ത്രില്ലറുകളുടെ കാലമാണിത്. വ്യത്യസ്ത ഭാഷകളിൽ വ്യത്യസ്ത ഴോണറുകളിൽ ത്രില്ലറുകൾ ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ആ ഗണത്തിലേക്ക് പുതിയ ഒന്നുകൂടി, തമിഴ് സിനിമ ‘ബ്ലാക്ക്’. ജീവയെ നായകനാക്കി നവാഗതനായ കെ.ജി. ബാലസുബ്രമണി സംവിധാനം ചെയ്ത ‘ബ്ലാക്ക്’ അക്ഷരാർഥത്തിൽ ഹൊറർ ഫീൽ നൽകുന്ന സിനിമയാണ്. ഒരു മിസ്റ്ററി ത്രില്ലർ ആയിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ദമ്പതികൾ പുതിയ ഒരു അപ്പാർട്മെന്റിൽ എത്തുന്നതും അവിടെ താമസം തുടങ്ങിയശേഷം അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഒരു രാത്രിയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയിൽ. ‘ടൈം ലൂപ്’ കഥകൾ ഒരുപാട് കേട്ടിട്ടുള്ളവർക്ക് ഈ സിനിമ പുത്തൻ അനുഭവംതന്നെയായിരിക്കും. രാത്രി ടൈംലൂപ്പിൽ അകപ്പെടുന്ന രണ്ടു പേർ. അവർ അവരെത്തന്നെ പലതവണ മറ്റ് സ്ഥലങ്ങളിൽ കണ്ടുമുട്ടുന്നു. യാഥാർഥ്യമേതെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയിലേക്കുവരെ കൊണ്ടുപോകുന്ന സന്ദർഭങ്ങൾ. ഇതിനിടെ ചില ഫ്ലാഷ്ബാക്ക് രംഗങ്ങളും. ഒറ്റയിരിപ്പിന് ത്രില്ലടിച്ച് കണ്ടുതീർക്കാവുന്ന ഒരു സിനിമ. സംവിധായകനും എ.ജെ. സുരെനും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. പ്രിയ ഭവാനി ശങ്കർ ആണ് നായിക.
പൊട്ടൻഷ്യൽ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം ഗോകുൽ ബിനോയ്, സംഗീതസംവിധാനം സാം സി.എസ്, എഡിറ്റർ ഫിലോമിൻ രാജ്. ഐ.എം.ഡി.ബി റേറ്റിങ്ങിൽ 7.2 സ്കോർ ചെയ്ത സിനിമ ഒ.ടി.ടിയിലും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.