അമ്പലപ്പുഴ: വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഭക്ഷണം വിളമ്പി സ്വരൂപിച്ച പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച് ഒരുകൂട്ടം യുവാക്കള്‍ നാടിന് മാതൃകയാകുന്നു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമ്പലപ്പുഴ കാക്കാഴം സ്വദേശി ബാബുജിക്ക് നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി.
വാടകവീട്ടിൽ ഭാര്യക്കൊപ്പം കഴിഞ്ഞിരുന്ന ബാബുജി എന്ന വയോധികന്റെ ദുരിതമറിഞ്ഞാണ് പ്രവർത്തകർ അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ ആറുലക്ഷം രൂപ ചെലവിൽ കെട്ടുറപ്പുള്ള ദാറുൽ അറേബ്യൻ വീടൊരുക്കിയത്.
എച്ച്. സലാം എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വരുമ പ്രസിഡൻറ് എം.എം. സലിം അധ്യക്ഷത വഹിച്ചു. അറേബ്യൻ ഗോൾഡ് എം.ഡി ഷെഫീക്ക് താക്കോൽ കൈമാറി. ഇബ്രാഹിംകുട്ടി വിളക്കേഴം, ഷുക്കൂർ, ട്രഷറർ നൗഷാദ് സീതു പാറലിൽ, അബ്ദുൾ കലാം കെ. എസ്.എ, അഷ്റഫ് പ്ലാമൂട്ടിൽ, അഡ്വ. അൽത്താഫ് സുബൈർ, ഇഖ്ബാൽ നാലിൽ, നിസാർ താഴ്ചയിൽ, നജീബ്, സജിദ് മക്കാരുപറമ്പ്, റഫീക്ക്, ഷുക്കൂർ മോറീസ്, അബ്ദുൾ സമദ്, അഫ്സൽ മൂലയിൽ, സ്വരുമ സെക്രട്ടറി എ. നൗഷാദ് എന്നിവർ സംസാരിച്ചു.
കാക്കാഴം കമ്പിവളപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വരുമ സംഘടനയിലെ 40ഓളം യുവാക്കളാണ് വേറിട്ട പ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടന ഇതിനോടകം മൂന്നോളം കുടുംബങ്ങള്‍ക്കാണ് കിടപ്പാടം ഒരുക്കിയത്. നിർധനയായ ഒരു യുവതിയുടെ വിവാഹം നടത്തുകയും നിരവധി പേർക്ക് ചികിത്സ ധനസഹായവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും നൽകിയിട്ടുണ്ട്. അവധി ദിവസങ്ങളിലാണ് വിവാഹമുൾപ്പെടെയുള്ള ചടങ്ങുകളില്‍ ഭക്ഷണം വിളമ്പാന്‍ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.