‘സ്പാനിഷ് പതാകയിൽ ഫെവികോളിന്റെ പരസ്യമോ അതോ കേരള സർക്കാർ ലോഗോയോ’; വിജയ് യുടെ പാർട്ടി പതാകയിലെ ‘ആന’ക്കാര്യം ചർച്ചയാക്കി സോഷ്യൽ മീഡിയ

ചെന്നൈ: കഴിഞ്ഞ ദിവസമാണ് തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളായ വിജയ് യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) പതാക പുറത്തിറക്കിയത്. പാർട്ടി അധ്യക്ഷൻ കൂടിയായ വിജയ് തന്നെയാണ് ചെന്നൈ പനയൂരിലുള്ള ടി.വി.കെ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പതാക അവതരിപ്പിച്ചത്. ചുവപ്പും മഞ്ഞയും നിറങ്ങൾ ചേർന്ന പതാകയില്‍ വാകപ്പൂവും രണ്ട് ആനയുമുണ്ട്. പാര്‍ട്ടി ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയര്‍ത്തുകയും യു ട്യൂബിലൂടെ പതാക ഗാനം പുറത്തിറക്കുകയും ചെയ്തിരുന്നു.

എന്നാൽ, പതാക ഇറങ്ങിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ട്രോളുമായി ഇറങ്ങിയിരിക്കുകയാണ് ഒരു വിഭാഗം. കൂടുതൽ പേരും സ്പെയിൻ ദേശീയ പതാകയുമായി ഇതിനുള്ള സാമ്യമാണ് ചൂണ്ടിക്കാട്ടുന്നത്. മുകളിലും താഴെയും ചുവപ്പും നടുവിൽ മഞ്ഞ നിറവുമാണ് സ്പാനിഷ് പതാകക്കും. നടുവിൽ സ്പാനിഷ് റോയൽ എംബ്ലത്തിന് പകരം ഇതിൽ രണ്ട് ആനകളാണെന്ന് മാത്രമേ വ്യത്യാസമുള്ളൂവെന്നാണ് നെറ്റിസൻസിന്റെ കണ്ടെത്തൽ.

സ്​പെയിൻ പതാക

ചിലർ രണ്ട് ആനകൾ ചിന്നം വിളിക്കുന്ന ഫെവികോൾ പശയുടെ ലോഗോയുമായാണ് ഇതിനെ താരതമ്യം ചെയ്യുന്നത്. ഫെവികോൾ പരസ്യത്തിലെ ആനകളെ എതിർ ദിശയിൽ നിർത്തിയാണ് വിജയ് പതാക തയാറാക്കിയതെന്നാണ് ഇവരുടെ നിരീക്ഷണം. കേരള സർക്കാർ ലോഗോയിലെ തുമ്പിക്കൈ ഉയർത്തിനിൽക്കുന്ന രണ്ട് ആനകളുമായുള്ള സാമ്യവും ചർച്ചയായിട്ടുണ്ട്. ഷാരോൺ ​ൈപ്ലവുഡ് ലോഗോയുമായുള്ള താരതമ്യവുമായി മറ്റു ചിലരും രംഗത്തെത്തിയിട്ടുണ്ട്. 


ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുമെന്ന് വിജയ് പതാക പുറത്തിറക്കൽ ചടങ്ങിൽ പറഞ്ഞിരുന്നു. പ്രതിനിധികൾ ചടങ്ങിൽ പാർട്ടി പ്രതിജ്ഞയും ചൊല്ലി. ‘‘നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച പോരാളികളെയും തമിഴ് മണ്ണിലെ നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങൾ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ ഞാൻ ഇല്ലാതാക്കും. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്ന് ആത്ഥാർ‌ഥമായി പ്രതിജ്ഞ ചെയ്യുന്നു’’ – ഇതായിരുന്നു പാർട്ടി പ്രതിജ്ഞ.

കേരള സർക്കാർ ലോഗോ

അടുത്തമാസം പൊതുസമ്മേളനം നടത്തി സജീവ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്ന വിജയ് ഇതിന് മുന്നോടിയായാണ് പാര്‍ട്ടി പതാക പുറത്തിറക്കിയിരിക്കുന്നത്. പതാക പാര്‍ട്ടിയുടെയും തമിഴ്‌നാടിന്റെയും അടയാളമായി മാറുമെന്ന് കഴിഞ്ഞദിവസം വിജയ് അവകാശപ്പെട്ടിരുന്നു. തമിഴ്നാട്ടില്‍ ഉടനീളമുള്ള പാര്‍ട്ടി ഭാരവാഹികളില്‍നിന്നും ഇതരസംസ്ഥാന നേതാക്കളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രമാണ് പതാക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കാനുള്ള പതാകകള്‍ ഭാരവാഹികള്‍ക്ക് കൈമാറി.

Tags:    
News Summary - 'Fevicol advertisement on Spanish flag or Kerala government logo'; Social media discussed the 'elephant' in Vijay's party flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.