റാന്നി: തെരെഞ്ഞടുപ്പ് പ്രചാരണം അവസാന ലാപ്പിൽ എത്തിയപ്പോൾ റാന്നി മണ്ഡലത്തിൽ ഇരുമുന്നണിയും ഇഞ്ചോടിഞ്ച് പൊരുതുന്നു. ഇവിടെ വിജയം പ്രവചനാതീതമാണ്. സ്ഥാനാർഥി നിർണയം നേരേത്ത പൂർത്തിയാക്കി എൽ.ഡി.എഫ് പ്രചാരണത്തിൽ ആദ്യം ഒരുപടി മുന്നിലായിരുന്നെങ്കിലും പിന്നീട് പ്രചാരണം തുടങ്ങിയ യു.ഡി.എഫും ഒപ്പമായി. ഇരു മുന്നണികളുടെയും കേന്ദ്ര, സംസ്ഥാന നേതാക്കൾ എത്തി തെരഞ്ഞെടുപ്പുകളം ചൂടുപിടിപ്പിച്ചു.
രാഹുൽ ഗാന്ധി എത്തിയതോടെ യു.ഡി.എഫ് ക്യാമ്പ് ഉണർന്നു. യു.ഡി.എഫിനു വേണ്ടി കോൺഗ്രസിലെ റിങ്കു ചെറിയാൻ, എൽ.ഡി.എഫിനു വേണ്ടി കേരള കോൺഗ്രസി-എമ്മിലെ പ്രമോദ് നാരായണൻ, എൻ.ഡി.എക്കു വേണ്ടി ബി.ഡി.ജെ.എസിലെ കെ. പത്മകുമാർ എന്നിവർ തമ്മിലാണ് പ്രധാന മത്സരം.
നാട്ടുകാരൻ എന്ന ആയുധം ഉയർത്തിയാണ് യു.ഡി.എഫിലെ റിങ്കു ചെറിയാൻ ആദ്യം മുതലേ പ്രചാരണത്തിലുള്ളത്. മുൻ എം.എൽ.എ രാജു എബ്രഹാമിെൻറ വികസന തുടർച്ചക്ക് പ്രമോദിനെ വിജയിപ്പിക്കണമെന്നാണ് എൽ.ഡി.എഫിെൻറ പ്രചാരണം. മണ്ഡലത്തിലെ നിഷ്പക്ഷരായ വോട്ടർമാർ അന്തിമ തീരുമാനത്തെക്കുറിച്ചുള്ള ആലോചനയിലാണ്. ഇതിനിടെയാണ് ജോസ് കെ. മാണിയുടെ ലവ് ജിഹാദ് സംബന്ധിച്ച പ്രസ്താവന എത്തിയത്. ഇത് പ്രമോദിന് വിനയായി. എൻ.ഡി.എയിലേക്ക് ചേരാൻ സാധ്യതയുള്ള മാണി വിഭാഗത്തിന് വോട്ട് ചെയ്താൽ ബി.ജെ.പിക്കുള്ള നിക്ഷേപമായി അതു മാറുമെന്നാണ് മണ്ഡലത്തിലെ ന്യൂനപക്ഷ വിഭാഗത്തിെൻറ ഇടയിൽ യു.ഡി.എഫ് പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ തവണ റാന്നി പഞ്ചായത്തിൽ സി.പി.എം- ബി.ജെ.പി-മാണി വിഭാഗത്തിെൻറ കൂട്ടുകെട്ടിൽ ഭരണം പിടിച്ചത് പാർട്ടിക്കുള്ളിൽതന്നെ വിവാദവും നാട്ടിൽ ചർച്ചയുമായിരുന്നു. അത്തരത്തിലുള്ള കൂട്ടുകെട്ടിന് രഹസ്യ നീക്കം നടക്കുെന്നന്ന സൂചനയെത്തുടർന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ കരുതലോടെയാണ് നീങ്ങുന്നത്.
അതേസമയം, എൻ.ഡി.എ സ്ഥാനാർഥി കെ. പത്മകുമാർ കഴിഞ്ഞ തവണ നേടിയ വോട്ട് ഇത്തവണ നേടുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നില്ല. കഴിഞ്ഞ തവണത്തെേപാലെ ടീം വർക്ക് എൻ.ഡി.എക്ക് ഇക്കുറിയില്ല. സീറ്റ് നിർണയ സമയത്ത് ബി.ജെ.പി റാന്നി സീറ്റ് ആവശ്യപ്പെട്ടിരുന്നു. ശബരിമല ഉൾപ്പെടെയുള്ള മണ്ഡലമായതിനാൽ സ്ത്രീ പ്രവേശന വിഷയം കത്തിച്ച് സീറ്റ് ജയിക്കാമെന്നായിരുന്നു ലക്ഷ്യം.
25 വർഷം റാന്നി കൊണ്ടുനടന്ന എം.എൽ.എയുടെ സമുദായത്തിൽനിന്നുള്ള പിൻഗാമിയുടെ സാധ്യത സീറ്റുവിഭജനത്തോടു കൂടി അടഞ്ഞതിലുള്ള അമർഷം ആ വിഭാഗത്തിനുണ്ട്. രാജു എബ്രഹാം എം.എൽ.എക്ക് സീറ്റു ലഭിച്ചില്ലെങ്കിലും റോഷൻ റോയി മാത്യുവിന് സീറ്റ് ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. നാട്ടുകാരൻ അല്ല എന്ന ആക്ഷേപം ഒഴിവാക്കാനും മാന്യമായ ഭൂരിപക്ഷത്തോടെ ജയിക്കാനും റോഷന് സാധിക്കുമായിരുന്നെന്നാണ് എൽ.ഡി.എഫിെൻറയും വിലയിരുത്തൽ.
അതേസമയം, റാന്നിയിൽ യു.ഡി.എഫിന് ഭീതിയായി നിൽക്കുന്നത് പാളയത്തിൽ പടയാണ്. ഇത്തവണ ആദ്യം മുതൽ പാളയത്തിൽ പടയുണ്ടായിരുന്നെങ്കിലും കെട്ടടങ്ങിയതിനാൽ വലിയ പ്രശ്നത്തിന് സാധ്യതയിെല്ലന്നാണ് യു.ഡി.എഫ് നേതാക്കളിൽനിന്ന് ലഭിക്കുന്ന വിവരം. അത് അത്രക്ക് വിശ്വസിക്കാനാവിെല്ലന്നാണ് യു.ഡി.എഫിലെ ഒരു ഘടകകക്ഷി നേതാവ് പറഞ്ഞത്. കോൺഗ്രസുകാരനായിരുന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെന്നി പുത്തൻപറമ്പിലും മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ ജില്ല പഞ്ചായത്തിൽ റാന്നി ഡിവിഷനിൽ യു.ഡി.എഫ് െറബലായി മത്സരിച്ചിരുന്നു. ഇത്തവണ വോട്ടർമാർ ബെന്നിയോട് വലിയ താൽപര്യം കാട്ടുന്നില്ല. അത് യു.ഡി.എഫിന് ഗുണമായിട്ടുണ്ട്. ഇത്തവണ ഒമ്പത് പേരാണ് റാന്നി മണ്ഡലത്തിൽ മത്സര രംഗത്തുള്ളത്. വലിയതോതിൽ കാലുവാരൽ ഉണ്ടായിെല്ലങ്കിൽ യു.ഡി.എഫിന് വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തെപ്പടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.