വിനീത് ചാക്യാരും സൂപ്പറാണ്

'സൂപ്പർ ശരണ്യ' കണ്ടിറങ്ങിയവർ പറഞ്ഞൊരു കാര്യമുണ്ട്-'ശരണ്യ മാത്രമല്ല, അജിത് മേനോനും സൂപ്പറാണ്'. അർജുൻ റെഡ്ഡി എന്ന സിനിമയുടെയും നായകന്റെയും സ്പൂഫ് കഥാപാത്രമായ അജിത് മേനോനെ അവതരിപ്പിച്ച വിനീത് വാസുദേവൻ ആണ് ഈ കമന്റിലൂടെ ശരിക്കും സൂപ്പറായത്. നടനും ഹ്രസ്വചിത്രങ്ങളുടെ സംവിധായകനുമായ വിനീത് വാസുദേവൻ, വിനീത് ചാക്യാർ എന്ന പേരിലാണ് സിനിമാലോകത്ത് അറിയപ്പെടുന്നത്. ചാക്യാർ കൂത്തിന്റെ ലോകത്തുനിന്ന് ഹ്രസ്വചിത്രങ്ങളിലൂടെ ബിഗ് സ്ക്രീനിലെത്തിയ വിശേഷങ്ങൾ വിനീത് 'മാധ്യമം ഓൺലൈനു'മായി പങ്കുവെക്കുന്നു.

എന്നെക്കണ്ട് ലൊക്കേഷനിൽ തന്നെ ചിരിപൊട്ടി

'സൂപ്പർ ശരണ്യ' നാലും അഞ്ചും തവണ കണ്ടെന്നൊക്കെ പറഞ്ഞു മെസ്സേജ് വരുമ്പോൾ ഏറെ സന്തോഷം തോന്നുന്നുണ്ട്. അതോടൊപ്പം അജിത് മേനോനെ ഇഷ്ടപ്പെട്ടുവെന്നും എല്ലാവരും പറയുന്നു. സത്യത്തിൽ ആ കഥാപാത്രം ചെയ്യാൻ എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. 'സൂപ്പർ ശരണ്യ'യിൽ വിനീത് വിശ്വം ചെയ്ത അരുൺ സാർ എന്ന കഥാപാത്രമായിരുന്നു ആദ്യം എനിക്ക് നൽകാനിരുന്നത്. അത് പിന്നീട് അജിത് മേനോനിലേക്ക് മാറുകയായിരുന്നു. തുടക്കത്തിൽ നായികയുടെ പിന്നാലെ വെറുതെ നടന്നു ശല്യംചെയ്യുന്ന സീനിയർ എന്നത് മാത്രമേ ആ കഥാപാത്രത്തിന് ചെയ്യാൻ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, പിന്നീട് സംവിധായകൻ ഗിരീഷ് തന്നെയാണ് അർജുൻ റെഡ്ഡിയെ ഈ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നാലോ എന്ന ചിന്ത പങ്കുവെച്ചത്.

ആ സമയത്തു അഭിനയത്തോടുള്ള പാഷൻ കാരണം എന്തും ചെയ്യാൻ ഞാനും തയ്യാറായി നിൽക്കുകയായിരുന്നു. എന്നാലും ആളുകൾ അതിനെ എങ്ങിനെ കാണും, പ്രേക്ഷകർ എങ്ങിനെ സ്വീകരിക്കും എന്നുള്ള കാര്യത്തിൽ എനിക്ക് ആശങ്കയുണ്ടായിരുന്നു. തുടക്കത്തിൽ ഞാൻ ഓരോ ദിവസവും ഡയലോഗുകൾ പറഞ്ഞ് അഭിനയിച്ച് സ്വന്തമായി വീഡിയോ എടുത്തുനോക്കുമായിരുന്നു. ആ വീഡിയോ ഒക്കെ ഞാൻ ഗിരീഷിന് അപ്പോൾ തന്നെ അയക്കുകയും ചെയ്യും. പക്ഷേ, ഗിരീഷിനതൊന്നും തൃപ്‌തി നൽകുന്നില്ലായിരുന്നു. എനിക്കാണെങ്കിൽ ഇത് ഏതു മോഡിൽ പ്രസന്റ് ചെയ്യണമെന്ന കാര്യത്തിൽ കൃത്യമായ ഒരു ഐഡിയയും കിട്ടുന്നുമില്ല.

'സൂപ്പർ ശരണ്യ'യുടെ ചിത്രീകരണത്തിനിടെ

ആദ്യ സീൻ ഷൂട്ട് ചെയ്യുമ്പോൾ അർജുൻ റെഡ്ഡി സിനിമയിലെ അതേപോലുള്ള കോസ്റ്റ്യും തന്നെയാണ് ഞാൻ ധരിച്ചത്. ആ വേഷത്തിൽ ലൊക്കേഷനിൽ നടക്കുമ്പോൾ തന്നെ മറ്റുള്ളവർ അതുകണ്ടു ചിരിക്കാൻ തുടങ്ങി. അപ്പോഴെനിക്ക് മനസ്സിലായി എന്തോ ഒന്ന് വർക്കാവുന്നുണ്ട് എന്ന്. വാസ്തവത്തിൽ നമ്മുടെ കോൺഫിഡൻസിലാണ് ഈ കഥാപാത്രം നിൽക്കുന്നത്. സ്വയം എന്തോ ആണെന്ന അമിത ആത്‍മവിശ്വാസമുള്ള കഥാപാത്രമാണല്ലോ അത്. ആ കോൺഫിഡൻസ് ഡൗൺ ആയാൽ ഈ കഥാപാത്രം ഇല്ലാതാവും. അതുകൊണ്ട് ഞാൻ തന്നെ എന്റെ മനസ്സിൽ തയ്യാറെടുത്തു, എന്റെ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു- 'ഞാൻ അടിപൊളിയാണ്, കിടുവാണ്' എന്നൊക്കെ.

ആളുകളെ തെറ്റിദ്ധരിപ്പിച്ച അർജുൻ റെഡ്ഡി

ഷൂട്ട് ചെയ്യുമ്പോൾ പലരും തെറ്റിദ്ധരിച്ചു ഈ സിനിമ അർജുൻ റെഡ്ഡിയുടെ മലയാളം റീമേക്ക് ആണെന്ന്. പുറത്തുനിന്ന് ഷൂട്ട് കാണാൻ വന്ന ചില കുട്ടികളൊക്കെ ചോദിച്ചു ഇത് അർജുൻ റെഡ്ഡിയുടെ റീമേക്ക് ആണോ എന്ന്. അവർ നോക്കുമ്പോൾ ഞാൻ ആ രൂപത്തിൽ കൂളിങ് ഗ്ലാസ് ഒക്കെ വെച്ച് നടക്കുകയാണ്. കശ്മീരിൽ നിന്നുവന്ന കുറച്ചു പേരൊക്കെയുണ്ടായിരുന്നു അവിടെ. അവർ എന്റെയൊപ്പം വന്നു ഫോട്ടോയൊക്കെ എടുത്തിരുന്നു. കോളജ് പോർഷൻ ഷൂട്ട് ചെയ്യുമ്പോഴൊന്നും അർജുൻ അശോക് അവിടെ ഇല്ലാത്തതുകൊണ്ട് ഒരുപാടുപേർ വിചാരിച്ചു 'തണ്ണീർമത്തൻ ദിനങ്ങൾ' സിനിമയുടെ സംവിധായകൻ ചെയ്യുന്ന പുതിയ സിനിമയിലെ നായകൻ ആണ് ഞാനെന്ന്.

സിനിമ പാരഡിസോ ക്ലബ്‌ തന്ന ഭാഗ്യങ്ങൾ

എറണാകുളം ജില്ലയിലെ ഇളവൂർ എന്ന ഗ്രാമത്തിലാണ് ഞാൻ വളർന്നത്. എന്റെ ചുറ്റുവട്ടത്ത് ആരും സിനിമയുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നില്ല. ഞാനും ബിലഹരിയും ('അള്ള് രാമേന്ദ്രൻ' സിനിമയുടെ സംവിധായകൻ) ഒക്കെ സിനിമ പാരഡിസോ എന്ന സിനിമ ഗ്രൂപ്പിലെ കമൻറ് ബോക്സിൽ വെച്ച് പരിചയപ്പെട്ട സുഹൃത്തുക്കളാണ് ഗിരീഷ് ('സൂപ്പർ ശരണ്യ സംവിധായകൻ ഗിരീഷ് എ.ഡി), വിനീത് വിശ്വം തുടങ്ങിയവർ. അങ്ങിനെ ഒരു പത്തു വർഷം മുമ്പ് ഉണ്ടായ ബന്ധങ്ങളാണ് അതൊക്കെ. അവിടെ നിന്നാണ് കൂടുതൽ സിനിമക്കൂട്ടങ്ങൾ ഉണ്ടാകുന്നത്


ഗിരീഷുമായുള്ള സൗഹൃദത്തിൽ നിന്ന് അഭിനയത്തിലേക്ക്

ഗിരീഷും ഞാനും പരസ്പരം നന്നായി മനസ്സിലാക്കുന്നവരാണെന്ന് തോന്നിയിട്ടുണ്ട്. ഒരു സീൻ ഷൂട്ട് ചെയ്യുമ്പോൾ ഗിരീഷ് എന്നോട് പറഞ്ഞു-'എടാ 'ശിപായി ലഹള'യിലെ വിജയരാഘവൻ പറയുന്നത് പോലത്തെ ഒരു സാധനമാണ് ഇതിൽ വേണ്ടത്' എന്ന്. ഗിരീഷത് പറയുമ്പോൾ വ്യക്തമായി എനിക്കറിയാം എന്താണ് ഉദ്ദേശിക്കുന്നത് എന്ന്. അതുപോലെ മ്യൂസിക് കാര്യങ്ങളെ പറ്റിയൊക്കെ ഞങ്ങൾ സംസാരിക്കും. 'അള്ള് രാമേന്ദ്രൻ' സിനിമയിൽ ഗിരീഷിന്റെ കൂടെ എഴുത്തിൽ ഞാനുമുണ്ടായിരുന്നു. 'തണ്ണീർമത്തൻ ദിനങ്ങൾ' കഴിഞ്ഞപ്പോൾ ലേഡീസ് ഹോസ്റ്റൽ പ്രമേയമാക്കിയ ഒരു സിനിമ എടുക്കുന്ന കാര്യമൊക്കെ ഗിരീഷ് ചർച്ച ചെയ്തിരുന്നു. ഇനി അവൻ ചെയ്യാൻ പോകുന്ന സിനിമകളുടെ കഥകളും നമ്മളോടൊക്കെ തന്നെയാണ് ആദ്യം പറയുന്നത്. അതുപോ​ലെ എന്റെ കഥകളും ഞാൻ ആദ്യം ഗിരീഷിനോടൊക്കെ തന്നെയാണ് പറയാറുള്ളത്. 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന സിനിമയിലെ ടൂർ പോകുന്ന ആ പാട്ട് രംഗത്തിലൂടെയാണ് ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നതും.

'വേലി' എന്ന ഹ്രസ്വചിത്രം

'വേലി' ആണ് ആദ്യമായി സംവിധാനം ചെയ്യുന്ന വർക്ക്. അതുകണ്ടപ്പോൾ എല്ലാവരും പറഞ്ഞു സംവിധാനം നോക്കിയാൽ മതി എന്ന്. ആരും എന്നെ അഭിനയിക്കാൻ വിളിക്കാൻ സാധ്യതയില്ല എന്ന് തോന്നിയപ്പോഴാണ് ഞാൻ തന്നെ കഥയെഴുതി ഞാൻ തന്നെ സംവിധാനം ചെയ്ത് ഞാൻ തന്നെ അഭിനയിച്ച 'വേലി' എന്ന ഹ്രസ്വചിത്രം ഉണ്ടാകുന്നത്. 'വേലി' അങ്ങനെ കുറെ പേർക്ക് ഇഷ്ടമായപ്പോഴാണ് എന്നെ അഭിനയത്തിൽ പ്ലേസ് ചെയ്യാമെന്ന് കരുതി ചിലർ ഒക്കെ പുറത്തുനിന്ന് വരുന്നത്. 'തണ്ണീർമത്തൻ ദിനങ്ങളി'ലെ ടൂർ ഗൈഡൊക്കെ ഒരു ഡയലോഗ് പോലുമില്ലാതെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങിനെ പോയിപ്പോയി അത് അജിത് മേനോൻ വരെ എത്തി എന്നു പറയാം.

ചാക്യാര്‍കൂത്തിലും പ്രാഗൽഭ്യം

എന്റെ അച്ഛൻ കലാമണ്ഡലം മാണി വാസുദേവ ചാക്യാരാണ്. അച്ഛൻ കൂത്തുമേഖലയിൽ സീനിയർ ആയ ഒരു കലാകാരനാണ്. മുത്തച്ഛൻ, അച്ഛൻ എല്ലാവരും ഈ കലാമേഖലയിൽ ഉള്ളവർ തന്നെയാണ്. ഞാനൊരു അഞ്ചാം ക്ലാസ് മുതൽ കൂത്തു പറയാറുള്ള ആളാണ്. അതുപോലെ കലോത്സവങ്ങളിൽ ഒക്കെ വന്നു ഒരു ഒമ്പതാം ക്ലാസ് മുതൽ ഞാൻ പ്രഫഷണലി കൂത്തു പറയാൻ തുടങ്ങി. അതിനെക്കുറിച്ച് പറയുകയാണെങ്കിൽ ചാക്യാർകൂത്ത് പറയുക എന്നത് നമ്മുടെ കുലത്തൊഴിൽ എന്നതിന് അപ്പുറത്തോട്ട് നമ്മൾ കണ്ടെത്തുന്ന വേറെ പല കാര്യങ്ങളും ഉണ്ട്. കുറച്ചു കൂടുതൽ വിശദീകരിച്ചു പറയേണ്ട ഒന്നാണത്.

ഉടൻ സിനിമ സംവിധാനത്തിലേക്ക്

കൂത്തുമായി സഞ്ചരിക്കുമ്പോൾ തന്നെ മൊത്തത്തിൽ പല തരത്തിലുള്ള ടേസ്റ്റുകൾ ഉണ്ടാവാൻ തുടങ്ങി. സംഗീതത്തോട് എനിക്ക് വലിയ താൽപ്പര്യം ഉണ്ടായിരുന്നു. അന്നൊക്കെ സിനിമകളിലെ പാട്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു ഞാൻ. ഒരു പാട്ടുകാരൻ ആകണം, മ്യൂസിക് ഡയറക്ടറാവണം എന്നൊക്കെയായിരുന്നു അന്നത്തെ എന്റെ സ്വപ്നം. അതിനുശേഷം കുറച്ച് പാട്ടുകളുടെ വരികൾ ഒക്കെ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ അതിനുപറ്റിയ ചില രംഗങ്ങൾ ഒക്കെ മനസ്സിൽ വന്നുതുടങ്ങി.

അങ്ങനെ അതൊക്കെ എഴുതി തുടങ്ങി. അങ്ങനെ ഒക്കെയാണ് ഒരു ഹ്രസ്വചിത്രം ചെയ്യാമെന്ന ചിന്തയിലേക്ക് ഒക്കെ പതിയെ എത്തിയത്. പിന്നെ കൂത്തു ചെയ്യുമ്പോൾ ചുറ്റുപാടിനെ നന്നായി ഒബ്സെർവ് ചെയ്യേണ്ട ആവശ്യമുണ്ട്. അത് സംവിധാന മേഖലയിലും അഭിനയത്തിലും ഒക്കെ ഒരുപാട് ഉപകരിച്ചു എന്നും പറയാം. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ട് മാർച്ചിൽ തുടങ്ങാൻ ഉള്ള ആലോചനയിലാണ്.ആന്റണി വർഗീസ് ആണ് നായകവേഷം ചെയുന്നത്.

Tags:    
News Summary - Actor Vineeth Chakyar about cinema and life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT