ചലച്ചിത്ര രംഗത്ത് ഗൾഫ് മേഖല, പ്രത്യേകിച്ച് യു.എ.ഇ ഭാവിയിൽ കൂടുതൽ തിളങ്ങും. പുതുതലമുറയിൽ വലിയ പ്രതീക്ഷ ഞങ്ങൾക്കുണ്ട്. വിവിധ രാജ്യങ്ങളിൽ അവരവരുടെ സംസ്കാരവും ജീവിതവും പ്രകാശിപ്പിക്കുന്ന സിനിമകൾ പുറത്തിറങ്ങും. ലോകം അറബ് നാട്ടിലെ സിനിമകളെ ശ്രദ്ധിക്കാൻ തുടങ്ങും..’ യു.എ.ഇയിലെയും ഗൾഫ് മേഖലയിലെയും സിനിമ രംഗത്ത് ഏറ്റവും ശ്രദ്ധേയ സാന്നിധ്യമായ നഹ്ല അൽ ഫഹദ് സംസാരം അവസാനിപ്പിച്ചത് പ്രതീക്ഷകൾ നിറച്ച വാക്കുകളോടെയാണ്.
രണ്ട് പതിറ്റാണ്ടു കാലമായി അറബ് മേഖലയിലെ ഫിലിം സംവിധാന, നിർമാണ രംഗത്ത് സജീവമായി ഇടപെടുന്നതിന്റെ വെളിച്ചത്തിലായിരുന്നു ആ വാക്കുകകൾ. അമേരിക്കയിൽ നിന്നടക്കം സിനിമ നിർമാണത്തിൽ പഠനം പൂർത്തിയാക്കിയ ഇവർ അവസാനമായി ‘മോമോ ഇൻ ദുബൈ’ എന്ന മലയാള സിനിമയുടെ സഹനിർമാതാവ് എന്ന നിലയിലും പ്രവർത്തിച്ചു. ഒരുപക്ഷേ മലയാള സിനിമയുടെ ഭാഗമാകുന്ന ആദ്യ യു.എ.ഇ വനിതയായിരിക്കുമിവർ. ലോകത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള സിനിമ രംഗത്തെ ഇതിനകം പരിചയപ്പെട്ട നഹ്ല, യു.എ.ഇയിലെ പുതുതലമുറ സിനിമ തൽപരരുടെ വഴികാട്ടി കൂടിയാണ്.
2016ൽ മാസിൻ അൽ ഖൈറാത്ത്, ഒവിഡിയോ സലാസർ എന്നിവർകൊപ്പം സംവിധാനം ചെയ്ത ഹിജാബ് വിഷയമായ ഡോക്യുമെന്ററി ‘ദ ടെയ്ന്റഡ് വെയ്ൽ’ ഓസ്കാറിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. എക്സ്പോ 2020ദുബൈ എന്ന വിശ്വമേളയുടെ അണിയറയിൽ ഇമാറാത്തിന്റെ കണ്ണഞ്ചിമ്മിപ്പിക്കുന്ന ആവിഷ്കാരങ്ങൾ ഒരുക്കുന്നതിനും നേതൃത്വം നൽകിയിട്ടുണ്ട്. യു.എ.ഇയുടെയും ഗൾഫിന്റെ സിനിമാ പ്രതീക്ഷകൾ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ‘ഗൾഫ് മാധ്യമ’വുമായി പങ്കുവെക്കുകയാണിവർ.
ഹിന്ദി സിനിമകൾ നിറഞ്ഞോടിയ ഇമാറാത്തി വീട്ടകത്തുനിന്നാണ് നഹ്ല സിനിമയെന്ന കലയെ സ്നേഹിച്ചുതുടങ്ങിയത്. യു.എ.ഇയിൽ മാത്രമല്ല, മറ്റ് അറബ് രാജ്യങ്ങളിലും ഹിന്ദി സിനിമകൾ അക്കാലത്ത് ടെലിവിഷനിൽ വന്നിരുന്നു. അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, മാധുരി...തുടങ്ങിയവരൊക്കെ മനസിൽ പതിയുന്നത് അക്കാലത്താണ്. സാറ്റലൈറ്റ് വരുന്നതിന് മുമ്പുള്ള കാലമാണ്.
അന്ന് പ്രാദേശിക ടി.വി ചാനലായ ‘ചാനൽ 33’യിൽ എല്ലാ വ്യാഴാഴ്ചകളിലും പുതിയ ഹിന്ദി സിനിമകൾ പ്രക്ഷേപണം ചെയ്യുമായിരുന്നു. കുടുംബം മുഴുവൻ ഒരുമിച്ചിരുന്ന് ഇത്തരം സിനിമകൾ കാണും. സിനിമാ കാസറ്റുകളും അക്കാലത്ത് വാടകക്കും അല്ലാതെയും ലഭിച്ചിരുന്നു.
ഇതിലൂടെയും ഇന്ത്യൻ സിനിമകൾ കാണാൻ അവസരം ലഭിക്കുകയും ഇന്ത്യൻ സംസ്കാരവും സിനിമകളും പരിചയപ്പെടാൻ സാധിക്കുകയും ചെയ്തു. അനിൽ കപൂറും ശ്രീദേവിലും അഭിനയിച്ച ‘ലംഹെ’ എന്ന ചിത്രം ഇന്നും ഓർത്തുവെക്കുന്നുണ്ട്. ഇതുപോലെ ധാരാളം സിനിമകൾ മനസിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് തിയേറ്ററുകൾ വന്നതോടെ അതിലും സിനിമകൾ കാണുകയുണ്ടായി.
എന്നാൽ മലയാളം സിനിമകൾ കാണുന്നത് സിനിമയിൽ സഹകരിക്കാൻ തീരുമാനിച്ച ശേഷമാണ്. കൂടുതൽ മലയാളം സിനിമകൾ കാണണമെന്ന ആഗ്രഹമുണ്ട്. ദുബൈയിൽ ജനിച്ചുവളർന്നതിനാൽ തന്നെ ലോകത്തെ വിവിധ സംസ്കാരങ്ങൾ കൺമുന്നിൽ തന്നെ കാണാൻ സാധിച്ചിട്ടുണ്ട്. സിനിമകളിലൂടെ വേറെയും സംസ്കകാരങ്ങൾ അടുത്തറിയാനായി.
അനുഭവങ്ങൾ പകർന്ന യു.എസിലെ സിനിമ പഠനം
മീഡിയ, കമ്മ്യൂണിക്കേഷൻ ആൻഡ് മാർക്കറ്റിങിലായിരുന്നു നഹ്ലയുടെ യു.എ.ഇയിലെ ബിരുദപഠനം. പിന്നീട് 2002ലാണ് ഫിലിം രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. ആദ്യം ചില ഹൃസ്വചിത്രങ്ങളും മ്യൂസിക് വീഡിയോകളും അറബ് കലാകാരൻമാരെ വെച്ച് ചെയ്താണ് തുടക്കം. ചെറിയ പദ്ധതികളായിരുന്നെങ്കിലും പഠിക്കാനേറെയുണ്ടയിരുന്നു. അഞ്ചോ ആറോ വർഷങ്ങൾ ഇത്തരം പ്രൊജക്ടുകൾക്ക് പിന്നാലെയായിരുന്നു.
പ്രമുഖ അറബ് കാലാകാരൻമാർകൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചുവെന്നത് വലിയ നേട്ടമായിരുന്നു. തുടർന്ന് അബൂദബിയിലെ യു.എസ് എംബസി സ്പോൺസർ ചെയ്ത സ്കോളർഷിപ്പോടെ യു.എസിൽ നടന്ന ഫിലിം പ്രെഡക്ഷനുമായി ബന്ധപ്പെട്ട രണ്ട് പഠന സെഷനുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. 2011ലായിരുന്നു ആദ്യത്തേത്. നാല് അമേരിക്കൻ സ്റ്റേറ്റുകളിൽ സന്ദർശനം, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പങ്കാളിത്തം, വിദഗ്ധരുമായി കൂടിക്കാഴ്ചകൾ എന്നിവയെല്ലാം ഉൾപ്പെട്ടതായിരുന്നു യാത്ര. സിനിമയുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളെ കുറിച്ചും പഠിപ്പിക്കുന്ന ക്ലാസുകൾ ലഭിച്ചു.
ഒരു മാസം നീണ്ടുനിന്നതായിരുന്നു ഇത്. 2018ലാണ് രണ്ടാമത്തെ പഠന സെഷന് അവസരം ലഭിച്ചത്. ഇതിൽ പ്രധാനമായും ഡോക്യൂമെന്ററി ഫിലിം മേക്കിങിൽ പരിശീലനമായിരുന്നു ഉൾപ്പെട്ടത്. സൗത്തേൺ കാർലിഫോണിയ യൂനിവേഴ്സിറ്റിയിലെ വിദഗ്ധരുമായി കൂടിക്കാഴ്ചകൾക്കും പഠനത്തിനും ഈ യാത്രയിൽ സാഹചര്യമൊരുങ്ങി. സിനിമ മേഖലയിലെ പലരുടെയും അനുഭവങ്ങളെ അറിയാൻ സാധിച്ച കാലമായിരുന്നു ഇത്. സിനിമ തന്നെ തന്റെ മേഖലയെന്ന് ഉറപ്പിച്ച നാളുകളും..
സ്വന്തം സിനിമകൾ, ഓസ്കാർ നോമിനേഷൻ
സിനിമ രംഗത്ത് ഉറച്ചുനിൽക്കാൻ തീരുമാനിച്ചതോടെ 2010ൽ ‘ബിയോണ്ട് സ്റ്റുഡിയോസ്’ എന്ന സ്വന്തം സ്റ്റുഡിയോ ദുബൈയിൽ ആരംഭിച്ചു. സിനിമകൾ, ഷോകൾ, ഈവന്റുകൾ, ഡോക്യൂമെന്ററികൾ എന്നിവയുടെ നിർമാണ രംഗങ്ങളിലാണ് കാര്യമായി ഇടപെടൽ നടത്തിയത്. യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കും, ദുബൈ ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും ഓഫീസുകൾക്കും വേണ്ടിയുമെല്ലാം ധാരാളം വർക്കുകൾ ഏറ്റെടുത്തു. ഗൾഫ് മേഖലയിലെ സിനിമ രംഗവുമായി പരിചയപ്പെട്ടത് യു.എ.ഇക്ക് പുറത്തും അവസരങ്ങളൊരുക്കി.
2015ൽ 30 എപ്പിസോഡുള്ള ഡ്രാമ സീരീസ് കുവൈത്തി നിർമാതാവിനൊപ്പം ചേർന്ന് ചെയ്തത് അതിന്റെ ഫലമായിരുന്നു. 25ലേറെ അറബിക് ചാനലുകളിൽ ഇത് സംപ്രേഷണം ചെയ്യുകയുണ്ടായി. ‘ഹർബുൽ ഖുലൂബ്’ എന്നായിരുന്നു പേര്. 2016ലും 2017ലും സമാനമായ ഡ്രാമ പരമ്പരകൾ സംവിധാനം ചെയ്യുകയും നിരവധി അറബിക് ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
2016ൽ തന്നെയാണ് നിരവധി അവാർഡുകൾക്ക് കാരണമായ ‘ദ ടെയ്ൻറഡ് വെയ്ൽ’പുറത്തിറങ്ങുന്നത്. ജക്കാർത്ത ഫിലിം ഫെസ്റ്റിവലിലെ മികച്ച ഡോക്യുമെന്ററി, സിൽക്ക് റോഡ് ഫിലിം ഫെസ്റ്റിവൽ, ഡബ്ലിൻ, കാലിഫോർണിയ ഫെസ്റ്റിവലുകൾ എന്നിവിടങ്ങളിൽ മികച്ച ഡോക്യുമെന്ററി അവാർഡ് തുടങ്ങിയ അന്തരാഷ്ട്ര അവാർഡുകൾ ലഭിച്ചു. 88-ാമത് അക്കാദമി അവാർഡിലെ മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്കാർ ചുരുക്കപ്പട്ടികയിലും ഇടംപിടിച്ചത് വലിയ നേട്ടമായി.
പിന്നീട് യു.എ.ഇ സർക്കാറിന്റെ വിവിധ ലോകോത്തര ഈവന്റുകളുടെ കാർമികത്വം വഹിക്കാനും കലാസംവിധാനം ഒരുക്കാനും അവസരം ലഭിച്ചു. എക്സ്പോ 2020ദുബൈയിലെ യു.എ.ഇ പവലിയന്റെയും മറ്റും കാമ്പയിനുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. നാലു വർഷത്തോളം ഇതിന്റെ ഭാഗമായി പ്രവർത്തിച്ചത് വലിയ നേട്ടമായിരുന്നു. 2021ലാണ് ‘218: നിശബ്ദതയുടെ മതിലിനു പിന്നിൽ’ എന്ന നഹ്ലയുടെ ആദ്യ ഫീച്ചർ സിനിമ പുറത്തിറങ്ങുന്നത്. യു.എ.ഇയിലെ സിനിമ തൽപരരായ വിദ്യാർഥികൾക്ക് നൽകിയ പരിശീലനത്തിൽ നിന്നാണ് സിനിമ ഉരിത്തിരിഞ്ഞത്. രണ്ട് വർഷത്തെ ചലച്ചിത്ര പരിശ്രമങ്ങളുടെ ഫലമായ സിനിമ ഗാർഹിക പീഡനം, ഗൃഹാതുരത്വം, പ്രതികാരം തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സമീപകാലത്തിറങ്ങിയ യു.എ.ഇ സിനിമകളിൽ ഏറ്റവും ശ്രദ്ധേയമാകാൻ ഇതിന് സാധിച്ചു.
അപ്രതീക്ഷിതമായി മലയാളത്തിലേക്ക്
കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ കാലത്താണ് മലയാളത്തിൽ നിന്ന് അപ്രതീക്ഷിതമായൊരു സിനിമക്ഷണം വരുന്നത്. സംവിധായകൻ സകരിയ്യയുടെ പ്രദേശിക സംവിധായകരുമായി സഹകരിക്കാൻ താൽപര്യമറിയിച്ചുള്ള മെയിലായിരുന്നു അത്. മെയിലിന് മറുപടി അയച്ച് സൂമിൽ സ്ക്രിപ്റ്റ് ചർച്ച ചെയ്തപ്പോൾ ആദ്യ അവസരത്തിൽ തന്നെ ഇഷ്ടമായി.
ദുബൈ കാണാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിയുടെ സ്റ്റോറിയായതിനാൽ പ്രത്യേകിച്ച് ഇഷ്ടം കൂടി. കാരണം യു.എ.ഇയുടെ സാംസ്കാരികമായ പ്രത്യേകതകൾ പങ്കുവെക്കപ്പെടുന്ന സിനിമകളിൽ താൽപര്യമുണ്ടായിരുന്നു. സകരിയ്യയുടെ സിനിമകൾ കാണുകയും പാഷൻ മനസിലാക്കുകയും ചെയ്തതോടെ സിനിമയോട് സഹകരിക്കാൻ തീരുമാനിച്ചു. ‘മോമോ ഇൻ ദുബൈ’ എന്ന സിനിമയുടെ സഹനിർമാതാവാകുന്നത് അങ്ങനെയാണ്.
ഭാവിയിലും നല്ല സ്റ്റോറികൾ കിട്ടിയാൽ മലയാള സിനിമയുമായി സഹകരിക്കാണ് തീരുമാനം. യു.എ.ഇ-ഇന്ത്യ ബന്ധത്തെ കുറിച്ചും മറ്റും ഒറിജിനൽ സ്റ്റോറികൾ കണ്ടെത്തി അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. യു.എ.ഇയിലെ സിനിമ രംഗം ശരിയായ ട്രാക്കിലാണെന്നാണ് നഹ്ല വിലയിരുത്തുന്നത്.
അറബ് ലോകത്ത് തുനീഷ്യ, മൊറോക്കോ, ജോർഡൻ, ഫലസ്തീൻ എന്നിവിടങ്ങളിൽ ഷോർട്, ഫീച്ചർ സിനിമകളിൽ ധാരാളം പേരുടെ സാന്നിധ്യമിന്നുണ്ട്. സൗദി അറേബ്യയിലും യു.എ.ഇയിലും ഇതേ സാഹചര്യമാണുള്ളത്. സർക്കാറിന്റെ ഭാഗത്ത് നിന്നും മികച്ച സഹായം കൂടി ലഭിക്കുന്നതിനാൽ കൂടുതൽ തിളങ്ങാൻ സാധിക്കുമെന്ന് തന്നെയാണ് നഹ്ലയുടെ ബോധ്യം..അതുതന്നെയാണ് സ്വപ്നവും..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.