ആലപ്പുഴ: ഡോ. തോമസ് ഐസക്കിന്‍റെ പിൻഗാമിയായി വോട്ടർമാർ പി.പി. ചിത്തരഞ്ജനെ തെരഞ്ഞെടുത്തതോടെ ഇക്കുറി ആലപ്പുഴയിൽ ഇടതിന് മിന്നുംവിജയം. 11,644 വോട്ടുകൾക്കാണ് വിജയം. മണ്ഡലത്തിൽ സി.പി.എമ്മിന്‍റെ ഹാട്രിക് ജയമാണിത്. പാർലമെൻറ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേടിയ മികച്ച വിജയം നിയമസഭയിലും ആവർത്തിക്കാനായെന്നതാണ് പ്രധാനനേട്ടം.
കിഫ്ബിയടക്കമുളള വികസനപദ്ധതികളും സാധാരണക്കാർക്ക് ഗുണകരമായ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും വോട്ടായി മാറുകയായിരുന്നു. ഇതോടെ, സി.പി.എമ്മിലെ വിഭാഗീയതയും പടലപ്പിണക്കവും പോസ്റ്റർ വിവാദവും വേണ്ടത്ര ഫലിച്ചില്ല. മണ്ഡലത്തിൽ ഉൾപ്പെട്ട ആലപ്പുഴ നഗരസഭയും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് എന്നീ നാലുപഞ്ചായത്തുകളുടെയും ഭരണം എൽ.ഡി.എഫിനാണ്. താഴേതട്ടിലുള്ള പ്രവർത്തനം കാര്യക്ഷമമായി നടന്നതും വിജയത്തിന് തിളക്കമേറി.
അതിനൊപ്പം അരങ്ങത്തും അണിയറയിലും സജീവമായി പ്രചാരണത്തിൽ നിറഞ്ഞുനിന്ന തോമസ് ഐസക്കിന്‍റെ സാന്നിധ്യവും ഗുണകരമായി. തുടക്കത്തിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലുണ്ടായ അണികളിലെ പ്രതിഫലനം ഐസക്കിെൻറ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹരിക്കാനായി. മത്സ്യഫെഡ് ചെയർമാൻ, സംഘാടകൻ, നഗരസഭ മുൻ ചെയർമാൻ എന്നീ നിലകളിൽ സാമുദായികനേതാക്കളുമായുള്ള ആത്മബന്ധവും തീരദേശത്തെ മത്സ്യത്തൊഴിലാളികളുമായുള്ള ഇടപെടലും സഹായകരമായി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ ഉയർത്തിയ ആഴക്കടൽ മത്സ്യബന്ധനവിവാദം ഉൾപ്പെടെയുള്ള വിഷയങ്ങൾ തീരദേശമേഖല ഏറെയുള്ള ആലപ്പുഴയിൽ ഏശിയില്ലെന്നതാണ് തെരഞ്ഞെടുപ്പ് ചിത്രം തെളിയിക്കുന്നത്. പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബി.ജെ.പി സ്ഥാനാർഥി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയ സംഭവം വിപ്ലവമണ്ണിലെ അണികളിൽ ആവേശം നിറച്ചതും വിജയത്തിന് കാരണമായി.
2011ലും 2016ലും ക്രൈസ്തവസഭയുടെ പിന്തുണയോടെ കളത്തിലിറങ്ങിയ പി.ജെ. മാത്യുവും ലാലിവിൻസൻറും ഐസക്കിന് മുന്നിൽ മുട്ടുകുത്തുകയായിരുന്നു. 2011ൽ പി.ജെ. മാത്യുവിനെ 16,342 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 2016ൽ ലാലി വിൻസൻറുമായി ഏറ്റുമുട്ടിയപ്പോൾ ഐസക്കിന് കിട്ടിയത് 83,211 വോട്ടുകളാണ്. ഭൂരിപക്ഷം 31,032 ആയി വർധിച്ചു. എന്നാൽ, തദ്ദേശതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വോട്ടുനില 69,256 ആയി കുറയുകയായിരുന്നു. ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ ഒന്ന് മുതൽ 19 വരെയും 45 മുതൽ 50വരെയുമുള്ള 25 വാർഡുകളും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മണ്ഡലം. ആലപ്പുഴ നഗരസഭ, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം െതക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകൾ ഭരിക്കുന്നത് എൽ.ഡി.എഫാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.