നർമം വിളമ്പാൻ 'ശ്രീധന്യ കാറ്ററിങ് സർവീസ്'; പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ജിയോ ബേബി

ണ്ടു പെൺകുട്ടികൾ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് വന്ന സംവിധായകനാണ് ജിയോ ബേബി. തുടർന്ന് കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നിങ്ങനെ നിരവധി സിനിമകൾ ചെയ്ത ജിയോ ബേബി ഇന്ന് അഭിനയരംഗത്ത് കൂടി സജീവമാണ്. ഏറ്റവും പുതിയതായി റിലീസിനായി ഒരുങ്ങി നിൽക്കുന്ന ജിയോ ബേബി ചിത്രമാണ് ശ്രീധന്യ കാറ്ററിങ് സർവീസ്. ജിയോ ബേബി തന്റെ സിനിമ വിശേഷങ്ങൾ മാധ്യമവുമായി പങ്കുവെക്കുന്നു.

1. നർമ്മത്തിൽ ചാലിച്ച ശ്രീധന്യ കാറ്ററിങ് സർവീസ്

ഒരു കോമഡി സിനിമ ചെയ്യാനുള്ള ശ്രമത്തിന്റ ഭാഗമായി സംഭവിച്ച ഒന്നാണ് ശ്രീധന്യ കാറ്ററിങ് സർവീസ്. ശ്രീ ധന്യ എന്ന് പറയുന്നത് ഈ സിനിമയിലെ ഒരു കഥാപാത്രമാണ്. ആ കഥാപാത്രത്തിന്റെ ഭർത്താവ് തുടങ്ങിവെക്കുന്ന ഒരു പ്രസ്ഥാനമാണ് ഈ ശ്രീധന്യ കാറ്ററിങ് സർവീസ്. അതുതന്നെയാണ് സിനിമയുടെ പേരും. ആണുങ്ങൾ കൂട്ടം ചേർന്ന് ഒരു ബിരിയാണി വെക്കുന്നതാണ് ഈ സിനിമയുടെ കഥ . അവർ ബിരിയാണി വെക്കുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും, നർമ്മത്തിൽ ചാലിച്ച നിമിഷങ്ങളും എല്ലാം ചേർന്ന ഒന്ന് . അതുപോലെ സിനിമയിൽ അഭിനയിച്ചിരിക്കുന്ന ഒരു വിധം ആളുകളെല്ലാം പുതിയ അഭിനേതാക്കളാണ്. സിനിമക്ക് ഒരു ഫ്രഷ്നസ് കൊണ്ടു വരുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് അത്തരത്തിൽ പുതിയ ആളുകളെ കൊണ്ടുവന്നതും. ആ കഥ നടക്കുന്ന നാട്ടിലെ യഥാർത്ഥ ആളുകളെ വരെ പലയിടത്തും ഞാൻ ഈ സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. അതുപോലെതന്നെ പല മികച്ച നടന്മാരും ഈ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നുള്ള വിശ്വാസവും എനിക്കുണ്ട്.

2. കേരളത്തിലെ ആദ്യത്തെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ജിയോയുടെ ഷോട്ട് ഫിലിം

ബികോമിന് പഠിക്കുന്ന സമയത്ത് 2001-ലാണ് ഞാൻ ആദ്യമായി ഒരു ഷോർട്ട് ഫിലിം ചെയ്യുന്നത്. ഗ്രാഫിക് തൃശ്ശൂർ നടത്തിയ കേരളത്തിലെ ആദ്യത്തെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ആ സിനിമ പ്രദർശിപ്പിക്കുകയും ചെയ്തു. എന്നു കരുതി പുതിയ ആളുകളെ സിനിമയിലേക്ക് കൊണ്ടുവരുവാനായി പ്രചോദനം എന്ന നിലയ്ക്ക് ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒന്നും സംഘടിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല . കാരണം ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. പക്ഷേ പുതിയ തലമുറയിലെ കലാകാരന്മാരെ കൂടുതൽ സജീവമാക്കുവാനായി ഞാൻ എന്നെകൊണ്ട് സാധ്യമാവുന്ന രീതിയിലുള്ള കാര്യങ്ങൾ എല്ലാം ചെയ്യാറുമുണ്ട്. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി മൂവി ചെയ്തു. അഞ്ചു സംവിധായകരുടെ അഞ്ചു സിനിമകളാണ് അതിലുണ്ടായിരുന്നത്. പുതിയ ആളുകളും അതിൽ ഉണ്ടായിരുന്നു. നല്ല പ്രതിഭകളെ കൊണ്ടുവരുക എന്നുള്ള ലക്ഷ്യത്തിനുവേണ്ടി ഇത്തരത്തിൽ ഞാൻ ശ്രമിക്കാറുണ്ട്. ഞാൻ ചെയ്ത സിനിമകൾ എടുത്തു നോക്കിയാൽ തന്നെ അറിയാം. ഒരുപാട് പുതിയ നടി നടന്മാർ അതിൽ വന്നു പോയിട്ടുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങൾ എല്ലായിപ്പോഴും നടക്കുന്നതായിരിക്കും.

3. സ്വവർഗ്ഗാനുരാഗികളെക്കുറിച്ചുള്ള ഷോർട്ട് ഫിലിം ചെയ്തു; കോളജിൽ നിന്നും പുറത്താക്കി.

സമൂഹത്തിൽ നിലനിൽക്കുന്ന ആവശ്യമില്ലാത്ത അല്ലെങ്കിൽ മനുഷ്യത്വരഹിതമായ വ്യവസ്ഥിതികളെ ചോദ്യം ചെയ്യുവാനാണ് കലയിലൂടെ ഞാൻ പ്രധാനമായും ശ്രമിക്കുന്നത്.2007 ൽ ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളജ് കമ്യൂണിക്കേഷനിൽ എം എ സിനിമ ആൻഡ് ടെലിവിഷൻ പഠനം നടത്തുന്ന കാലത്താണ് ഹോമോ സെക്ഷ്വലായ ആളുകളെക്കുറിച്ച് ഞാൻ ഒരു ഷോർട്ട് ഫിലിം ചെയ്യുന്നത്.അതിന്റെ പേരിൽ എന്നെ കോളജിൽ നിന്നും പുറത്താക്കുകയും ചെയ്തു. തുടർന്ന് 2018 വരെ കാത്തിരിക്കേണ്ടി വന്നു LGBTQ+നെ കോടതി അംഗീകരിക്കുവാനായി. ഒരു മോശം വ്യവസ്ഥിതിക്കെതിരെയാണ് അന്ന് ഞാൻ ഷോർട്ട് ഫിലിമിലൂടെ പ്രതിഷേധിച്ചത്. ഏറ്റവും ആഗ്രഹിച്ചു പഠിക്കാൻ ചേർന്ന ഒരു കോഴ്സ് പൂർത്തിയാക്കാൻ പറ്റാത്തത് വലിയ മാനസിക വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഞാൻ മാത്രമല്ല ആ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ മൂന്നുപേർ കൂടി ആ കോളജിൽ നിന്ന് ആ കാലത്തു ഡിസ്മിസ് ചെയ്യപ്പെട്ടിട്ടുണ്ട്. സിനിമ ചെയ്തു എന്നും പറഞ്ഞ്, സിനിമ പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയ ആ സാഹചര്യം നമ്മുടെ ജീവിതത്തിനെ തന്നെ വലിയൊരു ആശങ്കയിലാക്കിയിട്ടുണ്ടായിരുന്നു. ഒരുപാട് ബുദ്ധിമുട്ടി തന്നെയാണ് അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് വന്നത്.എന്നാൽ ഇന്ന് LGBTQ കമ്മ്യൂണിറ്റിയുടെ ഒരുപാട് സിനിമകൾ ഇനി മലയാളത്തിൽ വരാനുണ്ട്. മലയാളത്തിൽ മാത്രമല്ല പല ഭാഷകളിലും വരാനുണ്ട്. അവരെ കൃത്യമായി അടയാളപ്പെടുത്തുന്ന പല സിനിമകളും ഇനി വരാൻ കിടക്കുന്നു എന്നുള്ളത് തന്നെയാണ് എന്റെ അറിവ്.

4. സംവിധായക കുഞ്ഞിലയുടെ 'അസംഘടിതർ' എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തോടുള്ള താങ്കളുടെ സമീപനം

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമ സംഭവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനം കുഞ്ഞിലയുടെ സിനിമ അതിനകത്ത് ഉണ്ടായിരുന്നു എന്നതാണ്. അസംഘടിതർ എന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് ഈ ആന്തോളജി സിനിമ ചെയ്യാം എന്നുള്ള പൂർണ്ണ തീരുമാനത്തിലേക്ക് ഞാൻ എത്തിയത്. കുഞ്ഞിലയുടെ ആദ്യത്തെ സിനിമയുടെ പങ്കാളിയാവാൻ സാധിച്ചു എന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനമുള്ള കാര്യമാണ്. ഞാൻ ഏറ്റവും റെസ്പെക്ട് ചെയ്യുന്ന ഒരു ഫിലിം മേക്കറാണ് കുഞ്ഞില. പിന്നെ കോഴിക്കോട് വനിതാ ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിഷയത്തിൽ വളരെ ജനുവിനായ ചോദ്യങ്ങളാണ് കുഞ്ഞില ചോദിച്ചത്. വനിതാ ചലച്ചിത്രമേളയിൽ എന്തുകൊണ്ട് വനിത സംവിധായകയായ കുഞ്ഞിലയുടെ സിനിമ പ്രദർശിപ്പിച്ചില്ല, സിനിമകൾ മേളയിലേക്ക് തെരഞ്ഞെടുക്കുവാനുള്ള മാനദണ്ഡം തുടങ്ങിയ കുഞ്ഞിലയുടെ എല്ലാത്തരം ചോദ്യങ്ങളും പ്രസക്തമാണ്. വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഫ്രീഡം ഫൈറ്റ് ആ മേളയിൽ പ്രദർശിപ്പിക്കുന്നോ എന്നുള്ളത് അത്ര ഗൗരവമുള്ള കാര്യമല്ല. അത് പ്രദർശിപ്പിച്ചാലും ഇല്ലെങ്കിലും എനിക്ക് പ്രത്യേകിച്ച്മനോവ്യത്യാസം ഒന്നും സംഭവിക്കുന്നില്ല. എങ്കിലും ഞാൻ ചോദിക്കുന്നു എന്താണ് മേളയിലേക്ക് സിനിമ തെരഞ്ഞെടുക്കുവാനുള്ള മാനദണ്ഡം എന്ന്. വനിത ചലച്ചിത്രമേളയിലേക്ക് ഒരു സിനിമ സബ്‌മിറ്റ് ചെയ്യുവാൻ ഏതെങ്കിലും ഒരു വനിത ആഗ്രഹിക്കുന്നുവെങ്കിൽ തന്നെ ഇവിടെ സബ്മിഷൻ ഇല്ല. ഇനിയിപ്പോൾ കുഞ്ഞിലയുടെ സിനിമ അതിൽ ഉൾപ്പെടുത്തിയിട്ടില്ല എങ്കിലും കുഞ്ഞിലയും രത്തീനയുമെല്ലാം ഏതെങ്കിലും വിധത്തിലെങ്കിലും ആ മേളയുടെ ഭാഗമാകേണ്ടതാണ്. അതും സംഭവിച്ചില്ല. ഞാനും ചലച്ചിത്ര അക്കാദമിക്ക് മെയിൽ അയച്ചു കാര്യങ്ങളിലെ വ്യക്തത അറിയുവാനായി. പക്ഷേ അതിനു മറുപടി ലഭിച്ചില്ല. അത് അവരുടെ ഒരു ധാർഷ്ട്യം പോലെയായാണ് എനിക്ക് തോന്നുന്നത്. പിന്നെ എല്ലാ സമരങ്ങളും നടത്തുന്നത് സമരം ശ്രദ്ധിക്കപ്പെടാൻ വേണ്ടി തന്നെയാണ്.കുഞ്ഞില കുഞ്ഞിലയുടെ സമരമാർഗം കണ്ടെത്തി. അതിലും എനിക്കൊരു പ്രശ്നവും തോന്നുന്നില്ല.സമരരീതി തീരുമാനിക്കേണ്ടത് സമരം നടത്തുന്ന വ്യക്തിയാണ്.

5. ഷോർട്ട് ഫിലിമുകൾക്കും മ്യൂസിക് വീഡിയോകൾക്കും സംഗീതം നൽകിയിരുന്ന കാലം

കാര്യമായ സംഗീത പഠനം ഒന്നും എനിക്കില്ല. ചെറുപ്പത്തിൽ വീടിനടുത്തുള്ള സംഗീത പഠിക്കുന്ന ഒരിടത്ത് എന്നെ കുറച്ചു കാലം വിട്ടിട്ടുണ്ട്. എന്നാൽ സംഗീതം പഠിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് അക്കാലത്ത് ഞാൻ തന്നെ മുൻകൈ എടുത്താണ് അത് നിർത്തി പോരുന്നതും. പിന്നീടാണ് എനിക്ക് പാട്ടിനോടൊക്കെ ഇഷ്ടം തോന്നിയതും. ചങ്ങനാശ്ശേരി കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ ചെറിയ മ്യൂസിക് വീഡിയോയിലൊക്കെ സംഗീതം നൽകിയിട്ടുണ്ട്. എന്റെ ഒരു ഏരിയ മ്യൂസിക് അല്ല വിഷ്വൽ മീഡിയ ആണെന്നുള്ള വ്യക്തമായ ധാരണ എനിക്കുള്ളപ്പോ പോലും ഒരു രസത്തിനു വേണ്ടിയോ, സംഗീത സംവിധായകനെ വിളിച്ചു വർക്ക് ചെയ്യിപ്പിക്കുവാൻ ക്യാഷ് ഇല്ലാത്തതുകൊണ്ടൊക്കെ അന്ന് വർക്കുകൾ ചെയ്തു. പിന്നീട് പല വർക്കുകളുടെയും സംഗീത സംവിധായകൻ ഞാനായി മാറി.അങ്ങനെ നിരന്തരം വർക്കുകൾ വന്നപ്പോൾ അതൊരു വരുമാനം മാർഗ്ഗം കൂടിയായി കണ്ടു.2007 മുതൽ 2010 വരെ എന്റെ ഉപജീവനമാർഗ്ഗം സംഗീതമായിരുന്നു. ഒരുപാട് പരസ്യ ചിത്രങ്ങൾ ഒക്കെ ഞാൻ സംഗീതം നൽകിയിട്ടുണ്ട്. പിന്നീട് ബോധപൂർവ്വം ഞാനത് നിർത്തുകയായിരുന്നു.

6. മിനിസ്‌ക്രീനിൽ നിന്നും ബിഗ്സ്‌ക്രീനിലേക്ക്

മറിമായം, എം ഐറ്റി മൂസ, ഉപ്പും മുളകും എല്ലാം എഴുതാൻ തുടങ്ങിയ കാലത്തൊക്കെ അതോടൊപ്പം സിനിമ ചെയ്യാനുള്ള ശ്രമങ്ങളും ഞാൻ നടത്തുമായിരുന്നു. പിന്നീട് 2014ലാണ് രണ്ടു പെൺകുട്ടികൾ എന്ന സിനിമ ചെയ്യുന്നത്.

7. സിദ്ധാർഥ് ശിവയുമായുള്ള ബന്ധം വിലപ്പെട്ടത്

ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. സിനിമയിൽ വരുന്നതിനു മുൻപായി 2002ലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ആ കാലത്ത് ഏതാണ്ട് ഒരുമിച്ച് തന്നെയായിരുന്നു ഞങ്ങളുടെ സിനിമ ശ്രമങ്ങളെല്ലാം തന്നെ. അതായത് അവൻ അവന്റെ രീതിയിലും ഞാൻ എന്റെ രീതിയിലും ശ്രമങ്ങൾ തുടർന്നു.അതേ വർഷം ഞാൻ കോളജിൽ ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. അതിന്റെ ചായഗ്രഹകൻ സിദ്ധാർത്ഥ് ശിവ തന്നെയായിരുന്നു.ഞങ്ങൾ തമ്മിൽ പരസ്പരം ഒരുപാട് കഥകൾ പറഞ്ഞിട്ടുണ്ട് ഒരുമിച്ച് ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്, രണ്ടുമൂന്നു വർഷത്തോളം ഞാൻ അവന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അങ്ങനെയുള്ള വലിയ സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ട്. പക്ഷേ രണ്ടുപേരുടെയും സിനിമകൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ വെവ്വേറെ തന്നെ ആയിരുന്നു.

8. അഭിനയത്തിലേക്ക് യാദൃശ്ചികയായി

നമ്മൾ സിനിമ ചെയ്യാൻ തുടങ്ങിയപ്പോൾ അതിലെ ചെറിയ കഥാപാത്രങ്ങൾ ഒക്കെ വെറുതെ ചെയ്തു നോക്കി. അങ്ങനെയൊക്കെ തുടങ്ങിയതാണ് അഭിനയം. എല്ലാവരും അഭിപ്രായങ്ങളൊക്കെ നല്ല രീതിയിൽ പറയാൻ തുടങ്ങിയപ്പോൾ എന്നാൽ പിന്നെ ഇനിയും അഭിനയിച്ചു നോക്കാമെന്ന് തോന്നി. ഇനി വരാനിരിക്കുന്ന 'എന്നിവർ' എന്ന സിനിമയിൽ അത്യാവശ്യം ലങ്ത്തുള്ള കഥാപാത്രം ഞാൻ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞാനും കുറച്ച് സീരിയസായി അഭിനയത്തെ കാണുന്നുണ്ട്. കുറച്ചധികം സിനിമകൾ ഒരു അഭിനേതാവ് എന്ന നിലയിൽ എന്റെതായിട്ടു വരാനുണ്ട്. അതൊരു പ്രൊഫഷനാണ്. വരുമാനം കിട്ടുന്നുണ്ട്. അതോടൊപ്പം സംവിധാനം എന്ന ജോലിയെക്കാൾ വളരെ എളുപ്പമായി തോന്നുന്നുണ്ട്. അഭിനയം കുറേക്കൂടി ഫ്രീയായി ചെയ്യാൻ പറ്റുന്ന ജോലിയാണ്.

9. മകൻ മ്യൂസിക് ജിയോയും സിനിമയിൽ

ടോവിനോ തോമസ് നായകനായ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന സിനിമയിൽ അവൻ ടോവിനോയുടെ കുട്ടിക്കാലമായി അഭിനയിച്ചിട്ടുണ്ട്. ഒരു മകനെ കൂടാതെ മകൾ കൂടി എനിക്കുണ്ട് കഥ എന്നാണ് അവളുടെ പേര്.

Tags:    
News Summary - Director Jeo Baby's Latest Interview About His New Film Sreedhanya Catering Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT