റിലീസിന് മുമ്പ് തന്നെ ഏറെ വിവാദങ്ങളിൽ പെട്ട ചിത്രമാണ് ആമിർ ഖാന്റെ ലാൽ സിങ് ചദ്ദ. റിലീസിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ 'ബോയ്കോട്ട് ആഹ്വാനങ്ങൾ' കാരണം ചിത്രത്തിന് ബോക്സോഫീസിൽ വലിയ തിരിച്ചടി നേരിടേണ്ടതായും വന്നു. സ്വന്തം നിർമാണത്തിൽ മാസങ്ങളെടുത്ത് ചിത്രീകരിച്ച ചിത്രം ആമിറിന് വലിയ നഷ്ടമാണുണ്ടാക്കിയത്. ട്വിറ്ററടക്കമുള്ള സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ഹാഷ്ടാഗുകൾ വലിയ രീതിയിൽ ട്രെൻഡിങ്ങുമായി.
2014ൽ റിലീസ് ചെയ്ത് വലിയ വിജയമായ ആമിർ ഖാൻ ചിത്രം പി.കെ-യിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് കാട്ടി ലാൽ സിങ് ചദ്ദ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലേക്ക് ഹിന്ദുത്വവാദികൾ പ്രകടനവുമായി പോയിരുന്നു. ഇന്ത്യയിൽ നിലനിൽക്കുന്ന അസഹിഷ്ണുതയെക്കുറിച്ച് ആമിർ മുമ്പ് നടത്തിയ പ്രസ്താവനയും ചിലർ ആയുധമാക്കി. എന്നാൽ, ആമിറിനും ചിത്രത്തിനും പിന്തുണയുമായി സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്നും ഏറെപേർ എത്തിയിരുന്നു.
അതേസമയം, പ്രമുഖ ബോളിവുഡ് നടൻ അനുപം ഖേർ, വിവാദങ്ങൾക്കിടെ ആമിറിനെതിരെ ഒളിയമ്പുമായി എത്തിയിരിക്കുകയാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന ബഹിഷ്‌കരണ സംസ്‌കാരത്തെക്കുറിച്ച് അദ്ദേഹം ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു. "ആർക്കെങ്കിലും ഒരു പ്രവണത (ട്രെൻഡ്) ആരംഭിക്കണമെന്ന് തോന്നിയാൽ, അവർക്ക് അത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. ട്വിറ്ററിൽ ഓരോ ദിവസവും പുതിയ ട്രെൻഡുകൾ ഉണ്ടാകുന്നു''. -അനുപം ഖേർ പറഞ്ഞു. ആമിറിന്റെ അസഹിഷ്ണു പരാമർശത്തെ കൊള്ളിച്ചുകൊണ്ടായിരുന്നു രണ്ടാമത്തെ പ്രസ്താവന, "നിങ്ങൾ മുമ്പ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ, അത് തീർച്ചയായും നിങ്ങളെ വേട്ടയാടും." - ദിൽ, ദിൽ ഹേ കി മാൻതാ നഹീ തുടങ്ങിയ വിജയ ചിത്രങ്ങളിൽ ആമിർ ഖാനൊപ്പം പ്രവർത്തിച്ച അദ്ദേഹം കൂട്ടിച്ചേർത്തു. ദ കശ്മീർ ഫയൽസാണ് അനുപം ഖേറിന്റേതായി ഏറ്റവും ഒടുവിൽ റിലീസായ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.