അങ്കമാലി: സി -വിജിൽ പ്രകാരം ചട്ടലംഘനം സംബന്ധിച്ച് പരാതി നൽകുന്നവരുടെ രഹസ്യവിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ സി.പി.എം നേതാക്കൾക്ക് ചോർത്തിക്കൊടുക്കുന്നതായി അൻവർ സാദത്ത് എം.എൽ.എ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പൊതുനിരത്തിൽ ബോർഡുകൾ, ബാനറുകൾ സ്ഥാപിക്കൽ തുടങ്ങിയ മാതൃക പെരുമാറ്റച്ചട്ട ലംഘനം, പണം വിതരണം, സൗജന്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ജനങ്ങൾക്ക് നേരിട്ട് അറിയിക്കാൻ കമീഷൻ ആവിഷ്കരിച്ച ആപ്പാണ് സി -വിജിൽ. ചട്ട ലംഘനങ്ങൾ ഫോട്ടോ എടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യാനും സാധിക്കും. പരാതി നൽകുന്നവരുടെ പേരോ മേൽവിലാസമോ ഫോൺ നമ്പറോ മറ്റോ വെളിപ്പെടുത്തുകയില്ല.
ആപ് വഴി ലഭിക്കുന്ന പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ സംഭവം നടന്ന സ്ഥലത്തെത്തി നടപടി സ്വീകരിക്കുമെന്നുമാണ് ഉറപ്പ് നൽകിയിട്ടുള്ളത്. എന്നാൽ, അത്തരത്തിൽ ആപ് വഴി പരാതി നൽകി 10 മിനിറ്റിനകം ഈ വിഷയം ഉന്നയിച്ച് കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് സൽമാൻ മാനപ്പുറത്തിനെ സി.പി.എം നേതാവ് വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. ഇത് തെരഞ്ഞെടുപ്പ് കമീഷന്റെ സുതാര്യതയും കമീഷനിലുള്ള വിശ്വാസവുമാണ് നഷ്ടപ്പെടുത്തുന്നതെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് സൽമാൻ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എയും കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.