കോഴിക്കോട്: 2.16 മിനിറ്റു മാത്രം ദൈർഘ്യമുള്ള ആ ചലന ചിത്രത്തിലെ ആദ്യത്തെ നാലു സെക്കൻഡുകൾ മലയാളിയുടെ ദൃശ്യചരിത്രത്തിലേക്കുള്ള ആദ്യ ചുവടുകളായിരുന്നു. അതെ, ആദ്യമായി മലയാളികൾ ഒരു ചലന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട അവിസ്മരണീയ മുഹൂർത്തം. അതാകട്ടെ, 20ാം നൂറ്റാണ്ടിെൻറ ആരംഭത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിെൻറ പുതിയ രാജാവിെൻറയും രാജ്ഞിയുടേയും കിരീടധാരണ ചടങ്ങും.
1902 ആഗസ്റ്റ് ഒമ്പതിന് ലണ്ടനിൽ നടന്ന എഡ്വേഡ് ഏഴാമൻ രാജാവിെൻറയും അലക്സാൻഡ്ര രാജ്ഞിയുടേയും കിരീടധാരണ ചടങ്ങിന്റെ ചലച്ചിത്രത്തിലാണ് ലഭ്യമായ വിവരമനുസരിച്ച് ആദ്യമായി മലയാളികൾ പ്രത്യക്ഷപ്പെട്ടത്. ആ മുഹൂർത്തത്തിന് ഇന്നേക്ക് 119 വർഷം.
മലബാറിലെ മാപ്പിളമാർക്കായി ബ്രിട്ടീഷ് സർക്കാർ രൂപവത്കരിച്ച സൈനിക വിഭാഗമായ മാപ്പിള റൈഫിൾസിലെ പട്ടാളക്കാരാണ് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിെൻറ
ഭാഗമായി അന്ന് കിരീടധാരണ ചടങ്ങിൽ പങ്കെടുത്തത്. 1900 മുതലുള്ള ന്യൂസ് റീലുകളുടെയും ഡോക്യുമെന്ററികളുടേയും ഓൺലൈൻ ശേഖരമായ 'ബ്രിട്ടീഷ് പാതെ'യുടെ യൂട്യൂബ് അക്കൗണ്ടിലാണ് 1902ലെ ഈ അപൂർവ ചലച്ചിത്രമുള്ളത്. എഡ്വേഡ് രാജാവിനെ കിരീടധാരണത്തിനായി വെസ്റ്റ്മിനിസ്റ്റർ ആബി ചർച്ചിലേക്ക് ആനയിക്കുന്ന സംഘത്തിെൻറ മുൻനിരയിലുള്ള ബ്രിട്ടീഷ് കോളനി രാജ്യങ്ങളിലെ സൈനിക സംഘങ്ങളിൽ രണ്ടാമതായാണ് മാപ്പിള റൈഫിൾസ് പ്രത്യക്ഷപ്പെടുന്നത്. തുർക്കി തൊപ്പിയായിരുന്നു ഇവരുടെ യൂനിഫോം.
എഡ്വേഡ് ഏഴാമെൻറ കിരീടധാരണ ചടങ്ങിെൻറ വിവരണവുമായി 1903ൽ പ്രസിദ്ധീകരിച്ച ജോൺ എഡ്വേഡ് കോർട്നി ബോഡ്ലിയുടെ 'ദ കോറണേഷൻ ഓഫ് എഡ്വേഡ് ദ സെവൻത്, എ ചാപ്റ്റർ ഓഫ് യൂറോപ്യൻ ആൻഡ് ഇംപീരിയൽ ഹിസ്റ്ററി' എന്ന പുസ്തകത്തിൽ മാപ്പിള റൈഫിൾസിെൻറ രണ്ടാം ബറ്റാലിയൻ ചടങ്ങിൽ പങ്കെടുത്തത് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്വാളിയോറിലെ മാധോറാവു സിന്ധ്യ ഉൾപ്പെടെ ബ്രിട്ടീഷ് സാമന്തന്മാരായ 31 നാട്ടുരാജാക്കന്മാരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഏറനാട്ടിലെ മാപ്പിളമാർക്കായി 1902ൽ രൂപവത്കരിച്ച മാപ്പിള റൈഫിൾസ് 1907ലാണ് പിരിച്ചുവിട്ടത്. 1921ലെ മലബാർ വിപ്ലവത്തിൽ ബ്രിട്ടീഷ് സൈന്യത്തെ വിറപ്പിച്ച ഗറില യുദ്ധം നയിച്ചതിൽ വലിയൊരു വിഭാഗം മാപ്പിള റൈഫിൾസിലെ മുൻ സൈനികരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.