹൈകോടതിയിൽ സർക്കാർ ജോലി നേടിയത്, അവിടെയിരുന്നുതന്നെ നിയമപഠനത്തിന് സ്കോളർഷിപ് അപേക്ഷ നൽകുന്നത് –ഇല്ല, ഈ സമസ്യകളൊന്നും പൂരിപ്പിക്കാൻ വേണ്ട വിവരങ്ങളില്ല, ഈ ലേഖനത്തിന് ആധാരമാക്കുന്ന സർക്കാർ പുരാരേഖയിൽ (2) എങ്കിലും ഇന്നോളം കിട്ടിയ തിരുവിതാംകൂർ അറിവുകളോടൊന്നും ചേർച്ചയില്ലാത്ത ഇക്കാര്യം വായനക്കാരുടെ മുന്നിൽ വെക്കേണ്ടത് ഒരു ഗവേഷകന്റെ കടമയാണ്.
തിരുവനന്തപുരം തൈക്കാട് ‘ഫീൽഡ് വ്യൂ’ വീട്ടിലെ വി. തൊളസിലിംഗം എന്ന മേസ്തിരിയുടെ മകനാണ് തമ്പിരാൻ (മദ്രാസ് സംസ്ഥാനത്തുനിന്ന് കുടിയേറിയതാണോ?). അടിത്തട്ട് സമൂഹങ്ങളോട് വലിയ ദയയുണ്ടായിരുന്ന, ബ്രിട്ടീഷ് സർവിസിൽനിന്ന് വന്ന പി. രാജഗോപാലാചാരിയാണ് അന്ന് തിരുവിതാംകൂർ ദിവാൻ. അയ്യൻകാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നതിന് അഞ്ചുമാസം മുമ്പാണ് തമ്പിരാന്റെ സ്കോളർഷിപ് അപേക്ഷ ദിവാന്റെ മുന്നിലെത്തുന്നത്. അതുവെച്ച്, മഹാരാജാവിന്റെ സർവാധികാര്യക്കാരായ സി. രാഘവാചാരി ബി.എക്ക് ദിവാൻ എഴുതുന്ന ശിപാർശക്കത്തിലാണ് തമ്പിരാൻ ആദ്യമായി സർക്കാർ രേഖയിലേക്ക് കടന്നുവരുന്നത്:
‘‘E 1278
ട്രിവൻഡ്രം, 1911 ജൂലൈ 6
എന്റെ പ്രിയ സർ,
മഹാരാജ തിരുമനസ്സിന് സമർപ്പിക്കാനായി ടി.വി. തമ്പിരാൻ എന്ന വള്ളുവകുട്ടിയുടെ ഒരു നിവേദനം ഞാൻ ഇതിൽ അടക്കം ചെയ്യുന്നു. തന്റെ ബി.എ പഠനത്തിന് സഹായം അപേക്ഷിക്കയാണവൻ. 1911 മാർച്ചിൽ നടന്ന ഇന്റർമീഡിയറ്റ് പരീക്ഷ പാസായിട്ടുണ്ട്. അവൻ പാവപ്പെട്ടവനാണ്, പ്രോത്സാഹനത്തിന് അർഹനുമാണ്. തിരുവനന്തപുരം കോളേജിൽ ഇക്കൊല്ലം മുതൽ ബി.എ പാസ് കോഴ്സിന് ചേർന്ന് പഠിക്കാൻ, 2 കൊല്ലത്തേക്ക് അവന് പ്രതിമാസം 10 രൂപയുടെ സ്കോളർഷിപ് നൽകാവുന്നതാണെന്ന് ഞാൻ നിർദേശിക്കുന്നു. എന്റെ നിർദേശം തിരുമനസ്സ് അംഗീകരിക്കുമാറാകണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
.....
[ദിവാൻ]’’ (pp 75-76)
പിറ്റേന്നുതന്നെ രാജഗോപാലാചാരി MA, BLന് മറുപടിയെഴുതി (E1222/11.7.11) സർവാധികാര്യക്കാർ; ദിവാന്റെ നിർദേശം മഹാരാജാവ് അംഗീകരിച്ചെന്ന് (pp 73-74). ദിവാന് മികച്ച ഇംഗ്ലീഷിൽ, തമ്പിരാൻതന്നെ എഴുതിയതെന്ന് കരുതാവുന്ന പ്രസ്തുത അപേക്ഷയിലാണ്, തിരുവിതാംകൂർ ചരിത്രരേഖകളിൽ ആദ്യമായി (?) ഒരു ദലിത് വിദ്യാർഥിയുടെ ജീവിതം നാം കാണുന്നത്:
‘‘E 1105/23.6.11
To
Dewan Bahadur
P. Rajagopalachari Esqr., M.A, B.L
Dewan of Travancore
&c &c &c
May it please your Excellency,
The Petitioner most humbly begs to bring the following lines to your excellency's kind and benign consideration
That he was a student of the intermediate class of His Highness the Maharajah's College, Trivandrum and passed the Intermediate examination held in March 1911. That, he is, by caste a Valluvar, one of the backward classes in the State, Which cannot reckon a Matric, not to speak of anybody who has gone higher among them in Travancore, That as such their condition is more pitiable than the Mohammedans even, who are shown every consideration by Government as an educationally backward class.
Before the results of the Intermediate examination were published, the petitioner wrote two applications to the Director of Public Instruction, Madras, and to the principal of the Presidency College, asking for a free Scholarship to study for the BA Honours Course in History and Economics in the Presidency College.
He got a reply to the effect that the British Government is ready to admit him in the said College on payment of half the rate of fees. The official memorandum received to that effect is enclosed herewith.
But as his father is too poor to support him in Madras for higher studies and as there is no Honours Course in the Trivandrum College, he is obliged to take up at least the BA Pass course in the Trivandrum College. The Petitioner further begs to submit that since the cost of higher education has risen considerably high in recent times, the cost of fees and books comes to a huge amount. The annual fees in H. H the Maharaja's College, Trivandurm for the BA Course comes to Rs. 76/- and the cost of books f[or the] year will approximate to the same amount .....er is obliged to stop his studies at the present... all the labour spent by him in his Intermediate studies will be lost.
A kind reference to AJ Vieyran Esqr, BA, Chief Secretary to Government will fully convince your Excellency of the indigent circumstances of the petitioner's father.
The petitioner therefore humbly craves your Excellency to confer on him a scholarship and to exempt him from the payment of the college fees.
The petitioner begs to enclose herewith certificates of his progress in the Trivandrum College for Your Excellency's kind perusal.
For which act of charity and benevolence the petitioner shall in duty bound.
ever pray
T.V. Thumberan
son of V. Tholasilingum,
Thaikad, Trivandrum
Trivandrum
17'' June 1911’’ (pp. 77, 79)
അങ്ങേയറ്റം വിനയത്തോടെ, ഔപചാരികമായി, എന്നാൽ, കാര്യഗൗരവം വിടാതെയുള്ള ഈ അപേക്ഷ ദിവാനെ സ്വാധീനിച്ചു എന്നത് വ്യക്തം. തിരുവിതാംകൂറിലെ പിന്നാക്ക വിഭാഗങ്ങളിൽപെട്ട തന്റെ വള്ളുവർ ജാതിയിൽ ഒരു െമട്രിക്കുലേഷൻകാരനുണ്ടായിട്ടില്ല എന്നും അതിലുമുയർന്നുവന്നവരെക്കുറിച്ച് പറയാനേയില്ല എന്നും തമ്പിരാൻ വെളിപ്പെടുത്തുന്നു. ‘‘വിദ്യാഭ്യാസപരമായി പിന്നാക്കമെന്ന നിലക്ക് സർക്കാർ എല്ലാ പരിഗണനയും നൽകുന്ന മുഹമ്മദീയരുടേതിനെക്കാൾ ദയനീയമാണ് ഞങ്ങളുടെ അവസ്ഥ. ഇന്റർമീഡിയറ്റ് പരീക്ഷാ ഫലം വരും മുമ്പ് ഞാൻ മദ്രാസിലെ വിദ്യാഭ്യാസ ഡയറക്ടർക്കും പ്രസിഡൻസി കോളജ് പ്രിൻസിപ്പലിനും അപേക്ഷകളയച്ചു; ഹിസ്റ്ററി, ഇക്കണോമിക്സ് വിഷയങ്ങളെടുത്ത് ബി.എ ഓണേഴ്സ് കോഴ്സിന് പ്രസിഡൻസി കോളജിൽ ചേർന്നു പഠിക്കാൻ ഒരു സ്കോളർഷിപ് അനുവദിക്കണമെന്നായിരുന്നു ആവശ്യം. പ്രസ്തുത കോളജിൽ എന്നെ പകുതി ഫീസിൽ ചേർക്കാൻ ബ്രിട്ടീഷ് സർക്കാർ തയാറാണെന്ന മറുപടി കിട്ടി. എന്നാൽ, എന്നെ മദ്രാസിലയച്ചു പഠിപ്പിക്കാൻ പാങ്ങില്ലാത്ത ദരിദ്രനാണ് എന്റെ പിതാവ്. തിരുവനന്തപുരം കോളജിലാണെങ്കിൽ ഓണേഴ്സ് കോഴ്സ് ഇല്ലതാനും. അങ്ങനെയാണ് തിരുവനന്തപുരം കോളജിൽ ബി.എ പാസ് കോഴ്സിന് ചേരാൻ ഞാൻ നിർബന്ധിതനായിരിക്കുന്നത്. ഈയിടെയായി ഉന്നത വിദ്യാഭ്യാസത്തിനുള്ള ചെലവ് കാര്യമായി കൂടിയിരിക്കുന്നതിനാൽ, ഫീസിനും പുസ്തകങ്ങൾക്കുമായി വലിയ തുക വേണ്ടിവരും. തിരുവനന്തപുരം കോളജിൽ ബി.എക്ക് വാർഷിക ഫീസ് 76 രൂപയാകും. ഏതാണ്ട് അത്ര തന്നെ വേണ്ടിവരും ഒരു വർഷത്തെ പുസ്തകങ്ങൾക്കും. അതിനാൽ എന്റെ പഠനം നിർത്തേണ്ട അവസ്ഥയിലാണ്. ഇന്റർമീഡിയറ്റ് പഠനത്തിന് ചെലവഴിച്ച അധ്വാനം മുഴുവൻ പാഴാകും. ഗവൺമെന്റ് ചീഫ് സെക്രട്ടറി എ.ജെ. വീയറ ബി.എയോട് ഒന്ന് അന്വേഷിക്കാൻ ദയയുണ്ടാകുമെങ്കിൽ, എന്റെ പിതാവിന്റെ ദരിദ്രാവസ്ഥ അവിടത്തേക്ക് പൂർണമായും ബോധ്യമാകും. അതിനാൽ അപേക്ഷകൻ അവിടത്തെ മുന്നിൽ വിനയത്തോടെ കേണപേക്ഷിക്കുന്നത്, അവന് ഒരു സ്കോളർഷിപ് അനുവദിക്കണമെന്നും കോളജ് ഫീസ് ഒഴിവാക്കിത്തരണമെന്നുമാണ്. തിരുവനന്തപുരം കോളജിൽ അവന്റെ പഠനപുരോഗതി കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ, അങ്ങേക്ക് സദയം പരിശോധിക്കാനായി ഇതോടൊപ്പം വെക്കുന്നു. ഏത് പരോപകാര-സുകൃത കർമം നിർവഹിക്കാനും അപേക്ഷകൻ കടപ്പെട്ടവനായിരിക്കും.’’
ഈ അപേക്ഷ ദിവാൻ 21ന് ചീഫ് സെക്രട്ടറിക്ക് ഫോർവേഡ് ചെയ്തു (p.77). അതിനു മുമ്പായിരിക്കാം അദ്ദേഹം, മാസം 10 രൂപ വെച്ച് രണ്ട് കൊല്ലത്തേക്ക് നൽകാം (?) എന്ന് അപേക്ഷക്ക് താഴെ കുറിച്ചത് (p.79). ഒന്നാം പേജിന്റെ ഇടത്തും താഴെയുമായി നിറയെ എഴുതിയിരിക്കുന്നത് ചീഫ് സെക്രട്ടറിയാകാം. പയ്യനെയും അവന്റെ പിതാവിനെയും അറിയാമെന്നും, അവന്റെ വിജയം അക്ഷീണ പരിശ്രമത്തിന്റെ ഫലമാണെന്നും, അവന്റെ പിതാവ് ഒരു പാവപ്പെട്ട തൊഴിലാളിയാണെന്നുമൊക്കെയാണ്, മുറിഞ്ഞു മുറിഞ്ഞുപോയ ആ കൈയെഴുത്തിൽനിന്നു വായിച്ചെടുക്കാവുന്നത് (p. 77).
മാസം 10 രൂപയുടെ സ്കോളർഷിപ് രണ്ടു കൊല്ലത്തേക്ക് സർക്കാർ അനുവദിച്ചെന്ന് ചീഫ് സെക്രട്ടറി 1911 ജൂലൈ 15 ന് വിദ്യാഭ്യാസ ഡയറക്ടറെ (ഡോ. എ.സി. മിച്ചൽ) എഴുതിയറിയിച്ചു (p.71). ഇതിന്റെയും, തമ്പിരാന്റെ അപേക്ഷയുടെയും കോപ്പികൾ സെൻട്രൽ അക്കൗണ്ട് ആൻഡ് ഓഡിറ്റ് ഓഫിസിലേക്ക് അയക്കാൻ അന്നു തന്നെ നിർദേശിക്കുകയും ചെയ്തു സി.എസ് (P. 72). സ്കോളർഷിപ് അനുവദിച്ച കാര്യം അപേക്ഷകനെ അറിയിക്കുന്നതായി നോട്ട് ചെയ്തിട്ടുണ്ട് സി.എസ് തന്നെ1911 ജൂലൈ 20ന് (p.69).
തന്റെ അപേക്ഷയോടൊപ്പം തമ്പിരാൻ െവച്ചിരുന്ന സ്വഭാവ സർട്ടിഫിക്കറ്റുകൾ, തിരുവനന്തപുരം സ്കൂൾ ഹെഡ്മാസ്റ്റർ കെ. രഘുനാഥ അയ്യരുടെയും, മഹാരാജാസ് കോളജിലെ ഇംഗ്ലീഷ് പ്രഫസർമാരായ എൽ.സി. ഹോഡ്ജൻ എം.എയുടെയും എം. LaBouchardiere M.Aയുടേയുമാണ് എന്നു കരുതാം. ബൂഷർഡിയെർ 1911 ജൂൺ16ന് എഴുതി: ‘‘1908നും 1911 മാർച്ചിനുമിടക്ക് ടി.വി. തമ്പിരാൻ ജൂനിയർ എഫ്.എയിലും രണ്ട് ഇന്റർമീഡിയറ്റ് ക്ലാസുകളിലും ഹാജരായിരുന്നു; കഠിനാധ്വാനിയായ ഒരു വിദ്യാർഥിയായിരുന്നു. തന്റെ ഭൂരിപക്ഷം സഹപാഠികൾ വായിക്കുന്നതിനെക്കാൾ കൂടുതൽ പാഠ്യേതര പുസ്തകങ്ങൾ അവൻ വായിച്ചിരിക്കും. അതിനാൽ അവന്റെ പൊതുവിജ്ഞാനം അവരുടേതിനെക്കാൾ ഉയർന്നതാണ്. ഇംഗ്ലീഷിൽ വളരെ മികച്ച അറിവുണ്ട് അവന്. ക്ലാസിൽ നന്നായി പെരുമാറുന്നതായാണ് അവനെ ഞാൻ എപ്പോഴും കണ്ടിട്ടുള്ളത്. 1911 മാർച്ചിലെ ഇന്റർമീഡിയറ്റ് പരീക്ഷ പാസായെങ്കിലും, അവൻ വളരെ ദരിദ്രനായതിനാൽ, സഹായം കിട്ടിയില്ലെങ്കിൽ ബി.എ പഠനം തുടരാനാവില്ല. സഹായം കിട്ടാൻ ശരിക്കും അർഹനായാണ് അവനെ ഞാൻ കാണുന്നത്’’ (p.51).
പ്രഫ. ഹോജ്സൻ 1911 ജൂൺ15ന് കുറിച്ചു: ‘‘1908ൽ ജൂനിയർ എഫ്.എ ക്ലാസിൽ ചേർന്നതു മുതൽ കഴിഞ്ഞ മൂന്നു കൊല്ലം ടി.വി. തമ്പിരാൻ ഈ കോളജിലെ ഒരു വിദ്യാർഥിയായിരുന്നു. ഇപ്പോഴവൻ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കുന്നു. ഇംഗ്ലീഷ് പഠനത്തിൽ കഠിനാധ്വാനിയായാണ് അവനെ ഞാൻ എപ്പോഴും കണ്ടിട്ടുള്ളത്. പാഠ്യപുസ്തകങ്ങൾക്കു പുറമെ ധാരാളം വായിക്കും അവൻ. അതുകൊണ്ടുതന്നെ, തന്റെ തലത്തിലുള്ള വിദ്യാർഥികളുടെ പൊതുനിലവാരെത്തക്കാൾ ഉയർന്ന അറിവുണ്ട് അവന്.
ഇംഗ്ലീഷ് ഉപന്യാസ രചനയിൽ അവന് എപ്പോഴും എന്തെങ്കിലുമുണ്ടാകും സ്വന്തമായി എഴുതാൻ. തന്റെ ആശയങ്ങൾ മികച്ച ഇംഗ്ലീഷിൽ പ്രകടിപ്പിക്കാൻ കഴിവുണ്ടവന്. കഴിവുകൾ അവന് വലിയ തോതിലുണ്ടെന്നു കരുതുന്നു ഞാൻ. അവന്റെ സ്വഭാവവും പെരുമാറ്റവും മാതൃകാപരമാണ് എപ്പോഴും’’ (p.41).
തിരുവനന്തപുരം മഹാരാജാസ് ഹയർ ഗ്രേഡ് സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ കെ. രഘുനാഥ അയ്യർ ശിഷ്യനെപ്പറ്റി 1911 ജൂൺ16ന് ഇങ്ങനെ എഴുതി: ‘‘1897ൽ ഏറ്റവും ചെറിയ ക്ലാസിൽ ചേർന്ന ടി.വി. തമ്പുരാൻ (Thampuran) ഏകദേശം 10 കൊല്ലം ഈ സ്ഥാപനത്തിലെ വിദ്യാർഥിയായിരുന്നു. 1907 ഡിസംബറിൽ അവൻ െമട്രിക്കുലേഷൻ പരീക്ഷ പാസായി. ഇവിടത്തെ പഠനകാലം മുഴുവൻ അവന് തുടർച്ചയായ ഹാജരുണ്ടായിരുന്നു; ഉത്സാഹിയായിരുന്നു; പാഠങ്ങൾ തയാറാക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. എന്തിലുമുപരി, എടുത്തുപറയത്തക്ക നല്ല പെരുമാറ്റമായിരുന്നു. ഒരു പാവപ്പെട്ട കുട്ടിയായിരുന്നു. ചെറിയ ക്ലാസ് തൊട്ടേ കിട്ടിയിരുന്ന സ്കോളർഷിപ് സഹായമില്ലായിരുന്നെങ്കിൽ, അവന് ഹൈസ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കാൻ കഴിയില്ലായിരുന്നു. അവന്റെ ഇംഗ്ലീഷ് മികച്ചതാണ്, ഏകാഗ്രതയുള്ള പഠിതാവാണവൻ. കോളജ് പഠനം തുടരാൻ അവൻ ആശിക്കുന്നു. അതു നടപ്പാക്കാനുള്ള ഏതു സഹായം കിട്ടാനും അവൻ അർഹനാണെന്ന് എനിക്കുറപ്പുണ്ട്’’ (p.53).
ഇവിടന്ന് മൂന്നു കൊല്ലമെത്തുമ്പോൾ കാണുന്നത്, തമ്പിരാന്റെ മറ്റൊരു മഹാരാജാസ് കോളജ് പ്രഫസർ (History & Economics) കെ.വി. രങ്കസ്വാമി 1914 ഏപ്രിൽ 17ന് എഴുതിക്കൊടുക്കുന്ന ഒരു സ്വഭാവ സർട്ടിഫിക്കറ്റാണ്: ‘‘ബി.എ പരീക്ഷ എഴുതി കഴിഞ്ഞ മിസ്റ്റർ ടി.വി. തമ്പുരാൻ (Tampuran) എന്നോടു പറയുന്നത്, താൻ സെക്രട്ടേറിയറ്റിൽ ഒരു ക്ലാർക്ക് ജോലിക്ക് അപേക്ഷിക്കയാണെന്നാണ്. അയാളുടെ അപേക്ഷയെ പിന്താങ്ങുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. 1908 ജനുവരി തൊട്ട് കോളജിലെ ഒരു വിദ്യാർഥിയെന്ന നിലയിൽ അയാളെ എനിക്കറിയാം. എപ്പോഴും ശാന്തനും മാന്യമായി പെരുമാറുന്നയാളും കഠിനാധ്വാനിയുമാണ്; ബുദ്ധിമാനും പഠനാസക്തനുമാണ്. ഏൽപിക്കുന്ന ഏതു ജോലിയും കഴിയുന്നത്ര നന്നായി ചെയ്യുന്നതിന് എപ്പോഴും ബുദ്ധിമുട്ടാൻ ഒരുക്കമാണ്. ഏറക്കുറെ നാണം കുണുങ്ങിയാണ്, ഒഴിഞ്ഞുമാറുന്ന പ്രകൃതക്കാരനാണ്, കോളജ് വിനോദങ്ങളിൽനിന്ന് മാറിനിൽക്കുന്നയാളുമാണ്. എങ്കിലും സഹപാഠികൾക്കിടയിൽ വളരെ പ്രശസ്തനാണ്. പ്രഗല്ഭനും വിശ്വസ്തനുമായ ഒരു ഉദ്യോഗസ്ഥനാകും അയാൾ എന്ന് ഉറപ്പുണ്ട് എനിക്ക്’’ (p. 43).
അന്നു തന്നെ ഇംഗ്ലീഷ് പ്രഫസർ ഡി.ജെ. സ്ലോസ് സാക്ഷ്യപ്പെടുത്തി: ‘‘ഞാനറിയുന്ന കാലത്ത് മിസ്റ്റർ ടി.വി. തമ്പിരാൻ (Thampiran) വളരെ കർമോദ്യുക്തനും കഠിന പ്രയത്നശീലനുമായ വിദ്യാർഥിയാണ്; ശാന്തനും നല്ല സ്വഭാവക്കാരനുമാണ്. ഔദ്യോഗിക ജീവിതാനുഭവത്തോടെ അയാൾ അതിപ്രഗല്ഭനായ ഒരു പൊതുജന സേവകനാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ശുഷ്കാന്തിയോടെയും ശാന്തമായും ബുദ്ധിപൂർവകമായും പ്രവർത്തിക്കുന്നതിൽ അയാൾ തീർച്ചയായും വിശ്വാസമർപ്പിക്കണം’’ (p. 45).
കോളജിലെ മറ്റൊരു ബ്രാഹ്മണ ഗുരുവായ പി.ജി. സഹസ്രനാമ അയ്യർ എം.എ (Assistant Professor of English) തലേന്ന് എഴുതിക്കൊടുത്തത് ഇങ്ങനെയാണ്: ‘‘ഇന്റർമീഡിയറ്റിനും ബി.എക്കും ഇംഗ്ലീഷ് ക്ലാസുകളിൽ എന്റെ വിദ്യാർഥിയായിരുന്ന മിസ്റ്റർ ടി.വി. തമ്പിരാൻ (Thampiran), വളരെ ബുദ്ധിമാനും കഠിന പ്രയത്നശീലനുമാണെന്ന് സാക്ഷ്യപ്പെടുത്താൻ എനിക്ക് അതിയായ സന്തോഷമുണ്ട്. ഉത്സാഹഭരിതനും ന്യായാനുവർത്തിയും സ്വഭാവ മഹിമയുള്ളവനുമാണയാൾ. ഇംഗ്ലീഷിൽ നല്ല കഴിവുണ്ട്. അയാളുടെ രചനകൾ എപ്പോഴും ഉന്നത നിലവാരമുള്ളവയാണ്. പ്രാധാന്യമുള്ളവ തിരഞ്ഞെടുത്ത്, ചിട്ടയായും സമർഥമായും ക്രമീകരിക്കാനുള്ള കഴിവാണ് അതിനു കാരണം. സഹപാഠികൾക്കിടയിൽ പ്രിയനായതിനാൽ അവർ അയാളെ കോളജ് ഡിബേറ്റിങ് സൊസൈറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു. ശ്രദ്ധേയമായ മീറ്റിങ്ങുകൾ സംഘടിപ്പിച്ചും വിവേകപൂർണമായ പ്രഭാഷണങ്ങൾ സ്വയം നടത്തിയും മാത്രമല്ല, സൊസൈറ്റി പ്രവർത്തനത്തിൽ ഊർജവും ഉത്സാഹവും പകർന്നു നൽകികൊണ്ടു കൂടിയാണ് അയാൾ ഈ ജോലി കാര്യക്ഷമമായി നടത്തിയത്. ഇനിയങ്ങോട്ട് താൻ തിരഞ്ഞെടുക്കുന്ന ഏത് തൊഴിലിലും, മികവുറ്റതും സത്യസന്ധവുമായ പ്രവർത്തനം കാഴ്ചവെക്കാൻ അയാൾക്ക് കഴിയുമെന്ന് ഉറച്ചവിശ്വാസമുണ്ട് എനിക്ക്’’ (p.47).
തമ്പിരാന്റെ മറ്റൊരു സവർണ ഗുരുനാഥനായ എ. ഗോപാല മേനോൻ (Asst. Professor of History & Economics) ആവേശഭരിതനായി 1914 ഏപ്രിൽ20ന് സർട്ടിഫൈ ചെയ്തു:
‘‘മിസ്റ്റർ ടി.വി. തമ്പിരാൻ (Thampiran) എന്റെ ഇന്റർമീഡിയറ്റ്, ബി.എ ക്ലാസുകളിൽ പഠിച്ചിട്ടുണ്ട്. ക്ലാസിലും പുറത്തും അയാളെ പരിപൂർണമായി മനസ്സിലാക്കാൻ വേണ്ട മികച്ച അവസരങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ഒരു വിദ്യാർഥി എന്ന നിലയിൽ അയാൾ ചിട്ടയും ക്രമവുമുള്ളയാളായിരുന്നു. നല്ല ബുദ്ധിയുണ്ട്. അയാളുടെ വായന ബഹുമുഖവും വിവേചനശേഷിയുള്ളതുമാണ്. പെരുമാറ്റം എപ്പോഴും വിനയാന്വിതവും പ്രസാദ പൂർണവുമായിരുന്നു. ഇപ്പോഴയാൾ ബി.എ ഡിഗ്രി പരീക്ഷയെഴുതുകയാണ്; വിജയിക്കുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല. അയാളുടെ സ്വഭാവം ദൂഷ്യരഹിതമാണ്; വിശ്വാസയോഗ്യവും അന്തസ്സുള്ളതും ഔചിത്യബോധമുള്ളതുമാണ്. അയാളുടെ സ്വഭാവത്തെയും നേട്ടങ്ങളെയും കഴിവിനെയും കുറിച്ച് ഞാൻ ആകപ്പാടെ വളരെ അനുകൂലമായ ഒരു മൂല്യനിർണയമാണ് നടത്തിയിട്ടുള്ളത്. അതിനാൽ, പൂർണവിശ്വാസത്തോടെ അയാളെ സർക്കാർ സർവീസിലേക്ക് ശിപാർശ ചെയ്യാനാവും എനിക്ക്. അയാളുടെ ഭാവി ഉദ്യോഗജീവിതം പ്രകാശപൂർണമാകുമെന്നും, എന്റെ അഭിലാഷം പൂർണമായി സാധൂകരിക്കപ്പെടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു’’ (p.49).
20നു തന്നെ പ്രിൻസിപ്പൽ എൽ.സി. ഹോജ്സൻ (മുൻ ഇംഗ്ലീഷ് പ്രഫസർ) വീണ്ടും കനിവോടെ പ്രിയ ശിഷ്യനെ വർണിച്ചു:
‘‘മൂന്നുകൊല്ലത്തോളം മുമ്പ് ഞാൻ മിസ്റ്റർ ടി.വി. തമ്പിരാന് (thampiran) നൽകിയ സാക്ഷ്യപത്രത്തോടു കൂട്ടിച്ചേർക്കാർ കുറച്ചേയുള്ളൂ എനിക്ക്. അയാൾ കോളജിൽ തന്റെ പഠനം തുടർന്ന് 1911ൽ ഇംഗ്ലീഷിൽ ഡിസ്റ്റിങ്ഷനോട് കൂടി ഇന്റർമീഡിയറ്റ് പരീക്ഷ പാസായി. അനാരോഗ്യത്തിന്റെ ഒരു താൽക്കാലിക ഇടവേളയില്ലായിരുന്നെങ്കിൽ അയാൾ തന്റെ കോഴ്സ് ഇതിനുമുമ്പേ അഭിമാനകരമായി പൂർത്തിയാക്കുമായിരുന്നു എന്നതിൽ സംശയമേയില്ല. അസുഖം മാറിയശേഷം അയാൾ നന്നായി ജോലിചെയ്തു. എന്നാൽ, കഴിഞ്ഞകൊല്ലം അധികനാളും ഞാൻ കോളജിൽ ഇല്ലാതിരുന്നതിനാൽ അയാളെ നിരീക്ഷിക്കാൻ എനിക്ക് അവസരം കുറവായിരുന്നു. മാതൃകാപരമായ സ്വഭാവമുള്ള അയാൾക്ക് അവകാശപ്പെട്ടതാണ് വിജയം’’ (p.39).
മേൽ സൂപിപ്പിച്ച അസുഖത്തിന്റെ സാഹചര്യം വിശദമാക്കുന്നതാണ്, സ്കോളർഷിപ് കാര്യത്തിൽ വിദ്യാഭ്യാസ ഡയറക്ടർ 5.11. 1913ന് ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്ത്:
‘‘NO. 9721 / 705 : E 2988 ------- 8.11.13
താങ്കൾ മേലൊപ്പുെവച്ചതും മാർജിനിൽ സൂചിപ്പിച്ചതുമായ കത്തുകളോട് ചേർത്ത് താഴെ വിവരിക്കുന്ന സാഹചര്യങ്ങളുടെ പ്രത്യേക സ്വഭാവം പരിഗണിക്കേണ്ടതുണ്ട്. G.O. No. E 1347 of 20-7-11 പ്രകാരം ടി.വി. തമ്പിരാന് (Thumberan) അനുവദിച്ച 10 രൂപയുടെ സ്കോളർഷിപ്പ് അയാളുടെ ബി.എ പാസ് കോഴ്സ് പഠനത്തിനായി 1.7.1913 തൊട്ട് ഒരു അധ്യയന വർഷത്തേക്ക്കൂടി നീട്ടിക്കൊടുക്കാൻ സർക്കാറിന് ദയയുണ്ടാകണം.
II. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കമായ വള്ളുവ സമുദായത്തിൽപെട്ടയാളാണ് വിദ്യാർഥി. പുറംസഹായമില്ലാതെ പഠനം നടത്താനാവാത്ത വിധമുള്ളതാണ് അയാളുടെ സാമ്പത്തികസ്ഥിതി. 2 കൊല്ലം ആദ്യ സ്കോളർഷിപ് ഉപയോഗിച്ച് പഠിച്ച ശേഷം അയാൾ ബി.എ ഡിഗ്രി പരീക്ഷയിൽ തോറ്റെങ്കിലും പ്രിൻസിപ്പൽ റിപ്പോർട്ട് ചെയ്തത്, കഴിഞ്ഞ അധ്യയന വർഷത്തിൽ അധികഭാഗവും അയാളുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു എന്നും, ആദ്യമേ അയാൾ കാത്തുസൂക്ഷിച്ചിരുന്ന ഉയർന്ന നിലവാരത്തിന് ഇടിവുതട്ടിയത് ഈ അനാരോഗ്യം മൂലമാണെന്നുമാണ്. ഇത് കൂടാതെ ഞാൻ വ്യക്തിപരമായി പ്രിൻസിപ്പലിനോടും മിസ്റ്റർ Slossനോടും ചർച്ചചെയ്തു. വിദ്യാർഥിയുടെ ആരോഗ്യം മോശമാകുന്നതിന് മുമ്പുണ്ടായിരുന്ന പുരോഗതിയും ഇപ്പോഴത്തേതും വിലയിരുത്തിയതിൽനിന്ന് എനിക്ക് ബോധ്യമായത്, അയാളുടെ തോൽവി അനാരോഗ്യംമൂലമാണെന്നാണ്.
III. അതിനാൽ ഞാൻ അപേക്ഷിക്കുന്നത്, ഇപ്പോൾ സ്കോളർഷിപ് നീട്ടിക്കൊടുക്കണമെന്നുള്ള ശിപാർശ അംഗീകരിക്കണമെന്നാണ്’’ (pp. 61, 63).
ബി.എ പരീക്ഷയിൽ തോറ്റതിനെ തുടർന്ന്, സ്കോളർഷിപ്പിനും ഫീസ് ഒഴിവാക്കലിനുമായി തമ്പിരാൻ 1913 ജൂൺ 9ന് എഴുതിയ അപേക്ഷ വെച്ച് വിദ്യാഭ്യാസ വകുപ്പിൽ, മേലുത്തരവിനായി തയാറാക്കിയതും 1913 ജൂൺ 12ന് ഡയറക്ടർക്ക് അയച്ചതുമായ ഓഫിസ് നോട്ടിൽനിന്ന് ആ അപേക്ഷയുടെ സാരം: ‘‘പുതിയ യൂനിവേഴ്സിറ്റി റെഗുലേഷനുകൾ പ്രകാരം അപേക്ഷകൻ ബി.എ ക്ലാസിൽ ഒരു വർഷംകൂടി പഠിച്ചാലേ ഡിഗ്രി പരീക്ഷക്ക് ഇരിക്കാനാവൂ. അതിന് പുറംസഹായം വേണ്ടതുണ്ട്. മുമ്പ് അനുവദിച്ച സ്കോളർഷിപ് ഒരാണ്ടുകൂടി നീട്ടിത്തരണമെന്ന് അപേക്ഷിക്കുന്നു. 1912-13ലേക്ക് മുമ്പ് അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് ഒാർമിപ്പിക്കുന്നു. ഇത് സാധ്യമല്ലെങ്കിൽ അടുത്ത അധ്യയന വർഷത്തേക്ക് കോഴ്സ് ഫീസിൽനിന്ന് ഒഴിവാക്കിത്തരണം. അല്ലെങ്കിൽ ബ്രിട്ടീഷ് ഇന്ത്യയിൽ പിന്നാക്ക വിഭാഗങ്ങൾക്കും തിരുവിതാം കൂറിൽ മുഹമ്മദന്മാർ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്കും നൽകുന്നതുപോലുള്ള മറ്റുവല്ല ഇളവും തരണം’’ (pp.3-4).
രണ്ടു മാസമെത്തിയപ്പോൾ തമ്പിരാന്റെ പിതാവ് വി. തൊളസിലിംഗം വിദ്യാഭ്യാസ വകുപ്പിനു (?) നൽകിയ 1913 ആഗസ്റ്റ് 5ന്റെ ഹരജി വെച്ച് മേലുത്തരവിനായി തയാറാക്കിയതും 1913 ആഗസ്റ്റ് 13ന് ഡയറക്ടർക്ക് അയച്ചതുമായ നോട്ടിൽനിന്ന് ആ അപേക്ഷയുടെ സാരം: ‘‘മദ്രാസ് എജുക്കേഷൻ റൂൾസ് (art 102, 5th edition), മദ്രാസ് ഗ്രാന്റ് -ഇൻ- എയ്ഡ് കോഡ് (corrected up to 31.3.13) ഇവ തന്റെ വള്ളുവർ ജാതിയെ, തങ്ങളുടെ ആൺകുട്ടികളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പിനും ഫീസ് ഇളവുകൾക്കുമായി പിന്നാക്കം എന്നു പ്രഖ്യാപിച്ചിട്ടുണ്ട്’’ (p.5).
തന്റെ സ്കോളർഷിപ് നീട്ടുന്നതിന് തമ്പിരാൻ വിദ്യാഭ്യാസ വകുപ്പിലേക്ക് നൽകിയ അപേക്ഷയിന്മേൽ പ്രത്യേക കേസ് എന്ന നിലക്ക് ഡയറക്ടർ ഡോ. [എ.ഡബ്ല്യു] ബിഷപ് 1913 നവംബർ 5ന് അനുകൂലമായി ഉത്തരവിട്ടെന്നും 1913 ജൂലൈ 1 തൊട്ട് ഒരു കൊല്ലത്തേക്ക് കൂടി പ്രതിമാസം 10 രൂപയുടെ സ്കോളർഷിപ് അനുവദിക്കാൻ സർക്കാറിനോട് ശിപാർശചെയ്തെന്നും കാണുന്നു, 1913 നവംബർ 13ന് ഇനിഷ്യൽ ചെയ്തു എന്ന് കരുതാവുന്ന ഒരു ഓഫിസ് നോട്ടിൽ (pp.7-8).
1913 നവംബർ 13ന് ദിവാൻ, സർവാധികാര്യക്കാർ വഴി [ശ്രീമൂലം തിരുനാൾ] മഹാരാജാവിന് എഴുതിയ D.O കത്തിൽ (No. 6. 3080, 197 of 11) അപേക്ഷിക്കുന്നത്, ബി.എ പരീക്ഷയിൽ തോറ്റെങ്കിലും തമ്പിരാന്, പ്രതിമാസം 10 രൂപയുടെ സ്കോളർഷിപ് ഒരു കൊല്ലത്തേക്കുകൂടി നീട്ടിനൽകണമെന്നാണ്. തോൽവിക്ക് കാരണമായ പ്രത്യേക സാഹചര്യം തനിക്ക് ബോധ്യമായെന്ന് സാക്ഷ്യപ്പെടുത്തി വിദ്യാഭ്യാസ ഡയറക്ടർ ഡോ. ബിഷപ് അയച്ച കത്തും ദിവാൻ കൂടെ വെച്ചിട്ടുണ്ട് (p.59).
പിറ്റേന്നുതന്നെ സർവാധികാര്യക്കാർ ദിവാന് (ദിവാൻ ബഹാദൂർ പി. രാജഗോപാലാചാരി) മറുപടിയെഴുതി (No. 3691: No. E. 306, 15.11.13) ദിവാന്റെ അപേക്ഷ പ്രകാരം തമ്പിരാന് സ്കോളർഷിപ് നീട്ടി നൽകാൻ മഹാരാജാവ് അനുവദിച്ചുവെന്ന് (p.57).
1913 നവംബർ 21ന് ചീഫ് സെക്രട്ടറിക്കുവേണ്ടി വിദ്യാഭ്യാസ ഡയറക്ടർക്ക് എഴുതിയ കത്തിൽ (No. E. 3202), തമ്പിരാന് സ്കോളർഷിപ് നീട്ടിനൽകാൻ സർക്കാർ അനുവദിച്ചെന്ന് അറിയിച്ചു (p.55). E. 3203 എന്ന നമ്പറിട്ട് താഴെ കുറിച്ചത്: ‘‘Copy to A.O. [Accounts Office] in continuation of this office letter No. E 1348 dated 20.7.13.’’
മദ്രാസ് ലോ കോളജിൽ ചേരുന്നതുമായി ബന്ധപ്പെട്ടായിരിക്കാം, മദ്രാസ് വിദ്യാഭ്യാസ ഡയറക്ടർക്ക് തമ്പിരാൻ 1914 ജൂൺ എട്ടിന് എഴുതിയ കത്തിന് ലോ കോളജ് പ്രിൻസിപ്പൽ 20.6.14ന് എഴുതിയ മറുപടിയുടെ സാരം: ‘‘പിന്നാക്ക വിഭാഗക്കാർക്കോ, ഗ്രാന്റ് -ഇൻ- എയ്ഡ് കോഡിലെ ആർട്ടിക്ക്ൾ 15ൽ പറയുന്ന ജാതികളിൽപെട്ടവർക്കോ മാത്രമാണ് പകുതി ഫീസ് സൗജന്യം നൽകുന്നത്’’ (p. 35).
പുതിയ ദിവാന് [എം. കൃഷ്ണൻ നായർ] 1914 ആഗസ്റ്റ് 1ന് ടി.വി. തമ്പിരാൻ (thamperan) മനോഹരമായ കൈയെഴുത്തിൽ ഇംഗ്ലീഷിൽ തയാറാക്കിയ അപേക്ഷയിൽ (E 1940, 7-8-14) ആവശ്യപ്പെടുന്നത്, മഹാരാജാവിന്റെ പ്രജകളിൽ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നിലുള്ള സമുദായങ്ങളിൽപെട്ടവനായതുകൊണ്ട്, തിരുവനന്തപുരം ലോ കോളജിൽ മുഹമ്മദൻ വിദ്യാർഥികൾക്ക് നൽകുന്ന അതേ പകുതി ഫീസ് സൗജന്യം തനിക്കും അനുവദിക്കണമെന്നാണ്. വർഷങ്ങൾക്ക് മുമ്പ് തന്റെ മാതാപിതാക്കൾ താമസമാക്കിയ തിരുവനന്തപുരത്താണ് താൻ ജനിച്ചതെന്നും, അതുകൊണ്ട് താൻ മഹാരാജാവിന്റെ ഒരു പ്രജയാണെന്നും അവിടത്തെ ഉദാരമായ ദയാവായ്പാണ് ഇന്നോളം വിദ്യാഭ്യാസത്തിൽ മുന്നേറാൻ തന്നെ തുണച്ചതെന്നും പറയുന്നു അതിൽ. അനുയോജ്യമായ ഒരു ഔദ്യോഗിക ജീവിതത്തിൽ പ്രവേശിക്കാൻ താൻ അങ്ങേയറ്റം ഉത്സുകനാണ്; തിരുവനന്തപുരം ലോ കോളജിൽ ചേരുന്നതിനുള്ള ശ്രമത്തിലാണ്; ബി.എക്ക് ഐച്ഛിക വിഷയങ്ങൾ ചരിത്രവും ധനശാസ്ത്രവുമായിരുന്നു. ദക്ഷിണേന്ത്യയിൽ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നിലുള്ള സമുദായങ്ങളിൽപെട്ട വള്ളുവ ജാതിക്കാരനാണ്. തിരുവിതാംകൂറിലെ പഞ്ചമ സമുദായത്തിൽനിന്നുള്ള ആദ്യ ബിരുദധാരിയാണ് താൻ. മദ്രാസ് ലോ കോളജ് തനിക്ക്, പഞ്ചമ സമുദായക്കാരനായതുകൊണ്ട്, പകുതി ഫീസ് സൗജന്യം തരും; പ്രിൻസിപ്പലിന്റെ കത്ത് കൂടെ വെക്കുന്നു. പിന്നാക്ക വിഭാഗക്കാരനായതിനാൽ തനിക്ക് ആർട്സ് കോളജിൽ പ്രത്യേക സർക്കാർ സ്കോളർഷിപ് കിട്ടിയിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്ന മിസ്റ്റർ എൽ.സി. ഹോജ്സന്റെ കത്തും കൂടെ വെക്കുന്നു. തന്റെ പ്രഫസർമാർ അതതു സമയം നൽകിയ സാക്ഷ്യപത്രങ്ങളുടെ കോപ്പികളും വെക്കുന്നു (pp. 27-29).
ഈ കത്തിന്റെ ടൈപ് ചെയ്ത ട്രൂകോപ്പിയിൽ Thampiran എന്നാണുള്ളത് (pp. 31, 33).
ഈ കത്ത് കിട്ടിയതിനെ കുറിച്ചുള്ള ഒരു ഓഫിസ് നോട്ടിൽ (1914 സെപ്റ്റംബർ 22ന്) മുഹമ്മദൻ വിദ്യാർഥികൾക്ക് പകുതി ഫീസ് സൗജന്യം അനുവദിച്ചിട്ടുണ്ടെന്ന് ലോ കോളജ് പ്രിൻസിപ്പൽ അറിയിച്ചതായി ഹൈകോടതി രജിസ്ട്രാറുടെ മറുപടി കിട്ടിയെന്നുണ്ട് (p.10). രജിസ്ട്രാറോട്, ഹുസൂർ കച്ചേരിയിൽനിന്ന് പ്രസ്തുത വിവരം ചോദിച്ചെഴുതിയത് 1914 സെപ്റ്റംബർ 8നാണെന്ന് (No. J 6867, 71 of 14) ആ കത്തിന്റെ കോപ്പിയിൽ കാണുന്നു (p.25). രജിസ്ട്രാർ 1914 സെപ്റ്റംബർ18ന് എഴുതിയ മറുപടി (No. 1648, c.s) അന്നുതന്നെ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെത്തിയെന്ന് ഹുസൂർ കച്ചേരിയുടെ ഡേറ്റ്സ്റ്റാമ്പിൽനിന്ന് അറിയാം (J. 7400, 21.9.’14: page 23).
തമ്പിരാൻ 1914 ആഗസ്റ്റ് 1ന് ദിവാന് എഴുതിയ ലോ കോളജിൽ പകുതി ഫീസ് സൗജന്യത്തിനുള്ള അപേക്ഷയുടെ കോപ്പി, ചീഫ് സെക്രട്ടറിയുടെ 1914 ഒക്ടോബർ 16ന്റെ കത്തോടുകൂടി (No. J 8089, 71 of ’14) ഹൈകോടതി രജിസ്ട്രാർക്ക് അഭിപ്രായത്തിനായി അയച്ചു (pp. 21-22). പക്ഷേ, അതിന് മറുപടി കിട്ടിയില്ല. തുടർന്ന് 1914 നവംബർ 12ന് ചീഫ് സെക്രട്ടറിയുടെ ഓഫിസിൽനിന്ന് രജിസ്ട്രാർക്ക് Reminder No. 1 (No. J 8879, 71 of ’14) എഴുതിയയച്ചു (p.19). അതിനും മറുപടി കിട്ടാഞ്ഞതിനാൽ 1914 നവംബർ 28ന് reminder No. 2 (No. J 9364, 71 of ’14) എഴുതി: ‘‘Calling for the remarks of the High Court in re. the grant of half fee concession in the Law College to Mr. T.V. Thampiran’’ (p.17). തുടർന്ന് 1914 ഡിസംബർ 7ന് ഹൈകോടതി ആക്ടിങ് രജിസ്ട്രാർ (പി.സി. നാരായണ മേനോൻ) ചീഫ് സെക്രട്ടറിക്ക് മറുപടിയെഴുതി (No. 2326, C.S: J. 9519, 8.12.’14): ‘‘ഫീസ് ഇളവ് കാര്യത്തിൽ ഹൈകോടതി ഒരു അഭിപ്രായവും പറയുന്നില്ല; അത് സർക്കാറിന്റെ കാര്യമാണ്. ഇപ്പറയുന്ന Thampiran ഇപ്പോൾ ഹൈകോടതിയിൽ 20-25 രൂപ സ്കെയ്ലിൽ ഒരു ക്ലർക്കായി ജോലിചെയ്യുകയാണെന്നും അറിയിക്കുന്നു (p. 15).
ലോ കോളജിൽ പകുതി ഫീസ് ഇളവ് ചോദിച്ച തമ്പിരാന് 18 മാസം കഴിഞ്ഞിട്ടും അതിന് മറുപടി കിട്ടിയില്ല. ഇതിനിടക്ക് ഹുസൂർ കച്ചേരിയിൽ അതിന് എന്തു സംഭവിച്ചു എന്നറിയാതെയാകണം തമ്പിരാൻ 1916 ഫെബ്രുവരി 28 ന് ദിവാന് [എം. കൃഷ്ണൻനായർ] ഇംഗ്ലീഷിൽ അപേക്ഷയെഴുതുന്നത് (J. 1908, 1.3.’16: 71/------1914): ‘‘വിദ്യാഭ്യാസപരമായി ദക്ഷിണേന്ത്യയിലെ ഏറ്റവും പിന്നാക്കമായ സമുദായങ്ങളിലുള്ള പഞ്ചമരിൽപെട്ടയാളാണ് ഞാൻ. തിരുവിതാംകൂറിൽ എന്റെ സമുദായത്തിൽനിന്നുള്ള ആദ്യത്തെ, ഒരേയൊരു, ഹിന്ദു ബിരുദധാരിയാണ് ഞാൻ. പഞ്ചമ സമുദായക്കാരനായതുകൊണ്ട്, മഹാരാജാസ് കോളജ് പഠനകാലത്ത് തുടർച്ചയായി മൂന്നു കൊല്ലം തിരുവിതാംകൂർ സർക്കാർ എനിക്ക് പ്രതിമാസം 10 രൂപ പ്രത്യേക സ്കോളർഷിപ് തന്നിട്ടുണ്ട്. നിയമപഠനം നടത്താൻ എനിക്ക് വലിയ ആഗ്രഹമുണ്ട്. തിരുവനന്തപുരം ലോ കോളജിൽ മുഹമ്മദൻ വിദ്യാർഥികൾക്ക് പകുതി ഫീസ് ഇളവ് നൽകുന്നതായി ഞാൻ മനസ്സിലാക്കുന്നു. മഹാരാജ തിരുമനസ്സിന്റെ പ്രജകളിൽ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നാക്കമായ സമുദായത്തിലുള്ളവനാണ് ഞാനെന്ന് അവിടത്തേക്ക് അറിയാം. ബ്രിട്ടീഷ് സർക്കാർ, പഞ്ചമരുടെ വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പുകളും ഫീസിളവുകളും അനുവദിക്കുന്നുണ്ടെന്നും ഞാൻ പറയട്ടെ. (Vide Art. 102 of the Madras Educational Rules Vth edition and Art.15 of the Grant in aid code of the Madras Educational Dept.). കൂടാതെ, മദ്രാസ് ലോ കോളജിൽ പഞ്ചമ വിദ്യാർഥികൾക്ക് പകുതി ഫീസിളവ് നൽകുന്നുണ്ട്. തിരുവനന്തപുരം ലോ കോളജിൽ മുഹമ്മദൻ വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള പകുതി ഫീസിളവ് എനിക്കും തരുമാറാകണമെന്ന്, ഞാൻ അത്യധികം വിനയത്തോടെ അവിടുന്നിനോട് കേണപേക്ഷിക്കുന്നു’’ (P.13).
എന്നാൽ, ഇതിന് 14 മാസം മുമ്പുതന്നെ, 1.8.’14ന്റെ അപേക്ഷ കൈപ്പറ്റി നാലുമാസം കഴിഞ്ഞപ്പോൾ, ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ (?) തമ്പിരാന്റെ ഭാവി തീർച്ചപ്പെട്ടു കഴിഞ്ഞിരുന്നു. വലിയ പ്രതീക്ഷയോടെ നിയമപഠനത്തിന് ഒരുങ്ങിയിരുന്ന ആ യുവാവിന്റെ കാര്യം അവർ ഓഫിസ് നോട്ടുകളിൽ (pp.11-12) ഇങ്ങനെ തീരുമാനിച്ചു: ‘‘As Mr. Thampiran is now a clerk in the High Court, this may be recorded 18.12.14.
‘‘Under those circumstances, no fee concession is now necessary – 18.12.14’’
തമ്പിരാന് ജോലിയുള്ളതിനാൽ ഫീസിളവ് നൽകേണ്ടതില്ലെന്ന്! ഈ കടും വിധിയറിയാതെ നിയമപഠന മോഹവുമായി നടന്ന തമ്പിരാൻ 28.2.16ന് വീണ്ടും ദിവാന് എഴുതിയയച്ച അപേക്ഷയിന്മേൽ ഇടിവാൾ വീഴ്ത്തിയ ഓഫിസ് നോട്ട്: ‘‘The man is employed & no fee concession is necessary. The petition may be recorded – 13.3.16.’’
ആകെ 52 പേജുള്ള, അഞ്ചുകൊല്ലം നീളുന്ന ഒരു ഫയലിന്റെ സമ്പൂർണ പരിശോധനയാണ് ഇവിടെ അവസാനിച്ചിരിക്കുന്നത് (13 കൊല്ലം മുമ്പ് ഞാൻ കണ്ടെടുത്ത ഈ ഫയൽ ഇപ്പോഴും ആർക്കൈവ്സിലുണ്ടെന്ന് കഴിഞ്ഞദിവസം ഞാൻ ഉറപ്പാക്കി). ഇനി ചില കാര്യങ്ങൾ ഊഹിക്കാൻ നമുക്ക് അവകാശമുണ്ട്: ഹുസൂർ കച്ചേരിയിൽനിന്ന് ടി.വി. തമ്പിരാൻ എന്ന ദലിത് വിദ്യാർഥിക്ക് കിട്ടിയിരുന്ന അനുഭാവ പെരുമാറ്റങ്ങൾ നിലച്ചത്, സർ പി. രാജഗോപാലാചാരി ദിവാൻ സ്ഥാനത്തുനിന്ന് പോയതിനുശേഷമാണ്. 1907 ഒക്ടോബർ 24 മുതൽ 1914 മേയ് 11 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലമെന്ന് Progress of Travancore under H.H. Sree Moolam Tirunal എന്ന ഔദ്യോഗിക ചരിത്രഗ്രന്ഥത്തിൽ ഉള്ളൂർ എസ്. പരമേശ്വര അയ്യർ എഴുതുന്നു (Dept. of Cultural publications, Govt. of Kerala, 1998, p 129-30, 137). തമ്പിരാന് ബി.എ പഠനത്തിന് സ്കോളർഷിപ് അനുവദിച്ചതും പിന്നീട് അത് നീട്ടിനൽകിയതും ചാരിയുടെ കാലത്താണ് (ചെറിയ ക്ലാസിലെ മുതൽ, ചാരി ദിവാനാകും മുമ്പേ തൊട്ട് [?] അവന് സ്കോളർഷിപ് കിട്ടുന്നതായി സൂചിപ്പിക്കുന്നുണ്ട് പഴയ ഹെഡ്മാസ്റ്റർ). പ്രഫ. കെ.വി. രങ്കസ്വാമി 1914 ഏപ്രിൽ17ന് എഴുതിയ സ്വഭാവ സർട്ടിഫിക്കറ്റിൽ കാണുന്നത്, തമ്പിരാൻ സെക്രട്ടേറിയറ്റ് ജോലിക്ക് അപേക്ഷിക്കയാണെന്നാണ്. 1914 മേയ് 11ന് ചാരി പോകും മുമ്പേ അത് കിട്ടിയിരുന്നു എന്ന് ഊഹിക്കാൻ, പിൽക്കാല ഗതികൾ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. നേരിട്ട് സെക്രട്ടേറിയറ്റിൽ (ഹുസൂർ കച്ചേരി) ആണോ, അതല്ല, ഹൈകോടതിയിലാണോ നിയമനം കിട്ടിയതെന്ന് വ്യക്തമല്ല.
ചാരി പോയതിന് ശേഷമാണ് തമ്പിരാൻ ബി.എ പാസായതെന്നും ലോ കോളജ് പ്രവേശന കാര്യത്തിലേക്ക് കടന്നതെന്നും ഊഹിക്കാം. ചാരിയുണ്ടായിരുന്നെങ്കിൽ ജോലിയുള്ളതുകൊണ്ട് തമ്പിരാന് ലോ കോളജിൽ സ്കോളർഷിപ് അനുവദിക്കണ്ട എന്ന തീരുമാനം ഹുസൂർ കച്ചേരിയിൽനിന്ന് വരുമായിരുന്നില്ല എന്ന് നമുക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ. കാരണം, സ്കോളർഷിപ് അപേക്ഷ നിരസിക്കുന്ന ഓഫിസ് നോട്ടുകളിൽ, അതിന് കാരണമായി ഒരു റൂളോ വ്യവസ്ഥയോ സൂചിപ്പിക്കുന്നില്ല ഉദ്യോഗസ്ഥർ. അതായത്, അപേക്ഷകനോട് അനുഭാവമുള്ള ഒരു മേലധികാരിയുണ്ടായിരുന്നെങ്കിൽ മുമ്പത്തെപോലെ ഒരു ദലിതന്റെ കേസായി പരിഗണിച്ച് അനുവദിക്കുമായിരുന്നു. ജോലിയുണ്ടെങ്കിലും കോളജിൽ നിത്യവും ഹാജരായി പഠിക്കണമെങ്കിൽ ജോലിയിൽനിന്ന് തൽക്കാലത്തേക്ക് വിട്ടുനിൽക്കണമല്ലോ. അപ്പോൾ ശമ്പളം കിട്ടാതെ വരുമ്പോൾ, തന്റെ ദരിദ്ര കുടുംബത്തിന്റെ കാര്യം പരുങ്ങലിലാകും. അതൊഴിവാക്കാനാകണം തമ്പിരാൻ സ്കോളർഷിപ് ചോദിച്ചത്. അത് മാനുഷികമായി പരിഗണിക്കുന്ന ഭരണകൂടമല്ലായിരുന്നു അന്നത്തേതെന്ന്, ദലിത് വിദ്യാർഥികളുടെ സ്കൂൾ പ്രവേശനത്തിനെതിരായ ആ ലഹളക്കാലം വേണ്ടത്ര തെളിവ് തരുന്നുണ്ട്.
പിൽക്കാലത്തെ തിരുവിതാംകൂർ സർക്കാർ ഓഫിസ് വിവരങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയപ്പോൾ കാണാനായില്ല തമ്പിരാനെ എന്ന് ഇവിടെ കുറിക്കുന്നു. ഉത്സാഹമുള്ള അന്വേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞേക്കാം അദ്ദേഹത്തിന്റെ പിൽക്കാലം.
മേൽ സൂചിപ്പിച്ച ലഹളക്കാലത്തും മറ്റും അയ്യൻകാളി എന്ന മഹാ ജനനായകന്റെയും മറ്റും ശാപമേറ്റു വാങ്ങേണ്ടിവന്ന ഒരു കൂട്ടരാണ് തിരുവിതാംകൂറിലെ സ്കൂൾ അധ്യാപകരിൽ ചിലർ. ദലിത് കുട്ടികളുടെ സ്കൂൾ പ്രവേശനത്തിന് വിലങ്ങടിച്ചു നിന്നവരാണ് അവർ. പ്രജാസഭാ രേഖകളിലുണ്ട് അക്കാര്യം. ആ ഇരുണ്ട കാലത്തുനിന്ന് ചിതറിത്തെറിച്ചുവരുന്ന സൂര്യരശ്മികൾപോലെ ഒരുകൂട്ടം ഗുരുക്കന്മാരെ കണ്ടു നാം ഈ ലേഖനത്തിൽ. അവരിൽ പലരും സവർണരാണ്. ദലിതനായ പ്രിയ ശിഷ്യനിലേക്ക് അവർ കരുണയുടെ, മാനവികതയുടെ കരം നീട്ടിനിൽക്കുന്നത് ഏതു മനുഷ്യസ്നേഹിയെയാണ് ആവേശം കൊള്ളിക്കാത്തത്!സ്വന്തം വർഗം അടിത്തട്ട് സമൂഹത്തിനുമേൽ നടത്തിയ കൈയേറ്റങ്ങൾക്ക് അതേകാലത്ത് നന്മകൊണ്ട് പ്രായശ്ചിത്തം ചെയ്യുകയാണവർ. കാലത്തിൽനിന്ന് ഒരു സ്വപ്നംപോലെ മാഞ്ഞുപോയ ആ കാഴ്ചയാണ് ചരിത്രരേഖകളിൽനിന്ന് നമ്മളിപ്പോൾ വീണ്ടെടുത്തിരിക്കുന്നത്.
സൂചിക
1. Castes and Tribes of Southern India, Vol. VII, pp 303-04, 1909: Reprint by Asian Educational Services, New Delhi 16, 1987
2. Judicial, bundle No. 147, File No. 71 of 1914, pp 1-79, directorate of Kerala State Archives Dept., Tvpm.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.