ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ ലിംഗ വിവാദത്തില്‍ കുരുങ്ങിയിട്ടും പോരടിച്ച് സ്വര്‍ണം നേടിയ അള്‍ജീരിയന്‍ താരം ഇമാനെ ഖെലിഫിന് പിന്തുണയുമായി ബോളിവുഡ് നടി തപ്സി പന്നു. ഹോര്‍മോണ്‍ അളവ് ജന്മനാ കൂടിയത് താരങ്ങളുടെ കുഴപ്പമല്ലെന്നും മറ്റുള്ളവരേക്കാള്‍ ഹോര്‍മോണ്‍ വ്യതിയാനമുള്ള നിരവധി അത്‌ലറ്റുകളുണ്ടെന്നും നടി വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ജമൈക്കയുടെ അതിവേഗ ഓട്ടക്കാരൻ ഉസൈന്‍ ബോള്‍ട്ട്, അമേരിക്കൻ നീന്തൽ ഇതിഹാസം മൈക്കൽ ഫെല്‍പ്‌സ് തുടങ്ങിയവരെല്ലാം മറ്റുള്ളവരേക്കാള്‍ ചില ജൈവിക മുന്‍തൂക്കത്തോടെ ജനിച്ചവരാണെന്നും അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ക്ക് വിലക്കേര്‍പ്പെടുത്താത്തതെന്നും തപ്സി ചോദിച്ചു.
‘ഹോര്‍മോണ്‍ കുത്തിവെപ്പ് നിയമവിരുദ്ധമാണെങ്കിലും ജന്മനായുള്ള ഹോര്‍മോണ്‍ വ്യതിയാനം കായിക താരത്തെ വിലക്കുന്നതിലേക്ക് നയിക്കാന്‍ പാടില്ല. ഒരാളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയാത്ത കാര്യത്തിന്റെ പേരില്‍ വിലക്ക് കല്‍പ്പിക്കരുത്. ജന്മനായുള്ള ഹോര്‍മോണിന്റെ നിയന്ത്രണം നമുക്ക് കഴിയാത്ത കാര്യമാണ്’ -തപ്സി കൂട്ടിച്ചേർത്തു.
സമാന വിഷയം കൈകാര്യം ചെയ്യുന്ന ‘രശ്മി റോക്കറ്റ്’ എന്ന സിനിമയില്‍ വേഷമിട്ട താരമാണ് തപ്‌സി. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു വനിത താരത്തിന് വിലക്കേർപ്പെടുത്തിയതാണ് സിനിമയുടെ പ്രമേയം. ഇമാനെയെ നേരത്തെ വിലക്കാൻ ഇതേ ഹോർമോണിലെ കൂടിയ അളവാണ് കാരണമായിരുന്നത്.
പാരിസ് ഒളിമ്പിക്സിൽ വനിതകളുടെ 66 കിലോഗ്രാം വിഭാഗത്തിൽ എതിരാളിയെ 46 സെക്കൻഡിൽ ഇടിച്ചിട്ട അർജീരിയൻ താരം ഇമാനെ ഖെലിഫ് പുരുഷനാണെന്ന ആരോപണവുമായി എതിരാളിയായിരുന്ന ഇറ്റാലിയൻ താരം ഏഞ്ചല കരിനി അടക്കം രംഗത്തെത്തിയതോടെയാണ് ഒളിമ്പിക്സിനെ പിടിച്ചുലച്ച് വിവാദമെത്തിയത്. എന്നാൽ, വിവാദത്തിൽ തളരാതെ പോരാടി ഫൈനലിൽ ചൈനയുടെ യാങ് ലിയുവിനെയും പരാജയപ്പെടുത്തി ഇമാനെ സ്വർണമണിയുകയായിരുന്നു. ഇതോടെ ഒളിമ്പിക്സ് ബോക്‌സിങ്ങിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അൽജീരിയൻ വനിതയായിരുന്നു ഇമാനെ.
ലിംഗ യോഗ്യത പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2023ൽ ന്യൂഡൽഹിയിൽ നടന്ന ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഫൈനലിന് തൊട്ടുമുമ്പായി ഇമാനെയെ വിലക്കിയിരുന്നു. രക്തത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. തായ്‌വാന്റെ രണ്ടുതവണ ലോകചാമ്പ്യനായ ലിന്‍ യു ടിംഗിനും ഇതേ കാരണത്താൽ വെങ്കലമെഡല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഇരുവർക്കും അനുമതി ലഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.