അങ്കമാലി: സർവിസ് സഹകരണ ബാങ്കിൽ കോടികളുടെ അഴിമതി അരങ്ങേറുകയാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ബാങ്ക് സഹകാരികളായ അങ്കമാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.എസ്. ഷാജി, ജനറൽ സെക്രട്ടറിമാരായ സജി ജോസഫ്, ജേക്കബ് കോട്ടക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബാങ്കിെൻറ ഫണ്ട് വിനിയോഗത്തിൽ അഴിമതിയും ധൂർത്തും ആരോപിച്ച് കെ.എസ്. ഷാജിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ല സഹകരണ സംഘം ജോ. രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തുകയും ആരോപണം തെളിഞ്ഞതിെൻറ അടിസ്ഥാനത്തിൽ ഭരണസമിതിയെ പിരിച്ചുവിടുകയും ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത കൽപിക്കുകയും ചെയ്തിരുന്നു. ഭരണ സമിതി അംഗങ്ങളിൽനിന്ന് ബാങ്കിന് നേരിട്ട നഷ്ടം ഈടാക്കിയെടുക്കാനും നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് ആറു വർഷം അഡ്മിനിസ്ട്രേറ്ററായിരുന്നു ബാങ്ക് ഭരണം നിർവഹിച്ചിരുന്നത്.
വസ്തു ഈടിന്മേൽ പരമാവധി 25 ലക്ഷം രൂപവരെയാണ് വായ്പ നൽകാനാകൂ. എന്നാൽ, നിയമം മറികടന്ന് മൂന്നു കോടിയിൽപരം രൂപ പല ബിനാമി പേരുകളിലായി ഒരാൾക്ക് തന്നെ നൽകിയിട്ടുണ്ട്. ഭീമൻ വായ്പകളിലൊന്നും തിരിച്ചടവുകളുമുണ്ടാകുന്നില്ല. വായ്പത്തുക തിരുത്തിയും വൻ തിരിമറികളുണ്ടായിട്ടുണ്ട്. ദീർഘനാൾ കഴിഞ്ഞ് ചതി അറിയുമ്പോൾ പലരും ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
നായത്തോട് ബ്രാഞ്ച് നിർമിക്കാൻ സ്ഥലം വാങ്ങിയതിലും നീതി മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങിയതിലും പുതിയ നീതി മെഡിക്കൽ സ്റ്റോർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിൽ തുടങ്ങിയതിലും ക്രമക്കേട് നടന്നതായും ഇവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.