നിങ്ങൾ എപ്പോഴെങ്കിലും ജപ്പാൻ സന്ദർശിക്കുകയാണെങ്കിൽ ഷിബുയ റെയിൽവേ സ്റ്റേഷൻ വരെ ഒന്ന് പോകണം. സ്റ്റേഷന്റെ പുറത്തു ഒരു നായയുടെ പ്രതിമ കാണാം. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വന്ന നിങ്ങൾക്ക് ചുറ്റും കൂടിയ ആളുകളും വളരെ നിസ്സാരമായി കരുതിപ്പോരുന്ന ജീവിയായ നായയുടെ പ്രതിമ കാണാനും, കൂടെ നിന്ന് ഫോട്ടോ എടുക്കാനും തിരക്ക് കൂട്ടുന്നത് കണ്ടാൽ മൂക്കത്തു വിരൽ വെക്കാനും മുതിരാതിരിക്കുക.
മേൽ ചൊന്ന നായയുടെ പേര് ഹച്ചിക്കോ എന്നാണ്. ആള് ചില്ലറക്കാരൻ അല്ല, ജപ്പാൻ ജനതയുടെ നായകനാണ്. താല്പര്യം ഉണ്ടെങ്കിൽ ഹച്ചിക്കോയുടെ കഥ കേട്ടോ. കഥയെന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര കഥയാ, ‘ചുമ്മാ തള്ളാതെ‘ എന്ന് പറഞ്ഞു തള്ളി കളയേണ്ട.
കഥാനായകൻ ജനിച്ചത് 1923 നവംബർ മാസം പത്താം തിയ്യതിയാണ്. നൂറ്റാണ്ട് ഒന്ന് തികഞ്ഞു എന്ന് ചുരുക്കം.
ജപ്പാനിലെ ടോക്കിയോ സർവ്വകലാശാലയിലെ അഗ്രികൾച്ചറൽ സയൻസിൽ പ്രൊഫസറായ ഈസാബുറോ യുനോ ‘ജാപ്പനീസ് അക്കിറ്റ നായയെ’ സ്വന്തമാക്കാൻ പണ്ടേ ആഗ്രഹിച്ചിരുന്നു. തന്റെ ഒരു വിദ്യാർത്ഥി മുഖാന്തിരം ഹച്ചിക്കോയെ പറ്റി അറിയുകയും, പ്രൊഫസർ മുൻകൈ എടുത്ത് ഹച്ചിക്കോയെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരികയും ചെയ്തു. അങ്ങിനെ 1924 ൽ ഹച്ചിക്കോ പ്രൊഫസറുടെ കൂടെ ജീവിക്കാൻ തുടങ്ങി. ഹച്ചിക്കോ, അല്ലെങ്കിൽ ഹാച്ചി അത് അവന്റെ വിളിപ്പേരായി മാറി,
അവനും പുതിയ ഉടമയും താമസിയാതെ ഉറ്റ സുഹൃത്തുക്കളായി. ഈസാബുറോ തന്റെ പ്രിയപ്പെട്ട നായയെ എല്ലാറ്റിനുമുപരിയായി സ്നേഹിക്കുകയും അവനെ തന്റെ മകനായി കണക്കാക്കുകയും ചെയ്തു.
സെൻട്രൽ ടോക്കിയോയിലെ ഷിബുയ ട്രെയിൻ സ്റ്റേഷനിൽ നിന്നും എന്നും രാവിലെ ജോലിക്ക് പോകുന്ന തന്റെ ഉടമയെ യാത്രയാക്കാനും, ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ വൈകുന്നേരം സ്വീകരിക്കാൻ പോകുന്നത്തും ഹച്ചിക്കോ പതിവാക്കി.
1925 മെയ് 21 ന്, ഹച്ചിക്കോ ജനിച്ച് രണ്ട് വർഷത്തിന് ശേഷം, ഹച്ചിക്കോ സാധാരണ പോലെ ഷിബുയ റെയിൽവേ സ്റ്റേഷനിൽ തന്റെ പ്രിയപ്പെട്ട ഈസാബുറോയെ കാത്ത് ഇരിക്കുകയായിരുന്നു. പക്ഷെ അവന്റെ ഉടമസ്ഥൻ വന്നില്ല.... ഈസാബുറോ സെറിബ്രൽ ഹെമറേജ് ബാധിച്ച് ജോലിയിലിരിക്കെ പെട്ടെന്ന് അപ്രതീക്ഷിതമായി മരിച്ചു പോയിരുന്നു. പക്ഷേ, ഹച്ചിക്കോ ആ വിവരം അറിഞ്ഞില്ലായിരുന്നു. എങ്കിലും ഹച്ചിക്കോ തന്റെ പതിവ് തുടർന്ന് കൊണ്ടേയിരുന്നു.
പ്രൊഫസറുടെ കുടുംബത്തിലെ ഒരു മുൻ തോട്ടക്കാരനോടൊപ്പം ഹച്ചിക്കോ താമസം മാറി. എന്നാൽ പത്തുവർഷത്തെ തന്റെ ശേഷിച്ച ജീവിതത്തിലുടനീളം, എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഹച്ചിക്കോ ഷിബുയ റെയിൽവേ സ്റ്റേഷനിൽ പോയിക്കൊണ്ടിരുന്നു. അവൻ മണിക്കൂറുകളോളം അവിടെ ഇരുന്നു, സങ്കടത്തോടെ ഒരിക്കലും മടങ്ങിവരാത്ത തന്റെ പ്രിയപ്പെട്ട ഉടമയുടെ തിരിച്ചുവരവിനായി ക്ഷമയോടെ കാത്തിരുന്നു. ഒന്നും രണ്ടും അല്ല, ഒമ്പതു വർഷവും ഒമ്പതു മാസവും പതിനഞ്ച് ദിവസവും ആ കാത്തിരിപ്പ് തുടർന്നു, മരണം വരെ.
ഒരു പ്രമുഖ ജാപ്പനീസ് പത്ര റിപ്പോർട്ടർ 1932-ൽ ഹച്ചിക്കോയുടെ കഥ പ്രസിദ്ധീകരിച്ചു, ഇത് കാരണം ജപ്പാനിലെമ്പാടും ഹച്ചിക്കോ ഒരു സെലിബ്രിറ്റിയായി മാറി. ആളുകൾ അവനെ "ചുകൻ-ഹച്ചിക്കോ" എന്ന് വിളിക്കാൻ തുടങ്ങി, അതിനർത്ഥം "ഹച്ചിക്കോ - വിശ്വസ്ത നായ" എന്നാണ്. ഒരിക്കലും കൈവിടാത്ത നായയുടെ കഥ ദേശീയ മാധ്യമങ്ങളിലും വളരെയധികം ശ്രദ്ധ നേടി, ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ഷിബുയ ട്രെയിൻ സ്റ്റേഷനിൽ ഹച്ചിക്കോ യെ സന്ദർശിക്കാൻ പ്രേരിപ്പിച്ചു. ജാപ്പനീസ് ജനതയുടെ ഹൃദയത്തെ സ്പർശിച്ച ഹച്ചിക്കോ താമസിയാതെ അവരുടെ നായകനായി.
1934-ൽ ഷിബുയ റെയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന ഒരു മഹത്തായ ചടങ്ങിൽ ഹച്ചിക്കോയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു, അതിൽ ഹച്ചിക്കോ തന്നെ മുഖ്യാതിഥിയായി പങ്കെടുത്തു. 1935 മാർച്ച് 8-ന് ഷിബുയ റെയിൽവേ സ്റ്റേഷന് സമീപമുള്ള തെരുവിൽ സമാധാനപരമായും ഏകാന്തമായും ഹച്ചിക്കോ ഇഹലോക വാസം വെടിഞ്ഞു. ടോക്കിയോയിലെ അയോമ സെമിത്തേരിയിൽ ഉടമയുടെ ശവകുടീരത്തിന് സമീപം ഹച്ചിക്കോയുടെ ഒരു സ്മാരകവുമുണ്ട്. ഇന്ന് ഹച്ചിക്കോ വെങ്കല പ്രതിമ ഷിബുയ റെയിൽവേ സ്റ്റേഷന് പുറത്ത്, പ്രത്യേകിച്ച് ജാപ്പനീസ് യുവാക്കൾക്കിടയിൽ ഒരു ജനപ്രിയ ആകർഷണമാണ്. യഥാർത്ഥത്തിൽ ടോക്കിയോയിൽ രണ്ട് ഹച്ചിക്കോ വെങ്കല പ്രതിമകൾ നിർമ്മിച്ചിട്ടുണ്ടായിരുന്നു. ആദ്യത്തേത് രണ്ടാം ലോകമഹായുദ്ധസമയത്ത് നീക്കം ചെയ്യുകയും ലോഹത്തിന്റെ ആവശ്യത്തിന് ഉരുക്കുകയും ചെയ്തു. ഷിബുയ സ്റ്റേഷന്റെ ചുവരിൽ ഹച്ചിക്കോയുടെ ഒരു വലിയ മൊസൈക് കലാസൃഷ്ടിയുണ്ട്: ഹച്ചിക്കോയെ ബഹുമാനിക്കുന്ന ഒരു അക്കിറ്റ ഡോഗ് മ്യൂസിയം പോലും ജപ്പാനിലുണ്ട്. ജപ്പാനിലെ ഒഡാറ്റ് നഗരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
അമർ ചിത്രകഥകളിൽ വായിക്കുന്ന കാൽപ്പനിക കഥയല്ലിത്. താൽപ്പര്യങ്ങൾക്ക് വേണ്ടി മാത്രം പരസ്പരം സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ഈ കെട്ടകാലത്തു ഉപാധികൾ തെല്ലും ഇല്ലാതെ എങ്ങിനെ സ്നേഹിക്കാം എന്ന് തന്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തി തന്ന, കൃതഞ്ജതയുടെയും കൂറിന്റെയും നിർവ്വചനം വെളിവാക്കി തന്ന ഹച്ചിക്കോ എന്ന ഇതിഹാസ നായകന്റെ അമ്പരിപ്പിക്കുന്ന ആഘോഷ ജീവിതത്തിന്റെ നേർചിത്രവും ചരിത്ര രേഖയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.