ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിെൻറ പിന്മാറ്റത്തിലൂടെയാണ് ശ്രദ്ധേയമാകുന്നത്. ഐസക്കും ജി. സുധാകരനും ഇല്ലാതെയുള്ള സ്ഥാനാർഥി പ്രഖ്യാപനത്തെ ഉൾക്കൊള്ളാൻ പാർട്ടിയിലെ ഒരുവിഭാഗത്തിനും സ്വാധീന മേഖലയിലെ വോട്ടർമാർക്കും ആദ്യഘട്ടത്തിൽ കഴിഞ്ഞില്ല.
മത്സ്യഫെഡ് ചെയർമാനും മുൻ നഗരസഭ ചെയർമാനുമൊക്കെയായ എൽ.ഡി.എഫിെൻറ പി.പി. ചിത്തരഞ്ജന് മണ്ഡലത്തിൽ ആഴത്തിൽ വേരുണ്ട്. അതേസമയം എൽ.ഡി.എഫിെൻറ പാർലമെൻറ് അംഗമെന്ന നിലയിൽ രാഷ്ട്രീയത്തിലേക്ക് വരുകയും പിന്നീട് കോൺഗ്രസ് പാളയത്തിലെത്തുകയും ചെയ്ത യു.ഡി.എഫ് സ്ഥാനാർഥി ഡോ. കെ.എസ്. മനോജ് മണ്ഡലത്തിൽ പുതുമുഖമല്ല.
നേരത്തേ എൽ.ഡി.എഫ് പാർലമെൻറിലേക്ക് മത്സരിക്കുേമ്പാൾ പ്രധാനമായും കണക്കുകൂട്ടിയ സാമുദായിക പിന്തുണയും ബന്ധുബലവുമൊക്കെ ഇന്നും അദ്ദേഹത്തിന് കൈമുതലായുണ്ട്. എൻ.ഡി.എ സ്ഥാനാർഥി സന്ദീപ് വാചസ്പതി വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് പത്രിക സമർപ്പിക്കാനെത്തിയത്.
വർഗീയപരമാർശം അടങ്ങിയ വോട്ട് അഭ്യർഥനയിലൂടെ വീണ്ടും കുപ്രസിദ്ധി നേടാനുള്ള ശ്രമവും നടത്തി. എൻ.ഡി.എ സ്ഥാനാർഥിക്ക് കാര്യമായ മുന്നേറ്റം നടത്താനായിട്ടില്ല. തോമസ് ഐസക്കിെൻറ വികസന പ്രവർത്തനങ്ങളുടെ പിന്തുടർച്ചക്കാരനാകാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ചിത്തരഞ്ജനുള്ളത്. എന്നാൽ, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നേടാനാകുമെന്ന എൽ.ഡി.എഫ് കണക്കുകൂട്ടലിന് തടസ്സമാകുന്നത് സാമുദായിക ധ്രൂവീകരണത്തിനുള്ള സാധ്യതകളാണ്.
ഇത് തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസജീവിതം അവസാനിപ്പിച്ച് എത്തിയ ഡോ. മനോജ്. എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളും തങ്ങളെ പിന്തുണക്കുമെന്ന് യു.ഡി.എഫ് കരുതുന്നു. തിരിച്ച് യു.ഡി.എഫ് സ്ഥാനാർഥി നിർണയത്തിലെ അസംതൃപ്തിയിൽ എൽ.ഡി.എഫ് പ്രതീക്ഷവെക്കുന്നു.
സുബീന്ദ്രൻ (ബി.എസ്.പി), കെ.എ. വിനോദ് (എസ്.യു.സി.ഐ), ഷൈലേന്ദ്രൻ (ബഹുജൻ ദ്രാവിഡ പാർട്ടി) എന്നിവരും മത്സരരംഗത്തുണ്ട്. 2016ലെ തെരഞ്ഞെടുപ്പിൽ 31,032 വോട്ടിെൻറ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ലാലി വിൻസൻറിനെയാണ് തോമസ് ഐസക് പരാജയപ്പെടുത്തിയത്. തോമസ് ഐസക്കിന് 83,211 (53.29 ശതമാനം) വോട്ടുകളും ലാലി വിൻെസൻറിന് 52,179 (33.42 ശതമാനം) വോട്ടും ബി.ജെ.പിയുടെ രഞ്ജിത് ശ്രീനിവാസന് 18,214 (11.66 ശതമാനം) വോട്ടും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.