അധികാരത്തിന്റെയും ആണഹന്തയുടെയും അശ്ലീലകരമായ ചിരികൾ കൊണ്ട് സർഗാത്മകതയെ തകർക്കാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ലോകസിനിമകൾക്കൊപ്പം മത്സരിക്കാൻ 'അപ്പുറം'എന്ന തന്റെ രണ്ടാമത്തെ ചിത്രവുമായി സംവിധായിക ഇന്ദു ലക്ഷ്മി എത്തിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ വനിത സംവിധായകർക്ക് നൽകിയ ഫണ്ട് കൊണ്ട് ആദ്യ സിനിമയായ 'നിള' പൂർത്തിയാക്കിയ ഇന്ദു, പക്ഷേ നിളയുടെ പേരിലല്ല അടുത്തകാലത്തൊന്നും മാധ്യമവാർത്തകളിൽ ഇടം പിടിച്ചത്. സർക്കാർ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമക്ക് തിയറ്റർ കിട്ടാനായി കെ.എസ്.എഫ്.ഡി ചെയർമാനിൽ നിന്നും മറ്റ് ഉത്തരവാദപ്പെട്ടവരിൽനിന്നും നേരിടേണ്ടിവന്ന പീഡനങ്ങളുടെ തുറന്നുപറച്ചിലുകളിലൂടെയായിരുന്നു. വനിത സിനിമയെന്നത് സർക്കാറിന്റെ ഔദാര്യമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച സംവിധായിക, 'മാധ്യമ'ത്തിന് മുന്നിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ്.
=ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രധാനമായി ചൂണ്ടിക്കാണിച്ചത് സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയെ സംബന്ധിച്ചും തൊഴിലിടത്തിൽ നേരിടുന്ന ചൂഷണങ്ങളെ സംബന്ധിച്ചുമാണ്. ഷാജി എൻ. കരുൺ ചെയർമാനായിരിക്കുന്ന കേരള ചലച്ചിത്ര വികസന കോർപറേഷനിൽ ഇതിനകം എത്ര സ്ത്രീകളാണ് അദ്ദേഹത്തിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയെയും സാംസ്കാരിക മന്ത്രിയെയും മനുഷ്യാവകാശ കമീഷനെയും സമീപിച്ചതെന്ന് നിങ്ങൾക്കറിയാമോ?
ഇത്രയും സ്ത്രീകളുടെ പരാതി സർക്കാറിന് മനസ്സിലാകാത്ത ഭാഷയിൽ ആയിരുന്നോ? എങ്ങനെയാണ് സർക്കാറിന് ഒരേ സമയം സ്ത്രീശാക്തീകരണവും സ്ത്രീവിരുദ്ധതയും ഒരേ പന്തിയിൽ വിളമ്പാൻ കഴിയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇരകളെ സംരക്ഷിക്കേണ്ടവർ തന്നെ ബിംബാരാധനയിൽ മുഴുകിയാൽ തുറന്നുപറയാതെ മറ്റ് വഴികളില്ലല്ലോ.
ലൈംഗിക പീഡനം നടത്തിയിട്ടില്ല എന്നതാണോ നയരൂപവത്കരണ സമിതി അധ്യക്ഷനാക്കാൻ സർക്കാർ കണ്ട യോഗ്യത. തൊഴിലിടത്തെ പീഡനങ്ങൾ പരിശോധിച്ചാൽ അദ്ദേഹം കെ.എസ്.എഫ്.ഡി ചെയർമാനായിരിക്കാൻ പോലും യോഗ്യനല്ല. അങ്ങനെയൊരാളാണോ നയം എഴുതേണ്ടത്. ഇദ്ദേഹത്തെ പോലെയുള്ളവർ ആഘോഷിക്കപ്പെടുമ്പോൾ അപമാനിക്കപ്പെടുന്നത് ഒരു സമൂഹം മുഴുവനുമാണ്.
='നിള' ഉൾപ്പെടെ നാല് സിനിമകൾക്കുമായി ഒന്നരക്കോടി ബജറ്റാണ് സർക്കാർ അനുവദിച്ചത്. 'നിള' ചെയ്യാൻ ആ ബജറ്റ് ആവശ്യമില്ല. കാരണം എന്റെയും സുഹൃത്തുകളുടെയും വസ്ത്രങ്ങളും മറ്റുമാണ് സിനിമയിൽ ഉപയോഗിച്ചത്. ഒരു മുറി. രണ്ട് ലൊക്കേഷൻ. അണിയറ പ്രവർത്തകരെല്ലാം തുച്ഛമായ ശമ്പളത്തിലാണ് ജോലി ചെയ്തത്. എന്നാൽ, ഷൂട്ടിങ് നടക്കുമ്പോൾ തന്നെ ലൈൻ പ്രൊഡ്യൂസർ സാമ്പത്തിക തിരിമറി നടത്തുന്നുവെന്ന് മനസ്സിലാക്കി കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുണിനെ പല തവണ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ആവശ്യം നിരസിച്ചു.
40 ലക്ഷം നിളയുടെ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് പറയുന്നു. പക്ഷേ, അതൊന്നും ഒരിടത്തും ഞാൻ കണ്ടില്ല. എന്റെ സിനിമയുടെ ചെലവ് എത്രയായെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക വകുപ്പിനും കെ.എസ്.എഫ്.ഡി.സിക്കും കത്ത് നൽകിയിട്ട് ഒരുവർഷമായെങ്കിലും നാളിതുവരെ മറുപടി ലഭിച്ചിട്ടില്ല. സർക്കാർ ഔദാര്യത്തിൽ ചെയ്യുന്ന സിനിമകളിൽ കൂടുതൽ അന്വേഷണം വേണ്ടെന്ന തമ്പ്രാൻമാരുടെ മനോഭാവമാണ് കെ.എസ്.എഫ്.ഡി.സിക്ക്.
സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച എന്റെ പരാതികളുടെ അടിസ്ഥാനത്തിൽ ഒരു മീറ്റിങ് ഷാജി എൻ. കരുൺ വിളിച്ചു. ഇപ്പോൾ സർക്കാർ പറയുന്ന കോൺക്ലേവിൽ സംഭവിക്കാൻ പോകുന്നതുപോലെ, ഇരയും വേട്ടക്കാരുമൊക്കെ ഒരുമിച്ചുണ്ടായിരുന്നു. ഒന്നര മണിക്കൂർ അവർ എന്നെ ഓർമിപ്പിച്ചത് ദ്രൗപതി വസ്ത്രാക്ഷേപത്തെയാണ്. ഒരു സദസ്സിൽ ഒരു സ്ത്രീയുടെ അഭിമാനത്തെ എത്ര ക്രൂരമായിട്ടാണ് ആ മുറിയിലുള്ളവർ വലിച്ചുകീറിയത്.
അവിടെ നിന്നിറങ്ങുമ്പോൾ എന്റെ തൊലിപ്പുറംപോലും അപമാനത്താൽ പൊള്ളുന്നുണ്ടായിരുന്നു. അവരുടെ ചിരി എന്നെ മാസങ്ങളോളം പിന്തുടരുന്നുണ്ടായിരുന്നു. ലോക്കേഷനിൽ പ്രാഥമിക കൃത്യം നടത്താനുള്ള അസൗകര്യത്തെ കുറിച്ച് സംസാരിച്ചപ്പോൾ ‘ഇന്ദു മൂത്രമൊഴിച്ചതിന്റെ ബിൽ വരെ നൽകിയിട്ടുണ്ട് ' എന്ന ഫിലിം ഓഫിസറുടെ 'തമാശ' കേട്ട് എല്ലാവരും ചിരിച്ചു. ഷാജി എൻ. കരുണും എന്നോട് അന്ന് പറഞ്ഞത്, 'കാലങ്ങളായി സിനിമയിൽ സ്ത്രീകൾ ഈ പ്രശ്നങ്ങളോടൊക്കെ പൊരുത്തപ്പെട്ടുപോകുന്നുണ്ട്' എന്നാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഒരു സീനിയർ സംവിധായകൻ ഇത് പറഞ്ഞതായി സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെയൊരു നിലപാടുള്ള ഒരാളുടെ നേതൃത്വത്തിൽ രൂപവത്കരിക്കാനിരിക്കുന്ന സിനിമാനയത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം എന്താകുമെന്ന് എനിക്കുറപ്പാണ്.
= ‘നിള’ ഉൾപ്പെടെയുള്ള സിനിമകൾ അധികമാരും കാണാതിരിക്കാൻ കെ.എസ്.എഫ്.ഡി നന്നായി ശ്രമിച്ചിട്ടുണ്ട്. ‘നിള’യുടെ പ്രിവ്യൂ കഴിഞ്ഞ് നല്ല റിവ്യൂകൾ വരാൻ തുടങ്ങിയപ്പോൾ മുതൽ ബാലിശ കാര്യങ്ങൾ പറഞ്ഞ് സിനിമ തടഞ്ഞുവെച്ചു. സർക്കാർ ഇടപെട്ടിട്ടുപോലും റിലീസ് ചെയ്യാതിരിക്കാൻ പരമാവധി ശ്രമിച്ചു.
നിരന്തരം 50ന് മുകളിൽ ഓഡിയൻസ് ഉണ്ടായിരുന്നിട്ടും ഒരു ഷോ പോലും നിലനിർത്താതെ ‘നിള’ എടുത്തുമാറ്റി. നിള ഒരു ഫെസ്റ്റിവൽ ചിത്രമായിരുന്നു. അതിന്റെ ആദ്യ പ്രദർശനം ചലച്ചിത്രമേളകളിൽ നടത്തണമെന്ന എന്റെ അഭിപ്രായം മാനിക്കാതെ പൊതുപ്രദർശനം നടത്തിയതോടെ പ്രമുഖ ഫിലിം ഫെസ്റ്റിവലിലേക്കൊന്നും അയക്കാൻ സാധിച്ചില്ല.
=കൗതുകത്തിന് അയച്ചെന്നല്ലാതെ മേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടില്ല. പ്രത്യേകിച്ച്, കെ.എസ്.എഫ്.ഡി.സിക്കെതിരെ നടത്തിയ പരാമർശങ്ങൾ നിലനിൽക്കുമ്പോൾ. പക്ഷേ, ജൂറിക്ക് 'അപ്പുറം' ഇഷ്ടപ്പെട്ടു. ജഗദീഷ്, മിനി.ഐ.ജി, അനഘ രവി എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ. ലിംഗ വിവേചനവും അന്ധവിശ്വാസങ്ങളും സർവസാധാരണമായി കണക്കാക്കുന്ന സമകാലിക ഇന്ത്യയാണ് പശ്ചാത്തലം.
=നമ്മളിൽ ഒരാത്മവിശ്വാസമുണ്ടായിരിക്കണം. ആരുടെയും കാരുണ്യത്തിലായിരിക്കരുത് നമ്മുടെ നിലനിൽപ്. സ്ത്രീകൾ ദുർബലരെന്ന് കാണുന്ന ഒരുവിഭാഗം ഇപ്പോഴുമുണ്ട്.
നമ്മൾ ആവശ്യപ്പെടാതെ തന്നെ പലരും നമ്മുടെ പരിശീലകരാകാൻ ശ്രമിക്കും. ആത്മവിശ്വാസത്തിന്റെ ആത്മബലത്തിൽ മുന്നോട്ടുപോകുക. ചെയ്യുന്ന പ്രവൃത്തികളിൽ ഒരു സത്യമുണ്ടെങ്കിൽ എന്നായാലും അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.