യുവ സംവിധായകയായ അനു കുരിശിങ്കൽ തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് മാധ്യമവുമായി സംസാരിക്കുന്നു
• സംവിധായകയും തൊഴിലിടവും
ഒരു സംവിധായകയെന്ന നിലയിൽ സിനിമാ മേഖലയിൽ നിലനിൽക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമുള്ള കാര്യമാണ്. ആ നിലയ്ക്ക്, എനിക്ക് നല്ല അനുഭവങ്ങൾ മാത്രമേ സിനിമയിൽ നിന്നും ഉണ്ടായിട്ടുള്ളൂ. തൊഴിലിടത്തിലൊക്കെ എല്ലാവരും ഒരുപോലെ സപ്പോർട്ട് ചെയ്യുന്ന അവസ്ഥയാണ് ഇതുവരെയും ഉണ്ടായിട്ടുള്ളത്. നമ്മുടെ കൂടെ ക്രൂവായിട്ട് വർക്ക് ചെയ്തിട്ടുള്ള എല്ലാവരും വലിയ പിന്തുണയാണ് തരുന്നത്. സിനിമയിലേക്ക് പുതിയ പുതിയ ആളുകൾ കടന്നു വരട്ടെ എന്നുള്ള മെന്റാലിറ്റിയാണ് അവർക്കെല്ലാം. പ്രത്യേകിച്ചും സ്ത്രീകൾ സംവിധാന രംഗത്തേക്ക് കൂടുതലായി കടന്നുവരുന്നത് കൗതുകത്തോടെയാണ് അവർ കാണുന്നത്. അതുപോലെതന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്തു
• സംവിധാനം
കൊച്ചിയിലാണ് ഞാൻ വളർന്നത്. മുളംന്തുരത്തിയിലാണ് ഫാമിലിയോടൊപ്പം സെറ്റിൽ ചെയ്തിരിക്കുന്നത്. കോവിഡ് ലോക്ക് ഡൗൺ സമയത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ മുളംന്തുരത്തിയിലെ വീട്ടിലിരുന്ന ഒരവസ്ഥയുണ്ടായിരുന്നു. ആ സമയത്താണ് സിനിമയെ കുറിച്ചു കൂടുതലായി വായിക്കുകയും യൂട്യൂബ് വഴി കൂടുതൽ കാര്യങ്ങൾ അറിയുകയും ചെയ്തത്. ഡയറക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ യൂട്യൂബിൽ ശ്രദ്ധിച്ചു തുടങ്ങുന്നത് അങ്ങനെയാണ്. പക്ഷേ അതിനു മുൻപ് തന്നെ മ്യൂസികുമായി ബന്ധപ്പെട്ട് ഞാൻ ഈ ഫീൽഡിലുണ്ടായിരുന്നു. ആൽബംസിലെ പാട്ടുകളൊക്കെ എഴുതിയിട്ടുണ്ട്. മുൻപേ തന്നെ ഈ ഫീൽഡുമായി ബന്ധമുള്ളത് കൊണ്ട് കൂടിയാണ് പതിയെ ഡയറക്ഷനിലേക്ക് കൂടി താൽപര്യം വരുന്നത്. ആ താല്പര്യത്തിന്റെ പ്രധാന കാരണം കോവിഡ് കാലത്തു കണ്ട സിനിമ സംബന്ധമായ യൂട്യൂബ് വിഡിയോസ് തന്നെയാണ്.
• അച്ഛൻ നിർമ്മാതാവ്
മദർ തെരേസയുടെ ലൈഫ് ഹിസ്റ്ററിയുമായി ബന്ധപ്പെടുത്തി 2002-ൽ എന്റെ അച്ഛൻ ഒരു സിനിമ നിർമ്മിച്ചിരുന്നു. ദി ഗിഫ്റ്റ് ഓഫ് ഗോഡ് എന്നായിരുന്നു അതിന്റെ പേര്.അച്ഛന്റെ പേര് കെ കെ ജേക്കബ് എന്നാണ്.അന്ന് ആ സിനിമ കാൻ ഫെസ്റ്റിവലിലടക്കം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അങ്ങനെയൊരു സിനിമ പാരമ്പര്യം എനിക്കുണ്ട്. സ്വന്തമായി സംവിധാനം ചെയ്യാമെന്ന് തീരുമാനിച്ചപ്പോൾ എന്റെ അച്ഛൻ എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തു. ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്യാമെന്നായിരുന്നു ആദ്യത്തെ തീരുമാനം. ആ സമയത്ത് എല്ലാവരുടെയും ആഗ്രഹം നെറ്റ്ഫ്ലിക്സ് സ്പെസിഫിക്കേഷനിൽ അത് ഷൂട്ട് ചെയ്യണമെന്നായിരുന്നു.നെറ്റ്ഫ്ലിക്സ് അപ്പ്രൂവ്ഡായിട്ടുള്ള കാമറയൊക്കെ ഉപയോഗിച്ചാണ് ആ വർക്ക് ചെയ്തത്. അത് പൂർത്തിയായി വന്നപ്പോഴാണ് ചെരാതുകൾ എന്നൊരു ആന്തോളജി മൂവിയിലേക്ക് ഉൾപ്പെടുത്താനായി അതിന്റെ ആളുകൾ ഒരു ഷോട്ട്ഫിലിം അന്വേഷിക്കുന്ന കാര്യം അറിഞ്ഞത്. അങ്ങനെയാണ് മൂന്നാമത്തെ കഥയായി ദിവ എന്ന ഷോട്ട്മൂവി ഉൾപ്പെടുത്തുന്നത്.
• പാട്ടുകാരിയാവാൻ ആഗ്രഹിച്ചു
ഒരു പാട്ടുകാരിയാവാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്റെ അച്ഛൻ നിർമ്മിച്ചിരുന്ന സിനിമയുടെ സംഗീതം ചെയ്തിരുന്നത് ബേണി ഇഗ്നേഷ്യസ് ആയിരുന്നു. എന്റെ പാട്ട് കേട്ട് ബേണി ഇഗ്നേഷ്യസാണ് എന്നോട് പാട്ട് പഠിക്കാൻ പറയുന്നത്. ആ ഒരു പ്രചോദനത്തിലാണ് പാട്ട് പഠിക്കുന്നത്. പിന്നീട് അതിനെപ്പറ്റി ടെക്നിക്കലി പഠിക്കാൻ വേണ്ടി അലക്സ് പോൾ സാറിന് കീഴിൽ മ്യൂസിക് ടെക്നോളജി ചെയ്തു. അതുവഴിയാണ് കമ്പോസിംഗ് മിക്സിങ് പ്രോഗ്രാമിംഗ് റെക്കോർഡിങ് തുടങ്ങി വരികൾ എഴുതുന്നതുവരെ പഠിച്ചത്. പിൽക്കാലത്ത് ബേണി അങ്കിളിന്റെ മകൻ ചെയ്ത ഒരു മ്യൂസിക് വർക്കിന് വേണ്ടി ഞാൻ പാട്ടെഴുതി. ഒരു ആൽബം സോങ് ആയിരുന്നു അത്. സിത്താരയാണ് പാടിയത്.അതാണ് പാട്ടുമായിട്ടുള്ള ബന്ധം.ഞാൻ അസോസിയേറ്റ് ഡയറക്ടർ ആയ ഒരു വർക്ക് ഉടൻതന്നെ റിലീസ് ആവാൻ നിൽക്കുന്നുണ്ട്. അതിൽ ഞാനൊരു പാട്ട് എഴുതിയിട്ടുണ്ട്. മ്യൂസിക്കും ചെയ്തിട്ടുണ്ട് അതിൽ.
• സിനിമ ചർച്ചകൾ കുടുംബത്തിൽ
അച്ഛൻ സിനിമ ചെയുന്ന കാലഘട്ടം 2002 ആണ്. അന്നത്തെ സിനിമയിൽ നിന്നും സിനിമാലോകം ഇന്നൊരുപാട് മാറി. ഞങ്ങൾ തമ്മിൽ അതിനെപ്പറ്റിയൊക്കെ വീട്ടിൽ ഒരുപാട് സംസാരിക്കുന്നുണ്ട്. സത്യത്തിൽ സിനിമയുമായി ബന്ധപ്പെട്ട ഒരാൾ വീട്ടിൽ ഉള്ളതുകൊണ്ട് എല്ലാ കാര്യങ്ങളും കൃത്യമായി ഗൈഡൻസ് കിട്ടുന്നുണ്ട്. ഭാവിയിൽ അച്ഛൻ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുകയാണെങ്കിൽ ചിലപ്പോൾ ഞാനത് ഡയറക്റ്റ് ചെയ്യില്ലായിരിക്കും. കാരണം ആ സമയത്ത് ഞാൻ കൂടുതൽ സപ്പോർട്ട് ചെയ്യേണ്ടത് എന്റെ അച്ഛനെയാണ്.
• സിനിമയിൽ സ്ത്രീകൾ അരക്ഷിതരോ
ദൈവം സഹായിച്ച് ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടില്ല. പക്ഷേ സ്ത്രീകൾ മുമ്പോട്ട് വരണമെന്ന് ആഗ്രഹിക്കുന്ന കുറെ ആളുകളെ എനിക്കറിയാം. എന്നാൽ ചില ആളുകൾ താൻ മാത്രം സ്വയം രക്ഷപ്പെട്ടാൽ മതിയെന്നും ആഗ്രഹിക്കുന്നുണ്ട്. അല്ലാതെ ഒരു സ്ത്രീ എന്ന നിലക്ക് ഇതുവരെ കരിയറിൽ മറ്റു പ്രശ്‌നങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.