വണ്ടൂർ: അപകടകാരിയായ ചെഞ്ചെവിയൻ ആമ പോരൂരിലും. കാരപ്പുറത്ത് ശിവപ്രസാദിെൻറ വീട്ടിലെ അക്വോറിയത്തിലാണ് ആമ വളരുന്നത്. കുട്ടികളടക്കം ഓമനിച്ചു വളർത്തിയ ആമ അപകടകാരിയാണെന്നറിഞ്ഞപ്പോൾ എത്രയും വേഗം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കുടുംബം. പുളിശ്ശേരിയിലെ അക്വോറിയത്തിൽനിന്ന് രണ്ടരവർഷം മുമ്പാണ് ആമയെ വാങ്ങിയത്. ആമയുടെ ലക്ഷണങ്ങളും അടയാളങ്ങളും പത്രങ്ങളിൽ വന്നപ്പോഴാണ് ഇത് അപകടകാരിയാണെന്ന് തിരിച്ചറിഞ്ഞത്.
ആമയുള്ള കാര്യം തൃശൂർ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ അറിയിച്ചിട്ടുണ്ട്. ആമയെ പുറത്ത് വിടരുതെന്നും കുട്ടികളെ കൈകൊണ്ട് തൊടാൻ അനുവദിക്കരുതെന്നും നിർദേശം ലഭിച്ചതായി ശിവപ്രസാദ് പറഞ്ഞു.
മിസിസിപ്പി നദി, മെക്സിക്കൻ-ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ചെഞ്ചെവിയൻ ആമകളെ പൊതുവെ കാണുന്നത്. എന്നാൽ, ഇവ കേരളത്തിലേക്ക് ധാരാളം എത്തിയിട്ടുണ്ടെന്ന കണ്ടത്തലിൽ വ്യാപക പരിശോധനയും ഗവേഷണവും ഇപ്പോൾ നടക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് തൃശൂർ കാളത്തോട്ടിലെ ഒരു ജലാശയത്തിലാണ് കേരളത്തിൽ ആദ്യമായി ഇതിനെ കണ്ടെത്തിയത്.
ഇത്തരം ആമകൾ എത്തിപ്പെടുന്ന ജലാശത്തിലെ സാധാരണ ആമകൾ, തവളകൾ, മീനുകൾ മുതലായവയെ ഭക്ഷണമാക്കുന്നതാണ് ഭീഷണിക്ക് കാരണമായി പറയുന്നത്. ഇവയുടെ ശരീരത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന പ്രത്യേകതരം ബാക്ടീരിയ മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ രോഗങ്ങൾക്ക് കാരണമാക്കുമെന്നും അഭിപ്രായമുണ്ട്.
മറ്റു ആമകളിൽനിന്ന് വ്യത്യസ്തമായി പച്ചയും മഞ്ഞയും കലർന്ന നിറവും പുറന്തോടിലെ വ്യത്യാസവുമാണ് ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത്. പ്രകൃതിക്ക് ഭീഷണി എന്ന തരത്തിൽ നേരത്തേ ആഫ്രിക്കൻ മുഷിക്കെതിരെയും വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും ഇന്ന് ഇവ സർവ സാധാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.