വണ്ടൂർ: യു.ഡി.എഫ് കുത്തക മണ്ഡലമായറിയപ്പെടുന്ന വണ്ടൂരിൽ ഇത്തവണയും യു.ഡി.എഫിന് ആശങ്കയില്ലാത്ത പോരാട്ടമാണ്. തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടാണ് എ.പി. അനില്‍കുമാര്‍ രംഗത്തുള്ളത്. വികസനത്തുടർച്ചയുടെ പൂർത്തീകരണവും പിന്നാക്കക്ഷേമ പ്രവർത്തനങ്ങളുമാണ് അനിൽകുമാർ വാഗ്ദാനം െചയ്യുന്നത്. ഇടത് സര്‍ക്കാറിെൻറ ഭരണകാലത്തെ വികസന മുരടിപ്പിനെയെല്ലാം കൂട്ടായ പ്രവർത്തനങ്ങളിലൂടെയും രാഹുൽ ഗാന്ധി എം.പിയുടെ പിന്തുണയോടെയും മറികടക്കാനായെന്നും സാധാരണഗതിയിൽ എം.എല്‍.എമാരുടെ പരിഗണനയിൽ വരാത്ത പല വികസന പ്രവർത്തനങ്ങൾക്കും തുക വകയിരുത്താനായെന്നും അദ്ദേഹം പറയുന്നു. യു.ഡി.എഫ് അധികാരത്തിലെത്തേണ്ട അനിവാര്യതയും ഇടത് സർക്കാറിെൻറ അഴിമതിയും അനുകൂലമാകുമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
യുവത്വത്തിെൻറ കരുത്തിലും ചുറുചുറുക്കിലും മണ്ഡലത്തിലെ കുത്തക തകർക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങൾ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറാകുകയും പിന്നീട് മുസ്ലിം ലീഗ് വിട്ട് സി.പി.എമ്മിലെത്തുകയും ചെയ്ത പള്ളിക്കലിലെ പി. മിഥുനയെയാണ് അവർ രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്താകെയുള്ള തുടർഭരണ സാധ്യത വണ്ടൂരിലും പ്രതിഫലിക്കുന്നുണ്ടെന്നും ചരിത്രം തിരുത്തുമെന്നും എൽ.ഡി.എഫ് പറയുന്നു.
സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവവും വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയും ഗുണം ചെയ്യും. കുടിവെള്ളമടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ക്കുപോലും രണ്ട് പതിറ്റാണ്ടായി പരിഹാരം കാണാൻ കഴിയാത്ത എം.എല്‍.എക്കെതിരെ ശക്തമായ ജനവികാരമാണുള്ളതെന്നും സ്ത്രീ വോട്ടര്മാരടക്കമുള്ളവര്ക്കിടയിൽ ഇത് പ്രതിഫലിക്കുന്നുണ്ടെന്നും അവർ പറയുന്നു. എൻ.ഡി.എക്കായി മുൻ ബി.എസ്.പി നേതാവ് ഡോ. പി.സി. വിജയനും വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി കൃഷ്ണൻ കുനിയിലും രംഗത്തുണ്ട്.
1996ലെ തെരഞ്ഞെടുപ്പിലാണ് ചരിത്രത്തിലാദ്യമായി വണ്ടൂര്‍ ഇടതുപക്ഷം പിടിച്ചെടുത്തത്. അന്ന് നാട്ടുകാരനായ എന്‍. കണ്ണന് പന്തളം സുധാകരനെയാണ് തോല്പിച്ചത്. പിന്നീട് 2001ല്‍ വണ്ടൂരിലെത്തിയ എ.പി. അനില്‍കുമാറിലൂടെ മണ്ഡലം തിരിച്ചുപിടിച്ച യു.ഡി.എഫിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2011ല്‍ എല്‍.ഡി.എഫിലെ വി. രമേശനെ 28,000ല്‍പരം വോട്ടിനും 2016ല്‍ കെ. നിശാന്തിനെ 23,000ല്‍പരം വോട്ടിനും പരാജയപ്പെടുത്തി.
ജനപിന്തുണയേറി
വണ്ടൂരിെൻറ മുഖച്ഛായ മാറ്റിയ രണ്ട് പതിറ്റാണ്ടാണ് കഴിഞ്ഞുപോയത്. ജനങ്ങളുടെ പിന്തുണ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്
എ.പി. അനിൽകുമാർ
വികസന മുരടിപ്പ് ചർച്ച
വണ്ടൂരിെൻറ വികസനമുരടിപ്പിലുള്ള പ്രതിഷേധവും ഇടത് സർക്കാറിെൻറ വികസനക്കുതിപ്പിനുള്ള സ്വീകാര്യതയും എങ്ങും പ്രകടമാണ്
പി. മിഥുന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.