‘‘എല്ലാവരും വിശേഷിപ്പിക്കുന്നപോലെ മദ്രാസിൽ നിന്ന് മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനടാനൊന്നും അല്ല സ്റ്റുഡിയോ തുടങ്ങിയത്. അങ്ങനത്തെ മണ്ടത്തരമൊന്നും ഞാൻ ചെയ്തില്ല. ഇവിടെ സ്റ്റുഡിയോ തുടങ്ങിയാൽ എല്ലാ വരും മദ്രാസ് വിട്ട് ഇവിടെ വരുമെന്ന മണ്ടത്തരമൊന്നും ഞാൻ വിചാരിച്ചില്ല. ഒന്നും പറിക്കാനും നടാനുമൊന്നും പോയിട്ടില്ല. സ്വന്തമായി പടമെടുക്കുക എന്നതായിരുന്നു ലക്ഷ്യം’’ 90ാം ജന്മദിനം ആഘോഷിക്കുന്ന മധുവുമായുള്ള അഭിമുഖ ത്തിന്റെ രണ്ടാം ഭാഗം
നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിൽ ഹിന്ദി വിഭാഗം തലവനായിരിക്കേ മധുവിന് ഒരു ശീലമുണ്ടായിരുന്നു; അന്നൊക്കെ ഇന്ത്യൻ എക്സ്പ്രസിന്റെ ഞായറാഴ്ച പതിപ്പായ ‘സൺഡേ സ്റ്റാൻഡേഡി’ൽ പീറ്റർ വിടാൽ എന്ന വിദേശിയുടെ ‘ദിസ് വീക്ക് ഫോർ യു’ എന്ന പംക്തിയുണ്ട്. വായനക്കാരന്റെ അടുത്ത ആഴ്ച എങ്ങനെ എന്ന പ്രവചനമാണതിൽ. അത് വായിച്ച് അടുത്ത ആഴ്ചയെ ശുഭകരമായി വരവേൽക്കാൻ മനസ്സിനെ പ്രചോദിപ്പിച്ച ശേഷമേ മധു ഞായറാഴ്ച മറ്റെന്തും ചെയ്യുമായിരുന്നുള്ളൂ.
ഒരു ഞായറാഴ്ച ആ കോളവും വായിച്ച് പത്രം മടക്കി വെക്കാനൊരുങ്ങുമ്പോഴാണ് ഡൽഹിയിൽ സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത നാടകപാഠശാലയായ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലേക്ക് വിദ്യാർഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കാണുന്നത്. വീട്ടിലെ എതിർപ്പിനെ മറികടന്ന് ലക്ചറർ ജോലി രാജിവെച്ച് നേരെ ഡൽഹിയിലേക്ക്. നാടകപഠനവും നാടകാവതരണവുമൊക്കെയായി നടക്കുമ്പോൾ സിനിമയിലേക്ക് എത്താനുള്ള നിമിത്തമായി വീണ്ടും പീറ്റർ എത്തി. സുഹൃത്തിനൊപ്പം ബസിൽ യാത്ര ചെയ്യുമ്പോഴാണ് ഒരു സർദാർജിയുടെ കൈയിൽ ‘സൺഡേ സ്റ്റാൻഡേഡ്’ കാണുന്നത്. ‘ദിസ് വീക്ക് ഫോർ യു’ വായിക്കാനായി അത് വാങ്ങി.
വാരഫലമൊക്കെ മനസ്സിലാക്കി മറ്റ് വാർത്തകളിലേക്ക് കണ്ണോടിക്കുമ്പോഴാണ് കേന്ദ്രസർക്കാർ പുരസ്കാരം നേടിയ ‘മുടിയനായ പുത്രൻ’ സിനിമയുടെ സംവിധായകൻ രാമു കാര്യാട്ടിനും സാങ്കേതിക വിദഗ്ധർക്കും മലയാളി അസോസിയേഷൻ സ്വീകരണം നൽകുന്ന വാർത്ത ശ്രദ്ധയിൽപെട്ടത്. നേരേ ആ യാത്ര ചടങ്ങ് നടക്കുന്ന വൈ.എം.സി.എ ഹാളിലേക്ക് ആക്കി. അവിടെ വെച്ച് അടൂർ ഭാസിയാണ് ലക്ചറർ ജോലി വലിച്ചെറിഞ്ഞ് നാടകം പഠിക്കാനിറങ്ങിയ ആളെ രാമു കാര്യാട്ടിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. ബാക്കി ചരിത്രം...
‘ദിസ് വീക്ക് ഫോർ യു’ നോക്കിയിരുന്നത് വിശ്വാസമോ അന്ധവിശ്വാസമോകൊണ്ട് ഒന്നുമല്ല. അടുത്തയാഴ്ച നമുക്ക് നല്ല കാര്യങ്ങളാണ് നടക്കുന്നത് എന്നറിഞ്ഞാൽ ഒരു പോസിറ്റിവ് എനർജി കിട്ടുമല്ലോ. അതിനുവേണ്ടിയാണ്. ആ കോളം വായിക്കുന്നതിനിടെ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യവും രാമു കാര്യാട്ടിന്റെ സ്വീകരണ വാർത്തയും ഒക്കെ കണ്ടത് നിമിത്തങ്ങളായി എന്ന് മാത്രം.
സിനിമയിലെ അന്ധവിശ്വാസം കണക്കിലെടുക്കാതെ സിനിമ ചെയ്തയാൾ കൂടിയാണ് ഞാൻ. സാറാ തോമസിന്റെ ‘അസ്തമയം’ നോവൽ അതേ പേരിൽ സിനിമ ആക്കാൻ തീരുമാനിച്ചപ്പോൾ പലരും എതിർത്തിരുന്നു. നിർമിക്കുന്ന സിനിമക്ക് ‘അസ്തമയം’ എന്ന പേരിട്ടാൽ അത് അറംപറ്റും, സിനിമ പരാജയപ്പെടും എന്നൊക്കെയായിരുന്നു ഉപദേശങ്ങൾ. ഞാൻ ആരോടും എതിർത്തൊന്നും പറയാൻ പോയില്ല.
അതിലും ഉചിതമായൊരു പേര് ആ സിനിമക്ക് നൽകാനും കഴിയില്ല. അതുകൊണ്ട് ഞാൻ ശ്രീകുമാരൻ തമ്പിയോട് പറഞ്ഞു, ടൈറ്റിൽ ഗാനം എഴുതുമ്പോൾ അസ്തമയം എന്ന വാക്കിനെ പോസിറ്റിവ് ആക്കുന്ന എന്തെങ്കിലും ആശയം ഉപയോഗിക്കണമെന്ന്. അദ്ദേഹം ‘വീണ്ടും ജനിക്കാൻ, നാളെ കിഴക്കുദിക്കാൻ, ഇന്ന് പടിഞ്ഞാറ് അസ്തമയം’ എന്ന് എഴുതിയതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു.
അതൊന്നും വ്യത്യസ്തനാകാൻ ബോധപൂർവം ചെയ്തതല്ല. സൂക്ഷിക്കാനുള്ള മോഹം ഇല്ലായിരുന്നു. പിന്നെ അശ്രദ്ധ കൊണ്ടൊക്കെ സംഭവിച്ചതാണ്. ഓരോരുത്തർക്ക് ഓരോ താൽപര്യങ്ങളല്ലേ. അതൊക്കെ സൂക്ഷിച്ചുവെക്കേണ്ടതാണെന്ന ബോധമോ തോന്നലോ ഉണ്ടായില്ല. മാത്രമല്ല, ഉമ സ്റ്റുഡിയോ തുടങ്ങി പ്രവർത്തനമൊക്കെ ഇവിടേക്ക് ആക്കിയപ്പോൾ പലതും മദ്രാസിൽനിന്ന് കൊണ്ടുവന്നില്ല. അവിടത്തെ ഓഫിസ് വിറ്റപ്പോൾ എല്ലാം നഷ്ടപ്പെട്ടു. 14 സിനിമകൾ ഞാൻ നിർമിച്ചു. ഒന്നിന്റെയും ലാഭനഷ്ട കണക്ക് ഞാൻ നോക്കിയിട്ടില്ല. സിനിമയിൽനിന്ന് എനിക്ക് കിട്ടിയ പണം സിനിമയിൽതന്നെ വിനിയോഗിക്കുന്നു എന്നേ കരുതിയിട്ടുള്ളൂ.
അതിന് ശ്രമിച്ചിട്ടും കാര്യമില്ലെന്ന് എല്ലാവർക്കും അറിയാം, ഒരുകാര്യം തീരുമാനിച്ചാൽ പിന്നെ ഞാൻ പിന്നോട്ട് പോകില്ലെന്നും. അച്ഛൻ എതിർക്കുമോ എന്ന പേടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹംകൂടി പിന്തുണച്ചതോടെ മുന്നോട്ട് പോകുകയായിരുന്നു. എല്ലാവരും വിശേഷിപ്പിക്കുന്ന പോലെ മദ്രാസിൽനിന്ന് മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനടാനൊന്നും അല്ല ഞാൻ സ്റ്റുഡിയോ തുടങ്ങിയത്. അങ്ങനത്തെ മണ്ടത്തരമൊന്നും ഞാൻ ചെയ്തില്ല. ഞാൻ ഇവിടെ സ്റ്റുഡിയോ തുടങ്ങിയാൽ എല്ലാവരും മദ്രാസ് വിട്ട് ഇവിടെ വരുമെന്ന മണ്ടത്തരമൊന്നും ഞാൻ വിചാരിച്ചില്ല. ഒന്നും പറിക്കാനും നടാനുമൊന്നും ഞാൻ പോയിട്ടില്ല.
എനിക്ക് സ്വന്തമായി പടമെടുക്കുക എന്നതായിരുന്നു ലക്ഷ്യം. മദ്രാസിലെ സ്റ്റുഡിയോകളിൽ ചിത്രീകരിക്കുമ്പോൾ, എന്തെങ്കിലും കാരണത്താൽ ഷെഡ്യൂൾ വൈകിയാൽ നമ്മുടെ സെറ്റ് പൊളിച്ച് അടുത്ത് ബുക്ക് ചെയ്ത ആളുകൾക്കായി ഫ്ലോർ വിട്ടുകൊടുക്കേണ്ടിവരും. അവരുടെ ഷൂട്ട് കഴിയുമ്പോൾ പിന്നെ വീണ്ടും സെറ്റ് ഇട്ടിട്ട് വേണം നമ്മൾ ചിത്രീകരിക്കാൻ. അതുകൊണ്ട് നല്ല നഷ്ടം സംഭവിക്കും. നമ്മുടെ സ്വന്തം സ്റ്റുഡിയോയിൽ സെറ്റ് ഇട്ടാൽ പിന്നെ ആരോടും ചോദിക്കേണ്ടല്ലോ. വാടകവീട്ടിൽ മാറിമാറി താമസിക്കുന്നവൻ സ്വന്തം വീട് നിർമിക്കുന്നതുപോലെയേ അതിനെ കണ്ടുള്ളൂ.
നടനും സംവിധായകനും സ്റ്റുഡിയോ ഉടമയുമൊക്കെ ആയെങ്കിലും എനിക്ക് എന്നും ഇഷ്ടവും ആവേശവും തോന്നിയത് നിർമാതാവിന്റെ റോളിനോടാണ്. സിനിമക്ക് പണം മുടക്കുന്ന ആൾ എന്ന നിലക്കുള്ള നിർമാതാവ് അല്ല. അത് ഫൈനാന്‍സിയർ മാത്രമാണ്. ഹോളിവുഡിലൊക്കെ പ്രൊഡ്യൂസർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിർമാതാവിനെയാണ് ഞാൻ ഉദ്ദേശിച്ചത്.
സിനിമയുടെ എല്ലാ മേഖലയിലും ഇടപെടാൻ ശേഷിയുള്ള ആൾ. എന്റെ കാഴ്ചപ്പാടിൽ സംവിധായകനെ വരെ സംവിധാനം ചെയ്യാൻ കഴിയുന്ന ആൾ ആകണം നിർമാതാവ്. നിർമാതാവാണ് ‘ഫിലിം മേക്കർ’. സംവിധായകൻ ഷോട്ട് എടുക്കുന്ന ആൾ മാത്രമാണ്. നമ്മൾ സിനിമക്ക് പണം മുടക്കുന്ന ആളെയാണ് നിർമാതാവ് എന്ന് വിളിക്കുന്നത്. സിനിമയുടെ നിർമാണവുമായി അയാൾക്ക് ഒരു ബന്ധവും ഉണ്ടാകില്ല. അങ്ങനെയുള്ളവരെ നിർമാതാവ് എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. ഫൈനാന്‍സിയർ എന്നേ പറ്റൂ.
പ്രതീക്ഷിച്ചതിലുമപ്പുറം അവസരങ്ങൾ സിനിമയും ആഗ്രഹിച്ചതിലധികം സ്നേഹം മലയാളികളും തന്നിട്ടുണ്ട്. അതിലുമപ്പുറം എന്ത് അംഗീകാരമാണ് എനിക്ക് വേണ്ടത്? ഇത്രയധികം കാലം ഇത്രയധികം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പറ്റി. അതിൽ ഞാൻ തൃപ്തനുമാണ്. പിന്നെന്താ? എനിക്ക് അവാർഡും അംഗീകാരങ്ങളും വേണമെന്ന് ഞാനാരോടും ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടാത്തതിന്റെ പേരിലാണ് അംഗീകാരങ്ങൾ തേടി വരാത്തതെങ്കിൽ അതിൽ അഭിമാനമേയുള്ളൂ.
ചെറുപ്പം മുതൽ രാഷ്ട്രീയ പ്രവർത്തനം കണ്ടുവളർന്നയാളാണ് ഞാൻ. ആറു വയസ്സുള്ളപ്പോൾ ഒരു രാത്രിയിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് കണ്ടതൊക്കെ ഓർമയിലുണ്ട്. പക്ഷേ, എനിക്കെന്തോ രാഷ്ട്രീയത്തിൽ താൽപര്യമൊന്നും തോന്നിയില്ല. അതുമാത്രമല്ല, രാഷ്ട്രീയ ബോധമൊക്കെ ഉണ്ടായി സജീവമാകേണ്ട പ്രായത്തിലൊന്നും ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല. ബി.എ കഴിഞ്ഞ് രണ്ടുവർഷം ബനാറസിലായിരുന്നു.
പിന്നീട് രണ്ടുവർഷം നാഗർകോവിലിൽ. പിന്നെ മൂന്നുവർഷം ഡൽഹിയിൽ. അതുകഴിഞ്ഞ് സിനിമയുടെ തിരക്കുമായി മദ്രാസിൽ. ചെറുപ്പകാലം മുതൽ പല രാഷ്ട്രീയ ചിന്തകളും പിന്തുടരുന്നവരുമായി പരിചയമുണ്ട്. പക്ഷേ, ഒന്നിലും താൽപര്യം തോന്നിയില്ല. ഏതെങ്കിലും പാർട്ടിയിൽ ചേരണമെന്ന ആവശ്യവുമായി ആരും സമീപിച്ചതുമില്ല. ഇപ്പോൾ രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നവർ വിരലിലെണ്ണാവുന്നവരേയുള്ളൂ എന്ന് തോന്നിയിട്ടുണ്ട്. ഒരാൾക്ക് രാഷ്ട്രീയ ഭാവിയുണ്ട് എന്ന് പറയുമ്പോൾ രാഷ്ട്രീയത്തിൽ തന്റെ ഭാവി അയാൾ സുരക്ഷിതമാക്കി എന്നാണ് അർഥമാക്കേണ്ടത്.
പലർക്കും ഇതൊരു തൊഴിലായി മാറി. അല്ലെങ്കിൽപിന്നെ എങ്ങനെയാണ് രാവിലെ ഒരു പാർട്ടിയിൽ പ്രവർത്തിച്ച് ഉച്ചകഴിഞ്ഞ് മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറാൻ കഴിയുക? പാർട്ടി നോക്കിയല്ല, സ്ഥാനാർഥിയുടെ മേന്മ നോക്കിയാണ് ഞാൻ വോട്ട് ചെയ്യുന്നത്. പിന്നെ എന്റെ രണ്ട് സിനിമകളുടെ നിർമാതാവ് എന്ന നിലക്ക് മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുമായൊക്കെ സൗഹൃദമുണ്ടായിരുന്നു.
90 വർഷത്തെ മാറ്റങ്ങൾ അത്ര എളുപ്പമൊന്നും വിലയിരുത്തി പറയാൻ കഴിയില്ല. എല്ലാ മേഖലയിലെയും മാറ്റങ്ങൾ എല്ലാവരും അനുഭവിക്കുന്നതുമാണ്. ഐക്യകേരളംതന്നെ ഒരു തെറ്റായ ആശയമായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആന്ധ്രയും പഞ്ചാബും ഒക്കെ നോക്കൂ. അവർ വിഭജിച്ച് മുന്നോട്ടുപോയി. നമ്മൾ വിഭജിച്ച് കിടന്നതിനെ ഒന്നാക്കി. ഐക്യത്തിന് എതിരായല്ല ഞാൻ പറയുന്നത്.
തിരുവിതാംകൂർ, കൊച്ചി, മലബാർ അങ്ങനെതന്നെ നിന്നിരുന്നെങ്കിൽ ഇത്രയും ജനങ്ങൾക്ക് മൂന്ന് സർക്കാർ, മൂന്ന് നിയമസഭ, മൂന്ന് ഹൈകോടതി അങ്ങനെ മൂന്നുവീതം എല്ലാം ഉണ്ടാകുമായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്സിനെയൊക്കെപ്പോലെ ശക്തമായ, പുരോഗതിയുള്ള ജനത ആയേനേ. ഇതൊക്കെ പറയുമ്പോൾ രാഷ്ട്രീയക്കാർ എന്നെ മൂരാച്ചിയാക്കും. പക്ഷേ, സത്യമാണത്. തിരുവനന്തപുരത്തിന്റെ കാര്യംതന്നെ എടുക്കൂ.
ആളുകൾക്ക് സമരം ചെയ്യാനുള്ള സെക്രട്ടേറിയറ്റും നിയമസഭയും മാത്രമല്ലേ ഇവിടുള്ളൂ. എന്തെങ്കിലും കാരണവശാൽ ഇവയുംകൂടി ഇവിടന്നു പോയാൽ പണ്ട് തിരുവിതാംകൂർ ആസ്ഥാനമായിരുന്ന പത്മനാഭപുരത്തിന്റെ അവസ്ഥ ആയിരിക്കും തിരുവനന്തപുരത്തിന്. രണ്ട് തലമുറയൊക്കെ കഴിയുമ്പോൾ അതും സംഭവിച്ചു കൂടായെന്നില്ല. നമ്മുടെ പുതിയ തലമുറയൊക്കെ വിദേശത്ത് പഠിച്ച് അവിടെത്തന്നെ സെറ്റിൽ ചെയ്യുകയാണ്. ഇവിടെ ഇതര സംസ്ഥാനത്തുനിന്നുള്ളവർ ജോലി തേടിയെത്തി സ്ഥിരതാമസമാക്കുന്നു. കാലങ്ങൾക്കുശേഷം അവർ ഭരണം കൈയാളുകയില്ലെന്ന് ആരുകണ്ടു?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.