ബോളിവുഡ് നടി സൊനാക്ഷി സിൻഹയും ദീർഘകാല സുഹൃത്തുമായ സഹീർ ഇഖ്ബാലും വിവാഹിതരായത് ജൂൺ 23നാണ്. സൊനാക്ഷിയുടെ പിതാവും നടനും എം.പിയുമായ ശത്രുഘ്നൻ സിൻഹയുടെയും ഭാര്യ പൂനം സിൻഹയുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.
എന്നാൽ, വിവാഹത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിദ്വേഷ പ്രചാരണമാണ് സൊനാക്ഷിയും സഹീർ ഇഖ്ബാലും നേരിടേണ്ടിവന്നത്. സഹീർ ഇഖ്ബാലുമായുള്ള സൊനാക്ഷിയുടെ വിവാഹം ‘ലൗ ജിഹാദാ’ണെന്ന ആക്ഷേപമുൾപ്പെടെ തീവ്രഹിന്ദുത്വവാദികൾ ഉയർത്തി. ബിഹാറിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പലയിടത്തും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
ഇപ്പോഴിതാ, വിദ്വേഷ പ്രചാരണത്തിന്‍റെ തുടർച്ചയെന്നോണം സൊനാക്ഷിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും ഡീപ്-ഫേക് വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചിലർ. സൊനാക്ഷി ബിക്കിനി ധരിച്ച് റാമ്പിലൂടെ നടക്കുന്നതായ വിഡിയോയാണ് പ്രചരിക്കുന്നവയിലൊന്ന്. ഡീപ്-ഫേക് സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റൊരാളുടെ വിഡിയോയിൽ സൊനാക്ഷിയുടെ മുഖം ചേർത്തുവെച്ച് നിർമിച്ചതാണിത്. അലെക്സാണ്ട്ര താലെസ് എന്ന മോഡലിന്‍റെ വിഡിയോയാണിതെന്ന് പല ഫാക്ട് ചെക്ക് വെബ്സൈറ്റുകളും വ്യക്തമാക്കുന്നു.
ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന സൊനാക്ഷിയുടെ ഫോട്ടോയാണ് പ്രചരിക്കുന്ന മറ്റൊന്ന്. സൊനാക്ഷി സിൻഹ എന്ന പേരിലുള്ള എക്സ് അക്കൗണ്ടിൽ നിന്നാണ് ഈ ചിത്രം ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി തീവ്ര ഹിന്ദുത്വവാദികൾ ഈ ചിത്രം വർഗീയവിദ്വേഷമാർന്ന പരാമർശങ്ങളോടെ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ഈ അക്കൗണ്ട് വ്യാജമാണെന്നും ചിത്രം എ.ഐ സാങ്കേതികയുപയോഗിച്ച് നിർമിച്ചതാണെന്നും ഫാക്ട് ചെക്കിങ് സൈറ്റുകൾ ചൂണ്ടിക്കാട്ടുന്നു.
വിവാഹത്തിന് പിന്നാലെ ചിലർ ഉയർത്തിയ വിവാദങ്ങളിൽ സൊനാക്ഷിയും സഹീറും പ്രതികരിക്കാൻ നിന്നിട്ടില്ല. ഏഴ് വർഷത്തെ സൗഹൃദത്തിനൊടുവിലാണ് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹിതരായത്. വിവാഹം ഏതെങ്കിലും മതാചാര പ്രകാരമായിരിക്കില്ലെന്നും ഹൃദയങ്ങള്‍ തമ്മിലാണ് ചേരുന്നതെന്നും അതില്‍ മതത്തിന് കാര്യമില്ലെന്നും സഹീറിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.