അലൻസിയർക്ക് ധീരതക്കുള്ള അവാർഡ് സമ്മാനിക്കുമെന്ന് ആൾ കേരള മെൻസ് അസോസിയേഷൻ

തിരുവനന്തപുരം: നടൻ അലൻസിയർക്ക് ധീരതക്കുള്ള അവാർഡ് സമ്മാനിക്കുമെന്ന് ആൾ കേരള മെൻസ് അസോസിയേഷൻ. സ്ത്രീ പ്രതിമക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപം സമ്മാനിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വട്ടിയൂർകാവ് അജിത് കുമാർ അറിയിച്ചു. അലൻസിയറെ ഫോണിൽ വിളിച്ച് പിന്തുണ അറിയിക്കുകയും നിലപാടിൽനിന്ന് പിന്മാറരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാഷ് അവാർഡ് ഉൾപ്പെടെ നൽകാനുള്ള ശ്രമങ്ങൾ നടത്തും. ചടങ്ങിൽ ഭാര്യയും കുടുംബവുമെല്ലാം പങ്കെടുക്കും. പുരസ്‌കാര തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അജിത് കുമാർ അറിയിച്ചു.

അലൻസിയർ എന്ന മഹാനടൻ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയതിന്റെ പേരിലും അഭിപ്രായം പറഞ്ഞതിനും മാധ്യമങ്ങളും ഫെമിനിസ്റ്റുകളും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. എവിടെയെങ്കിലും ഒരു പുരുഷൻ സ്വന്തം നിലപാട് പറഞ്ഞാൽ അത് അവരുടെ അവസാന സംസാരമാകുമെന്നാണ് ഫെമിനിസ്റ്റുകൾ പറയുന്നത്. അലൻസിയർ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന സ്വന്തം ഭാര്യയുടെ പൂർണ പിന്തുണ അദ്ദേഹത്തിനുണ്ട്.

കേരള സർക്കാർ കാഷ് അവാർഡായി കൊടുത്തത് 25,000 രൂപയാണ്. അത് കുറവാണെന്ന് അതേ സ്റ്റേജിൽ വെച്ച് അദ്ദേഹം പറഞ്ഞു. ആ തുക തണൽ എന്ന ജീവകാരുണ്യ പ്രവർത്തകർക്കാണ് അദ്ദേഹം കൊടുത്തത്, അത് വീട്ടിൽ കൊണ്ടുപോയിട്ടില്ല. ഒരു സ്ത്രീയുടെ കൈയിലാണ് അതിന്റെ ചെക്ക് കൊടുത്തത്. ആ തുക എന്തിന് വേണ്ടി ചെലവഴിച്ചു എന്ന് പറയാത്തത് അദ്ദേഹത്തിന്റെ മാന്യതയാണ്.

പ്രളയവും മഹാമാരികളും വന്നിട്ട് എവിടെയെങ്കിലും ഫെമിനിസ്റ്റുകളെ കണ്ടോ? എല്ലായിടത്തുമുള്ളത് പുരുഷന്മാരും ആണത്തമുള്ളവരുമാണ്. അലൻസിയർ ആണത്തമുള്ള വ്യക്തിയായാതുകൊണ്ട് മാപ്പ് പറയില്ല. ഏതു സംഘടനയിൽനിന്ന് പുറത്താക്കിയാലും നാടകം കളിച്ചു ജീവിക്കുമെന്ന് പറഞ്ഞ മഹാനായ വ്യക്തിയാണ്. കിട്ടുന്ന പണം ആതുരസേവനങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്ന വ്യക്തിയാണെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു.

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലാണ് നടന്‍ അലന്‍സിയര്‍ വിവാദ പരാമര്‍ശം നടത്തിയത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ പെൺരൂപത്തിലുള്ള പ്രതിമ നൽകി അപമാനിക്കരുതെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം. സ്പെഷൽ ജൂറി പരാമർശത്തിന് സ്വർണം പൂശിയ പുരസ്കാരം നൽകണമെന്നും 25,000 രൂപ തന്ന് അപമാനിക്കരുതെന്നും അലന്‍സിയര്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനോടായി ആവശ്യപ്പെട്ടു.
‘അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു. സാംസ്കാരിക മന്ത്രിയുള്ളതു കൊണ്ട് പറയാം. സ്പെഷല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇതു പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25,000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങള്‍ക്ക് പൈസ കൂട്ടണം. ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപം വേണം. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും’ എന്നായിരുന്നു അലന്‍സിയറുടെ പരാമർശം.

Tags:    
News Summary - All Kerala Men's Association to present Alencier with bravery award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.