കണ്ണൂർ: തലശ്ശേരി മണ്ഡലത്തിൽ സ്ഥാനാർഥിയില്ലാത്ത എൻ.ഡി.എയുടെ പിന്തുണ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ സി.പി.എം നേതാവ് സി.ഒ.ടി. നസീറിന്. തലശ്ശേരിയിൽ സി.ഒ.ടി. നസീറിനെ പിന്തുണക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എൻ.ഡി.എ ചെയർമാനുമായ കെ. സുരേന്ദ്രൻ അറിയിച്ചു. സി.ഒ.ടി. നസീർ പിന്തുണ തേടിയതിനു പിന്നാലെയാണ് എൻ.ഡി.എ തീരുമാനം.
ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസനായിരുന്നു എൻ.ഡി.എ സ്ഥാനാർഥിയായി തലശ്ശേരിയിൽ പത്രിക നൽകിയിരുന്നത്. എന്നാൽ സൂക്ഷ്മ പരിശോധനയിൽ ബി.ജെ.പി ദേശീയ പ്രസിഡൻറ് ബി.ജെ.പി നഡ്ഡയുടെ ചിഹ്നം അനുവദിച്ചുള്ള കത്തിെൻറ ഒറിജിനൽ പത്രികക്കൊപ്പം സമർപ്പിച്ചിട്ടില്ലെന്ന കാരണത്താലാണ് ഹരിദാസിെൻറ പത്രിക തള്ളിയത്. ഇത് കടുത്ത വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലുള്ള ഡീലാണ് ഇതെന്ന് യു.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ഡീലാണെന്ന് എൽ.ഡി.എഫും പരസ്പരം ആരോപിച്ചിരുന്നു.
അതിനിടയിൽ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സി.ഒ.ടി. നസീറും വ്യക്തമാക്കി. ബി.ജെ.പിയുടെ പിന്തുണ തേടിയിട്ടുണ്ടെന്ന് സി.ഒ.ടി. നസീർ തിങ്കളാഴ്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആരുടെ വോട്ടും സ്വീകരിക്കും. ആരുടെയെങ്കിലും വോട്ടുവേണ്ടെന്ന് പറയുന്നത് ജനാധിപത്യ മര്യാദയല്ല. എല്ലാ വിഭാഗം ആളുകളുടെയും വോട്ട് തനിക്ക് ആവശ്യമുണ്ട്.
അക്രമത്തിനും വികസന മുരടിപ്പിനുമെതിരെയാണ് താൻ തലശ്ശേരിയിൽ മത്സരിക്കുന്നത്. ഭിന്നാഭിപ്രായം പറയുന്നവരെ ആക്രമിക്കുന്ന സ്വഭാവം ചിലർക്കുണ്ട്. ഇത് മാറ്റിയെടുക്കണം. ജനങ്ങളുടെ എം.എൽ.എയാകാൻ ഷംസീറിന് കഴിഞ്ഞിട്ടില്ലെന്നും സി.ഒ.ടി. നസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.