വൈക്കം സത്യഗ്രഹത്തെ അനുകൂലിച്ച പത്രമായിരുന്നു ‘സമദർശി’. 1918ൽ കുളകുന്നത്ത് രാമൻ മേനോന്റെ ഉടമസ്ഥതയിൽ കുന്നത്ത് ജനാർദന മേനോൻ എഡിറ്ററായി ആരംഭിച്ചതാണ് ആ പത്രം. 1922ൽ പത്രത്തിന്റെ പത്രാധിപരായി കേസരി ബാലകൃഷ്ണപിള്ള വന്നു. പൗരാവകാശത്തിനും അസമത്വത്തിനും എതിരെ പൊരുതിയ ‘സമദർശി’ ആഴ്ചയിൽ മൂന്നു ദിവസങ്ങളിൽ (ചൊവ്വ, വ്യാഴം, ശനി) തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചു. ‘സമദർശി’യിൽ 1924 ഏപ്രിൽ 15 (1099 മേടം 3, പുസ്തകം 8 ലക്കം 25) വൈക്കം സത്യഗ്രഹത്തെക്കുറിച്ച്...
വൈക്കം സത്യഗ്രഹത്തെ അനുകൂലിച്ച പത്രമായിരുന്നു ‘സമദർശി’. 1918ൽ കുളകുന്നത്ത് രാമൻ മേനോന്റെ ഉടമസ്ഥതയിൽ കുന്നത്ത് ജനാർദന മേനോൻ എഡിറ്ററായി ആരംഭിച്ചതാണ് ആ പത്രം. 1922ൽ പത്രത്തിന്റെ പത്രാധിപരായി കേസരി ബാലകൃഷ്ണപിള്ള വന്നു. പൗരാവകാശത്തിനും അസമത്വത്തിനും എതിരെ പൊരുതിയ ‘സമദർശി’ ആഴ്ചയിൽ മൂന്നു ദിവസങ്ങളിൽ (ചൊവ്വ, വ്യാഴം, ശനി) തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചു. ‘സമദർശി’യിൽ 1924 ഏപ്രിൽ 15 (1099 മേടം 3, പുസ്തകം 8 ലക്കം 25) വൈക്കം സത്യഗ്രഹത്തെക്കുറിച്ച് അവതരിപ്പിച്ച വാർത്തകളും റിപ്പോർട്ടുകളും പ്രമുഖരുടെ കത്തുകളും മറ്റ് ലേഖനങ്ങളും പുനഃപ്രസിദ്ധീകരിക്കുകയാണിവിടെ. തലവാചകം തീയതികളും പത്രത്തിന്റെ ഒന്നാം പേജ് മുതൽ ആറാം പേജ് വരെയുള്ളതാണ്. സത്യഗ്രഹം ആരംഭിച്ച ശേഷമുള്ള 15ാം നാളിലേതാണ് പത്രം. ഇതിന്റെ എഡിറ്റോറിയൽ ഉൾപ്പെടെ കേസരി ബാലകൃഷ്ണപിള്ള നടത്തിയ അഭിപ്രായപ്രകടനം പത്രത്തിനെതിരെ നടപടിയെടുക്കുന്നതിലേക്ക് നയിച്ചു. ജാതി മത ഭേദമന്യേ കേരളീയർ ഒരുമിച്ച് നടത്തിയ വൈക്കം സത്യഗ്രഹത്തിന്റെ തുടക്കകാലത്തെ വരച്ചിടുന്നതാണീ പത്രത്താളുകൾ.
ഠഠഠ
വൈക്കം സത്യഗ്രഹം 28.8.1099
ഗവൺമെന്റിന്റെ നയം മാറിയതായി കാണുന്നു. ഇന്ന് രാവിലെ പതിവുപ്രകാരം പോയ സത്യഗ്രാഹികളെ (ചാത്തുക്കുട്ടി നായർ, കൃഷ്ണൻ പാച്ചൻ, നാരായണൻ) അറസ്റ്റ് ചെയ്യുകയോ നിരോധിക്കപ്പെട്ടിരുന്ന സ്ഥലത്തേക്ക് കടത്തിവിടുകയോ ചെയ്യാതെ തടഞ്ഞുനിർത്തുകയാണ് ഉണ്ടായത്. ഗവൺമെന്റ് തങ്ങളെ കടന്നുപോകാൻ അനുവദിക്കുകയോ അല്ലാത്തപക്ഷം അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയോ ചെയ്യാതെ ഞങ്ങൾ അവിടെനിന്നും മാറിപ്പോകുന്നതല്ലെന്നും യാതൊരു ആഹാരവും കഴിക്കുന്നതല്ലെന്നും ശപഥംചെയ്തു വാളന്റിയർമാർ റോഡിൽ ഇരിക്കുന്നു. ഇവരുടെ ഈ ത്യാഗം വിരോധകക്ഷികളുടെ മനസ്സാക്ഷിയെ വല്ലാതെ വ്രണപ്പെടുത്തുന്നുണ്ട്. ആഹാരം ഉപേക്ഷിച്ചും തീവ്രമായ വെയിൽകൊണ്ടും ഇരിക്കുന്ന വാളന്റിയർമാരുടെ ഭാവി എന്തായിരിക്കുമെന്ന് എല്ലാവരും ഉൽകണ്ഠയോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഗവൺമെന്റിന്റെ ഈ നില പടിഞ്ഞാറെ നടയിലെ കച്ചവടത്തിനും മറ്റും പലവിധ ഉപദ്രവങ്ങളും ചെയ്യുന്നുണ്ട്. വരിയായി നിൽക്കുന്ന പോലീസുകാരുടെ മുന്നിൽ ഇരിക്കുന്ന ഇവരെ കാണുന്നതിനും മറ്റും കൂടുന്ന ജനസമൂഹത്തിനും ൈകയും കണക്കുമില്ല. ഈ സന്ദർഭത്തിൽ കോൺഗ്രസുകാർ എന്താണ് പ്രവർത്തിക്കാൻ പോകുന്നതെന്ന് അറിയുവാൻ ജനങ്ങൾ സംഘം സംഘമായി പലയിടത്തുനിന്നും വന്നുകൊണ്ടേയിരിക്കുന്നു. ഇന്ന് വൈകീട്ട് മിസ്റ്റർ എം.കെ. രാമൻ, കോഴിക്കോട് വി.ആർ. പിള്ള തുടങ്ങിയവരുടെ പ്രസംഗങ്ങൾ ഉണ്ടായിരിക്കും. വാളന്റിയർമാർ ധാരാളമായി ചേർന്നുവരുന്നു. ഇന്നലെ വൈകീട്ട് മീറ്റിങ്ങിന് വന്നിരുന്നവരിൽനിന്നുതന്നെ 80ൽപരം ആളുകൾ വാളന്റിയർമാരായി ചേർന്നുകൊള്ളാമെന്ന് ഏറ്റിരിക്കുന്നു.
ഠഠഠ
29.8.1099
ഇന്നലെ രാത്രിയിൽ തീരുമാനിച്ച പ്രകാരം ഇന്ന് രാവിലെ രണ്ട് സംഘം വാളന്റിയർമാർ – വി.ആർ. പിള്ള, ജി. ശ്രീധരൻ നായർ, വി.കെ. ദാസ്, കെ. രാഘവൻ, പത്മനാഭൻ, രാമദാസ് – സത്യഗ്രഹത്തിന് തയാറായിരിക്കുന്നു എന്നും അതിൽ ഒരു സംഘം പതിവു സ്ഥലത്തേക്കും മറ്റേ സംഘം തെക്കേ നടയിലേക്കുമാണ് പുറപ്പെട്ടതെന്നും ഗവൺമെന്റിലേക്ക് അറിവ് കൊടുത്തശേഷം എട്ടുമണിയോടുകൂടി രണ്ട് സംഘങ്ങളും ഭജനസമേതം ഘോഷയാത്രയായി പുറപ്പെട്ടു. ആദ്യമായി പടിഞ്ഞാറേ വശത്തുള്ള റോഡിലേക്കാണ് മൂന്നു പേരെ അയച്ചത്. തൽസമയം പൊളിറ്റിക്കൽ ഏജന്റ് മിസ്റ്റർ കോട്ടനും പോലീസ് കമീഷണർ മിസ്റ്റർ പിറ്റും ഡിസ്ട്രിക്ട് മജിസ്ട്രേട്ട് മിസ്റ്റർ എം.വി. സുബ്രഹ്മണ്യയ്യരും സ്ഥലത്തുണ്ടായിരുന്നു. ഇന്നലെ നടന്ന മാതിരിതന്നെ ഇന്നും സത്യഗ്രഹികളെ കടത്തിവിടുകയാകട്ടെ, അറസ്റ്റ് ചെയ്യുകയാകട്ടെ ഉണ്ടായില്ല. ഇതിനുശേഷം തെക്കേ വശത്തുള്ള റോഡിലേക്ക് മറ്റേ സംഘത്തെ അയക്കുകയുണ്ടായി. അവരെയും അറസ്റ്റ് ചെയ്യുകയോ കടന്നുപോകാൻ അനുവദിക്കുകയും ചെയ്തിട്ടില്ല. ഇരുകൂട്ടരും റോഡിൽതന്നെ ഇരുപ്പു പിടിച്ചിരിക്കുന്നു. ഇന്നലത്തെ സംഘത്തിൽപ്പെട്ട മൂന്ന് പേരും നിരാഹാരം ആയിട്ടാണ് കഴിച്ചുകൂട്ടിയതെങ്കിലും യാതൊരു മനശ്ചാഞ്ചല്യവും കൂടാതെ സന്തോഷത്തോടും ഉത്സാഹത്തോടുംകൂടി മുണ്ടും വിരിച്ച് വെയിലും മഴയുംകൊണ്ട് റോഡിൽ കിടക്കുകയാണ് ചെയ്യുന്നത്. ഇന്ന് പടിഞ്ഞാറേ നടയിൽ പതിവിലധികം ജനബാഹുല്യമുണ്ട്. തനിക്ക് നിർബാധം കടന്നുപോകുവാൻ അനുവാദം ഉണ്ടെങ്കിൽ തന്നെ കൂടെയുള്ളവർ ആരും ഇല്ലാതെ മുന്നോട്ട് മുൻപേ പോകുവാൻ ആഗ്രഹമില്ലെന്ന് പറഞ്ഞു നിരാഹാര വ്രതം സ്വീകരിച്ച് റോഡിൽ കിടക്കുന്ന ശ്രീമാൻ ചാത്തുകുട്ടി നായർക്കു നേരെ ജനതതിക്കുള്ള ബഹുമാനസൂചകമായി അദ്ദേഹത്തിന്റെ മുന്നിൽ ജനങ്ങൾ പണം കാണിക്കയിട്ടുവരുന്നു. സവർണ്ണ-അവർണ്ണ ഹിന്ദുക്കൾ എന്നോ, സ്ത്രീ എന്നോ പുരുഷനെന്നോ ഭേദം കൂടാതെ തങ്ങളുടെ സ്ഥിതി അനുസരിച്ച് ഓരോരുത്തരും സംഭാവനചെയ്യുന്നത് കാണേണ്ട കാഴ്ചയാണ്. നാളെ വിഷുസംക്രമ ദിവസമാകയാൽ വൈക്കത്തിന് സമീപപ്രദേശങ്ങളിൽനിന്നും അനേകം ജനങ്ങൾ വന്നുകൂടുമെന്നും സത്യഗ്രഹികളുടെ പരിതാപകരമായ ഈ സ്ഥിതി അവരുടെ മനസ്സിനെ അലിക്കുമെന്നുള്ളതിനാൽ ഇവരെ എന്താണ് ചെയ്യേണ്ടത് എന്നുള്ള ആലോചന ഉദ്യോഗസ്ഥരെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടത്രേ. ഗവൺമെന്റിന്റെ മനോഭാവം കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. മിസ്റ്റർ കോട്ടൺ തുടങ്ങിയവർ ഇവിടെ തന്നെയുണ്ട്. റങ്കൂൺ നിയമനിർമ്മാണ സഭ മെമ്പർ നാരായണ റാവു അവർകൾ സത്യഗ്രഹം അനുമോദിച്ചുകൊണ്ട് ജോർജ് ജോസഫ് അവർകൾക്ക് കമ്പി അടിച്ചിരിക്കുന്നു. ഇന്ന് ഏതാനും സ്ത്രീകളും വാളന്റിയറന്മാരായി ചേർന്നിട്ടുണ്ട്. ശ്രീമാൻമാർ ജോർജ് ജോസഫ്, കെ.ജി. നായർ, പി.ഡബ്ല്യു. സെബാസ്റ്റ്യൻ, കുരുവിള മാത്യു എന്നിവർക്ക് വാറണ്ടു സമൻസ് വരികയും കുരുവിള മാത്യൂ ഇല്ലാത്തതിനാൽ മറ്റുള്ളവരെ ആഫീസിൽ വച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.
ഠഠഠ
കോട്ടയം സംഭവം 29.8.1099
ശ്രീമാൻമാർ എ.കെ. പിള്ള, കേളപ്പൻ നായർ, വേലായുധ മേനവൻ എന്നിവർ കൃത്യം 9 മണിക്ക് ഇവിടെ വന്നുചേരുകയും ഉടൻതന്നെ ഡി.എസ്.ബിയുടെ ആപ്പീസിലേക്ക് നയിക്കുകയും ചെയ്തു. പോലീസുകാർ അവരോട് മര്യാദയായി പെരുമാറുകയും പ്രധാനപ്പെട്ട സന്ദർശകന്മാർക്ക് അവരെ കാണാനും സംഭാഷണം ചെയ്യുവാനും അനുവാദം നൽകി. കിടക്കുന്നതിന് പായ കൊടുക്കുകയും 11 മണിക്ക് ആഹാരം നൽകുകയും ചെയ്തു. കൃത്യം ഒരുമണിക്ക് അവരെ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കോർട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വളരെ സൗകര്യമുള്ള ഒരു ബെഞ്ചിൽ അവിടെ ഇരുത്തി. മജിസ്ട്രേറ്റിന്റെ പെരുമാറ്റം വളരെ ആദരണീയമായിരുന്നു. ഡി.എസ്.പിയുടെയും ഇൻസ്പെക്ടർ ശർമ്മയുടെയും മൊഴിയെടുത്തതിനുശേഷം വാദിഭാഗം സാക്ഷികളെ വിസ്തരിച്ചു. പ്രധാനസാക്ഷി വെങ്കിട്ട രാമയ്യർ എന്ന വൈക്കത്തുകാരൻ ഒരു പരദേശി ബ്രാഹ്മണനായിരുന്നു. കോടതി തിങ്ങി ജനക്കൂട്ടം നിന്നിരുന്നതുകൊണ്ട് സാക്ഷിപറഞ്ഞ സംഗതികൾ കേൾക്കുന്നതിന് സാധിച്ചില്ല. ഇതിനുശേഷം പ്രതികളുടെ സമാധാനം മജിസ്ട്രേട്ട് ആവശ്യപ്പെട്ടു. തങ്ങൾക്ക് യാതൊരു എതിർവാദവും ഇല്ലെന്നും എന്നാൽ, തങ്ങൾ തയ്യാറാക്കിയിട്ടുള്ള സ്റ്റേറ്റ്മെന്റ് സമർപ്പിക്കാൻ ഒരുക്കമാണെന്നും പറയുകയുണ്ടായി. കോടതി ഇത് അനുവദിക്കുകയും ആദ്യമായി ടൈപ്പ് ചെയ്ത് തയ്യാറാക്കിയ സ്റ്റേറ്റ്മെന്റ് ശ്രീമാൻ എ.കെ. പിള്ള വായിച്ചു. (ഇതിന്റെ തർജ്ജമ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു). ശ്രീ വേലായുധമേനോൻ അവർകളുടെ സ്റ്റേറ്റ്മെന്റ് മലയാളത്തിൽ ആയിരുന്നു. ഹിന്ദുമത സിദ്ധാന്തങ്ങൾക്ക് വിപരീതമായിട്ടുള്ള ഒരു നടപടിയാണ് അയിത്തമെന്നും അത് മനുഷ്യ സമുദായത്തോടും ദൈവത്തോടും തന്നെ ചെയ്യുന്ന ഒരു മഹാപാതകമാണെന്ന് അദ്ദേഹം അതിൽ സമർഥിച്ചിരുന്നു. ഗീതയിൽനിന്നും ഉപനിഷത്തുകളിൽനിന്നും ഇതിന്റെ തെളിവിലേക്കായി പല ഉദാഹരണങ്ങൾ ഉദ്ധരിച്ചിരുന്നു. ഈ ദുരാചാരം നാട്ടിൽ നിലനിൽക്കുന്നിടത്തോളം കാലം ഒരു ഹിന്ദുവിന്റെയും യഥാർത്ഥ ഭാരതീയന്റേയും നിലയിൽ താൻ തന്റെ സർവ്വശക്തികളും ഉപയോഗിച്ച് ന്യായവും സമാധാനപരവുമായ മാർഗം അവലംബിച്ചും ഇതിനെ നാട്ടിൽനിന്ന് തുരത്തുവാൻ പ്രയത്നിക്കുന്നതാണെന്ന് അതിൽ പറഞ്ഞിരുന്നു. ഒരു സമുദായക്കാർക്കോ മതക്കാർക്കോ പദവി എന്നത് പ്രത്യേകം അവകാശപ്പെട്ടിട്ടുള്ളതല്ല. നാം ഇന്നത്തെ ഈ ദുരാചാരത്തെ ഇല്ലായ്മ ചെയ്യുന്നതാണെങ്കിൽ നമ്മുടെ സമുദായങ്ങളിൽ തന്നെ മാഗ്സ് നോഴ്സും ടെയ്ലറും വേഡ്സ് വർത്തും ഉണ്ടായിരിക്കുന്നതാണ് എന്നും മറ്റും കൂടി കാണിച്ചിരുന്നു. കേളപ്പൻ നായർ അവർകൾ ആശയപുഷ്ടിയും ഹൃദയാകർഷകത്വവും ഉള്ള ഒരു വാങ്മൊഴിയാണ് കൊടുത്തത്. താൻ മജിസ്ട്രേട്ടിന്റെ ആജ്ഞയെ ലംഘിച്ചത് അക്രമരാഹിത്യം വ്രതമായി എടുത്തിട്ടുള്ള മൂന്ന് വാളന്റിയർമാർ സമാധാന ലംഘനം ഉണ്ടാവുകയില്ലെന്നുള്ള വിശ്വാസംകൊണ്ടും വല്ല നീചബുദ്ധികളും അങ്ങനെ ലഹളയുണ്ടാക്കുന്നതായാൽ പൗരന്മാരുടെ ന്യായമായ അവകാശ സ്ഥാപനത്തിനുള്ള ഈ ശ്രമത്തിൽ അവരെ സഹായിക്കേണ്ടതും ലഹളയോ കുഴപ്പമോ ഉണ്ടാകാതെ സൂക്ഷിക്കേണ്ടതും ഗവൺമെന്റിന്റെ ചുമതലയാണെന്ന് അറിഞ്ഞിരിക്കുന്നത് കൊണ്ടുവാണെന്നും ഈ അവകാശ സ്ഥാപനത്തിനുള്ള പരിശ്രമത്തിന് എതിരായി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പ്രവർത്തിച്ചത് വലിയ അപരാധമായിപ്പോയെന്നുമായിരുന്നു. ഇത് റിക്കാർഡ് ആക്കിയശേഷം മജിസ്ട്രേറ്റ് ജഡ്ജ്മെന്റ് എഴുതുകയും മൂന്നുമണിക്ക് വിധി പ്രസ്താവിക്കുകയും ചെയ്തു. ജഡ്ജ്മെന്റ് ചെറുതും കാര്യസമ്പൂർണ്ണവും ആയിരുന്നു: ‘‘പ്രതികൾ അവരുടെ പേരിലുള്ള കുറ്റത്തെ നിഷേധിക്കുന്നില്ലെന്നു മാത്രമല്ല അതിനെ പൂർണ്ണമായി സമ്മതിക്കുന്നുവെന്നും എന്നാൽ അവർ ഏറ്റവും പാവനവും ഉന്നതവുമായ ആദർശത്തെ ലക്ഷ്യമാക്കി പ്രവർത്തിച്ചതാണെന്നും കാണുന്നു. ഈ ആശയം അഭിനന്ദനീയം തന്നെയാണ്. അതുകൊണ്ട് ദയവായി ആലോചിച്ചു തീരുമാനിക്കുന്നത്, അവരോരോരുത്തരും 200 രൂപയ്ക്ക് ജാമ്യം കൊടുക്കണം എന്നും അല്ലാത്തപക്ഷം നാലുമാസത്തെ വെറും തടവ് അനുഭവിക്കണമെന്നും ആകുന്നു.’’ വിധി പ്രസ്താവിച്ചതിനുശേഷം ശ്രീമാൻ എ.കെ. പിള്ള അവർകൾ തനിക്കും തന്റെ സ്നേഹിതന്മാർക്കും വേണ്ടി തങ്ങളോടു ഭവ്യമായും മര്യാദയായും പെരുമാറിയതിനും കോടതിക്കു നന്ദി പറയുകയുണ്ടായി. തങ്ങൾക്ക് ഉദ്യോഗസ്ഥന്മാരോടോ സവർണ്ണ ഹിന്ദുക്കളോടോ യാതൊരുവിധമായ വിരോധമില്ലെന്നും എപ്പോഴും സ്നേഹത്തോടുകൂടി വർത്തിക്കുന്നതാണെന്നും അറിയിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചശേഷം അവരെ ആലപ്പുഴ ബോട്ടിൽ കയറ്റി അയച്ചു. അവർ പോയ വഴിയെല്ലാം മഹാത്മാഗാന്ധി കീ ജയ് എന്ന ജയ ജയ ശബ്ദം മുങ്ങിക്കൊണ്ടിരുന്നു.
ഠഠഠ
എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ‘സമദർശി’ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സർക്കാർ രേഖകൾ
പൈശാചികം! പൈശാചികം!! 1924 ഏപ്രിൽ 15, ചൊവ്വാഴ്ച
ഒരു സർവേന്ത്യാ നായകനായ ശ്രീമാൻ ജോർജ് ജോസഫിനെയും ‘ലോകമാന്യൻ’ കേസിൽ കുറൂർ നമ്പൂതിരിപ്പാടിനോടൊപ്പം കൊച്ചിയിലെ ജയിലുകളിലൊന്നിൽ പോയി യഥാർഥ ദേശാഭിമാനം പ്രദർശിപ്പിച്ച ശ്രീമാൻ സെബാസ്റ്റ്യനെയും ശ്രീമാൻ എ.കെ. പിള്ള ആദിയായ ദേശാഭിമാനികളെയും ബന്ധിച്ച് കാരാഗൃഹത്തിൽ പാർപ്പിച്ച് ലോകരുടെ നിന്ദയ്ക്ക് പാത്രീഭവിച്ചിരിക്കുന്ന തിരുവിതാംകൂർ ഗവൺമെന്റ് ഇപ്പോൾ വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ച് നയം അനുകരിച്ച് ലോകമാസകലം ദുസ്സഹമായ ദുർഗന്ധം പരത്തി തുടങ്ങിയിരിക്കുന്നു. സത്യഗ്രാഹികളെ അറസ്റ്റ് ചെയ്യാതെ അവരെ തടുത്തുനിർത്തി പട്ടിണികിടത്തി യാതന അനുഭവിപ്പിച്ചു. ക്രമേണ അനുഭവിപ്പിച്ച് ക്രമേണ കൊല്ലുകയെന്നതാണ് ഈ നയവിശേഷം. സത്യഗ്രാഹികൾ ക്ഷേത്ര റോഡിൽക്കൂടി കടന്നുപോകുന്നത് നിയമലംഘനമാണെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അവരെ ബന്ധിച്ചു ശിക്ഷിക്കുകയാണ് ഗവൺമെന്റ് ചെയ്യേണ്ടത്. നേരെമറിച്ച് അവർ നിയമലംഘനം ചെയ്യുന്നില്ലെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അവരെ കടത്തിവിടുന്നതാണ് ഗവൺമെന്റ് കർത്തവ്യം. ഈ രണ്ടു പ്രവൃത്തികളിൽ ഒന്നുംതന്നെ ചെയ്യാതെ പോലീസുകാരാവുന്ന ചുമരുകളാൽ തടഞ്ഞുനിർത്തി അഹിംസ വ്രതക്കാരായ അവരെ ക്രൂരമായ വിധത്തിൽ പീഡിപ്പിക്കുന്നത് ഭീരുക്കൾമാത്രം ചെയ്യുന്ന ഒരു ദുഷ്കൃത്യമാണ്. ഇങ്ങനെ പൈശാചികമായ വിധത്തിൽ ഗവൺമെന്റ് പീഡിപ്പിക്കുന്നത് ആരെയാണെന്ന് ഈ നാട്ടിലെ പൗരാവലി ഓർത്തിരിക്കേണ്ടതാണ്. ഇവർ വഞ്ചകികളല്ല, ജനപീഡകരല്ല, തസ്കരന്മാരല്ല, ഘാതകൻമാരല്ല, സകല നീതിബോധമുള്ള ഗവൺമെന്റുകളും ന്യായമാണെന്ന് ഐകകണ്ഠ്യേന സമ്മതിക്കുന്ന ഒരു പ്രാഥമിക രാഷ്ട്രീയാവകാശ സ്ഥാപനത്തിനായി സർവ്വ ഹിന്ദുക്കളും സംവദിക്കുന്ന ഹിന്ദു ഐക്യത്തിനായി സകല ലോകരും നിന്ദിക്കുന്ന അയിത്തത്തെ ഉച്ചാടനം ചെയ്യുവാനായി സത്യം, ത്യാഗം, അഹിംസ എന്നീ ആയുധങ്ങൾ മാത്രം പ്രയോഗിച്ചു ധർമ്മസമരം ചെയ്യുന്ന കേരളത്തിന്റെ ഉത്തമ സന്താനങ്ങളും ഭാരതത്തിലെ പുരുഷ രത്നങ്ങളും ലോകരുടെ ബഹുമാനപാത്രങ്ങളും ആയ ധീരയോദ്ധാക്കൾ മാത്രമാണ്. ഇവരെ പൈശാചികമായ വിധത്തിൽ ഹിംസിക്കുന്ന ഗവൺമെന്റോ അവർ പരിഷ്കൃതരെന്നും സാമുദായിക സമത്വ തത്വ സ്ഥാപനത്തിൽ അത്യുത്സുകരെന്നും പ്രജാ പ്രഭുത്വപരമായ ഭരണത്തിന് കാലുനാട്ടിയവരെന്നും മാതൃക രാജ്യത്തെ ഭരിക്കുന്നവരെന്നും സ്വയം ഉൽഘോഷിക്കുന്നവരാണു താനും. ഇതിൽനിന്ന് ഈ ദുഷ്കൃത്യത്തിന്റെ പൈശാചികത്വം പ്രത്യക്ഷപ്പെടുന്നില്ലേ ? ലോകചരിത്രത്തിൽ ഇതിനുമുമ്പ് ഇത്തരം പൈശാചികങ്ങൾ ചെയ്ത ഭരണാധികാരികൾ ഉണ്ടായിരുന്നതായി കാണുന്നുണ്ട്. എന്നാൽ അവർ ഇത്രമാത്രം ബഹുമാന്യരായ ജനങ്ങളോട് ഇത്തരം കൃത്യങ്ങൾ മുൻ നിശ്ചയിച്ചിട്ടുള്ളതും മനഃപൂർവവുമായ ഒരു നയത്തിന്റെ ഫലമായി പ്രവർത്തിച്ചിട്ടില്ല. അവർ തിരുവിതാംകൂർ ഗവൺമെന്റിനെപ്പോലെ പരിഷ്കൃതരും സമത്വവാദികളും പ്രജാ പ്രഭുത്വ സ്നേഹികളും മാതൃകാരാജ്യ ഭരണകർത്താക്കളുമെന്നു കൊട്ടിഘോഷിച്ചിട്ടുമില്ല. അതിനാൽ, ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള പൈശാചികമായ പ്രവർത്തികൾക്ക് ഒരു സമ്മാനം കൊടുക്കുകയാണെങ്കിൽ അത് ഇപ്പോഴത്തെ തിരുവിതാംകൂർ ഗവൺമെന്റിന് മാത്രമേ ലഭിക്കുകയുള്ളൂ. വിദ്യാർഥി വേട്ടമൂലം അവർ ഈ സമ്മാനത്തിന് ഏറക്കുറെ അർഹരായി ത്തീർന്നു. ഈ മർദ്ദനത്തിന് കാരണമായ റോഡിൽകൂടി അയിത്തജാതിക്കാരെന്നു വിളിക്കപ്പെട്ടു വരുന്ന വർഗ്ഗങ്ങൾ സഞ്ചരിക്കുന്നതുമൂലം ക്ഷേത്രം അശുദ്ധമായി പോകുമെന്നു വൈക്കത്തെ യാഥാസ്ഥിതികരായ അൽപപക്ഷം സവർണ്ണർക്കും അവരെ താങ്ങുന്ന ഗവൺമെന്റിനും യഥാർത്ഥ വിശ്വാസം ഉണ്ടായിരുന്നുവെങ്കിൽ ഈയിടെ അതിൽകൂടി പൊളിറ്റിക്കൽ ഏജന്റ് മിസ്റ്റർ കോട്ടണും അദ്ദേഹത്തിന്റെ മോട്ടോർ ഡ്രൈവറായ ഒരു അയിത്ത ജാതിക്കാരനും കടന്നുപോയപ്പോൾ ഹിന്ദുക്കൾ അതേപറ്റി ഹർജി കൊടുക്കുകയോ ഗവൺമെന്റ് അവരെ ഡിസ്ട്രിക്ട് മജിസ്ട്രേട്ടിന്റെ നിരോധന ഉത്തരവ് ലംഘിച്ചതിന് ബന്ധിച്ച് ശിക്ഷിക്കുകയോ ചെയ്യുമായിരുന്നു. ഇത് ചെയ്യുവാൻ അവർക്ക് രണ്ടുകൂട്ടർക്കും ധൈര്യമില്ല. അതിന് തെളിഞ്ഞാൽ അന്ന് തിരുവിതാംകൂർ ഗവൺമെന്റിന്റെ കഥ കഴിയും. അതുകൊണ്ടാണ് ഈ അയിത്തത്തെ പരിപാലിക്കുന്നവർ ധർമ്മധ്വജികളും കപടസ്നേഹികളും ആണെന്ന് ശ്രീമാൻ ജോർജ് ജോസഫ് തിരുവനന്തപുരം കച്ചേരി മൈതാനത്ത് ഉണ്ടായ പ്രസംഗത്തിൽ പ്രതിപാദിച്ചത്. ഈ കാപട്യത്തെ സംരക്ഷിക്കുവാനാണ് ഗവൺമെന്റ് ഇപ്പോഴത്തെ പൈശാചികവൃത്തി തുടങ്ങിയിരിക്കുന്നതും. ഈ കൃത്യം അവരുടെ നിലയുടെ ദൗർബല്യത്തെയാണു പ്രഖ്യാപനം ചെയ്യുന്നത്. വിജയം നേടണമെന്ന് ധൈര്യമുള്ളവർ ഇത്തരം കൂടയുദ്ധത്തിന് ഒരുെമ്പടുകയില്ല. നിരാഹാര വ്രതം അനുഷ്ഠിച്ച് മരണപ്രായം പ്രാപിച്ചിരിക്കുന്ന ധീര ദേശാഭിമാനികളുടെ മുന്നിൽ വൈക്കത്തെ ജനങ്ങൾ വന്നു നമസ്കരിക്കുകയും കാണിക്കയിടുകയും ചെയ്യുന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്? കുരുടന്മാരല്ലാത്ത സകലരും ഇത് പൊതുജനങ്ങൾ സുദൃഢം സത്യഗ്രഹകക്ഷിയിൽ ചേർന്നതായി പ്രത്യക്ഷമാക്കുന്നുവെന്ന് തന്നെ ഏക സ്വരത്തിൽ അഭിപ്രായപ്പെടും. തലച്ചോറും കല്പനാശക്തിയും ലോക ചരിത്ര ജ്ഞാനവും ഇല്ലാത്ത ഒരു ഗവൺമെന്റു മാത്രമേ പൊതുജനങ്ങളുടെ ഗാഢസഹായം ലഭിച്ച ഒരു പ്രസ്ഥാനത്തെ മർദന നയം മൂലം അമർത്തിക്കളയാമെന്നു വിചാരിക്കുകയുള്ളൂ. ഐകകണ്ഠ്യവും ദൃഢവുമായ പൊതുജനാഭിപ്രായത്തെ തൃണവൽഗണിച്ചു പ്രവർത്തിക്കുന്ന ഗവൺമെന്റുകൾ ചിരസ്ഥാപിയായിരിക്കുകയില്ലെന്ന് ലോക ചരിത്രം വിളിച്ചു പറയുന്നുണ്ട്. ഈ സംഗതികളെല്ലാം തിരുവിതാംകൂർ ഗവൺമെന്റ്തലയിൽ കേറിയിട്ടുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. ഇവയെ ഗവൺമെന്റിന്റെ തലയിൽ കയറ്റുവാനായി ഞങ്ങൾ ഒരു പ്രവർത്തി പദ്ധതി ചുവടെ നിർദ്ദേശിച്ചുകൊള്ളുന്നു. ഒന്നാമതായി, ഗവൺമെന്റ് നടത്തിവരുന്ന പൈശാചിക നയത്തിന്റെ ഫലമായി ഉപവാസം അംഗീകരിച്ച മൃതപ്രായരായിട്ടുള്ള നമ്മുടെ ധീര സഹോദരന്മാരുടെ ദയനീയമായ സ്ഥിതിമൂലം നമുക്കുണ്ടായിരിക്കുന്ന തീവ്രദുഃഖത്തെ പ്രത്യക്ഷപ്പെടുത്തുന്നതിനായി ഈ വെള്ളിയാഴ്ച അതായത് മേടം 6ന് തിരുവിതാംകൂർ ഒട്ടുക്ക് ഒരു ഹർത്താൽ അഥവാ മൗനദുഃഖദിനം സമാധാനപുരസരം അനുഷ്ഠിക്കണം. രണ്ടാമതായി, നാം കൂടെക്കൂടി തിരുവിതാംകൂറിന്റെ നാനാഭാഗങ്ങളിലും പൊതുജനയോഗം കൂടി ഗവൺമെന്റിന്റെ വൈക്കത്തെ നയത്തിൽ നമുക്കുള്ള വെറുപ്പിനെ പ്രത്യക്ഷപ്പെടുത്തുകയും സത്യഗ്രഹത്തിന് വേണ്ട പണവും വാളന്റിയറന്മാരെയും ശേഖരിച്ചു കൊടുക്കുകയും ചെയ്യണം. ഈ ഒടുവിൽ പറഞ്ഞ സംഗതികളുടെ കാര്യക്ഷമമായ നിർവഹണത്തിന് ഓരോ സ്ഥലത്തും ഓരോ സ്ഥിര കമ്മിറ്റികൾ ഏർപ്പെടുത്തുന്നത് നന്നായിരിക്കും. മൂന്നാമതായി, സകല സ്ഥലങ്ങളിലെയും പ്രതിനിധികളടങ്ങിയ ഈ നാട്ടുകാരുടെ ഒരു മഹായോഗം ഉടനടി കൂടി ഇപ്പോഴത്തെ ഗവൺമെന്റിൽ തങ്ങൾക്ക് വിശ്വാസമില്ല എന്ന് ഒരു നിശ്ചയം പാസാക്കുകയും ഉടനടി ഉത്തരവാദ ഭരണം സ്ഥാപിക്കുന്നതിന് പ്രവർത്തി പദ്ധതികൾ രൂപീകരിച്ചു അതു പ്രകാരം പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യണം. ഇവിടെയുള്ള മഹാസഭ പ്രവർത്തകന്മാർ ഈ മൂന്നാമത്തെ നിർദ്ദേശം നിറവേറ്റുവാൻ ശ്രമിക്കേണ്ടതാണ്. ഇങ്ങനെയുള്ള ആപൽഘട്ടങ്ങളിൽ മുന്നോട്ടുവന്നിട്ടില്ലെങ്കിൽ ഇത്തരം സ്ഥാപനങ്ങൾക്ക് നാട്ടാരുടെ ഹൃദയങ്ങളിൽ ഒരു ഗാഢമായ സ്ഥാനം ലഭിക്കുകയില്ലെന്നു മഹാസഭ പ്രവർത്തകർ ഓർമ്മിക്കേണ്ടതാണ്. അപ്രസിദ്ധനായിരിക്കുന്നതിനേക്കാൾ നല്ലത് കുപ്രസിദ്ധി നേടുക എന്നതാണ് എന്നുള്ള മനുഷ്യന്റെ വിദ്വേഷപരമായ പ്രമാണത്തെയാണു തിരുവിതാംകൂർ ഗവൺമെന്റ് സ്വീകരിക്കുന്നത്. നല്ല കാര്യങ്ങൾ ചെയ്തു പ്രസിദ്ധി നേടുവാൻ ത്രാണിയില്ലാത്തവർ വൈക്കത്തു വച്ച് ഈശ്വരനെയും കർത്തവ്യത്തെയും ഭൂത ദയയെയും സത്യത്തെയും നീതിയെയും ലോഹ ബഹുമാനത്തെയും ആത്മരക്ഷയെയും തൃണവൽഗണിച്ച് അഹങ്കാരം കൊണ്ട് മദോന്മത്തരായി പ്രസ്തുത പൈശാചിക കൃത്യം ചെയ്തു ദുഷ്പ്രസിദ്ധി നേടുവാൻ തുടങ്ങിയിരിക്കുന്നു. ഈ നിലയിൽ ഞങ്ങൾ നിർദേശിച്ച കർമ്മപദ്ധതിമൂലം ജനങ്ങൾക്ക് തങ്ങളെ ഇളക്കുവാൻ സാധിക്കുകയില്ലെന്നു ഗവൺമെന്റ് ഇപ്പോൾ വിചാരിക്കുമായിരിക്കാം. എന്നാൽ, ഇതിന്റെ ഫലം അല്പകാലത്തിനുള്ളിൽ അവർതന്നെ അനുഭവിച്ചറിയുമെന്നാണ് ഞങ്ങളുടെ ബലമായ വിശ്വാസം. പ്രസ്തുത പ്രവൃത്തി നടപ്പിൽ വരുത്തുമ്പോൾ നാം ഒരിക്കലും അഹിംസാവ്രതത്തിൽനിന്ന് വ്യതിചലിക്കാതെ സൂക്ഷിക്കുകയും വേണം.
(വിവാദമുണ്ടാക്കിയ കേസരി ബാലകൃഷ്ണപിള്ളയുടെ എഡിറ്റോറിയൽ)
ഠഠഠ
സത്യഗ്രഹം (ഒടുവിൽ കിട്ടിയത് )
മേടം - 1
ആശുപത്രിയിൽ എത്തിക്കപ്പെട്ട എട്ടുപേരിൽ പലരും പരിതാപകരമായ അവസ്ഥയിലാണ് കിടക്കുന്നത്. ചാത്തുക്കുട്ടി നായർ കരിക്കിൻവെള്ളം, പാൽ, ഔഷധം മുതലായവ ഒന്നും അംഗീകരിക്കാതെ പബ്ലിക് നിരത്തിൽ കൂടി തന്നെയും കൂട്ടരെയും കടത്തിവിടണമെന്നുള്ള ഏക അപേക്ഷയോടുകൂടിയിരിക്കുകയാണ്. ഈ യുവാവിന്റെ സ്ഥിരനിഷ്ഠയെ ഇളക്കുന്നതിനുള്ള ഭഗീരഥ പ്രയത്നം ചെയ്യുന്നത് സർവ്വേ അസിസ്റ്റന്റ് ഗോവിന്ദൻ കർത്താവാണ്. അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി പോലീസുകാരുടെ സഹായമില്ലാതിരുന്നാൽ ഔഷധം സേവിക്കാം എന്ന് ഇദ്ദേഹത്തെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുവരപ്പെട്ടവരെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്ന മിസിസ്സ് ജോർജ്ജ് ജോസഫ് നായകസ്ഥാനം വേണ്ടിവന്നാൽ വഹിപ്പാനൊരുങ്ങിയിരിക്കുന്നുവെങ്കിലും കൊച്ചിയിൽനിന്ന് വന്ന ശ്രീമതി നിർമല ദേവി ആ ഭാരം ഏറ്റതിനാൽ ആവശ്യമെന്ന് കാണുന്നപക്ഷം ഉടനെ എത്തിക്കൊള്ളാം എന്നുള്ള നിശ്ചയത്തോടുകൂടി ആലപ്പുഴ വഴി ചെങ്ങന്നൂർക്ക് പോയിരിക്കുന്നു. ഞായറാഴ്ച ഒഴിവു ദിവസമായി കരുതിവരുന്നതിനാൽ ഇന്നു വാളന്റിയർമാരെ അയക്കേണ്ടതില്ലെങ്കിലും തെക്കും പടിഞ്ഞാറും നടകളിലേക്ക് വൈകുന്നേരം ഓരോ സംഘത്തെ ശ്രീമതി നിർമല ദേവി ഹാരങ്ങൾ ധരിപ്പിച്ച് മുന്നോട്ട് അയച്ചു. പതിവുപോലെ ഇന്നലെയും കായൽതീരത്ത് പ്രസംഗങ്ങൾ നടന്നു. ഇവിടെ എത്തിയിട്ടുള്ള ശ്രീമാൻ ചിറ്റേടത്ത് ശങ്കുപിള്ള, മിസ്റ്റർ കെ. ശാസ്ത്രി എന്നിവരായിരുന്നു ഇന്നലത്തെ പ്രസംഗകന്മാർ. സഹനസമരാനുകൂലികളായ സവർണ്ണ ഹിന്ദുക്കളുടെ ലിസ്റ്റിന്റെ ഓരോ പ്രതി ഡിസ്ട്രിക്ട് മജിസ്ട്രേട്ടിനും ദിവാൻജിക്കും മഹാരാജ തിരുമനസ്സിലേക്കും അയച്ചിട്ടുള്ളതായറിയുന്നു. സഹനസമര ഭാവിയെ പറ്റി ചിന്തിച്ച് ഡിസ്ട്രിക്ട് മജിസ്ട്രേട്ടുമായി കോട്ടയത്ത് വച്ച് ഒരു സന്ധിയാലോചന നടത്തുവാൻ മിസ്റ്റർ കെ.കെ. കുരുവിള മുതലായ ചിലർ ശ്രമിച്ചു. കൊച്ചി പുതിയ റോഡിലുള്ള ശ്രീ ഭാരത സിനിമാക്കാർ മീനം 28ന് അവരുടെ പിരിവ് മുഴുവൻ ഈ സമര ധനശേഖരണത്തിലേക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ളതായി അറിയുന്നു.
വൈക്കം സത്യഗ്രഹസമയെത്ത ഒരു പ്രതിഷേധ മാർച്ച്
ഠഠഠ
ഒരു അഭ്യർത്ഥന: പ്രിയപ്പെട്ട സഹോദരിമാരെ! സഹോദരന്മാരെ, തിരുവിതാംകൂർ മഹാരാജാവ് തിരുമനസ്സിനെ പ്രജകളിൽ ഏറ്റവും വലിയ ജനവിഭാഗത്തിന് വെറും ഒരു പ്രാഥമിക പൗരാവകാശമായ പബ്ലിക് വീഥികളിൽ കൂടിയുള്ള സഞ്ചാര സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനായി കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇപ്പോൾ വൈക്കത്തു നടക്കുന്ന സത്യഗ്രഹം സ്വീകരിച്ചു സ്വധർമ്മാനുഷ്ഠാനം കേരളത്തിലെ മറ്റ് വീര സന്താനങ്ങളോടൊരുമിച്ച് ചെയ്തു കാരാഗൃഹവാസം വഹിക്കുന്നതിനുള്ള മഹാഭാഗ്യം എന്റെ പ്രാണവല്ലഭനായ ശ്രീമാൻ ടി.കെ. മാധവൻ അവർകൾക്കും ലഭിച്ചു. സത്യത്തെയും മനുഷ്യ സമുദായത്തെയും സേവിക്കുന്നതിന് ഇപ്രകാരം ഒരു അവസരം അദ്ദേഹത്തിന് നൽകിയതിലേക്ക് ഞാൻ ദൈവത്തോട് ഏറ്റവും നന്ദിയുള്ളവളായിരിക്കുന്നു. നിവേദനങ്ങൾകൊണ്ടും യാചനകൊണ്ടും യാതൊരു ഫലവും സിദ്ധിക്കാഴ്കയാലാണ് ഈ പൗരാവകാശ സമത്വ സ്ഥാപനത്തിനു വേണ്ടി സത്യഗ്രഹ നയം സ്വീകരിക്കേണ്ടിവന്നത്. അക്രമത്തെയും അന്യായത്തെയും ഏത് രൂപത്തിൽ കണ്ടാലും നാട്ടിൽനിന്ന് നിഷ്കാസനം ചെയ്യുന്നതിലേക്കു കോൺഗ്രസുകാർ മഹാത്മജിയുടെ നായകത്വത്തിൽ മുന്നോട്ടുവന്നിരുന്ന കാലമാണിത്. തിരുവിതാംകൂറാകട്ടെ ന്യായത്തിന്റെയും സത്യത്തിന്റെയും ധർമ്മത്തിന്റെയും നാമധേയത്തിൽ ഹിന്ദു സമുദായത്തിൽപ്പെട്ട ഭൂരിപക്ഷം ജനങ്ങളുടെ വെറും പൗരാവകാശത്തെ പോലും ധ്വംസനം ചെയ്തിരിക്കുന്നു. പട്ടിക്കും യഥേഷ്ടം സഞ്ചരിക്കാവുന്ന പബ്ലിക് വഴികളിൽ കൂടി മനുഷ്യസഹോദരനു സഞ്ചരിച്ചുകൂടാ. ഹിന്ദുമതത്തെ മലിനപ്പെടുത്തുന്നതായി ഇതിനേക്കാൾ നീചവും വെറുക്കപ്പെട്ടതുമായ മറ്റൊരു ദുരാചാരമുണ്ടോ? ഇതിനേക്കാൾ ഭയങ്കരവും പര പരിഹാസപരവുമായ മറ്റൊരു ദുരാചാരമുണ്ടോ? ഇതിനേക്കാൾ സങ്കടകരവും ഹൃദയഭേദകവുമായ മറ്റൊരു ദുരാചാരമുണ്ടോ? ആ പരിശുദ്ധമായ സനാതന മതത്തിന്റെ നാമധേയത്തിൽ വെറുക്കപ്പെട്ടവരായി അയിത്ത ജാതിക്കാർ എന്ന് പറയപ്പെടുന്നവരായ അനേകായിരം സഹോദരി സഹോദരന്മാരുടെ നാമധേയത്തിൽ എനിക്ക് നിങ്ങളോട് ചെയ്യുവാനുള്ള അഭ്യർഥന നമ്മുടെ പൗരാവകാശ സ്ഥാപനത്തിനുള്ള ഹിന്ദു മതത്തിന്റെ കളങ്കത്തെ നീക്കുന്നതിനുള്ള വൈക്കം സത്യഗ്രഹം സമരത്തിന്റെ വിജയകരമായ പരിണാമത്തിനും നിങ്ങളുടെ എല്ലാവിധ ഒത്താശകളും ഉണ്ടാകണം എന്നു മാത്രമാകുന്നു. അവരുടെ ചെലവിലേക്ക് പണവും ധാരാളമായി വൈക്കത്ത് സത്യഗ്രഹ ക്യാമ്പിൽ ചേർന്നു കൊണ്ടിരിക്കണം. എന്റെ മാന്യ സഹോദരിമാരോട് എനിക്ക് പ്രത്യേകമായും ഒരു അപേക്ഷയുണ്ട്. അമ്മ എന്ന നിലയിലും നിങ്ങൾക്കുള്ള ശക്തി പ്രയോഗിച്ചത് നമ്മുടെ ഉദ്ദേശം സാധിക്കണം. ഏതാനും സവർണർ ഒരു ഭാഗവും മറ്റു ഹിന്ദുക്കൾ മറ്റ് ഭാഗവുമായി ഒരു സംരംഭമല്ല, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണമേൽകോയ്മയുടെ പിൻബലത്തോട് കൂടിയ ഒരു സ്വേച്ഛാ ഗവൺമെന്റുമായി ധർമ്മ സംസ്ഥാപനാർത്ഥമുള്ള സത്യഗ്രഹങ്ങളുടെ സഹനസമരമാണ് നടക്കുന്നത്. അല്പം ഒരു മന്ദത, ചെറിയൊരു ലുപ്തി, തെറ്റി വെച്ച ഒരു ചുവട്ടടി നമ്മുടെ ശ്രമം ഒരു ശതാബ്ദത്തിനു പിന്നിലാക്കും. എന്റെ സഹോദരിമാരെ, സഹോദരന്മാരെ കേരളത്തിലെ ചവിട്ടി താഴ്ത്തപ്പെട്ട മനുഷ്യ സമുദായത്തെ ഉദ്ധരിച്ച് അവരുടെ നിത്യകൃതജ്ഞതയെയും ദൈവത്തിന്റെ അനുഗ്രഹത്തെയും ലഭിക്കുന്നതിനുള്ള അവസരം ആണിത്. ഈ സഹോദരി സഹായത്തിനായി നിങ്ങളെ നോക്കുന്നു. പണവും എഴുത്തുകളും കേരള സംസ്ഥാന കോൺഗ്രസ് ട്രഷറർ രാമനുണ്ണി മേനോൻ അവർകൾ കോഴിക്കോട് അയച്ചാൽ മതിയാകും.
എന്ന് നിങ്ങളുടെ സഹോദരി മിസിസ് ടി.കെ. മാധവൻ, ചേപ്പാട്
ഠഠഠ
ഒരു പ്രത്യക്ഷപത്രം (ജോർജ്ജ് ജോസഫ്)
28.8.1099
‘‘വർത്തമാന പത്രങ്ങളിൽ പ്രസിദ്ധം ചെയ്തു കഴിഞ്ഞിരിക്കുന്ന ഇന്ന് രാവിലത്തെ സംഭവം ഒരേസമയത്ത് തന്നെ ആശാജനകവും ആശങ്കാജനകവുമാണ്. ഇന്നു പതിവുപോലെ സത്യഗ്രാഹികൾ യാത്ര തുടർന്നപ്പോൾ പോലീസുകാർ അവരുടെ പേർ എഴുതിയെടുത്ത ശേഷം അവരെ അറസ്റ്റു ചെയ്യുന്നതിനുദ്ദേശിച്ചിട്ടില്ലെന്നു പ്രഖ്യാപനം ചെയ്യുകയാണുണ്ടായത്. മുൻകൂട്ടി ജനസംസാരമുണ്ടായിരുന്നതിനാൽ ഈ പ്രഖ്യാപനം അത്ര അവിചാരിതമായിരുന്നില്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ ജനസംസാരം വിശ്വസിക്കുന്ന കാര്യത്തിൽ ഞാൻ തീരെ വിമുഖനായിരുന്നു. അതിന്റെ കാരണം പോലീസുകാരും സത്യഗ്രഹ കമ്മിറ്റിയുമായി ഇതേവരെ യാതൊരു അസ്വാരസ്യവുമില്ലാതിരിക്കുകയും ഞാെനന്റെ ഉദ്യോഗസ്ഥ പ്രതി കക്ഷികളോട് സർവ സംഗതികളിലും ആർജ്ജവമായും മര്യാദയായും പെരുമാറുന്നതിന് അത്യുത്സുകനായിരിക്കുകയും ചെയ്തിരിക്കുന്നത് എന്നുള്ളതാണ്. ഇന്ന് രാവിലെ അവർ എന്തു ചെയ്യുവാനാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന വിവരം പോലീസുകാർ ഒന്ന് ധരിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്ന് എനിക്ക് അഭിപ്രായമുണ്ട്. ഇതേവരെ ഗവൺമെന്റും സത്യഗ്രാഹികളുമായി ഉണ്ടായിരുന്ന സ്വാരസ്യത്തിന് ഇതുമൂലം അല്പം ഭംഗം വന്നിട്ടുണ്ട്. പക്ഷെ ഞാൻ അതേപ്പറ്റി പരാതി പറയുന്നില്ല. എന്ന് മാത്രമല്ല ഞാൻ ഇവിടെ ഇരിക്കുന്ന ഗവൺമെന്റ് ഇടപെടുന്നതിനെ സംബന്ധിച്ച് ഞങ്ങളുടെ പ്രവർത്തിയിൽ അപ്പോഴപ്പോൾ വരുത്തുന്ന മാറ്റങ്ങൾ പരസ്യം ചെയ്യുന്ന പഴയ നയം തന്നെ ഞാൻ ഇനിയും തുടരുന്നതാണ്. എന്നാൽ സത്യഗ്രാഹികളെ അറസ്റ്റ് ചെയ്യാതിരിക്കുക എന്നുള്ള ഗവൺമെന്റ് നിശ്ചയം ഗൗരവമേറിയ ഫലങ്ങളെ പ്രദാനം ചെയ്യുന്ന ഒരു വിഷമസ്ഥിതിക്ക് കാരണമാകുന്നു. സത്യഗ്രാഹികൾ ഒരു ശപഥം സ്വീകരിച്ചിട്ടുള്ള ആളുകളാണ്. അവർ അവരുടെ നായകന്മാരുടെ ആജ്ഞകൾ അനുഷ്ഠിക്കുന്നതിൽ മരണം വരെയുള്ള സകല സങ്കടങ്ങളും സഹിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള കൂട്ടരാണ്. ഇന്ന് രാവിലെ അവർ വഹിച്ചിരുന്ന നിർദ്ദേശം പൊതുനിരത്തുകളിൽ അധഃകൃത വർഗ്ഗക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യമുണ്ടെന്ന് സ്ഥാപിക്കണമെന്നും അത് സ്ഥാപിക്കുന്നത് വരെ തിരികെ പോരാൻ പാടില്ലെന്നുമാകുന്നു. ഈ നിർദേശത്തെ നിർവഹിക്കുന്ന വിഷയത്തിൽ ഗവൺമെന്റ് അവരെ തടസ്സം ചെയ്യുന്നു. എന്നാൽ ആ നിശ്ചയത്തിന്റെ ഫലം സഹിക്കുന്നതിന് ഗവൺമെന്റ് തയ്യാറല്ലതാനും. ഇങ്ങനെ സത്യഗ്രാഹികൾ അവരുടെ നിർദേശ നിർവഹണശ്രമത്തെ തടഞ്ഞുനിർത്തുന്ന പോലീസുകാരാണ്. നിർമ്മിതമായ മനുഷ്യബുദ്ധിയുടെ മുന്നിൽ ഒരിക്കൽ സ്ഥിരചിത്തരായിരിക്കുന്നു. രണ്ടു മണിക്കൂറിലൊരിക്കൽ ആഹാര വിശ്രമങ്ങൾക്ക് വേണ്ടി പോലീസുകാർ ഘടിമാറുന്നു. വാളന്റിയർമാർ അവരുടെ ധർമ്മനിർവഹണത്തിനായി വെയിലും മഴയെന്നും ഒന്നും കൂട്ടാക്കാതെ ആഹാരവും വിശ്രമവും ഇല്ലാതെ ആയിരിക്കുന്നു. ഗവൺമെന്റ് കീഴടങ്ങാതെയോ അതിന്റെ സമാധാന പരിപാലനമെന്ന ധർമ്മം നടത്തുന്നതിനായി സത്യഗ്രാഹികളെ അറസ്റ്റ് ചെയ്യാതെയോ ഇരിക്കുന്ന വേളയിൽ അവസാനം വരെ സ്ഥിരപ്രതിജ്ഞന്മാരായിരിക്കുകയും ചെയ്യുന്നപക്ഷം എന്തായിരിക്കും എന്ന് പ്രയാസമാണ്. ഈ ധീരരായ യുവാക്കൾ ഉപവാസം ചെയ്തു ദാഹവും വിശപ്പുംകൊണ്ട് തീവ്ര വേദന അനുഭവിച്ചു വാടി തളർന്നു വീഴും. സവർണരുടെ നിഷ്കരുണത്വത്തെയും ഗവൺമെന്റിന്റെ ബുദ്ധിശൂന്യതയും ജയിച്ച് അധഃകൃത വർഗ്ഗക്കാരുടെ അവകാശങ്ങളെ സ്ഥാപിക്കുന്നതിനുള്ള ഏകമാർഗ്ഗം പ്രാണദാനമാണെങ്കിൽ അതിനും ഈ വീരന്മാരായ എനിക്ക് അവരെ പരിചയപ്പെട്ടിടത്തോളം ബോധ്യമുണ്ട്.’’
ഠഠഠ
മഹാത്മാ ഗാന്ധി വൈക്കം സത്യഗ്രഹത്തിനെത്തുന്നു
സഹകരണ യോഗങ്ങൾ (മീനം 28)
ഇന്നും കായൽക്കരയിൽ പതിവനുസരിച്ച് പ്രസംഗങ്ങൾ ഉണ്ടായിരുന്നു. പലരെയും പ്രസംഗം കഴിഞ്ഞ് മിസ്റ്റർ ജോസഫ് പ്രസംഗത്തിന് എഴുന്നേറ്റു. ഇടക്കിടക്ക് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുകൊണ്ടിരുന്ന ചിലരുടെ നേത്രങ്ങൾ അശ്രുപൂർണമായി കണ്ടു. അദ്ദേഹം പറഞ്ഞതിന്റെ ഒരു സംക്ഷേപമാണ് അടിയിൽ ചേർത്തിരിക്കുന്നത്: ‘‘നിങ്ങളുടെ ശ്രദ്ധ പതിയേണ്ടത് ഈ കൈകൊട്ടുന്നതിലോ മീറ്റിങ് കൂടുന്നതിലോ അല്ല. യാതൊരാഹാരവും കഴിക്കാതെ മീനമാസത്തെ ഈ അതികഠിനമായ വെയിലിൽ ഉണങ്ങി പൊരിഞ്ഞു കിടക്കുന്ന ആ മൂന്നുപേരിലാണ്. അവർ ഈ നിലയിൽ കിടക്കുന്നത് ആരു കാരണമാണ്? ഇതിന്റെ ഫലം എന്തായിരിക്കും? ഇവരെ ഈ തരത്തിൽ ആക്കിയത് ഇവിടെ താമസിച്ചുവരുന്നതും ഈ നിൽക്കുന്നതുമായ ഗവൺമെന്റ് ഉദ്യോഗസ്ഥരാണ്. ഇതിന്റെ ഉത്തരവാദിത്തം അവർതന്നെ ചെയ്യും. ഇവർക്ക് നിയമം അറിഞ്ഞുകൂടെയോ? ഇവരുടെ നിയമവിരുദ്ധമായ നീചപ്രവൃത്തി കേവലം ന്യായം എന്ന് പറഞ്ഞാൽ മതിയോ? ഉത്തരവാദിത്തം ചെയ്യേണ്ടത് മഹാരാജാവുതന്നെയാണെങ്കിൽ പെട്ടെന്ന് ഈവിധം പ്രവർത്തിച്ചത് ഈ നിൽക്കുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർതന്നെ. ഈ സാധു ഗവൺമെന്റ് ഇതാ ഇപ്പോൾതന്നെ കീഴടങ്ങി കഴിഞ്ഞിരിക്കുന്നു. (ലജ്ജാകരം!) എനിക്ക് തിരുവിതാംകൂർ മഹാരാജാവ് തിരുമനസ്സിലേക്ക് നേർക്കും അവിടത്തെ ഗവൺമെന്റിന്റെ പേരിലും വളരെ ഭക്തിയും വിശ്വാസവും ഉണ്ടായിരുന്നു. അതിനുകാരണം ഇവിടെ യഥാർഥമായ ഒരു ശക്തിയുണ്ട് എന്നുള്ളതായിരുന്നു. 1920ലും 1921 ലും ബ്രിട്ടീഷ് ഗവൺമെന്റ് 20,000 ആളുകളെ അറസ്റ്റ് ചെയ്യുകയുണ്ടായി. എന്നിട്ടും ഗവൺമെന്റ് അവരെ യഥായോഗ്യം ബഹുമാനിക്കാതിരുന്നില്ല. സങ്കടങ്ങൾ ഉണ്ടായിരിക്കാം. ഇതാ ഈ ഗവൺമെന്റ് 17 പേരെ അറസ്റ്റ് ചെയ്തു കഴിഞ്ഞപ്പോൾതന്നെ ലജ്ജയില്ലാതെ അവരുടെ മുമ്പാകെ മുട്ടുമടക്കിയിരിക്കുന്നു. (ലജ്ജാകരം) ഈ ശക്തിയില്ലാത്ത ഗവൺമെന്റ് – ധർമബോധമില്ലാത്ത ഗവൺമെന്റിനെ – ഈ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്യാതെ പെരുവഴിയിലിട്ട് ചവിട്ടിത്തേക്കുവാൻ ധൈര്യമില്ലെന്ന് എനിക്ക് നല്ലവണ്ണം അറിയാം. ഈ ശ്രീമാൻ ചാത്തുക്കുട്ടി നായർ ഉത്തമ കുലജാതനാണ്. ഒരു സബ്ജഡ്ജിയുടെ മരുമകനാണ്. അദ്ദേഹം ലാഹോറിൽ താമസിക്കുകയായിരുന്നു. സാങ്കേതിക വിദ്യാഭ്യാസത്തിനായി ശീമക്കുപോകാൻ ഭാവിക്കുമ്പോഴാണ് കെ.പി. കേശവമേനോൻ അറസ്റ്റ് ചെയ്യപ്പെട്ടതായി അറിഞ്ഞ് ഇവിടെ എത്തിയത്. തീർച്ചയായും യാതൊരാഹാരവും കൂടാതെ അവർ മരിക്കുന്നതുവരെ അവിടെത്തന്നെ ഇരുന്നുകൊള്ളട്ടെ. പൊലീസുകാർ ന്യായമായി അവരെയും മുന്നോട്ട് വിടേണ്ടതാണ്. അവരുടെ ന്യായമായ അവകാശബോധവും പിന്നോട്ടുമാറാൻ അവരെയും അനുവദിക്കുന്നതല്ല. നിയമലംഘനം ചെയ്യുന്നവരോട് അതിനു തക്കവിധം പ്രവർത്തിക്കേണ്ടതല്ലേ ഗവൺമെന്റിന്റെ ധർമം. അവർ ചെയ്യുന്ന പ്രവൃത്തി നീചമാണെങ്കിൽ അതിൽ അവർതന്നെയല്ലേ കുറ്റക്കാർ? സവർണ ഹിന്ദുക്കളുടെ തടസ്സംകൊണ്ട് സമാധാനം വരുമെന്ന് ഗവൺമെന്റ് ഭയപ്പെടുന്നു. എല്ലാവരും ഈ അഭിപ്രായക്കാരല്ല എന്ന് എനിക്കറിയാം. കോൺഗ്രസിന്റെ അകത്തും പുറത്തും ഈ സ്ഥാപനത്തെയും ഇവിടെയും സഹായിക്കുന്നുണ്ട്. സവർണ ശബ്ദനിധിഷ്ഠിതമായ വേറൊരു ശക്തിയാണ് ഇതിന് വിരോധമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവരുടെ ഹരജിമൂലമാണത്രെ മാന്യന്മാരും മനുഷ്യഹൃദയമുള്ളവരും ധീരന്മാരും രാജ്യസ്നേഹം ഉള്ളവരുമായ ഇവരെ ഈ കഠിനവെയിലിയിൽ കിടത്തി വറുത്തുകൊല്ലുവാൻ തുടങ്ങിയിരിക്കുന്നത്. ഇതിന് സവർണഹിന്ദുക്കൾ തീർച്ചയായും ഉത്തരവാദികൾ തന്നെയാണ്. അവരുടെ അടുക്കൽ ഞാൻ അപേക്ഷിക്കുന്നത്, അധഃകൃതവിഭാഗങ്ങളുടെ ന്യായമായ അവകാശത്തെ നിങ്ങൾ തടയരുത് എന്നാണ്. ഗവൺമെന്റ് എന്നെ ബലമായി പിടിച്ചുകൊണ്ടുപോകുന്നതുവരെ, ഇവിടെ ഇതിന്റെ പ്രവർത്തകനായി ഇരിക്കുവാൻ സാധിക്കുന്നതുവരെ ഇതുപോലെ സഹനശക്തിയുള്ള യോദ്ധാക്കളെ ഞാനയച്ചുകൊണ്ടുതന്നെയിരിക്കും. നാളെ ഞാൻ തെക്കേ നടയിൽകൂടി വാളന്റിയർമാരെ അയക്കുന്നതാണ്. ഒരാഴ്ച പരീക്ഷിക്കും. അനന്തരം നാല് നടക്കലും ഞാൻ സവർണരെ അയച്ചു സത്യഗ്രഹം മുറക്ക് നടത്തുകതന്നെ ചെയ്യുന്നതാണ്.’’ മിസ്റ്റർ ജോസഫിന്റെ പ്രസംഗമവസാനിപ്പിച്ച് അടുത്ത് പ്രസംഗിച്ചത് ശ്രീമാൻ എം. ശിവരാമൻ ആയിരുന്നു. ഈഴവർ ഈ സത്യഗ്രഹത്തിൽ സഹകരിക്കേണ്ട ആവശ്യത്തെപ്പറ്റിയും മറ്റുമാകുന്നു അദ്ദേഹം പ്രസംഗിച്ചത്.
തിരുവനന്തപുരം
മുൻനിശ്ചയമനുസരിച്ച് കഴിഞ്ഞ വ്യാഴാഴ്ച വൈക്കം സത്യഗ്രഹം സംബന്ധിച്ച് ഉദ്യോഗസ്ഥനയത്തെ പ്രതിഷേധിക്കാൻ പുത്തൻ കച്ചേരിയുടെ കിഴക്കേ മൈതാനത്തുെവച്ചു വൈകുന്നേരം ആറുമണിക്ക് മിസ്റ്റർ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയുടെ അധ്യക്ഷതയിൽ ഒരു പൊതുയോഗം കൂടുകയുണ്ടായി. വൈക്കത്തെ സ്ഥിതിഗതികളുടെ ആധുനിക നിലയെയും അവിടത്തെ തീണ്ടൽപലകകളുടെ ആദ്യ ചരിത്രത്തെയും അനന്ത രൂപാന്തരത്തെയും അനാചാര ധ്വംസനാർഥമുള്ള അനവധി മഹായോഗ നിശ്ചയങ്ങളെയും ബന്ധിതരായ നായകരിൽ ചിലരോടു കാണിച്ച അമര്യാദ നടപടികളെയും ക്രോഡീകരിച്ചുള്ള ഉപക്രമ പ്രസംഗത്തോടുകൂടി ആദ്യ പ്രമേയം ഹാജരാക്കുന്നതിന് അധ്യക്ഷൻ മിസ്റ്റർ എം.ആർ. മാധവവാര്യർ ക്ഷണിച്ചു: ‘‘വൈക്കത്ത് ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളിൽകൂടി ഈഴവർ, പുലയർ മുതലായ ജാതിക്കാർ നടന്നുകൂടെന്നുള്ള ഡിസ്ട്രിക്ട് മജിസ് േട്രട്ടിന്റെ നിരോധന ഉത്തരവ് ഹിന്ദുസമുദായത്തിനും മതത്തിനും ജനങ്ങളുടെ പൗരാവകാശത്തിനും ഹാനികരമാണെന്ന് ഈ യോഗം അഭിപ്രായപ്പെടുന്നു’’ എന്നുള്ള പ്രമേയത്തെ മിസ്റ്റർ വാര്യർ ഹാജരാക്കി. ‘‘േമൽ പറഞ്ഞ ജാതിക്കാർക്കു വിവാദ വഴിയിൽകൂടി സഞ്ചരിക്കാനുള്ള അവകാശം നിരോധിക്കാൻ ഗവൺമെന്റിനധികാരം ഇല്ലാത്തതിനാൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ ആജ്ഞയെയും ആ വഴി നടക്കാൻ യത്നിച്ച കോൺഗ്രസ് വാളന്റിയർമാർക്ക് നൽകിയ ശിക്ഷയെയും യോഗം പ്രബലമായി പ്രതിഷേധിക്കുന്നു’’ എന്നുള്ള രണ്ടാം നിശ്ചയം ഹാജരാക്കിയത് ശ്രീമാൻ എൻ. കുമാരനായിരുന്നു.
കൊല്ലം (മീനം 28)
വൈക്കം സത്യഗ്രഹം സംബന്ധിച്ച കാര്യങ്ങളെപ്പറ്റി ചിന്തിപ്പാനായി ഇന്നലെ വൈകുന്നേരം സ്ഥലം കന്റോൺമെന്റ് മൈതാനത്തു വച്ച് ശ്രീമാൻ വി. അച്ചുതമേനവനവർകളുടെ അധ്യക്ഷതയിൽ 500 പേരോളം ഹാജരുള്ള ഒരു യോഗം കൂടി. സത്യഗ്രഹ തടവുകാരെ അനുമോദിച്ചും തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങളെ തിരുത്തി ഒരു വിളംബരം ഉണ്ടാകണമെന്ന് പ്രാർഥിച്ചു രണ്ടു നിശ്ചയങ്ങൾ പാസാക്കി. ഈയവസരത്തിൽ ശ്രീമാന്മാർ ആർ.പി. ഗോവിന്ദപിള്ള, കെ.പി. കയ്യാലയ്ക്കൽ, പരീതു സാഹിബ്, പി.കെ. കൊച്ചു നാണുപിള്ള, കെ.സി. കുഞ്ഞിരാമൻ എന്നീ അഞ്ചു മാന്യന്മാർ പോകാമെന്ന് സമ്മതിച്ചു.
(മേടം 1)
ഇതേ വിഷയത്തെ സംബന്ധിച്ച് തന്നെ ഇന്നലെ വീണ്ടും കന്റോൺമെന്റ് മൈതാനത്ത് വേറൊരു മഹായോഗം ശ്രീമാൻ എൻ. കുമാരന്റെ അധ്യക്ഷതയിൽ വൈകുന്നേരം ആറുമണിക്ക് കൂടുകയുണ്ടായി. ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള നിലയുടെ അനീതിയെ സവിസ്തരം ചൂണ്ടിക്കാണിച്ച് വാളന്റിയർമാർ ധാരാളം ചേരേണ്ടതിന്റെയും അതിന് നിവർത്തിയില്ലാത്തവർ ധനസഹായം ചെയ്യേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കിയുള്ള ഉപക്രമ പ്രസംഗത്തിനുശേഷം വൈക്കത്തെ തീണ്ടൽപ്പലകവരെയുള്ള റോഡുകൾ നിരാഹാരവ്രതക്കാരായ വാളന്റിയർമാരെക്കൊണ്ട് നിറക്കേണ്ടതിന്റെ ഔചിത്യവും അത്യാവശ്യവും കാണിച്ചു മിസ്റ്റർ കെ.ജി. ശങ്കർ ഒരു പ്രൗഢ പ്രസംഗം നടത്തി. വാളന്റിയർമാരെയുംകൊണ്ട് തിരുവനന്തപുരത്തുനിന്നും ഇവിടെ എത്തിയിരുന്ന സാധു മിസ്റ്റർ എം.പി. നായരും പ്രസംഗിച്ചു. പലരും വാളന്റിയർമാരായി ചേർന്നു. ധനസഹായം ധാരാളമായി ചെയ്തത് മുസ്ലിം സഹോദരന്മാരായിരുന്നു എന്നുള്ളതും പ്രത്യേകം പ്രസ്താവ യോഗ്യമാണ്. ഒടുവിൽ സത്യഗ്രഹ സാഹസിക സംഘം എന്നൊരു സംഘം രൂപവത്കരിച്ച് നാലണ വീതം പിരിച്ച് ഒരു സത്യഗ്രഹം മൂലധനം ഉണ്ടാക്കുന്നതിനു വേണ്ട കമ്മിറ്റിയെ നിശ്ചയിച്ച് 9 മണിക്ക് യോഗം പിരിഞ്ഞു. ഇന്ന് വൈകുന്നേരം വൈക്കം സഹനസമരത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കുന്നതിനും വാളന്റിയർമാരെ ചേർക്കുന്നതിനും ആയി മിസ്റ്റർ കെ.ജി. ശങ്കറിന്റെ അധ്യക്ഷതയിൽ ഒരു പുലയമഹായോഗം ഈ മൈതാനത്തുതന്നെ കൂടുന്നതാണ്.
വൈക്കത്തിന്റെ സമരവഴി
ഡോ. സഖരിയ തങ്ങൾ
വൈക്കത്തെ മഹാദേവ ക്ഷേത്രത്തിനു മുന്നിലുള്ള റോഡുകളിൽക്കൂടി അയിത്തജാതിക്കാർ നടക്കാൻ പാടില്ല എന്നു കാണിക്കുന്ന തീണ്ടൽ പലകകൾ (Pollution Board) നാല് ഭാഗത്തും സ്ഥാപിക്കുകവഴി സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ ജനരോഷമുയർന്നു. പൊതുവെ അയിത്തത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവന്നിരുന്ന ശ്രീനാരായണ പ്രസ്ഥാനമുൾപ്പെടെ അവർണജാതിക്കാരുടെ പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടുവന്നിരുന്ന കാലഘട്ടംകൂടിയായിരുന്നു. അഖിലേന്ത്യാതലത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നിസ്സഹകരണ സമരം ആരംഭിച്ച വേളയിൽ അയിത്തത്തിനെതിരെ തിരുവിതാംകൂർ നിയമസഭക്കകത്തും തന്റെ പത്രത്തിലൂടെയും പോരാടിയ ‘ദേശാഭിമാനി’ പത്രാധിപർ ടി.കെ. മാധവൻ ഉൾപ്പെടെയുള്ളവർ ഈ അനീതിക്കെതിരെ പ്രതിഷേധസമരം നടത്താൻ തീരുമാനിച്ചു. 1921 സെപ്റ്റംബറിൽ തിരുനെൽവേലിയിൽ െവച്ച് ഗാന്ധിജിയുമായി ടി.കെ. മാധവൻ കൂടിക്കാഴ്ച നടത്തുകയും അയിത്തം, പൗരാവകാശം, മദ്യവർജനം എന്നിവയെ മുൻനിർത്തി സമരം ആരംഭിക്കണമെന്ന തന്റെ ആഗ്രഹമറിയിക്കുകയും ചെയ്തു. തുടർന്ന്, 1923ൽ കാക്കിനടയിൽ കൂടിയ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 38ാമത് വാർഷിക സമ്മേളനവേദിയിൽ ടി.കെ. മാധവനുൾപ്പെട്ട സംഘം അയിത്തോച്ചാടനം അഖിലേന്ത്യാതലത്തിൽ ഒരു കർമപരിപാടി ആവിഷ്കരിക്കണമെന്ന നിലയിൽ ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി. ‘A Request to the Indian National Congress for the Untouchables of India’ എന്ന പേരിൽ ഒരു ലഘുലേഖ തയാറാക്കി അവിടെ വിതരണം നടത്തി. ഈ ലഘുലേഖ അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന മൗലാനാ മുഹമ്മദലിക്ക് നൽകിയശേഷം അദ്ദേഹവുമായി ടി.കെ. മാധവനും സംഘവും അയിത്തോച്ചാടനം സംബന്ധിച്ച് ദീർഘസംഭാഷണം നടത്തുകയും ചെയ്തു. അഖിലേന്ത്യാതലത്തിലുള്ള നിരവധി പത്രപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് അവിടെ െവച്ചുതന്നെ മാധവൻ ഉൾപ്പെടുന്ന പ്രതിനിധിസംഘം ഒരു പത്രസമ്മേളനം നടത്തി. കെ.പി. കേശവമേനോനും സർദാർ കെ.എം. പണിക്കർ തുടങ്ങിയവരും വേണ്ട സഹായവുമായി ഒപ്പമുണ്ടായിരുന്നു.
തുടർന്ന്, അയിത്തോച്ചാടന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചാരണം നൽകുന്നതിന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. കെ. കേളപ്പൻ അധ്യക്ഷനായി ‘കേരള അയിത്തോച്ചാടന കമ്മിറ്റി’ നിലവിൽ വന്നു. ടി.കെ. മാധവൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, ടി.ആർ. കൃഷ്ണസ്വാമി അയ്യർ എന്നിവരെ കമ്മിറ്റിയംഗങ്ങളായി തിരഞ്ഞെടുത്തു. അവരുടെ മുന്നിലേക്ക് ആദ്യ ചർച്ചാവിഷയമായി വന്നത് വൈക്കത്തെ തീണ്ടൽപ്പലകകളും സഞ്ചാരസ്വാതന്ത്ര്യവുമായിരുന്നു. തിരുവിതാംകൂർ സർക്കാർ ഒരുവിഭാഗം സവർണരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന തരത്തിൽ വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിൽ സ്ഥാപിച്ച തീണ്ടൽപ്പലകകൾ എടുത്തുമാറ്റി വഴിതുറക്കുന്നതിനുവേണ്ടി സമരം ആരംഭിക്കുന്നതിലേക്ക് തീരുമാനം വന്നു. ഒരു മുന്നൊരുക്കമെന്ന നിലയിൽ വൈക്കം ക്ഷേത്രത്തിന് 12 കിലോമീറ്റർ വടക്കുള്ള പൂത്തോട്ട ക്ഷേത്രത്തിൽ, 1924 മാർച്ച് 17ന് അയിത്തജാതിക്കാരെയും കൂട്ടി ടി.കെ. മാധവന്റെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രനടയിലേക്ക് കടന്നുകയറി. യാഥാസ്ഥിതികരെ വെല്ലുവിളിക്കുന്ന മാധവന്റെ പ്രവൃത്തിയെ ചോദ്യംചെയ്ത് അധികാരികളുടെ മുന്നിലേക്ക് ഹരജിയെത്തി. അതുപ്രകാരം മതവികാരം വ്രണപ്പെടുത്തി എന്ന പേരിൽ ടി.കെ. മാധവനെതിരെ തിരുവിതാംകൂർ പീനൽകോഡ് 294, 296 പ്രകാരം കേസെടുത്തു. തുടർന്നാണ്, 1924 മാർച്ച് 30ന് ചരിത്രപ്രസിദ്ധമായ വൈക്കം ക്ഷേത്രപരിസരത്തെ സത്യഗ്രഹം ആരംഭിച്ചത്. സഞ്ചാരസ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന സവർണരും അവർണരും അടങ്ങുന്ന ചെറുസംഘങ്ങളായി സത്യഗ്രഹം നടത്തിവന്നു. തീണ്ടൽപ്പലക മുറിച്ച് കടന്നു, വിലക്കേർപ്പെടുത്തിയിരിക്കുന്ന ഇടങ്ങളിലേക്ക് കടന്നുകയറുക എന്നതായിരുന്നു സത്യഗ്രഹരീതി. ആദ്യകാലത്ത് അതിരു ലംഘിച്ച് പ്രവേശിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും വിചാരണ നടത്തുകയും ചെയ്തു. എന്നാൽ, പിന്നീട് രീതി മാറി അറസ്റ്റ് ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർ തയാറാകാതെ അവരെ തടയുക പതിവായി. തുടർന്ന്, അവരിൽ പലരും ഗാന്ധിയൻ മാർഗത്തിൽ നിരാഹാരം അനുഷ്ഠിക്കുകയും ചെയ്തുവന്നു. വെയിലും മഴയും ഏറ്റ് സത്യഗ്രഹികൾ അവിടെ തറയിൽ കിടന്നു. ചിലർ മരണംവരെ നിരാഹാരം പ്രഖ്യാപിച്ചു തുടങ്ങി. തുടർന്ന് ഗാന്ധിജി ഇടപെടുകയും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മരണംവരെയുള്ള നിരാഹാരം വേെണ്ടന്നു വെക്കുകയും ചെയ്തു.
തുടക്കം മുതൽതന്നെ ശ്രീനാരായണഗുരുവും എസ്.എൻ.ഡി.പി യോഗവും സത്യഗ്രഹത്തിന് എല്ലാ സഹായങ്ങളും നൽകി പ്രോത്സാഹിപ്പിച്ചു. കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സത്യഗ്രഹത്തിൽ ആദ്യകാലത്ത് എല്ലാവിഭാഗം ജനങ്ങളും ജാതി മത ലിംഗ വ്യത്യാസമില്ലാതെ പങ്കുചേർന്നു. ജോർജ് ജോസഫ്, കെ.കെ. കുരുവിള, വി. സെബാസ്റ്റ്യൻ, പരീത് സാഹിബ് തുടങ്ങി പ്രസിദ്ധരും അപ്രസിദ്ധരുമായവരുടെ നീണ്ടനിരതന്നെ രേഖകളിൽ കാണാം. ഒാരോരുത്തരെയും അറസ്സ് ചെയ്തു നീക്കുകയോ ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യുമ്പോൾ അടുത്ത സംഘം സത്യഗ്രഹികൾ അതിലേക്കെത്തിയിരുന്നു. ദിവസവും കായൽക്കരയിൽ വിവിധ ഭാഗങ്ങളിൽനിന്നു വന്നിരുന്ന പ്രമുഖരുടെ പ്രസംഗങ്ങൾ നടന്നുവന്നിരുന്നു. അഖിലേന്ത്യാതലത്തിൽ പ്രവർത്തിച്ചിരുന്ന നിരവധി നേതാക്കന്മാർ വൈക്കത്ത് എത്തിച്ചേർന്നിരുന്നു. സ്ത്രീകളുടെ ഒരു നീണ്ടനിരതന്നെ സത്യഗ്രഹത്തിന്റെ ഭാഗമായി വൈക്കത്ത് എത്തി. വിവിധ പ്രദേശങ്ങളിൽനിന്നുള്ള സ്ത്രീകൾ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ധാന്യങ്ങളും പണവും ശേഖരിച്ച് എത്തിച്ചുകൊടുത്തു. കൊട്ടാരക്കരയിൽ സി.പി. കൊച്ചുകുഞ്ഞ് പിള്ളയുടെ നേതൃത്വത്തിൽ നടന്ന ഒരു യോഗത്തിൽ ബ്രാഹ്മണ ബാലികമാർ 15 രൂപ ശേഖരിച്ച് നൽകിയത് ശ്രദ്ധേയമായ സംഭവമായിരുന്നു (S. Raimon, Selected Documents on Vaikom Satyagraha, p.138). നേതാക്കന്മാരോടൊപ്പം അവരുടെ ഭാര്യമാരും മക്കളും സത്യഗ്രഹത്തിൽ പങ്കെടുത്തു. മുതുകുളം പാർവതി അമ്മ, നാരായണിയമ്മ, ശാരദ, (ടി.കെ. മാധവന്റെ ഭാര്യയും മകളും) കമലമ്മാൾ, ലക്ഷ്മിയമ്മാൾ, നിർമല ദേവി, മിസിസ് ജോർജ് ജോസഫ് എന്നിങ്ങനെ നിരവധി സ്ത്രീകളെ രേഖകളിൽ കാണാം. ‘വൈക്കം വീരർ’ എന്നറിയപ്പെട്ട തമിഴ്നാട്ടിലെ ഇ.വി. രാമസ്വാമി നായ്ക്കർക്കൊപ്പം വന്ന സുഹൃത്ത് അയ്യമുത്തുവിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഭാര്യയായ നാഗമ്മാൾ വൈക്കത്തേക്ക് എത്തുകയും സമരത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുകയുംചെയ്തു. മറ്റ് സ്ത്രീകൾക്ക് ഒപ്പം റോഡ് ഉപരോധിച്ച അവരെ അറസ്റ്റ് ചെയ്ത് എട്ടുദിവസം കസ്റ്റഡിയിൽ ഇട്ടു. തുടർന്ന് അവർക്ക് അഞ്ചു രൂപ പിഴ വിധിച്ചു. എന്നാൽ, പിഴ അടക്കാൻ വിസമ്മതിച്ചതിനാൽ രണ്ടുദിവസം ജയിൽവാസം അനുഭവിക്കേണ്ടിയും വന്നു. (മദ്രാസിൽനിന്നുള്ള ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രവർത്തകരും പഞ്ചാബിൽനിന്നുള്ള അകാലികളും വൈക്കത്തെ സമരത്തിൽ അണിചേർന്നിരുന്നു.)
പുരോഗമനാശയക്കാരായ സവർണരുടെ പിന്തുണ ആദ്യം മുതലേ ഈ സത്യഗ്രഹത്തിന് ലഭിച്ചിരുന്നു. 1924 നവംബറിൽ നടന്ന സവർണ ജാഥ എടുത്തുപറയേണ്ടതാണ്. വൈക്കത്തുനിന്നും മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലും ശുചീന്ദ്രത്തുനിന്നും ഡോ. പെരുമാൾ നായിഡുവിന്റെ നേതൃത്വത്തിലുമാരംഭിച്ച ജാഥ തിരുവനന്തപുരത്ത് എത്തിച്ചേർന്നപ്പോൾ ചങ്ങനാശ്ശേരി പരമേശ്വരപിള്ളയുടെ നേതൃത്വത്തിൽ റീജന്റ് റാണിയെ കാണുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. വൈക്കത്തെ പ്രശ്നം സംബന്ധിച്ച് തിരുവിതാംകൂർ നിയമനിർമാണ സഭയിൽ നടന്ന വോട്ടെടുപ്പിൽ പ്രമേയം ഒരു വോട്ടിന് പരാജയപ്പെട്ടത് എടുത്തുപറയേണ്ട സംഭവമാണ്. സമരം ശക്തിപ്രാപിച്ച വേളയിൽ ഗാന്ധിജിയുടെ ഇടപെടലുണ്ടായി. 1925 മാർച്ചിൽ സി. രാജഗോപാലാചാരി, മഹാദേവ ദേശായി എന്നിവർക്കൊപ്പം ഗാന്ധിജി വൈക്കത്ത് എത്തിച്ചേർന്നു. സമരത്തിന് പുതിയ ദിശാബോധം നൽകിയ സന്ദർശനത്തിൽ അധികാരികളുമായി വൈക്കം പ്രശ്നം സംബന്ധിച്ച് ചർച്ചനടത്താൻ ഗാന്ധിജി ശ്രമിച്ചു. റീജന്റുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് അധികാരികൾ സമരമവസാനിപ്പിക്കാനും സത്യഗ്രഹികൾക്ക് അനുകൂലമായ നടപടി സ്വീകരിക്കാനും തയാറായി. 1925 നവംബർ 23ന് സമരം അവസാനിപ്പിക്കുന്ന തരത്തിലുള്ള ഇടപെടൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായി. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കെ റോഡൊഴികെ മൂന്നു ഭാഗത്തെയും റോഡ് എല്ലാവർക്കുമായി തുറന്നുനൽകുക വഴി ഐതിഹാസികമായ സത്യഗ്രഹ സമരം അവസാനിച്ചു. ക്ഷേത്ര പ്രവേശ സമരചരിത്രത്തിൽ ഉയർന്ന സ്ഥാനം കൽപിക്കാൻ സാധിക്കുന്ന ഒന്നായാണ് വൈക്കം സത്യഗ്രഹത്തെ വിലയിരുത്താൻ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.