'ഓം ശാന്തി ഓശാന', 'ഒരു മുത്തശ്ശി ഗഥ', ഇപ്പോൾ 'സാറാസ്'... ജൂഡ് ആന്തണി ജോസഫിെൻറ സിനിമകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. മൂന്നിലും സത്രീകളാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഇതിൽ 'സാറാസ്' പറയുന്നത് കുട്ടികളെ ഇഷ്ടമല്ലാത്ത സാറ എന്ന പെൺകുട്ടിയുടെ കഥയാണ്. ഇതിലെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ സന്ദേശവും ഗർഭഛിദ്രത്തെ മഹത്വവത്കരിക്കുന്നെന്ന വിമർശനവുമെല്ലാം മലയാളികൾ സജീവമായി ചർച്ച ചെയ്യുകയാണ്. ഗർഭധാരണം, പാരൻറിങ്, അബോർഷൻ തുടങ്ങിയ വിഷയങ്ങളിൽ സ്ത്രീ കേന്ദ്രീകൃതമായ ചർച്ചകളിലേക്ക് വഴിതെളിച്ച പുതിയ സിനിമയുടെ വിശേഷങ്ങൾ ജൂഡ് 'മാധ്യമം ഓൺലൈനു'മായി പങ്കുവെക്കുന്നു.
സ്ത്രീയുടെ അല്ല, മനുഷ്യന്‍റെ വ്യക്തിസ്വാതന്ത്ര്യമാണ് വിഷയം
'സാറാസ്' ഇറങ്ങുന്നത് അഞ്ചാം തീയതി രാത്രി പന്ത്രണ്ട് മണിയോടടുപ്പിച്ചാണ്. അന്ന് പുലർച്ചെ നാലുമണി വരെ പ്രേക്ഷക പ്രതികരണമറിയാനായി കാത്തിരിക്കാം എന്ന പ്ലാനോടെ ഞാൻ ഫേസ്ബുക്ക് ഒക്കെ നോക്കി ഇരുന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് നാലുമണിക്കുള്ളിൽ ഒരുപാട് കോളുകളും മെസേജുകളുമാണ് എന്നെ തേടിയെത്തിയത്. അന്ന് വന്ന പല കോളുകളോടും മെസേജുകളോടും ഇന്നും എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞിട്ടില്ല. അത്രക്കുണ്ട് അവ. പ്രേക്ഷകരിൽ നിന്നൊക്കെ നല്ല പ്രതികരണം ലഭിച്ചപ്പോഴാണ് സമാധാനമായത്.
അത്തരമൊരു പ്രമേയമാണല്ലോ സിനിമ കൈകാര്യം ചെയ്യുന്നത്. പിന്നെ ഒരു സ്ത്രീയാണ് ഇതിലെ പ്രധാന കഥാപാത്രമെങ്കിലും ഒരു മനുഷ്യന്‍റെ വ്യക്തിസ്വാതന്ത്ര്യം തന്നെയാണ് നമ്മളിവിടെ പറയുന്ന വിഷയം. നമ്മൾ ജീവിതത്തിൽ കണ്ടുമുട്ടുന്ന പലരിലും ഉള്ള പല കാര്യങ്ങളും ശരിയല്ല എന്ന് തോന്നുമെങ്കിലും വാസ്തവത്തിൽ അതയാളുടെ ഇഷ്ടമാണ് എന്നു വിചാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു എല്ലാം. മറ്റൊരാളുടെ ഒരു തീരുമാനം സമൂഹത്തിന് ദോഷമുണ്ടാക്കാത്ത പക്ഷം അതിൽ ഒരു തെറ്റുമില്ല. അതാണ് നമ്മുടെ ആശയവും. പിന്നെ ആരും പറയാത്ത കഥകൾ തന്നെയാണ് സിനിമ ചെയ്യാൻ നോക്കുമ്പോൾ ഞാൻ എല്ലായ്പ്പോഴും എടുക്കുന്ന ആദ്യത്തെ മാനദണ്ഡം.
കുട്ടികളെ ഇഷ്ടമില്ലാത്ത ഒരു പെൺകുട്ടിയുടെ കഥയാണ് 'സാറാസ്' എന്നു ഞാൻ ഭാര്യ ഡയാനയോട് പറഞ്ഞപ്പോൾ അവൾക്ക് ചെറിയ ആശങ്കയുണ്ടായിരുന്നു. അങ്ങനെ ഒരു കഥ വന്നാൽ എങ്ങിനെ സ്വീകരിക്കപ്പെടുമെന്ന ആശങ്ക അവൾ പങ്കുവെച്ചു. വാസ്തവത്തിൽ കുട്ടികളെ ഇഷ്ടമില്ലാത്ത പെൺകുട്ടി എന്നത് ആദ്യം എനിക്ക് പോലും അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യമായിരുന്നു. എന്നാൽ മറ്റൊരാൾ എന്ത് തീരുമാനം എടുത്താലും അത് അയാളുടെ സ്വാതന്ത്ര്യം കൂടിയാണെന്ന തിരിച്ചറിവ് വന്നത് കൊണ്ടാണ് ഈ സിനിമ ചെയ്യാൻ ഞാൻ തയ്യാറായത്.
അങ്ങനെ ഭാര്യ ആശങ്ക പ്രകടിപ്പിച്ചപ്പോൾ ഞാനവൾക്ക് സ്‌ക്രിപ്റ്റ് വായിക്കാൻ കൊടുത്തു. അതു വായിച്ച ശേഷം അവൾ പറഞ്ഞു ഇത് എല്ലാ സ്ത്രീകൾക്കും ഇഷ്ടമാകുമെന്ന്. ആ സ്‌ക്രിപ്റ്റ് വായിക്കും വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവളുടെ ആശങ്ക. ഇപ്പോൾ വിമർശനങ്ങൾ വരുമ്പോൾ പോലും അവൾ പറയുന്നത് ആശയം മനസിലാക്കാത്തവർ ആണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ്. സത്യത്തിൽ എന്‍റെ ഭാര്യ പ്രസവത്തിന് വേണ്ടി തയ്യാറെടുക്കുന്ന സമയത്താണ് ഞാൻ ഈ സിനിമ ചെയ്യാനിറങ്ങുന്നത്.
ഞാൻ ചെയ്തിട്ടുള്ള സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങൾ എല്ലാം തന്നെ സ്ത്രീകളാണ്. 'ഓം ശാന്തി ഓശാന', 'ഒരു മുത്തശ്ശി ഗഥ','സാറാസ്' ഇവയിലെല്ലാം സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങൾ. 'ഓം ശാന്തി ഓശാന'യിൽ തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ മാത്രമേ വിവാഹം കഴിക്കൂ എന്നുപറയുന്ന നായിക യഥാർഥത്തിൽ എന്‍റെ അനുജത്തിയും എന്‍റെ ചേച്ചിമാരും ഒക്കെ തന്നെയാണ്. അവർ ഒക്കെ എടുത്തിട്ടുള്ള തീരുമാനവും ചെയ്തിട്ടുള്ള കാര്യവുമൊക്കെ തന്നെയാണത്. ആ സിനിമക്കായി പ്രത്യേകിച്ചൊരു പാഠപുസ്തകമൊന്നും എനിക്ക് വേണ്ടി വന്നിട്ടില്ല. എന്‍റെ അനുജത്തി അവൾക്ക് ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടുപിടിക്കുന്നത് വരെ പല ഭാഗത്തു നിന്നായി അവൾക്ക് വന്ന ആലോചനകളൊക്കെ വേണ്ടെന്ന് വെച്ച ആളാണ്. എന്‍റെ അമ്മയും വളരെ സ്വാതന്ത്ര്യം ഉള്ള ഒരാളാണ്.
എന്‍റെ അച്ഛൻ ഒരിക്കൽ പോലും അമ്മയെ പറ്റി മോശമായി സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. അതുകൊണ്ട് എനിക്ക് എന്‍റെ സിനിമകളിലുള്ള ഒന്നും വലിയ പുതുമ ഉള്ള കാര്യമല്ല. ചില വീടുകളിൽ സ്ത്രീകളെ ഒറ്റപ്പെടുത്തുന്നു എന്നു പറഞ്ഞുകേട്ടിട്ടുള്ളതല്ലാതെ, എനിക്കറിയാവുന്ന കൂട്ടുകാരുടെ വീടുകളടക്കം ഭൂരിഭാഗം ഇടങ്ങളിലും ഞാൻ കണ്ടിട്ടുള്ളത് സ്‌ത്രീകൾക്ക് സ്വാതന്ത്ര്യം ഉള്ളതായിട്ടതാണ്. അതുകൊണ്ട് തന്നെ ഇതിനെയൊക്കെ ചില വീടുകളിൽ/ചില ഇടങ്ങളിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവമായി കാണാനാണ് ഇഷ്ടം. എന്‍റെ സിനിമയിലെ പൂജയും സാറയുമൊക്കെ തന്നെ എന്‍റെ ഭാര്യ, അമ്മ, സഹോദരിമാർ എന്നിവരുമായി ബന്ധപ്പെട്ടു കിടക്കുന്നവർ തന്നെയാണ്.
പ്രണയിച്ച് വിവാഹം കഴിക്കാൻ ഇഷ്ടപ്പെട്ട ഒരാളായിരുന്നു ഞാൻ. ആ ആഗ്രഹം ഞാൻ നിറവേറ്റുകയും ചെയ്തു. ഞാൻ ചെയ്യുന്ന എല്ലാ സിനിമകളിലും പ്രണയം പറഞ്ഞു പോവാറുണ്ട്. പ്രേമിക്കുമ്പോൾ എല്ലാവരേയും പോലെ നന്നായി പ്രണയിക്കുന്നു എന്നല്ലാതെ എന്‍റെ പ്രണയം മഹത്തരമാണ് എന്നൊന്നും ഞാൻ പറയുന്നില്ല. എന്നാൽ, നമ്മളുടെ അനുഭവങ്ങൾ കഥാപാത്രങ്ങളിൽ അങ്ങിങ്ങായി ചേർത്തുവെക്കാറുണ്ട്.
സ്വന്തം സിനിമ കൂടുതൽ ആളുകൾ കാണണം എന്ന ആഗ്രഹം ഉള്ളവരാണ് എല്ലാ ഡയറക്ടർമാരും. അതിന്‍റെ ഭാഗമായി അവർ സിനിമ കാണാൻ ആളുകളെ പ്രേരിപ്പിക്കുന്ന കാരണങ്ങളുടെ എണ്ണവും കൂട്ടും. 'സാറാസി'ൽ ബെന്നി പി. നായരമ്പലം, ധന്യ വർമ്മ, കലക്ടർ പ്രശാന്ത് എന്നിവരെ ഞാൻ കാസ്റ്റ് ചെയ്യുന്നത് എന്‍റെ സിനിമയുടെ സ്വാർഥതക്ക് വേണ്ടി, എന്‍റെ സിനിമ പ്രേക്ഷകർ കാണുവാനുള്ള കാരണങ്ങൾ ആക്കിയാണ്. അത് മിനിമം ഒരു ഫിലിം മേക്കർ ചെയ്യേണ്ട കാര്യമായി എനിക്ക് തോന്നിയിട്ടുണ്ട്. പ്രേക്ഷകർ അവരുടെ സമയം കളഞ്ഞു ഒരു സിനിമ കാണാനിറങ്ങാൻ താൽപര്യം കാണിക്കണമെങ്കിൽ നമ്മളായിട്ട് ഒരു കാരണം ഉണ്ടാക്കി കൊടുക്കണം. അത്തരത്തിൽ ഒരുപാട് കാരണങ്ങളിൽ ഒരു കാരണമാണ് കാസ്റ്റിങ്. ബെന്നി ചേട്ടന് അഭിനയിക്കാൻ കഴിയുമോ എന്ന് ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു. അന്നയോടൊപ്പം എത്താൻ പറ്റുമോ എന്ന ആശങ്കയായിരുന്നു ബെന്നി ചേട്ടന്. പക്ഷേ, അദ്ദേഹം അതൊക്കെ നന്നായി ചെയ്തു.
നിവിനോട് അന്ന് പറഞ്ഞു-ചായക്കടക്കാരന്‍റെ വേഷമെങ്കിലും നിനക്ക് തരും
നിവിൻ പോളിയുടെയും എന്റെയും കൂട്ടുകെട്ടിൽ എപ്പോൾ വേണമെങ്കിലും ഒരു സിനിമ പുറത്തു വരാം. അവനും ഞാനും മിക്ക ദിവസങ്ങളിലും സംസാരിക്കുന്ന കാര്യമാണ് നമുക്ക് ഒരു സിനിമ ചെയ്യാമെന്ന്. പക്ഷേ, ഞാനും നിവിനും ഒന്നിച്ചു ഒരു വർക്ക് വരുമ്പോൾ തീർച്ചയായും അത് 'ഓം ശാന്തി ഓശാന'യിലെ ഗിരിയേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന സിനിമയാകണം എന്നുണ്ട്. എന്തായാലും ഉടൻ ഒരു വർക്ക് ഒന്നിച്ചു ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇൻഫോസിസിൽ ഞാനും നിവിനും സഹപ്രവർത്തകർ ആയിരുന്നു. നിവിൻ ആ സമയത്ത് ഒക്കെ എന്നോട് പറയുമായിരുന്നു-എടാ ഏതെങ്കിലും ഒരു ചാനലിൽ വി.ജെ ആയി കയറാൻ പറ്റുമോ, ഏതെങ്കിലും സിനിമയിലൊക്കെ ചെറിയ വേഷം ചെയ്യാൻ പറ്റുമോ-എന്നൊക്കെ. അന്ന് ഞാൻ പറഞ്ഞിരുന്നത് എന്നെങ്കിലും ഒരിക്കൽ ഞാൻ വലിയ സംവിധായകനാവുമ്പോൾ ഒരു ചായകടക്കാരൻ ആയെങ്കിലും നിനക്ക് ഞാൻ വേഷം തരുമെന്നാണ്. പക്ഷേ, ആ എന്നെ വരെ അത്ഭുതപ്പെടുത്തി കൊണ്ട് നിവിൻ ആദ്യം സിനിമയിൽ എത്തി. അവനു വേഷം കിട്ടി, അവൻ സ്റ്റാർ ആയി, ഒടുവിൽ അവന്‍റെ ഡേറ്റ് വെച്ചു ഞാൻ സിനിമയും ചെയ്തു. ഞാൻ വിചാരിച്ചത് ഞാൻ ഒരു പടം ചെയ്യുമ്പോൾ അവന് ഒരു വേഷം കൊടുക്കാം എന്നാണ്. എന്നാൽ അത് മാറി അവന്‍റെ ഡേറ്റ് കൊണ്ട് ഞാൻ സിനിമ ചെയ്‌തു എന്ന അവസ്ഥയിലേക്ക് എത്തി.
എല്ലാവരേയും പോലെ ആകരുത് എന്ന് തീരുമാനിച്ചിടത്ത് വിജയം
എൻജിനീയറിങിന് പകരം സിനിമ പഠിച്ചിരുന്നെങ്കിലോ എന്ന് പലരും ചോദിക്കാറുണ്ട്. എല്ലാവരും എൻട്രൻസ് കൊച്ചിങിന് പോയപ്പോൾ ഞാനും എൻട്രൻസ് കൊച്ചിങിന് പോയി. എല്ലാവരും ബി.ടെക് പഠിക്കാൻ പോയപ്പോൾ ഞാനും ബി.ടെക് പഠിക്കാൻ പോയി. എല്ലാവരും ജോലിക്ക് പോയപ്പോൾ ഞാനും ജോലിക്ക് പോയി. പക്ഷേ, എല്ലാവരെയും പോലെ ആവരുത്, എനിക്ക് ഞാൻ ഇഷ്ടപ്പെടുന്ന സിനിമ ചെയ്യണമെന്ന് തോന്നിയ സമയത്ത് ഉറച്ച തീരുമാനമെടുത്ത് ഇറങ്ങിയത് കൊണ്ട് ഇപ്പോൾ സംവിധായകനായി. സിനിമയാണെന്‍റെ മേഖല എന്നത് എനിക്ക് ചെറുപ്പത്തിലേ അറിയാമായിരുന്നു. 'ക്രേസി ഗോപാലൻ' എന്ന സിനിമയിലാണ് ആദ്യമായി അസിസ്റ്റൻറ് ആയി വരുന്നത്. അതിന് ശേഷവും വർക്ക് ചെയ്തു. പിന്നെ പരിശ്രമം കൊണ്ട് സ്വന്തമായും സിനിമകൾ ചെയ്യാൻ പറ്റി.
അഭിനയിച്ച ചില ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്. 'മിന്നൽ മുരളി'യിലൊക്കെ അഭിനയിച്ചിരുന്നു. ഞാൻ അഭിനയിക്കാനായി അവസരം ചോദിക്കാറുണ്ട്. പല ചിത്രങ്ങളിലും അഭിനയിച്ചത് അങ്ങോട്ട് ചോദിച്ചിട്ടാണ്. ചിലർ ഇങ്ങോട്ട് വിളിച്ച് അവസരം നൽകിയിട്ടുമുണ്ട്. രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന 'ഐശ്വര്യ വിലാസം ഗുണ്ടാസംഘം' എന്ന ചിത്രത്തിൽ ഞാൻ നായകനായി വരാനിരുന്നതാണ്. ആ കഥ പറയുന്ന സമയത്ത് അതിൽ ക്ലൈമാക്സ് ഇല്ലായിരുന്നു. എന്നെക്കൊണ്ട് പറ്റുന്ന പോലെ ആ വർക്ക് പരമാവധി ഭംഗിയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. പക്ഷെ സ്ക്രിപ്റ്റിങ് ഇപ്പോഴും പൂർണ്ണമല്ലാത്തത് കൊണ്ട് ഞാൻ ആ വർക്ക് വേണ്ട എന്നു വിചാരിച്ചു.
അതുപോലെ ഞാൻ നിർമ്മാതാവ് ആവുന്ന 'ഞാൻ ഫാമിലി' എന്ന ചിത്രം ഷൂട്ട് തുടങ്ങാൻ തീരുമാനിച്ചതിന് 18 ദിവസം മുമ്പ് നായകനായി നിശ്ചയിച്ചയാൾ ആ വർക്കിൽ അൽപം വിശ്വാസകുറവ് കാണിക്കുകയും അതിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇപ്പോൾ മറ്റൊരു നായകനെ നോക്കുന്നുണ്ട്. ഉടനെ ആ വർക്ക് ഉണ്ടാകും. മറ്റൊരു നായകനെ, സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു നായകനെ വെച്ച് ആ സിനിമ ഉടൻ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.