അഖിലേഷ്​ യാദവ് തെരഞ്ഞെടുപ്പ്​ പ്രചാരണഘട്ടത്തിൽ

മണ്ഡൽ രാഷ്ട്രീയത്തിന് തുടർച്ച വേണം

മണ്ഡൽ രാഷ്ട്രീയത്തിന് മരണമണിയായോ? ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടി സമാജ്വാദി പാർട്ടിയെ തറപറ്റിച്ചതിന് പിന്നാലെ രാഷ്ട്രീയവിശാരദരിൽ നിന്ന് ഉയർന്നുതുടങ്ങിയ ചോദ്യമാണിത്. നരേന്ദ്ര മോദി യുഗത്തിൽ ബി.ജെ.പിയോട് തുടർച്ചയായ നാലാം തെരഞ്ഞെടുപ്പ് തോൽവിയായിരുന്നു എസ്.പിയുടേത്.

'മണ്ഡൽരാഷ്ട്രീയത്തിന് ബി.ജെ.പിയെ തോൽപിക്കാനാവില്ല. എസ്.പി അതിനപ്പുറത്തേക്ക് അജണ്ട പുനക്രമീകരിക്കേണ്ട ഘട്ടമെത്തിയിരിക്കുന്നു'- ഇന്ത്യൻരാഷ്ട്രീയത്തിലെ മുൻനിര വിശകലന വിദഗ്ധരിൽ ചിലർക്ക് ഇങ്ങനെയാണ് പറയാനുള്ളത്. മണ്ഡൽരാഷ്ട്രീയത്തിനു മൂല്യമിടിെഞ്ഞന്നും പിറന്നമണ്ണായ യു.പിയിൽ പോലും അത് ജാതീയവും വിഘടനപരവുമായി മാറിയെന്നും പറയുന്നു, മാധ്യമപ്രവർത്തക വന്ദിത മിശ്ര. എല്ലാവരെയും സ്വാംശീകരിക്കുന്ന ഒരു സിവിൽസമൂഹത്തിന് രൂപംനൽകാനോ ജാതിയിലധിഷ്ഠിതമായ അജണ്ട മുന്നോട്ടുവെക്കാനോ കഴിയാത്ത മണ്ഡൽരാഷ്ട്രീയത്തിന് ബി.ജെ.പിയെ അതിജീവിക്കാനാവില്ലെന്നാണ് കോളമിസ്റ്റ് റോഷൻ കിഷോറിന് സൂചിപ്പിക്കാനുള്ളത്. 'ക്രിയാത്മകമായ രാഷ്ട്രീയ പൊതുസങ്കൽപ'ത്തിലേക്ക് മാറുന്നതിന് പകരം 'സാമൂഹിക ഗണിത'ത്തെ കാര്യമാത്രമായി ആശ്രയിക്കുന്നതാണ് സമാജ്വാദി പാർട്ടി പോലുള്ള കക്ഷികൾക്ക് വിനയായതെന്ന് രാഷ്ട്രീയ തത്ത്വചിന്തകനായ പ്രതാപ് ഭാനു മേത്ത സംഗ്രഹിക്കുന്നു. ചിതറിക്കിടക്കുന്ന അസ്തിത്വങ്ങളെ ഒന്നിപ്പിച്ച ദേശീയ കക്ഷിയെ എതിർക്കുന്ന ഏതു പദ്ധതിയും മരിച്ചുകഴിഞ്ഞെന്നും അദ്ദേഹം കരുതുന്നു.

എന്നാൽ, യു.പി, ബിഹാർ ഹൃദയഭൂമികളിൽ ഹിന്ദുത്വക്കെതിരായ ഏറ്റവും കരുത്തുള്ള ശക്തി മണ്ഡൽ വേദി തന്നെയെന്നാണ് എന്‍റെ അഭിപ്രായം. മണ്ഡലിനെ ദൂരെ കളയേണ്ട, പക്ഷേ, ഉടച്ചുവാർക്കണം. ഹിന്ദുത്വക്കെതിരായ മറുശബ്ദമായി മണ്ഡൽ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിെൻറ ഫലക്ഷമത ഉറക്കെ പറയുന്നവർ മുന്നറിയിപ്പായി രണ്ട് പ്രാഥമിക തെളിവുകൾ കാണിച്ചേക്കാം.

ഒന്ന്, മണ്ഡൽരാഷ്ട്രീയം കരുത്തോടെ നിന്ന കിഴക്കൻ യു.പിയിലെ നാലു ജില്ലകൾ ഇത്തവണ എസ്.പി തൂത്തുവാരി-അഅ്സംഗഢിലെ 10 സീറ്റുകൾ, ഗാസിപുരിലെ ഏഴ്, അംബേദ്കർനഗറിലെ അഞ്ച്, കൗശംബിയിലെ മൂന്ന് എന്നിങ്ങനെ. രണ്ട്, തെരഞ്ഞെടുപ്പാനന്തര 'ലോക്നീതി' സർവേയിൽ പങ്കെടുത്ത 43 ശതമാനം പേരും പറഞ്ഞത് സംസ്ഥാന ഭരണം കാര്യമായും ഉയർന്ന ജാതിക്കാരെ സഹായിക്കുന്നുവെന്നാണ്. വലിയവിഭാഗം വോട്ടർമാരുടെ ഉള്ളിൽ ഈ വികാരം നിലനിൽക്കുന്നത് രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്, അതത്രയും വോട്ടായി മാറിയില്ലെങ്കിലും.

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ വഴിതെറ്റിക്കുന്ന അടയാളമായി സംഭവിച്ചേക്കാം. വോട്ടർമാരുടെ മനോനില അതിസങ്കീർണമായ ഒന്നാണ്. തെരഞ്ഞെടുപ്പ് ഫലം സാന്ദർഭികമായ മുന്നിലുള്ള രാഷ്ട്രീയസ്വത്വങ്ങൾക്കും ആശയങ്ങൾക്കും അനുസൃതമായേക്കാം. തെരഞ്ഞെടുപ്പ് സമയത്ത് സജീവമായി നിൽക്കുന്ന രാഷ്ട്രീയമാനകങ്ങൾ തുണയാകുന്നവർക്കൊപ്പമാകും വിജയം. മറ്റു രാഷ്ട്രീയ സ്വത്വങ്ങൾ ആ സമയത്തും നിലനിൽക്കുന്നില്ലെന്ന് അതിനർഥമില്ല.

എസ്.പിപോലുള്ള കക്ഷികൾ മണ്ഡലിനപ്പുറം വിശാലമായ പൊതുവേദി സ്വാംശീകരിക്കണമെന്നുപറയുന്നത് രണ്ടർഥത്തിലാണ്. ഒന്നാമതായി, രാഷ്ട്രീയഗോദയിലെ വമ്പൻ ലോകങ്ങൾതന്നെ. ബി.ജെ.പിക്ക് മേൽക്കൈയുണ്ടാകുകയും മുസ്ലിംകൾ ആപേക്ഷികമായി കൂടുതലാകുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഭരണപദ്ധതി ബഹുതലമാകുന്നതിനു പകരം ദ്വിതലമായിരിക്കും. ബംഗാൾ, ബിഹാർ, യു.പി തെരഞ്ഞെടുപ്പുകളിൽ അതു നാം കണ്ടതാണ്. ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് വിജയത്തിന് 35-40 ശതമാനം വോട്ടുവിഹിതം നേടണമെന്നിരിക്കെ, ഇടുങ്ങിയ ജാത്യാധിഷ്ഠിത മണ്ഡൽ രാഷ്ട്രീയത്തിനുപകരം വിശാലവും സമഗ്രവുമായ വേദികളാണ് അനിവാര്യം.

രണ്ട്, പുതുതലമുറ വോട്ടർമാർക്കിടയിൽ ജാതി രാഷ്ട്രീയം അത്രക്ക് വേരുള്ളതല്ല. മതത്തിെൻറയും ലിംഗത്തിെൻറയും മറ്റും പേരിലുള്ള സാമൂഹിക വേർതിരിവുകളും ജനക്ഷേമ- വികസന രാഷ്ട്രീയവുമാണ് അവർക്ക് വിഷയം. ആം ആദ്മി പാർട്ടിയുടെ വിജയം ഒരു മാതൃകയാണ്. ജാതി പറയാത്ത, ആധുനിക ഇന്ത്യൻ യുവതയുടെ വികാരങ്ങൾ വഹിക്കുന്ന കക്ഷിയാണത്.

മുസ്ലിം-യാദവ് ഏകോപനം കണ്ട ഘട്ടത്തിനപ്പുറത്തേക്ക് മണ്ഡൽരാഷ്ട്രീയം സഞ്ചരിക്കില്ലെന്ന് കരുതുന്നുവെങ്കിൽ ഈ രണ്ടു വിമർശനങ്ങളും സാധുവാണ്. ഈ തെരഞ്ഞെടുപ്പ് അങ്ങനെയുള്ള ധാരണക്ക് ഊർജംനൽകിയെന്നും സമ്മതിക്കാം. അഖിലേഷ് യാദവിെൻറ 'ഹഖ്' (അർഹമായ അവകാശങ്ങൾ), ഹിസ്സെദാരി (പ്രാതിനിധ്യം) എന്നിവയിലൂന്നിയ വാചാടോപങ്ങളും യാദവ് ഇതര പിന്നാക്ക ജാതി നേതാക്കൾ കൂട്ടമായി ബി.ജെ.പിയിൽനിന്ന് എസ്.പിയിലെത്തിയതും മാറ്റിനിർത്തിയാൽ എസ്.പി പിടിച്ച വോട്ടുകളിൽ ഏറെയും മുസ്ലിംകളുടെയും യാദവരുടെയുമായിരുന്നു. 'ആക്സിസ്' സർവേപ്രകാരം പിന്നാക്ക വിഭാഗമായ കുർമികൾക്ക് മേൽക്കൈയുള്ള മേഖലകളിൽ എസ്.പിയുടെ ഇരട്ടിയാണ് ബി.ജെ.പിക്ക് ലഭിച്ച വോട്ട്. ഏറ്റവും പിന്നാക്കക്കാർ വസിക്കുന്ന മേഖലകളിൽ മൂന്നിരട്ടിയും. ദലിതുകൾ എസ്.പിയോട് തണുത്ത സമീപനം തന്നെ തുടർന്നു.

എന്നാലും, ഈ തെരഞ്ഞെടുപ്പ് മണ്ഡൽ അടിത്തറയെ കുറിച്ച ജനഹിതമാണെന്ന് ധരിച്ചുവശാകരുത്. പ്രചാരണഘട്ടത്തിൽ അങ്ങനെയൊരു ധാരണ സൃഷ്ടിക്കപ്പെട്ടിരുന്നുവെന്നുമാത്രം. ജനുവരിയിൽ 'ഹിന്ദു'വിൽ എഴുതിയ ലേഖനത്തിൽ ഞാൻ സൂചിപ്പിച്ചിരുന്നു, താഴ്ന്നവിഭാഗങ്ങളുടെ രാഷ്ട്രീയ ജിഹ്വ തങ്ങളാണെന്ന് വരുത്തി മണ്ഡൽ ഇടത്തിലേക്ക് കയറിയിരിക്കുന്നതിൽ ഹിന്ദുത്വ ഭാഗിക വിജയം നേടിയെന്ന്. ഈ ജാതികൾ മണ്ഡൽ പാർട്ടികളായ എസ്.പി, രാഷ്ട്രീയ ജനതാദൾ എന്നിവക്കുകീഴിൽ അരികുവത്കരിക്കപ്പെട്ടുകഴിഞ്ഞുവന്നവരായിരുന്നു. അവിടെ പിന്നാക്കക്കാരിലെ മുന്നാക്കമായ യാദവർക്കായിരുന്നു ശക്തി. ''ഈ വിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ മൗലികമായ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ അഴിച്ചുപണി തന്നെ ഉണ്ടായേ പറ്റൂ- അതാകട്ടെ, തെരഞ്ഞെടുപ്പ് ചക്രത്തിനപ്പുറത്ത് സംഭവിക്കുകയും വേണം''... പ്രത്യയശാസ്ത്രപരമായ അഴിച്ചുപണി ദീർഘകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ട ഒന്നാണ്. തെരഞ്ഞെടുപ്പ് വാഗ്ധോരണികൾക്ക് അതിൽ വലിയ ഇടമില്ല.

പിന്നാക്കവിഭാഗങ്ങൾക്കിടയിൽ ഐക്യപ്പെടലിെൻറയും പങ്കുവെക്കലിെൻറയും മനസ്സറിയിക്കുന്ന പ്രതീകാത്മക വിഭവങ്ങൾ രൂപപ്പെടുത്തിയെടുക്കാനാകണം. കാഡർ രീതിയിലുള്ള സംഘടനാസംവിധാനവും വളർത്തിയെടുക്കണം. നിലവിൽ, തെരഞ്ഞെടുപ്പിൽ അങ്കംകുറിച്ച് അധികാരമേറാൻ കരുത്തുള്ള പാർട്ടി സംവിധാനം സ്വന്തമായുള്ള എസ്.പിക്കുപോലും ഈ പ്രത്യയശാസ്ത്രപരമായ ദൗത്യം മുന്നോട്ടുകൊണ്ടുപോകാനാകില്ല.

തെരഞ്ഞെടുപ്പിൽ ഒരു പാർട്ടി തോറ്റുപോയെന്നതുകൊണ്ട് അവർ മുന്നോട്ടുവെച്ച പ്രത്യയശാസ്ത്രം പരാജയമാണെന്നില്ല. ബി.ജെ.പി പിന്നാക്കംനിന്ന 2000െൻറ അവസാനങ്ങളിൽ നടന്ന ബൗദ്ധിക വ്യവഹാരങ്ങൾ ഓർക്കുന്നത് നന്ന്. വോട്ടുപിടിക്കാൻ ബി.ജെ.പി ഹിന്ദു ദേശീയവാദം ഉപേക്ഷിക്കണമെന്നായിരുന്നു അന്ന് പല വിശകലന വിദഗ്ധർക്കും പറയാനുണ്ടായിരുന്നത്.

യു.പി പോലുള്ള സംസ്ഥാനങ്ങളിൽ 15-20 ശതമാനം വോട്ടർമാരെ ആകർഷിക്കാനേ ഹിന്ദുത്വക്ക് സാധിച്ചുള്ളൂവെന്നായിരുന്നു വെപ്പ്. തെരഞ്ഞെടുപ്പ് ഫലങ്ങൾ അവർക്ക് തെളിവായുണ്ടായിരുന്നു. 2002-12 കാലത്ത് യു.പിയിൽ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വോട്ടുവിഹിതം 15-20 ശതമാനത്തിൽ ഒതുങ്ങിനിന്നു. പാർട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.

എന്നുവെച്ച്, വോട്ടർമാരിൽ ഏറെപേരും ബി.ജെ.പി പ്രത്യയശാസ്ത്രത്തോട് ശത്രുത പുലർത്തിയെന്ന് ഇതിന് അർഥമുണ്ടായിരുന്നോ? അതോ ഭൂരിപക്ഷ രാഷ്ട്രീയത്തോട് അവർക്ക് അനുഭാവമായിരുന്നോ? 2012നുശേഷം നടന്ന നാലു തെരഞ്ഞെടുപ്പുകൾ പറയുന്നത് ഇതിൽ രണ്ടാമത്തേതിനോടാണ് അവർ ചേർന്നുനിന്നത് എന്നാണ്.

2004ൽ ഇ.പി.ഡബ്ല്യൂവിൽ രാഷ്ട്രീയ ഗവേഷകനായ സുഹാസ് പാൽഷികർ 'ഭൂരിപക്ഷാധിപത്യ മധ്യഭൂമി' എന്നപേരിൽ എഴുതിയ ലേഖനത്തിൽ രാജ്യത്ത് ഇതുവരെയും മധ്യേ നിന്ന വിഭാഗങ്ങൾ വലത്തോട്ട് നീങ്ങുകയാണെന്ന് തെളിവുകൾ സഹിതം സമർഥിച്ചിരുന്നു. 2004ലെ തെരഞ്ഞെടുപ്പ് തോൽവി ഭൂരിപക്ഷ രാഷ്ട്രീയത്തിെൻറ പതനമല്ലെന്നും അത് വാജ്പേയ് സർക്കാർ ഭരണത്തിെൻറ വിലയിരുത്തലായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിെൻറ വിലയിരുത്തൽ. അതേസമയം, അധികാരം കൂടുതൽ ശക്തമായുളള ഈ കാലത്തുപോലും ബി.ജെ.പിക്ക് കിഴക്കൻ, തെക്കൻ മേഖലകൾ പൂർണമായി പിടിക്കാനായിട്ടില്ല. അവിടങ്ങളിൽ ഹിന്ദുസ്വത്വത്തെക്കാൾ ഭാഷാസ്വത്വവും സാംസ്കാരിക അസ്തിത്വങ്ങളുമാണ് ജയിച്ചുനിൽക്കുന്നത്. ദേശീയ സ്വത്വത്തിനുമേൽ സാമൂഹികനീതി ദർശനം ജയിച്ചുനിൽക്കുന്ന തമിഴ്നാട്ടിലും കേരളത്തിലും തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻപോലും ബി.ജെ.പി പ്രയാസപ്പെടുന്നതാണ് കാഴ്ച. അതുകൊണ്ടുതന്നെ ഡൽഹിയിൽ (പിന്നീട് പഞ്ചാബിലും) 'ആപി'െൻറ വലിയ വിജയം കണ്ട് സ്വത്വ, സാമൂഹിക നീതിവിഷയങ്ങൾ ഹിന്ദുത്വയെ നേരിടാനുള്ള വഴിയാണെന്നത് മറന്നുപോകരുത്. കോൺഗ്രസ് മുന്നോട്ടുവെച്ച സാർവലൗകിക ദർശനത്തെ അതിലളിതമായി മറികടന്നതാണ് ബി.ജെ.പി.

അധികാരത്തിന് പുറത്തായെന്നുവെച്ച്, എ.എ.പിയുടെ മാതൃകയിൽ എസ്.പി ഭരണ, ജനക്ഷേമ പരിഗണനകൾ മാറ്റണമെന്നില്ല. ജാതി, വർഗ, ലിംഗ വേർതിരിവുകളെ ഹിന്ദുസ്വത്വവുമായി ഇഴചേർത്ത് തങ്ങളെ മുന്നിൽനിർത്തുന്നതിൽ ബി.ജെ.പി വിജയം വരിച്ചിട്ടുണ്ട്. ജാതി, വർഗ, ലിംഗ സ്വത്വങ്ങളിലധിഷ്ഠിതമായ ലോഹ്യ സോഷ്യലിസത്തിലുറച്ച എസ്.പിയെയും ജനം ഏറ്റെടുക്കും. മണ്ഡൽ നിലപാട് വേണ്ടെന്നുവെക്കുന്നത് കുളിവെള്ളം കളയുേമ്പാൾ കൂടെ കുഞ്ഞിനെയും കളയുേമ്പാലെയാണ്.

(ഡൽഹി സെന്‍റർ ഫോർ പോളിസി റിസർച്ചിൽ റിസർച്ച് അസോസിയേറ്റ് ആണ് ലേഖകൻ)

Tags:    
News Summary - needs continuity for Mandal politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.