അമ്പലപ്പുഴ: (ആലപ്പുഴ) മന്ത്രി ജി. സുധാകരനെ മാറ്റിനിർത്തിയത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്ന് കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ. വി.എസ്. അച്യുതാനന്ദെൻറ വിജയപരാജയങ്ങൾക്ക് സാക്ഷ്യംവഹിച്ച മണ്ണിൽ രണ്ട് ടേം നിബന്ധനയുടെ പേരിൽ സുധാകരനെ മാറ്റിനിർത്തിയ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിയിലെ ഒരുവിഭാഗത്തിന് ഇപ്പോഴും അതൃപ്തിയുണ്ട്.
ഇത് മറികടക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥി എച്ച്. സലാമിെൻറ തെരഞ്ഞെടുപ്പ് പര്യടനത്തിനും പ്രചാരണത്തിനും സുധാകരൻതന്നെ മുന്നിട്ടിറങ്ങുന്ന കാഴ്ചയുണ്ട്. ഇതിലൂടെ വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എം. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ മുൻകൈയെടുത്ത് നടപ്പാക്കിയ വികസനപദ്ധതികൾ തുറന്നുകാട്ടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികച്ച വിജയം നേടിയത്.
ചരിത്രപരമായി ഇരുമുന്നണികള്‍ക്കും വേരോട്ടമുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയുടെ ഉറപ്പേറിയ കോട്ടയാണിത്.
ഇതിന് പിന്നിൽ സുധാകരെൻറ വ്യക്തിപ്രഭാവവുമുണ്ട്. മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും സുധാകരെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും തദ്ദേശ തെരഞ്ഞെടുപ്പിനും ചുക്കാൻപിടിക്കുകയും വിജയമന്ത്രങ്ങൾ മെനയുകയും ചെയ്ത സലാമിലൂടെ സീറ്റ് നിലനിർത്താമെന്ന പ്രതീക്ഷിലാണ് എൽ.ഡി.എഫ്.
സുധാകരെൻറ അസാന്നിധ്യത്തിൽ 'അട്ടിമറി' വിജയം നേടാമെന്ന കണക്കുകൂട്ടലിൽ കോൺഗ്രസ് ഡി.സി.സി പ്രസിഡൻറ് എം. ലിജുവിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. 2011ൽ യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ സുധാകരനോട് ഏറ്റുമുട്ടി പരാജയം ഏറ്റുവാങ്ങിയിരുന്നു. തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം, പൗരത്വ ഭേദഗതി അടക്കമുള്ള സമരങ്ങളിൽ പങ്കാളിയായി മണ്ഡലത്തിൽ നിറസാന്നിധ്യമായിട്ടാണ് ലിജു വീണ്ടും എത്തുന്നത്. ഇത് അനൂകൂല ഘടകമാണെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
ഇതിനൊപ്പം ശബരിമല വിഷയത്തിൽ സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന എൻ.എസ്.എസ് അടക്കമുള്ളവരുടെ വോട്ടുകൾ കിട്ടുമെന്ന പ്രതീക്ഷയുമുണ്ട്. ബി.ജെ.പി ജില്ല നേതൃത്വത്തെപ്പോലും ഞെട്ടിച്ച് കെട്ടിയിറക്കിയ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണിയാണ് എൻ.ഡി.എ സ്ഥാനാർഥി. യുവാക്കൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞാൽ വോട്ടുവിഹിതം വർധിപ്പിക്കാൻ കഴിയുമെന്നതാണ് ഇവരുടെ കണക്കുകൂട്ടൽ.
സുഭദ്രാമ്മ തോട്ടപ്പള്ളി (വെൽഫെയർ പാർട്ടി), എം.എം. താഹിർ (എസ്.ഡി.പി.ഐ), സുബൈദ (എസ്.യു.സി.ഐ) എന്നിവരും മത്സരിക്കുന്നുണ്ട്. 2016ലെ തെരഞ്ഞെടുപ്പിൽ 22,621 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജെ.ഡി.യു സ്ഥാനാർഥി ഷേക്ക് പി. ഹാരിസിനെ പരാജയപ്പെടുത്തി ജി. സുധാകരൻ ഹാട്രിക് വിജയം സ്വന്തമാക്കി. സുധാകരന് 63,069 (47.32) വോട്ടും ഷേക്ക് പി. ഹാരിസിന് 40,448 (30.34) വോട്ടും ബി.ജെ.പിയുടെ എൽ.പി. ജയചന്ദ്രന് 22,730 (17.05) വോട്ടും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.