ന്യൂഡൽഹി: ബിഹാറിലേതു പോലെ യു.പിയിൽ അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനുമായി അസദുദ്ദീൻ ഉവൈസി നടത്തിയ രാഷ്ട്രീയ പരീക്ഷണം യു.പിയിൽ ഫലം കണ്ടില്ല.
ബംഗാളിൽ തൃണമൂലിനെ തുണച്ചതു പോലെ നേരിട്ടുള്ള മത്സരത്തിൽ ബി.ജെ.പിക്കെതിരെ ഇക്കുറി സമാജ്വാദി പാർട്ടിക്കൊപ്പമാണ് യു.പി മുസ്ലിംകളിൽ ബഹുഭൂരിഭാഗവും നിന്നതെന്ന് മുസ്ലിം വോട്ടുകൾ നിർണായകമായ മണ്ഡലങ്ങളിൽ എസ്.പി നേടിയ ജയങ്ങൾ കാണിക്കുന്നു. എ.ഐ.എം.ഐ.എം പിടിക്കുന്ന വോട്ടുകൾ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന പ്രചാരണം അസ്ഥാനത്തായപ്പോൾ വലിയ തോതിൽ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയുടെ ജയത്തിന് പല മണ്ഡലങ്ങളിലും ബി.എസ്.പി വഴിയൊരുക്കി.
പടിഞ്ഞാറൻ യു.പിയിലെ മുസ്ലിം വോട്ടുകളിൽ ബഹുഭൂരിഭാഗവും സമാജ്വാദി പാർട്ടി - രാഷ്ട്രീയ ലോക്ദൾ സഖ്യത്തിന് ലഭിച്ചുവെന്ന് മുറാദാബാദിലെയും മീറത്തിലെയും എസ്.പി സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ സൂചിപ്പിക്കുന്നു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യോഗി ആദിത്യനാഥ് ജയിലിലടച്ചിട്ടും നാഹിദ് ഹസൻ എന്ന എസ്.പി സ്ഥാനാർഥി, ഹിന്ദു പലായനം എന്ന വ്യാജ പ്രചാരണം നടന്ന കൈരാനയിൽ ബി.ജെ.പിയുടെ മൃഗങ്ക സിങ്ങിനെ തോൽപിച്ചു.
ഉവൈസിയോട് മുസ്ലിം വോട്ടർമാർ പുറം തിരിഞ്ഞുനിന്നതോടെ ജംഇയ്യത്തുൽ ഉലമായേ ഹിന്ദിന്റെ ഉമൈർ മദനിയെ നിർത്തിയ ദയൂബന്ദിൽ പോലും കേവലം 3,400 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇവിടെ അര ലക്ഷത്തിലേറെ വോട്ടു പിടിച്ച ബി.എസ്.പി സ്ഥാനാർഥി എസ്.പി സ്ഥാനാർഥിയുടെ പതിനായിരത്തിൽ താഴെ വോട്ടിന്റെ തോൽവിക്ക് വഴിയൊരുക്കി. എസ്.പിയുടെ സഫർ ആലം 12,000ത്തോളം വോട്ടുകൾക്ക് ബി.ജെ.പിയോട് തോറ്റ അലീഗഢിൽ ബി.എസ്.പി നിർത്തിയ റസിയ ഖാൻ 18,000ത്തോളം മുസ്ലിം വോട്ടുകൾ പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.