'ആ സംഗീത സംവിധായകനൊപ്പം ഇനി ജോലി ചെയ്യില്ലെന്ന് തീരുമാനിച്ചു;കോംപ്രമൈസ് എല്ലാ മേഖലയിലുമുണ്ട്' - ഗൗരി ലക്ഷ്മി

കോംപ്രമൈസ് സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലുമുണ്ടെന്ന് ഗായിക ഗൗരി ലക്ഷ്മി. സംഗീത സംവിധായകനിൽ നിന്ന് മോശം അനുഭവം  നേരിടേണ്ടി വന്നിട്ടുണ്ടെന്നും അയാൾക്കൊപ്പം ഇനിയൊരിക്കലും ജോലി ചെയ്യില്ലെന്നും ഗായിക അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ എല്ലാ സംഗീത സംവിധായകരും അങ്ങനെയല്ലെന്നും നല്ല രീതിയിൽ പെരുമാറുന്നവരും നല്ല പ്രതിഫലം നൽകിയവരുമുണ്ടെന്നും കൂട്ടിച്ചേർത്തു.

'കോംപ്രമൈസ് എന്ന വാക്ക് സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലുമുണ്ട്. പിന്നണി ഗാനരംഗത്തുമുണ്ട്. ആ ഒരൊറ്റ കാരണം കൊണ്ട് ഒരു സംഗീതസംവിധായകന്റെ കൂടെ ഇനിയൊരിക്കലും ജോലി ചെയ്യില്ല എന്ന് എനിക്കു തീരുമാനമെടുക്കേണ്ടി വന്നു. എല്ലാ സംഗീതസംവിധായകരും അങ്ങനെയല്ല. ഒരുമിച്ച് ജോലി ചെയ്തതിൽ എന്നെ നല്ല രീതിയിൽ പരിഗണിച്ചവരും നല്ല പ്രതിഫലം തന്നവരുമുണ്ട്. എന്നാൽ, കോംപ്രമൈസ് ചെയ്താലേ പാട്ട് തരൂ എന്ന് പറയുന്ന സംഗീതസംവിധായകരും ഇവിടെയുണ്ട്.

ഇതൊന്നും ആരും തുറന്നു പറയുന്നില്ല എന്നേയുള്ളൂ. നോ പറഞ്ഞതുകൊണ്ട് ചാൻസ് കുറയും എന്ന വിഷമം എനിക്കില്ല. ഞാൻ അതിനൊന്നും കൂടുതൽ പരിഗണന കൊടുത്തിട്ടില്ല. കിട്ടിയ പാട്ടുകളിൽ വളരെ സന്തോഷിക്കുന്നു. ഇനി അവസരങ്ങൾ കിട്ടിയാലും പോയി പാടും. അത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. പാട്ടുകൾ കിട്ടിയാൽ മാത്രമേ ഞാൻ ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരൂ എന്ന ചിന്ത എനിക്കില്ല. അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ നിരാശ തോന്നുകയുമില്ല. പാട്ട് ഉണ്ടാക്കുക, പാടുക എന്നത് എന്റെ ജോലി മാത്രമാണ്. അതിനപ്പുറം ഞാൻ എന്ന ഒരു വ്യക്തിയുണ്ട്, എനിക്ക് വേറൊരു ജീവിതമുണ്ട്. സന്തോഷമായി വർക്ക് ചെയ്യാൻ പറ്റുന്ന ആളുകളോടൊപ്പം ഞാൻ പ്രവർത്തിക്കും. ജീവിതത്തിൽ ഒരുപാട് കുഴപ്പങ്ങൾ സൃഷ്ടിച്ചു മുന്നോട്ട് പോകാൻ എനിക്ക് താൽപര്യമില്ല'- ഗൗരി ലക്ഷ്മി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Tags:    
News Summary - Gowry lekshmi Reveals Misbehaviours About from Industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.