വാളയാർ വിഷയവുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല; 'ആകാശത്തിനു താഴെ' ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ ലിജീഷ് മുല്ലേഴത്ത്

ദേശീയ പുരസ്‌കാരം നേടിയ പുലിജന്മം,നമ്മുക്ക് ഒരേ ആകാശം, ഇരട്ട ജീവിതം എന്നിങ്ങനെയുള്ള സിനിമകൾ നിർമിച്ച അമ്മ ഫിലിംസിന്റെ ബാനറിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയാണ് "ആകാശത്തിനു താഴെ". നവാഗതനായ ലിജീഷ് മുല്ലേഴത്താണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ സിജി പ്രദീപ് നായികയായ ഈ ചിത്രത്തിൽ നാടകരംഗത്തെ നിരവധി കലാകാരന്മാരും അഭിനയിച്ചിട്ടുണ്ട്.സിനിമയുടെ കൂടുതൽ വിശേഷങ്ങളെക്കുറിച്ച് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് സംസാരിക്കുന്നു.

വാളയാർ വിഷയമല്ല 'ആകാശത്തിന് താഴെ ' പറയുന്നത്.

നമ്മളെല്ലാവരും ഏറ്റവും അധികം വിശ്വസിക്കുന്ന ഇടമാണ് നമ്മുടെ വീടുകൾ. എന്നാൽ സ്വന്തം വീട്ടിലെ നാലു ചുമരുകൾക്കിടയിൽ പോലും നമ്മുടെ കുട്ടികൾ സുരക്ഷിതരല്ല എന്നുള്ളതാണ് സത്യം. അത്തരമൊരു ഓർമ്മപ്പെടുത്തൽ നടത്താൻ ശ്രമിക്കുന്ന സിനിമയാണ് ആകാശത്തിനു താഴെ. ഈ സിനിമക്ക് വാളയാർ വിഷയവുമായി ബന്ധമുണ്ട് എന്ന തരത്തിലാണ് പലരും സംസാരിക്കുന്നുണ്ട്. എന്നാൽ വാളയാർ വിഷയവുമായി ഈ സിനിമക്ക് യാതൊരു ബന്ധവും വരരുത് എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അത്തരം ഒരു ചിന്തയോടു കൂടി തന്നെയാണ് ഈ സിനിമ ചെയ്തിട്ടുള്ളതും. കാരണം ഈ സിനിമയെ വാളയാർ വിഷയവുമായി ബന്ധപ്പെടുത്താൻ ഞാൻ ശ്രമിച്ചാൽ ഈ സിനിമ വാളയാർ എന്ന ഒരിടത്തേക്ക് മാത്രമായി ചുരുങ്ങിപ്പോകും. അതുകൊണ്ടുതന്നെ ആകാശത്തിന് താഴെ എന്ന സിനിമയിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത് ലോകത്തിന്റെ എവിടെ വേണമെങ്കിലും ഏതു കോണിൽ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു വിഷയത്തെക്കുറിച്ചാണ് . അതെങ്കിലും വാളയാറിൽ മാത്രമായി ഒതുങ്ങുന്ന ഒന്നല്ല. ഈ സിനിമയുടെ ഷൂട്ട് കഴിഞ്ഞ സമയത്താണ് മലപ്പുറത്ത് മാനസിക വിഭ്രാന്തിയുള്ള ഒരു അമ്മയുടെ മുമ്പിൽ വച്ച് സ്വന്തം മകളെ ഒരാൾ ബലാത്സംഗം ചെയ്യുന്നത്. അതിനർഥം ഇത്തരം വിഷയങ്ങളെല്ലാം ഇപ്പോഴും നടക്കുന്നുണ്ട്, ഇനിയും നടക്കാൻ സാധ്യതയുണ്ട് എന്നല്ലേ. അത് ഒരിടത്ത് മാത്രമായി ഒതുങ്ങുന്ന ഒന്നല്ലല്ലോ. അത് അറിയാവുന്നത് കൊണ്ട് തന്നെ ഒരിക്കലും വാളയാർ വിഷയത്തിലേക്ക് ഈ സിനിമയെ ചുരുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല

വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ നീതി നിഷേധിക്കപ്പെട്ടവരുടെ പ്രതീകമായി ശാന്ത

നമുക്ക് ചുറ്റും പല പ്രശ്നങ്ങൾ സംഭവിക്കുമ്പോഴും പലപ്പോഴും നമ്മളിൽ പലരും നിസ്സഹായരായി പോകാറുണ്ട്. ഇപ്പോഴും ജാതീയത നിലനിൽക്കുന്നുണ്ടെന്ന കാര്യം പോലും, ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകുന്ന ഒന്നാണ്. ജാതി, പണം, അധികാരം എന്നിങ്ങനെയുള്ള പല ഘടകങ്ങളാൽ നീതി നിഷേധിക്കപ്പെടേണ്ടി വരുന്ന മനുഷ്യർ നിരവധിയാണ്. അത്തരം മനുഷ്യരെ കുറിച്ചുള്ള എന്റെ ഉള്ളിലെ ചോദ്യങ്ങളാണ് ഈ സിനിമയിലൂടെ, സിനിമയിലെ കഥാപാത്രമായ ശാന്തയിലൂടെ ഞാൻ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. മനുഷ്യ ജീവിതത്തിനും അവരുടെ അവകാശങ്ങൾക്കും സംരക്ഷണം നൽകാത്ത എല്ലാ ഭരണകൂട വ്യവസ്ഥകളെയും ഞാനിവിടെ ചോദ്യം ചെയ്യുന്നുണ്ട്.അത്തരം ചോദ്യം ചെയ്യലുകളെല്ലാം ശാന്തയിലൂടെയാണ് സംഭവിക്കുന്നത്. ശാന്തയിലൂടെ ഒരു സ്ത്രീപക്ഷ സിനിമ പറയണമെന്ന് ഞാൻ ആഗ്രഹിച്ചു. അത്തരമൊരു സിനിമ ചെയ്തു.ഒടുവിൽ സിനിമ കണ്ട് പ്രേക്ഷകർ തന്നെ പറഞ്ഞു ഇതൊരു സ്ത്രീപക്ഷ സിനിമയാണെന്ന്. സിനിമയിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം പ്രേക്ഷകർ തന്നെയാണ് പറയേണ്ടത്. ഞാൻ ചോദ്യങ്ങൾ ചോദിക്കുന്ന ആൾ മാത്രമാണ്. ഈ സിനിമയുടെ സ്ക്രിപ്റ്റ് ചെയ്യുന്ന സമയത്ത് എഴുത്തുകാരൻ പ്രദീപ് മണ്ടൂരുമായി അതേപറ്റി സംസാരിക്കുമ്പോഴെല്ലാം ഞാൻ ശാന്തയായി കണ്ടത് എന്നെ തന്നെയായിരുന്നു. ശാന്ത സിനിമയിൽ അനുഭവിച്ച വൈകാരികതകളെക്കാൾ കൂടുതൽ വൈകാരികത ഞാനിവിടെ അനുഭവിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത.

സംഗീത സംവിധായകൻ ബിജിപാൽ പറഞ്ഞത്

സിനിമയുമായി ബിജിപാൽ ചേട്ടനെ ഞാൻ സമീപിക്കുന്നത് പേടിയോടെയാണ്. വലിയ വലിയ സംവിധായകരുടെ സിനിമക്ക് സംഗീതം ചെയ്ത ഒരു വ്യക്തിയാണ് അദ്ദേഹം. ദേശീയ അവാർഡ് കിട്ടിയ വ്യക്തിയുമാണ്. അത്തരമൊരു വ്യക്തിയുടെ അടുത്തേക്ക് പോകുന്നതിന്റെ എല്ലാ ടെൻഷനും എനിക്കുണ്ടായിരുന്നു. എന്നാൽ സിനിമ കണ്ട് അദ്ദേഹം എന്നെ വിളിച്ചു സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. അതോടൊപ്പം അദ്ദേഹം സംസാരത്തിന്റെ ഇടയിൽ കൂട്ടിച്ചേർത്ത ഒരു വാക്കുണ്ട് 'ലിജീഷേ.. നിന്റെ ഉള്ളിലെ തീ ഞാനറിയുന്നുണ്ട്" എന്ന്. ആ വാക്കുകൾ എന്നെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരമാണ്. കപട സദാചാരം, സ്ത്രീകളോടും സ്ത്രീത്വത്തോടും കുട്ടികളോടുമുള്ള പുരുഷന്റെ മേധാവിത്വ സ്വഭാവം, വംശീയ-ജാതീയ ചിന്തകൾ, അധികാരത്തിന്റെ ധാർഷ്ട്യം തുടങ്ങി പ്രത്യക്ഷമായും പരോക്ഷമായും ഒട്ടേറെ സമകാലിക വിശേഷങ്ങളെ കുറിച്ച് ഈ സിനിമ കാഴ്ചക്കാരോട് സംവദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സിനിമയ്ക്ക് അകത്ത് തീർച്ചയായും ഒരു തീയുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു. ആ സിനിമ കണ്ട ഒരാൾ എന്ന നിലക്ക് അദ്ദേഹത്തെപ്പോലെ വലിയൊരു കലാകാരൻ അങ്ങനെ പറഞ്ഞപ്പോൾ ഒരു സംവിധായകനെ മനസിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ചോർത്തു എനിക്ക് സന്തോഷം തോന്നി.

സംസ്ഥാന അവാർഡ് ജേതാവ് സിജി പ്രദീപ്, ദേശീയ അവാർഡ് ജേതാവ് എം ജി വിജയ് തുടങ്ങി വലിയ കലാകാരന്മാരുടെ പങ്കാളിത്തമുള്ള സിനിമ

സിജി പ്രദീപ് എന്ന നായികയിലേക്ക് ഞാനെത്തുമ്പോൾ അവരുടെ പ്രകടനത്തിൽ എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. അതോടൊപ്പം സിനിമ ചെയ്യുമ്പോൾ എനിക്ക് ആർട്ടിസ്റ്റുമായി വളരെ കംഫർട്ടായിരിക്കണം എന്നുള്ള ആഗ്രഹവുമുണ്ടായിരുന്നു. ഒപ്പം പ്രവർത്തിക്കുന്നവരുമായി നല്ലരീതിയിൽ വിനിമയം ചെയ്യാൻ സാധിക്കുമ്പോഴാണ് സിനിമ കുറെ കൂടി എളുപ്പമാവുക എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഏതായാലും സിജി നല്ല ആർട്ടിസ്റ്റാണെന്ന എന്റെ വിശ്വാസം സത്യമാണെന്ന് തെളിയിക്കുന്ന ഒന്നാണ്, സിനിമ കണ്ട എല്ലാവരും നായിക നന്നായി അഭിനയിച്ചെന്നു ഒരുപോലെ പറയുന്നത്. അതുപോലെ സിനിമയുടെ നിർമാതാവ് എം. ജി വിജയ് ചേട്ടൻ പണം മാത്രം മുൻനിർത്തി സിനിമ ചെയ്യുന്ന ഒരാളല്ല. ഇതിനു മുൻപ് മൂന്നു സിനിമകൾ ചെയ്യുകയും ദേശീയ അംഗീകാരം നേടുകയും ചെയ്ത പ്രൊഡ്യൂസറാണ് അദ്ദേഹം. ഈ സിനിമയിലൂടെ ലാഭം കിട്ടാം കിട്ടാതിരിക്കാം , പക്ഷേ നീ നിന്റെ ജോലി നന്നായി ചെയ്യുക എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അങ്ങനെ പറയുന്ന ഒരു നിർമാതാവിനെ കിട്ടുക എന്നത് വലിയ ഭാഗ്യമാണ്.സിനിമ റിലീസായ ശേഷം സിനിമ കണ്ട പ്രേക്ഷകരെല്ലാം നല്ല അഭിപ്രായം പറയുമ്പോൾ ഈയൊരു നിർമ്മാതാവിന്റെ മുമ്പിൽ വളരെ അഭിമാനത്തോടുകൂടി എനിക്ക് നിൽക്കാൻ സാധിക്കുന്നുണ്ട് ഇപ്പോൾ. കാരണം എന്നെ വിശ്വസിച്ച അദ്ദേഹത്തെ ഞാൻ നിരാശപ്പെടുത്തിയില്ല എന്നതാണ് എന്റെ ആശ്വാസം. അതോടൊപ്പം സിനിമയിലെ സംഗീത സംവിധായകൻ ഗാനരചയിതാവ് നടന്മാർ നടിമാർ ആർട്ട് ഡയറക്ടർ തുടങ്ങി ഇതിൽ പലർക്കും സിനിമ സീരിയൽ നാടക മേഖലയിലെല്ലാം ദേശീയ അംഗീകാരങ്ങളും സംസ്ഥാന അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്. അത്തരം പ്രഗത്ഭരായ ഒരുപാട് കലാക്കാരന്മാർ ചേർന്ന സിനിമയാണിത്. ദേവനന്ദയെന്ന ചൈൽഡ് ആർട്ടിസ്റ്റ് ഇതിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്ത കുട്ടിയാണ്. അവളെ സിനിമയുടെ ഗൗരവം പറഞ്ഞു മനസ്സിലാക്കുക എന്നത് വലിയ ടാസ്കായി തോന്നിയിരുന്നു എനിക്ക്. വലിയ വിഷമം പിടിച്ച ഒരു കാര്യമായിരുന്നു ഒരു കുട്ടിയോട് ഈ സിനിമയുടെ വിഷയത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കുക എന്നത്. ഹിമാലയം ടാസ്ക് എന്ന് തന്നെ പറയാം. ആ കുട്ടിയെ സംബന്ധിച്ചിടത്തോളം അവൾക്ക് വിഷയം മനസിലാക്കാൻ വളരെ എളുപ്പമാണ്. കാര്യങ്ങൾ പറഞ്ഞാൽ മനസിലാകുന്ന കുട്ടിയാണ്. പക്ഷേ അവളോട് അത് എങ്ങനെ പറയും എന്നുള്ള കാര്യമാണ് ഞങ്ങളെയെല്ലാം ബുദ്ധിമുട്ടിച്ചത്. ഓഡിഷൻ വഴിയാണ് ഈ കുട്ടിയെ നമ്മൾ തെരഞ്ഞെടുത്തത്. സിനിമ തുടങ്ങുന്നതിനു മുൻപ് തന്നെ കുട്ടിയുടെ മാതാപിതാക്കളോട് വിഷയത്തെക്കുറിച്ച് പറയുകയും ചെയ്തു. സിനിമ തുടങ്ങിയ ശേഷമാണ് കുട്ടിയോട് ബാഡ് ടച്ച് ഉണ്ടാകുമെന്നും അതിനെ പ്രതികരിക്കുമെന്നുമെല്ലാം പറഞ്ഞു കൊടുക്കുന്നത്. പക്ഷെ എന്റെ മനസിൽ കണ്ടത് അവൾ ചെയ്തു.എന്നെ അത്ഭുതപ്പെടുത്തി

കലാരംഗത്തേക്ക് ആദ്യമായി കൈപിടിച്ചു കൊണ്ടുവന്നത് അമ്മ

എന്റെ ചെറുപ്പകാലത്ത് എനിക്ക് വേണ്ടി അമ്മ മോണോ ആക്ട്, കഥാപ്രസംഗങ്ങൾ തുടങ്ങിയവയെല്ലാം എഴുതി തരുമായിരുന്നു. അമ്മ എഴുതി തരുന്ന അത്തരം പരിപാടികളെല്ലാം സ്കൂളുകളിൽ അവതരിപ്പിക്കുന്ന ഒരാളായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ എന്റെ ആദ്യത്തെ ഗുരുവായി ഞാൻ കണക്കാക്കുന്നത് അമ്മയെയാണ്. പിന്നീട് സിനിമകൾക്ക് വേണ്ടി ഞാൻ ശ്രമം നടത്തിയ കാലത്തും ഞാൻ സിനിമയിൽ ഏറ്റവും നല്ല രീതിയിൽ എത്തണമെന്ന് ആഗ്രഹിച്ചതും അമ്മയാണ്. അതിനുവേണ്ടി എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. പക്ഷേ ഞാൻ ആദ്യത്തെ ആകാശത്തിനു താഴെ എന്ന സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് എന്റെ അമ്മക്ക് ഓർമയില്ല. വാർദ്ധക്യവും അസുഖവും ബാധിച്ച് ഓർമ്മ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അമ്മ. മകനായ എന്നെ പോലും തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമായിരുന്നു അത്. അപ്പോഴും എനിക്കുള്ള ആത്മധൈര്യം എന്നു പറയുന്നത് അമ്മ ആഗ്രഹിക്കുന്ന മേഖലയിലൂടെയാണ് ഞാൻ പോയിക്കൊണ്ടിരിക്കുന്നത് എന്നതാണ്. പിന്നീട് സിനിമ പൂർത്തീകരിച്ച് ഡബ്ബിങ് ഒക്കെ കഴിഞ്ഞ സമയത്താണ് അമ്മ മരിക്കുന്നത്. മകനെ കലാരംഗത്ത് ഇത്രയേറെ പിന്തുണ തന്ന ആ അമ്മക്ക് സിനിമ കാണാൻ ഒട്ടും സാധിച്ചില്ല. എന്നിരുന്നാലും ആ അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട് എന്ന് എനിക്കറിയാം.

അഭിനയ മോഹത്തിൽ നിന്നും സംവിധായകനിലേക്ക്

അഭിനയ മോഹവുമായി തന്നെയാണ് ഞാൻ സിനിമയിലേക്ക് വന്നത്. പക്ഷേ അഭിനയം അത്ര എളുപ്പമല്ലെന്ന് ഞാൻ വളരെ വേഗത്തിൽ തിരിച്ചറിഞ്ഞു. എനിക്ക് പറ്റിയ മേഖലയല്ല അതെന്ന് തിരിച്ചറിഞ്ഞത് കൊണ്ട്തന്നെ ഞാൻ അതിൽ നിന്ന് പിന്മാറി. മുൻപ് കേരളാ സംഗീത നാടക അക്കാദമി അമേച്ചർ നാടക മത്സരത്തിൽ "അത് നിങ്ങളാണോ" എന്ന നാടകത്തിൽ പ്രധാന വേഷം അവതരിപ്പിക്കുകയും, ഒരു ട്രാൻസ്ജെൻ്ററിൻ്റെ ജീവിതം തമിഴ് സോളോ നാടകം ആയി സാഹിത്യ അക്കാദമി ഹാളിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്കാലത്തു നാടകം എന്ന മാധ്യമം വഴി ഞാൻ എന്റെ രാഷ്ട്രീയങ്ങൾ വ്യക്തമാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്നും ഞാൻ സിനിമയിലൂടെ രാഷ്ട്രീയം തന്നെയാണ് പറയുന്നത്. രാഷ്ട്രീയം പറയാൻ അഭിനയം എന്ന മാധ്യമത്തെക്കാൾ കൂടുതൽ എന്നെകൊണ്ട് സാധിക്കുന്നത് സംവിധാനം എന്ന മേഖലയിലൂടെയായത് കൊണ്ട് ആ മേഖല ഞാൻ തിരഞ്ഞെടുത്തു

സഹസംവിധായകനായത് മറ്റൊരു അനുഭവം

ദേശീയ അവാർഡ് ജേതാവ് പ്രിയനന്ദൻ, ടോം ഇമ്മട്ടി, ഒമർലുലു, സുരേഷ് നാരായണൻ എന്നിങ്ങനെ നിരവധി സംവിധായകരുടെ കൂടെ ഞാൻ അസിസ്റ്റന്റായി വർക്ക് ചെയ്തിട്ടുണ്ട്. പ്രിയനന്ദനൻ എന്ന സംവിധായകന് മുമ്പിൽ ഒരു അവസരം ചോദിച്ചുകൊണ്ടാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. പക്ഷേ അത് അസിസ്റ്റന്റായിട്ടായിരുന്നില്ല. അഭിനയിക്കാനുള്ള അവസരമായിരുന്നു ഞാൻ ചോദിച്ചത്. ഒരു നിയോഗം പോലെ ആ സിനിമയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി. ' ഞാൻ നിന്നോട് കൂടെയുണ്ട് 'എന്നായിരുന്നു ആ സിനിമയുടെ പേര്. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ആ സിനിമയ്ക്കൊപ്പം നിൽക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു സിനിമ എങ്ങനെ ഉണ്ടാകുന്നു എന്നുള്ള പ്രോസസ് ആദ്യമായി എനിക്ക് പഠിക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ സിനിമയിലൂടെയാണ്. അതുപോലെ ഒമർ ലുലു, ടോം തുടങ്ങിയ മറ്റു സംവിധായകരിൽ നിന്നും ഞാൻ പല കാര്യങ്ങളും പഠിച്ചെടുത്തിട്ടുണ്ട്. ഒരു കാര്യം പ്രത്യേകം ഓർക്കേണ്ടതും പറയേണ്ടതുമായിട്ടുണ്ട്. ഇവരുടെയെല്ലാം കൂടെ നിന്ന് ഞാൻ സിനിമ എന്ന പ്രോസസ് പഠിക്കുകയായിരുന്നു. പക്ഷെ ഫൈനലി ഞാൻ ചെയ്യുന്നത് എന്റെ സിനിമ മാത്രമാണ്.അതായത് അവരിൽ നിന്ന് എന്തെല്ലാം പഠിച്ചാലും ആത്യന്തികമായി ഞാൻ ചെയ്യുന്നത് എന്റെ സിനിമ മാത്രമാണ്. അവർ ചെയുന്നത് അവരുടെ സിനിമയും. ആ ഒരു കാഴ്ചപ്പാടിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ.

സിനിമ എന്തെന്നറിയാത്ത ഒരു കാലം

പണ്ട് സിനിമയെക്കുറിച്ച് നമുക്ക് കാര്യമായി ഒന്നുമറിയില്ലല്ലോ. അന്നത്തെ കാലത്ത് ഞാൻ വിചാരിച്ചത് തിയേറ്ററിൽ നടിനടന്മാർ നേരിട്ട് വന്നു അഭിനയിക്കുന്നു എന്നാണ്. പിന്നീടാണ് അത് അങ്ങനെയല്ല എന്നൊക്കെ മനസിലാകുന്നത്.മഅങ്ങനെയൊക്കെ ചിന്തിച്ച,പൊട്ടിയ കണ്ണാടി ചില്ലും ബൾബും തുണിശീലയും ഒക്കെ വെച്ച് സിനിമ കണ്ട ഒരു കാലത്തു നിന്നാണ് ഇന്ന് സിനിമ എന്ന ഒരു വലിയ മാധ്യമത്തിൽ ഞാൻ സംവിധായകനായി കയറി വന്നിരിക്കുന്നത്.മഅതിനിടയിൽ ഒരുപാട് തൊഴിലുകൾ ചെയ്തു.മആ യാത്രകൾക്കിടയിലാണ് ഞാൻ സംവിധായകൻ പ്രിയനന്ദനയിലേക്ക് എത്തുന്നതും, സാഹിത്യ അക്കാദമി സൗഹൃദങ്ങളിലേക്ക് എത്തുകയും ഒക്കെ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഞാൻ നിന്നോട് കൂടെയുണ്ട് എന്ന സിനിമയിൽ ആദ്യമായി അസിസ്റ്റന്റായി എന്ന് മാത്രമല്ല അദ്ദേഹം ഇന്നും എന്നോട് കൂടെയുണ്ട് എന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. അദ്ദേഹം എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട് നിനക്ക് അഭിനയിക്കണോ അതോ അസിസ്റ്റന്റ് ഡയറക്ടറാവണോ എന്ന്. അഭിനയിക്കണമെങ്കിൽ സിനിമയോടൊപ്പം ഒരു ദിവസം മാത്രമേ നിൽക്കാൻ പറ്റൂ. അസിസ്റ്റന്റ് ഡയറക്ടർ ആവുകയാണെങ്കിൽ സിനിമയോടൊപ്പം മൊത്തം നിൽക്കാം എന്ന ഒരു ചിന്തയിൽ നിന്നും അദ്ദേഹത്തിന്റെയാ ചോദ്യത്തിൽ നിന്നുമാണ് ഞാൻ നിന്നോട് കൂടെയുണ്ട് എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി ഞാൻ വരുന്നത്.

അടുത്ത സിനിമ

പുതിയ സിനിമക്കുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. അതൊരു കോമഡി സ്ക്രിപ്റ്റാണ്. മൂന്നു സുഹൃത്തുക്കളുടെ കഥയാണത്. 2023ൽ ആ സിനിമ ആരംഭിക്കും.

Tags:    
News Summary - Lijeesh Mullezhath Latest Interview About His New Movie Akashathinu Thazhe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT