സിനിമയിലെനിക്കൊരു ഗോഡ്​ഫാദറില്ല -ദിനേശ്​ പ്രഭാകർ

ദിനേശ് പ്രഭാകറിനെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. മലയാളത്തിൽ മാത്രമല്ല ബോളിവുഡ് സിനിമകളിൽ വരെ സാന്നിധ്യം അറിയിച്ച ദിദേശ്​ ഇപ്പോൾ സിനിമാപ്രേമികൾക്ക് വളരെ പരിചിതമുഖമായി മാറി കഴിഞ്ഞിട്ടുണ്ട്‌. ഈയടുത്ത്​ ആമസോണിൽ റിലീസായ ദൃശ്യം 2വിലും മാലികിലും ശ്രദ്ധേയമായ കഥാപാത്രം ചെയ്ത ദിനേശ് വെറും അഭിനേതാവ് മാത്രമല്ല, അതിലുപരി പല മേഖലകളിലായി തിളങ്ങി നിൽക്കുന്ന നല്ലൊരു കലാകാരനാണ്. കടന്നുവന്ന വഴികളും സിനിമ വിശേഷങ്ങളും ദിനേശ് 'മാധ്യമം ഓൺലൈനു'മായി പങ്കുവെക്കുന്നു.

ജഗതിയെ 'കണികാണിച്ച്' അരങ്ങേറ്റം​

സത്യം പറഞ്ഞാൽ പൂർണ്ണമായ പരിശ്രമത്തിലൂടെ മാത്രമാണ്‌ ഞാൻ സിനിമയിലെത്തുന്നത്. ഞാൻ സിനിമയിലേക്ക് വരുന്ന കാലഘട്ടത്തിൽ ഫേസ്ബുക്ക്, വാട്സ്​ആപ്പ് തുടങ്ങി സോഷ്യൽ മീഡിയക​േ​ളാ റിയാലിറ്റി ഷോ പോലുള്ള അവസരങ്ങളോ ഒന്നും ഇല്ലായിരുന്നു. അന്നൊക്കെ സ്റ്റുഡിയോയിൽ പോയെടുക്കുന്ന നമ്മുടെ ഫോട്ടോസുമായി ഏതെങ്കിലും ലൊക്കേഷനുകളിലൊക്കെ കയറിയിറങ്ങി കുറെ സംവിധായകരെയോ തിരക്കഥാകൃത്തുകളെയോ ഒക്കെ കാണും. സിനിമയിലെത്താനുള്ള ശ്രമങ്ങളൊക്കെ അങ്ങിനെയാണ് നടക്കുന്നത്. നിർഭാഗ്യവശാൽ എന്‍റെ കുടുംബത്തിലോ സുഹൃത്തുക്കളുടെയോ ഇടയിൽ ഒരൊറ്റ സിനിമാക്കാർ പോലും ഇല്ലാത്തതിനാൽ അത്തരം വഴികളും നോക്കാൻ സാധ്യമല്ലായിരുന്നു. പക്ഷേ എന്‍റെ ഉള്ളിലെ അടങ്ങാത്ത ആഗ്രഹം കാരണം, പല തവണ നിരാശനായി മടങ്ങേണ്ടി വന്നിട്ടും, ശ്രമം ഉപേക്ഷിക്കാൻ ഞാൻ തയ്യാറായില്ല.

അങ്ങനെ അവസാനം എന്‍റെ സ്റ്റേജ് പ്രോഗ്രാം കണ്ട ഒരു സുഹൃത്താണ് ലാൽജോസിനോട് ഞാൻ സംസാരിക്കാം, ഒന്ന് പോയി കാണൂ എന്ന്​ പറയുന്നത്. അതുകേട്ട് ലാൽജോസിനെ കണ്ടെങ്കിലും അദ്ദേഹമപ്പോൾ പറഞ്ഞത് അടുത്ത വർക്ക് വരുമ്പോൾ നോക്കാം, എന്തെങ്കിലും ചെറിയ വേഷം തരാം എന്നൊക്കെയാണ്. അതുകഴിഞ്ഞു ആറുമാസം കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു പടമെടുക്കുന്നു എന്ന അറിയിപ്പ് കണ്ട്​ ഞാൻ വീണ്ടും പോയി. അപ്പോൾ അദ്ദേഹം നല്ല രീതിയിൽ പറഞ്ഞുതന്നു, സിനിമയിൽ നിന്നു കഴിഞ്ഞാൽ ചിലപ്പോൾ നിങ്ങൾ പ്രതീക്ഷിക്കുന്ന വരുമാനമോ സൗകര്യമോ ഒന്നും ഫീൽഡിൽ നിന്നും കിട്ടണമെന്നില്ല എന്നൊക്കെ. പക്ഷേ, സിനിമയോടുള്ള പാഷൻ കാരണം വരുമാനമില്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടിലായിരുന്നു ഞാൻ. അങ്ങനെയാണ് എന്‍റെ ആദ്യത്തെ സിനിമയായ 'മീശമാധവൻ' ചെയുന്നത്. ജഗതി ശ്രീകുമാറിനെ കണി കാണിക്കുന്ന ഒരു സീൻ ഒക്കെയായിരുന്നു തുടക്കം. ആ ലൊക്കേഷനിൽ നിന്ന് കിട്ടിയ പരിചയങ്ങൾ ഒക്കെ വെച്ചാണ് മു​േമ്പാട്ട് വന്നത്. ഇപ്പോഴും ഞാൻ ചെറിയ വേഷങ്ങൾ വലിയ വേഷങ്ങൾ എന്നൊന്നും നോക്കാറില്ല. പാഷൻ തന്നെയാണ് വലുത്.


അധോലോകം തേടിയിറങ്ങിയ നാളുകൾ

19ാം വയസ്സിൽ അധോലോക നായകൻ ഒക്കെ ആകാനായിരുന്നു ആഗ്രഹം. 'ആര്യൻ' സിനിമയിലൊക്കെ ലാലേട്ടൻ അധോലോകത്തിലെ ഡോൺ ആയി മാറുന്നതൊക്കെ കണ്ടപ്പോൾ ആ സമയത്തെ നമ്മുടെ അറിവ് കുറവൊക്കെ കാരണം നമ്മൾ ചിന്തിച്ചത് എങ്ങനെയെങ്കിലും മുംബൈയിൽ എത്തി ആരെയെങ്കിലും ഒക്കെ അടിച്ചു വീഴ്ത്തിയാൽ അങ്ങനെയൊക്കെ ആകാമെന്നായിരുന്നു. എന്നാൽ മുംബൈയിലേക്ക് പോവാനുള്ള ധൈര്യം ഇല്ലാത്തത് കാരണം അങ്ങനെ നിൽക്കുന്ന സമയത്താണ് എന്‍റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ്​ അവൾ മും​ൈ​ബയിലേക്ക് പോകുന്നത്. അപ്പോഴെനിക്ക് ഒരു ധൈര്യമായി. മുംബൈയിൽ പോയി എന്തെങ്കിലും സംഭവിച്ചാലും എനിക്ക് പോകാൻ ഒരിടമായല്ലോ എന്ന സന്തോഷം ആയിരുന്നു അപ്പോൾ. അങ്ങനെ രണ്ടും കൽപ്പിച്ചു ഇറങ്ങി.

പക്ഷേ, ഈ അധോലോക മോഹം ഒക്കെ മുംബൈയിൽ എത്തുന്നതിന് മുൻപ് തന്നെ പൊലിഞ്ഞു. പോകുന്നതിനിടക്ക് ട്രെയിൻ യാത്രക്കിടെ ഒരു സുഹൃത്തിനോട് കുറച്ചു സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി നമ്മൾ വിചാരിക്കുന്ന അധോലോകത്തിലൊന്നും എത്താൻ പറ്റി​ല്ലെന്ന്​. അങ്ങനെ അവിടെ ചെന്നിട്ട് പിന്നെ വേറെ പല ജോലികളുമാണ് ഞാൻ ചെയ്‌തത്. ഹോട്ടലിൽ വെയിറ്റർ, കൊറിയർ ബോയ് തുടങ്ങി പല ജോലികളും ചെയ്തു. അവിടെ വെച്ചു ശനിയാഴ്ചയും ഞായറാഴ്ചയും കലാസമിതിക്ക് വേണ്ടി പ്രോഗ്രാമുകൾ ചെയ്തു. ഗാനമേള, മിമിക്രി, നാടകം ഒക്കെയായി മു​​​േമ്പാട്ട് പോയി.

ഡബ്ബിങ് ആർട്ടിസ്റ്റ് ആകുന്നതും ബോംബെയിൽ വെച്ച്​

മുംബൈയിലെ പ്രോഗ്രാമുകൾ കണ്ട് അതിലെ ശബ്​ദം ഇഷ്​ടപ്പെട്ടിട്ടാണ് ഒന്നുരണ്ട് പേർ ഡബ്ബ് ചെയ്യാൻ വിളിക്കുന്നത്. പരസ്യങ്ങൾക്കും സിനിമകൾക്കും സീരിയലുകൾക്കും ഒക്കെ അങ്ങനെ ഡബ്ബ് ചെയ്തു തുടങ്ങി. 90കളിൽ ആണ് കുറച്ചു പുരാണ സീരിയലുകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നൽകി ദൂരദർശനിൽ ഒക്കെ വരുന്നത്. അതിലൊക്കെ വർക്ക് ചെയ്തിട്ടുണ്ട്. അതിനോടൊപ്പം തന്നെ നാടകം, മിമിക്രി ഒക്കെ അതിന്‍റെ വഴിക്കും നടക്കുന്നുണ്ടായിരുന്നു. പിന്നീട് നാട്ടിൽ വന്നു സിനിമക്ക് വേണ്ടി ശ്രമിച്ചെങ്കിലും ആരെയും കാര്യമായി പരിചയമില്ലാത്തത് കൊണ്ട് അന്നൊന്നും നടന്നില്ല. പിന്നീട്‌ ആണ് 'മീശമാധവനി'ൽ എത്തുന്നത്. ആമേൻ, പുലിമുരുകൻ സിനിമയിൽ ഒക്കെ മകരന്ദ് ദേശ്പാണ്ഡേക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്.

സ്‌ക്രീനിൽ പേര് വന്ന ആദ്യത്തെ കാസ്റ്റിങ്​ ഡയറക്ടർ

നാട്ടിൽ തിരിച്ചെത്തി സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയപ്പോൾ എനിക്ക് സാമ്പത്തികമായി വലിയ മെച്ചമൊന്നും ഇല്ലായിരുന്നു. എനിക്കാണെങ്കിൽ മുംബൈയിൽ ഉള്ള സമയത്തു നല്ല പരിചയമുള്ള ഒന്നായിരുന്നു പരസ്യ ചിത്ര മേഖല. അങ്ങനെ ഞാനും ജിസ് ജോയും മറ്റൊരു സുഹൃത്തും ചേർന്ന് പരസ്യ നിർമാണകമ്പനി എറണാകുളത്തു തുടങ്ങി. അക്കാലത്ത് ഈ പരസ്യങ്ങളുടെ മോഡൽസ് ഒക്കെ കേരളത്തിന് പുറത്തുള്ളവരായിരുന്നു. കാരണം നമ്മുടെ ക്ലൈന്‍റ്​സിന് ആവശ്യം അങ്ങനെയുള്ള മോഡലുകളെ ആയിരുന്നു. ഞാനാണെങ്കിൽ മുംബൈയിൽ പോയി ഒഡീഷൻ ഒക്കെ ചെയ്തിട്ടാണ് അവരെ കണ്ടെത്തി കൊണ്ടുവരുന്നത്‌. അങ്ങനെ എന്‍റെ പരസ്യത്തിന് വേണ്ടി ഞാൻ കൊണ്ടുവന്ന മോഡലായിരുന്നു ഇഷ തൽവാർ. വിനീത് ശ്രീനിവാസന് ഇഷയെ ഞാനാണ് പരിചയപ്പെടുത്തുന്നത്.

അങ്ങനെയാണ് 'തട്ടത്തിൻ മറയത്തി'ൽ ഇഷ നായികയാവുന്നത്. ആ സിനിമയിൽ ഞാൻ അഭിനയിക്കുകയും ചെയ്തു. അതിന് ശേഷം വിനീത് 'തിര' ചെയ്യുമ്പോൾ എന്നോട് പറഞ്ഞു തികച്ചും പുതുമുഖങ്ങളായ, പല ഭാഷകൾ സംസാരിക്കുന്ന ആളുകൾ വേണമെന്ന്. ചേട്ടൻ പരസ്യത്തിന് വേണ്ടി കാസ്റ്റിങ് ചെയ്യുന്നത് പോലെ എനിക്ക് വേണ്ടി സിനിമക്ക് ചെയ്തു തരണമെന്ന് പറഞ്ഞു. വിനീത് എന്‍റെ നല്ല ഒരു സുഹൃത്ത് ആയത് കൊണ്ട് ആ ചലഞ്ച് ഞാൻ ഏറ്റെടുത്തു. അത് സിനിമയിൽ എന്‍റെ ആദ്യശ്രമം കൂടിയായിരുന്നു. അങ്ങനെ 'തിര'ക്ക് വേണ്ടി ഒരുപാട് സ്ഥലങ്ങളിൽ പോയി. അത്തരത്തിൽ ശോഭന, ധ്യാൻ അല്ലാത്ത എല്ലാവരെയും കാസ്റ്റ് ചെയ്ത വർക്കാണ് 'തിര'. മലയാള സിനിമയിൽ തന്നെ സ്‌ക്രീനിൽ കാസ്റ്റിങ് ഡയറക്ടർ എന്ന ഒരു പേര് ആദ്യമായി തെളിഞ്ഞു വന്നത് 'തിര'യിലൂടെ എന്‍റെ പേരാണ്. മലയാളത്തിലെ പല പ്രമുഖ നായികമാരും ശ്രദ്ധിക്കപ്പെട്ടത് ഞാൻ സംവിധാനം ചെയ്ത പരസ്യങ്ങളിലൂടെയാണ്. 'ജേക്കബിന്‍റെ സ്വർഗരാജ്യം' ആണ് ഞാൻ അവസാനമായി കാസ്റ്റിങ്​ ഡയറക്ടർ ആയത്. പരസ്യകമ്പനി, അഭിനയം തുടങ്ങിയ തിരക്കുകൾക്ക് ഇടയിൽ കൂടുതൽ സമയം ഇല്ലാത്തത് കൊണ്ട് ഞാൻ ആ ജോലി പിന്നെ നിർത്തി.


ബോളിവുഡിലെയും കോളിവുഡിലെയും പ്രമുഖർക്കൊപ്പം

ജോൺ​​ എബ്രഹാം, നസ്റുദ്ദീൻ ഷാ, സെയ്ഫ് അലി ഖാൻ, മാധവൻ, മനോജ് വാജ്പേയി, അജിത്ത് തുടങ്ങിയവർക്കൊപ്പം ഒക്കെ സ്‌ക്രീൻ പങ്കിട്ടിട്ടുണ്ട്. മുംബൈയിൽ കുറെ കാലം ഉണ്ടായിരുന്നത് കൊണ്ട് എനിക്കവിടത്തെ ഭാഷ നന്നായി അറിയാമായിരുന്നു. ഹിന്ദിയും കൂടി അറിയാവുന്ന സൗത്ത് ആർട്ടിസ്റ്റിനെ ചോദിച്ചു കോൾ ഒക്കെ വരുമ്പോൾ ഞാൻ ശ്രമിക്കും. പിന്നെ ഞാൻ ആംറോൺ ബാറ്ററിയുടെ ഒരു പരസ്യം ചെയ്തിരുന്നു. അതിന്‍റെ ക്രൂ തന്നെയായിരുന്നു ജോൺ എബ്രഹാമിന്‍റെ 'മദ്രാസ് കഫേ'യിൽ ഉണ്ടായിരുന്നത്. അവർക്ക് എന്നെ അറിയാമായിരുന്നത് കൊണ്ട് ഒഡീഷനു വിളിച്ചു. അങ്ങനെ പോയി കിട്ടിയത് കൊണ്ട് അതിൽ അഭിനയിച്ചു. അത്പോലെ നസ്​റുദ്ദീൻ ഷായുടെ ഒരു സിനിമ കേരളത്തിൽ ആയിരുന്നു ഷൂട്ട്.

ഇവിടെ ഹിന്ദിയും ഇംഗ്ലീഷും അറിയുന്ന ആളെ അന്വേഷിച്ചു കാസ്റ്റിങ്​ നടന്നപ്പോൾ അതിൽ എനിക്ക് സെലക്ഷൻ കിട്ടി. അവിടെ ഒക്കെ സിങ്ക്​ സൗണ്ട് ആയത് കാരണം ഭാഷ നന്നായി അറിയുന്ന ആളെ മാത്രമേ അവർ അഭിനയിക്കാൻ എടുക്കൂ. സെയ്ഫ് അലിഖാനൊപ്പം 'ഷെഫ്' എന്ന മൂവി ചെയ്യുമ്പോഴും ഇതായിരുന്നു എന്നെ എടുക്കാനുള്ള കാരണം. ഇത്തരത്തിൽ ഭാഷകൾ അറിയുന്നത് കൊണ്ടാണ് നോർത്തിൽ നിന്ന് വർക്ക് വരുന്നത്. ഞാൻ ആമസോണിന്‍റെ 'ഫാമിലിമാൻ' എന്ന സീരീസ് ചെയ്തിരുന്നു. അതിന് ശേഷം ഇപ്പോ ആമസോണിന് വേണ്ടിയുള്ള രണ്ട് സീരീസ് ഷൂട്ട് നടന്നു കൊണ്ടിരിക്കുകയാണ്. അത്പോലെ തമിഴിൽ ഇപ്പോൾ രണ്ട് വർക്ക് ചെയ്തു. അതെല്ലാം പാഷൻ കാരണം ഞാൻ തന്നെ അന്വേഷിച്ചു കണ്ടെത്തിയ അവസരങ്ങൾ തന്നെയാണ്.

ഇപ്പോൾ ഫേയ്​ക്ക്​ കാസ്റ്റിങ്​ കോളുകൾ വർധിക്കുന്നു

ഇപ്പോൾ ഞാൻ ഓഡീഷൻ നടത്താറില്ല. മു​െമ്പാക്കെ ഓഡീഷൻ നടത്തുന്ന സമയത്ത്​ വരുന്ന എല്ലാ ആളുകളും വലിയ പാഷൻ ഒക്കെ ആയിട്ടാണ് വരുന്നത്. പക്ഷെ വരുന്ന നൂറുപേരിൽ ഒരു പത്തിരുപത് പേരിൽ ഒക്കെയായിരിക്കും നമ്മൾ അഭിനയിക്കാൻ ഉള്ള ടാലന്‍റ്​ കാണുന്നത്. കുറെ ആളുകളാണെങ്കിൽ ഒരു കഴിവുമില്ലാതെ ഫെയിം ആഗ്രഹിച്ചു ഒക്കെ വരുന്നവരാണ്. ഒരാളെ ഒരു നല്ല ആക്ടർ ആക്കാൻ അയാൾക്ക് അയാളുടെ റിയൽ ടാലന്‍റ്​, അയാൾക്ക് കിട്ടുന്ന അവസരങ്ങൾ, അയാൾ അത് പ്രയോജനപ്പെടുത്തുന്ന വിധങ്ങൾ ഇവയൊക്കെ അത്യാവശ്യ ഘടകങ്ങൾ തന്നെയാണ്. ഇതൊക്കെ അവരെ ഞാൻ ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്.

എന്നാൽ പലരും നമ്മളെ മുന്നിൽ സിനിമക്ക്/അവസരത്തിന് വേണ്ടി ഇങ്ങോട്ട് പണം മുടക്കാം എന്നൊക്കെ പറഞ്ഞു വന്നിട്ടുണ്ട്. നമുക്ക് അടിസ്ഥാനപരമായി വേണ്ടത് നടന്‍റെ പെർഫോമാണ്. വരുന്ന എല്ലാവരും ഇതിന് ഇറങ്ങുമ്പോൾ നമുക്ക് ഇത് പറ്റിയ ഒന്നാണോ എന്ന് കൂടി ചിന്തിക്കണം. എല്ലാവരുടെയും വിചാരം സിനിമയിൽ വന്നാൽ പണവും പ്രശസ്‌തിയും ആയെന്നാണ്. കാരണം ആളുകൾ കാണുന്നത് എപ്പോഴും മുൻനിരയിൽ നിൽക്കുന്ന നടന്മാരെയാണ്. അതിന്‍റെ പിന്നിൽ അവസരത്തിന് വേണ്ടി നടന്നു ജീവിതം പോയ ഒരുപാട് ആളുകൾ ഉണ്ട്. അവരെ ആരും അറിയുന്നില്ല. കൂടാതെ ഇപ്പോൾ ഒത്തിരി ഫെയ്ക്ക് ആയിട്ടുള്ള കാസ്റ്റിങ്​ കോൾ ഒരുപാട് നടക്കുന്നുണ്ട്. എന്നെ ആരെങ്കിലും വിളിച്ചാൽ എനിക്കറിയാവുന്ന ഉപദേശങ്ങൾ ഞാനവർക്ക് എപ്പോഴും കൊടുക്കുന്നുണ്ട്.

ലാൽജോസിൽ നിന്നും മഹേഷ് നാരായണനിൽ എത്തിനിൽക്കുമ്പോൾ

'മാലിക്കി'ന്‍റെ മുഴുവൻ ക്രെഡിറ്റും മഹേഷ് നാരായണനാണ്. ആൾക്ക് ഈ സിനിമയുടെ ഓരോ കഥാപാത്രങ്ങളും എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് കൃത്യമായി അറിയാമായിരുന്നു. വിനയ് ഫോർട്ട് തന്നെ പറഞ്ഞിട്ടുണ്ട് ആദ്യത്തെ ദിവസം ഫസ്റ്റ് ഷോട്ടിൽ ഇരുപത് ടേക്ക് ആണ് ആൾക്ക് എടുക്കേണ്ടി വന്നതെന്ന്. ഒടുവിൽ ആൾ തന്നെ സ്വയം ചിന്തിച്ചു, ഇത്രയും കാലം അഭിനയിച്ച അഭിനയം അഭിനയമല്ലേ എന്ന്. മഹേഷിന് ആളുകൾ, ഭാഷ തുടങ്ങി എല്ലാത്തിലും കൃത്യമായ ധാരണ ഉണ്ടായിരുന്നു. പിന്നെ പെർഫോമൻസിൽ ഫഹദ്, ജോജു, നിമിഷ, വിനയ്, ദിലീഷ് പോലത്തെ മുൻനിര ആർട്ടിസ്റ്റുകൾ മുതൽ ചെറിയ ആളുകൾക്ക് വരെ നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട്.

മഹേഷിന് നിർബന്ധമായിരുന്നു ഡ്രാമാറ്റിക്ക് പെർഫോമൻസ് ആവരുത് എന്ന്. ഞങ്ങൾ അഭിനേതാക്കളാണെങ്കിൽ കാലഘട്ടത്തി​േന്‍റതായ മാറ്റം വരുത്താൻ വണ്ണം കുറക്കുകയും രൂപമാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. പിന്നെ എനിക്ക് കൂടുതൽ സ്വീകാര്യത കിട്ടിയത് ഈ സിനിമയിലൂടെയാണ്. ഇതിന് മുമ്പ്​ 'ദൃശ്യം 2' കണ്ട് നല്ല അഭിപ്രായങ്ങൾ വന്നിരുന്നു. അതിന്‍റെ ഒരു രണ്ടിരട്ടി അഭിപ്രായങ്ങൾ ആണ് ഇപ്പോൾ 'മാലിക്​' കാണു​േമ്പാൾ വരുന്നത്. പീറ്റർ എസ്‌തപ്പാൻ ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിൽ ഞാൻ ആകെ അഭിനയിച്ചത് ഈ രണ്ടു വർക്കുകളിൽ മാത്രമാണ്. അത് രണ്ടും ശ്രദ്ധിക്കപ്പെട്ടു എന്നതാണ് നമ്മുടെ ഭാഗ്യം.

Tags:    
News Summary - I have no godfather in cinema: Dinesh Prabhakar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT