കാളികാവ് (മലപ്പുറം): നിയമസഭ തെരഞ്ഞെടുപ്പിൽ വിവിധ കൂട്ടായ്മകളെ ഒപ്പം നിർത്താനുള്ള ഓട്ടത്തിലാണ് മുന്നണികൾ. കാളികാവിലെ ഏറ്റവും വലിയ കൂട്ടായ്മയായ മോണിങ് വാക്കേഴ്സ് അസോസിയേഷൻ അംഗങ്ങളെ ചേർത്തു നിർത്താനാണ് അവരുടെ ശ്രമം. വണ്ടൂർ മണ്ഡലത്തിലെ കാളികാവ് കേന്ദ്രമായി പ്രവർത്തിക്കുന്ന മോണിങ് വാക്കേഴ്സ് അസോസിയേഷൻ ജില്ലയിലെത്തന്നെ വിപുലമായ പ്രഭാത നടത്ത കൂട്ടായ്മയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അധികം കഴിയും മുമ്പേ ഇലക്ഷൻ കമീഷൻ ഉദ്യോഗസ്ഥർ ആദ്യം എത്തിയത് കാളികാവ് അമ്പലക്കുന്നിൽ നടക്കുന്ന കൂട്ടായ്മയുടെ ഇടയിലേക്കാണ്.
പോളിങ് ശതമാനം ഉയർത്തുന്നതിനുള്ള ബോധവത്കരണത്തിനാണ് നോഡൽ ഓഫിസർ അടക്കം വന്നത്. കഴിഞ്ഞ രണ്ടാഴ്ചകളിൽ വോട്ടഭ്യർഥനയുമായി യു.ഡി.എഫ് സ്ഥാനാർഥി എ.പി. അനിൽകുമാറും എൽ.ഡി.എഫ് സ്ഥാനാർഥി പി. മിഥുനയും എത്തിയിരുന്നു. പ്രഭാത നടത്ത കൂട്ടായ്മയിൽ 200ഓളം അംഗങ്ങളുണ്ട്. രാവിലെ നടത്തത്തിന് ശേഷമുള്ള റൗണ്ടപ്പിലാണ് സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥനക്കുള്ള അവസരം. സ്ഥാനാർഥികളുമായി അംഗങ്ങൾക്ക് സംവദിക്കാനുള്ള അവസരവും നൽകിയിരുന്നു.
സമൂഹത്തിലെ നാനാതുറകളിൽ പ്രവർത്തിക്കുന്ന കൂട്ടായ്മ രാഷ്ട്രീയ പക്ഷഭേദമില്ലാതെയാണ് സ്ഥാനാർഥികൾക്ക് പരിഗണന നൽകുന്നത്. സി. ഷറഫുദ്ദീൻ, പുതിയത്ത് അബ്ദുൽ ജബ്ബാർ, സി. ആബിദ്, ശിഹാബ് കുട്ടശ്ശേരി എന്നിവർ പ്രഭാത കൂട്ടായ്മക്ക് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.