പത്തനംതിട്ട: തെരെഞ്ഞടുപ്പ് അടുക്കുന്തോറും റാന്നി മണ്ഡലത്തിൽ ആരോപണങ്ങൾ മുറുകുന്നു. റാന്നി പഞ്ചായത്ത് മോഡൽ സി.പി.എം-കേരള കോൺഗ്രസ്-ബി.ജെ.പി സഖ്യം റാന്നി മണ്ഡലത്തിൽ ഉടനീളം വ്യാപിപ്പിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ശബരിമല ഉൾപ്പെടുന്ന റാന്നിയിൽ ഹിന്ദു എം.എൽ.എ എന്ന വൈകാരികത എൽ.ഡി.എഫ് ഇളക്കിവിടുന്നുവെന്നും ജാതിയും മതവും പറഞ്ഞ് തെരെഞ്ഞടുപ്പ് ചട്ടലംഘനം നടത്തുകയാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു. മതന്യൂനപക്ഷ, ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിനാണ് യു.ഡി.എഫ് ശ്രമമെന്ന് ചൂണ്ടിക്കാട്ടുന്നു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയുടെ ലവ് ജിഹാദ് പരാമർശം പുറത്തുവന്നതിനു പിന്നാലെയാണ് റാന്നിയിൽ ബി.ജെ.പി ബന്ധ ആരോപണവും ഉയരുന്നത്. ഹിന്ദു, ക്രൈസ്തവ വോട്ടുകൾ നേടുന്നതിനാണ് ലവ് ജിഹാദ് ആരോപണം ഉയർത്തിയതെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി വോട്ടുകൂടി നേടുന്നതിനാണ് ഹിന്ദു വികാരം ഇളക്കിവിടുന്നതെന്നാണ് ആരോപണം.
കേരള കോൺഗ്രസ് സ്ഥാനാർഥിയായി ആലപ്പുഴക്കാരൻ പ്രമോദ് നാരായണൻ എത്തിയപ്പോൾ മുതൽ റാന്നി ആരോപണനടുവിലാണ്. പുറത്തുനിന്നുള്ളയാൾ എന്ന് പ്രമോദിനെതിരെ യു.ഡി.എഫ് പ്രചാരണം കടുപ്പിക്കുന്നതിനിെടയാണ് എൽ.ഡി.എഫ്-ബി.ജെ.പി ബന്ധമെന്ന ആരോപണവും ഉയരുന്നത്. കഴിഞ്ഞതവണ മത്സരിച്ച ബി.ഡി.ജെ.എസിലെ കെ. പത്മകുമാറാണ് ഇത്തവണയും റാന്നിയിൽ എൻ.ഡി.എ സ്ഥാനാർഥി. അന്ന് 28,201 വോട്ടാണ് പത്മകുമാർ നേടിയത്. ആലപ്പുഴയിലെ പ്രമുഖ എൻ.എസ്.എസ് കുടുംബാംഗമാണ് പ്രമോദ് നാരായണൻ. എൽ.ഡി.എഫിനോട് എൻ.എസ്.എസ് പിണങ്ങിയ നിലയിലാണെങ്കിലും തന്നെ ൈകവിടില്ലെന്ന പ്രതീക്ഷയും പ്രമോദിനുണ്ട്. എൻ.എസ്.എസ് വോട്ടിലെ കുറവ് എസ്.എൻ.ഡി.പി വിഭാഗത്തിൽനിന്ന് നികത്തിയെടുക്കാനുള്ള ശ്രമവും എൽ.ഡി.എഫ് നടത്തുന്നുണ്ട്. ഇതാണ് ഹിന്ദുത്വ ആരോപണം ഉയരാൻ ഇടയാക്കുന്നത്.
റാന്നി പഞ്ചായത്തിൽ കേരള കോൺഗ്രസ് എം അംഗം ശോഭ ചാർളി ബി.െജ.പിയുടെ രണ്ട് അംഗങ്ങളുടെയും സി.പി.എമ്മിലെ നാല് അംഗങ്ങളുടെയും പിന്തുണയോെടയാണ് പ്രസിഡൻറായത്. ഇതിനായി 100 രൂപ മുദ്രപ്പത്രത്തിൽ ബി.ജെ.പിയും കേരള കോൺഗ്രസും ഉടമ്പടിയും ഒപ്പിട്ടു. സമാന ഉടമ്പടി റാന്നി മണ്ഡലത്തിെൻറ കാര്യത്തിലും ഉെണ്ടന്നും കേരള കോൺഗ്രസ് എൻ.ഡി.എയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നുമാണ് ആരോപണം. കോൺഗ്രസിൽ ഇപ്പോഴും പടലപ്പിണക്കം തുടരുകയാണ്. ഉൾപ്പോര് അടങ്ങാത്തതാണ് യു.ഡി.എഫിനെ കുഴക്കുന്നത്. എസ്.ഡി.പി.ഐയും മത്സരിക്കുന്നുണ്ട്. അത് ഗുണമാകുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.