സിനിമയിൽ നാം കേൾക്കുന്ന ശബ്ദങ്ങളെല്ലാം യഥാർഥമാണോ?. ചങ്ങലയാൽ ബന്ധിക്കപ്പെട്ട ഒരാളെ വലിച്ചിഴക്കുമ്പോൾ തറയിൽ ഇരുമ്പുരയുന്ന ശബ്ദം എങ്ങനെയാണ് സൃഷ്ടിക്കുന്നത്. റൂബിക്സ് ക്യൂബ് കറക്കുന്ന ശബ്ദം ഉണ്ടാക്കുന്നത് മുടിചീകുന്ന ചീർപ്പ് ഉപയോഗിച്ചാണെങ്കിലോ. ലോകത്തെ പല രീതിയിൽ നോക്കിക്കാണുവരാണ് ചുറ്റിലും. കാഴ്ചയിലൂടെയും സ്പർശനത്തിലൂടെയും ചുറ്റുപാടുകളെ വിലയിരുത്തുകയും ജീവിക്കുകയും ചെയ്യുന്നവർക്കിടയിൽ ശബ്ദത്തിലൂടെ ഒരാൾ കാലത്തെും ജീവിതത്തെയും കേട്ടുകൊണ്ടിരുന്നാൽ എന്തായിരിക്കും സംഭവിക്കുക.
പ്രാവുകൾ ഒന്നിച്ച് പറന്നുയരുന്ന ശബ്ദം ഉണങ്ങിയ ഇലകൾ ഒന്നിച്ചു വീശിയാണ് ഉണ്ടാക്കുന്നതെന്ന് കാണിച്ചാണ് സിനിമ തുടങ്ങുന്നത്. സെല്ലുലോയ്ഡിൽ സാഹചര്യങ്ങൾക്കും സംഭവങ്ങൾക്കും പശ്ചാത്തല ശബ്ദമൊരുക്കുന്ന മിടുക്കനായ ഒരു കലാകാരന് കാലക്രമേണ തന്റെ ജീവിതം പശ്ചാത്തല ശബ്ദം മാത്രമായി ചുരുങ്ങുമ്പോൾ കുടുംബവും സമൂഹവും അയാളോട് ഏതുരീതിയിൽ രപതികരിക്കും. സിനിമയുടെ ശബ്ദലോകത്ത് കുടുങ്ങിപ്പോകുന്ന ഒരാൾ. താൻ ശരിക്കും ചെന്നുപെട്ടത് ഒരു മായിക പ്രപഞ്ചത്തിലാണെന്ന് അയാൾ തിരിച്ചറിയുന്നില്ല എന്നതാണ് ഖേദകരം. ഇത്തരമൊരു കഥാ തന്തുവിനെ മനുഷ്യബന്ധങ്ങളുടെ വീക്ഷണകോണിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ബംഗാളി സിനിമയാണ് ‘ശബ്ദോ’. വ്യത്യസ്തമായ ഒരു കഥാപരിസരത്തെ കുടുംബ ബന്ധങ്ങളുമായി സമർഥമായി കൂട്ടിയിണക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്നു പറയാം.
സിനിമകളിൽ പോസ്റ്റ് പ്രൊഡക്ഷൻ വേളയിൽ ശബ്ദമിശ്രണ ജോലി ചെയ്യുന്ന താരഖ് ദത്തയിലൂടെയാണ് കഥ ഇരുൾ വിരിയുന്നത്. പതുക്കെ പതുക്കെ അയാൾ മനുഷ്യ ശബ്ദങ്ങളെ അന്യമായി കാണുകയും അവയോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നു. ശേഷം അയാളുടെ മാനസിക നില കീഴ്മേൽ മറിയുന്ന അവസ്ഥയിലേക്കെത്താൻ അധിക കാലം വേണ്ടി വരുന്നില്ല. ഭാര്യയും കുടുംബവും ക്രമേണ നിശ്ശബ്ദതയുടെ മലനിരകൾക്കപ്പുറത്തേക്ക് മറയുമ്പോൾ അയാൾക്ക് കൂട്ട് സിനിമയിലെയും പ്രകൃതിയിലേയും ശബ്ദം മാത്രമാകുന്നു. നിറഞ്ഞ കപ്പും കാലിക്കപ്പും മേശയിൽ വെക്കുമ്പോഴുള്ള ശബ്ദവ്യത്യാസം പോലും സൂക്ഷ്മമായി വിലയിരുത്തുന്ന നായകൻ. 2013ൽ പുറത്തിറങ്ങിയ ഈ സിനിമ പ്രേക്ഷകർക്കിടയിലും നിരൂപകർക്കിടയിലും സ്വീകരിക്കപ്പെട്ടു. മികച്ച ബംഗാളി ചിത്രത്തിനും ശബ്ദ രൂപകല്പനക്കുമുള്ള 60ആമത് ദേശീയ അവാർഡ് കരസ്ഥമാക്കിയ ‘ശബ്ദോ’ യുടെ കഥയും സംവിധാനവും നിർവഹിച്ചത് കൗശിക് ഗാംഗുലി ആണ്. താരക് ദത്ത എന്ന കേന്ദ്ര കഥാപാത്രമായി റിത്വിക് ചക്രബർത്തി അസാമാന്യ അഭിനയം പുറത്തെടുത്തു. ഒട്ടും അമിതമല്ലാതെ മാനസിക സംഘർഷങ്ങളെ കൈയടക്കത്തോടെ സ്ക്രീനിൽ ശ്രദ്ധേയമാക്കി അദ്ദേഹം. ഡോ. സ്വാതിയായി വന്ന ചൂർണിക് ഗാംഗുലിയും തന്റെ വേഷം മികച്ചതാക്കി. താരകിനെ മനസ്സിലാക്കാൻ കുടുംബവും സമൂഹവും പരാജയപ്പെടുന്നിടത്ത് അയാളുടെ ജീവിതം സങ്കീർണമാകുന്നു. രോഗിയായി മുദ്രകുത്തപ്പെട്ട നായകന്റെ ജീവിതത്തിൽ നിന്നും ശബ്ദങ്ങളെ മാറ്റിനിർത്താൻ കുടുംബം നടത്തുന്ന പാഴ്ശ്രമം ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ അയാളെ പ്രേരിപ്പിക്കുന്നു. അതിഭാവുകത്വമില്ലാതെ സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ ആകർഷിക്കാൻ സിനിമക്കു കഴിയുന്നു.
സിനിമയിൽ ഋത്വിക് ചക്രബർത്തി, റൈമ സെൻ, വിക്ടർ ബാനർജി എന്നിവരോടൊപ്പം പ്രശസ്ത ബംഗാളി സംവിധായകൻ ശ്രീജിത്ത് മുഖർജിയും പ്രധാന വേഷത്തിൽ എത്തുന്നു. ജീവിതത്തിന്റെയും യാഥാർഥ്യത്തിന്റെയും അദൃശ്യതലങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടി കൊണ്ട് പോകുന്നതിൽ ശിർഷാ റായിയുടെ ഛായാഗ്രഹണത്തിന് സാധിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.