ലൂക്ക സിനിമക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് 'മാരിവില്ലിൻ ഗോപുരങ്ങൾ '. റിലീസ് ചെയ്തതിനോടൊപ്പം തന്നെ ചില വിവാദങ്ങളിൽ കൂടി ഉൾപ്പെട്ടിരിക്കുകയാണ് സിനിമയിപ്പോൾ. ഇപ്പോഴിതാ വിവാദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ അരുൺ ബോസ്
• കുടുംബ പ്രേക്ഷകർക്കായി 'മാരിവില്ലിൻ ഗോപുരങ്ങൾ'
സിനിമ ചെയ്യുന്ന സമയത്ത് തന്നെ ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു ഈ സിനിമയുടെ ഓഡിയൻസ് ഏതു വിഭാഗത്തിൽ പെട്ടവരാകാണമെന്ന്. സിനിമ പ്രധാനമായും ഫോക്കസ് ചെയ്തിട്ടുള്ളത് കുടുംബ പ്രേക്ഷകരെയാണ് . അത്തരത്തിൽ സിനിമ കണ്ടിറങ്ങുന്ന ഫാമിലി ഓഡിയൻസിൽ നിന്നും സിനിമയെ കുറിച്ച് നല്ല റെസ്പോൺസാണിപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്.
• അർബൻ കപ്പിൾസിന്റെ ജീവിതം
രണ്ട് കപ്പിൾസിന്റെ ജീവിതത്തിലൂടെയാണ് സിനിമ മുമ്പോട്ട് പോകുന്നത്. വാസ്തവത്തിൽ അവരെപ്പോലെ ഞങ്ങളൊക്കെ അർബൻ കപ്പിൾസാണ്. കൊച്ചിയിലാണ് ഞങ്ങളൊക്കെ ജീവിക്കുന്നത് . ഞങ്ങളെപോലുള്ളവർക്കിടയിലുണ്ടാകുന്ന സംസാരങ്ങളും,അനുഭവിക്കുന്ന പ്രശ്നങ്ങളും, ചിന്താഗതികളുമെല്ലാം തന്നെയാണ് ഈ സിനിമയ്ക്കകത്തും പ്രതിഫലിക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ ഇതെല്ലാം ഞങ്ങളെപ്പോലുള്ളവരുടെ നിത്യജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. അത്തരത്തിലുള്ള എലമെന്റ്സാണ് കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും. ഞാൻ ആദ്യമായി ഈ സിനിമയെ കുറിച്ച് പങ്കുവെക്കുന്നത് ആക്ടർ സിജു വിത്സനോടാണ്. സിജു വഴിയാണ് ഈ സിനിമയുടെ തിരക്കഥാകൃത്ത്പ്രമോദ് മോഹനനെ ഞാൻ പരിചയപ്പെടുന്നത്.
• സിയാദ് കോക്കർ - അശ്വന്ത് കോക്ക് വിവാദം
സിയാദ് കോക്കർ - അശ്വന്ത് കോക്ക് പ്രശ്നത്തിൽ ഒരു സംവിധായകനെന്ന നിലയിൽ ഞാൻ നേരിട്ട് ഇടപെട്ടിട്ടില്ല. എങ്കിൽ കൂടിയും, എനിക്ക് എന്റേതായിട്ടുള്ള അഭിപ്രായങ്ങളുണ്ട്. ഞാനൊരിക്കലും റിവ്യൂ പറയുന്നതിനോടോ റിവ്യൂ എഴുതുന്നതിനോടോ ഒന്നും വിയോജിപ്പുള്ള ആളല്ല. തീർച്ചയായും നിരൂപണങ്ങൾ സിനിമയെ എല്ലാകാലത്തും സപ്പോർട്ട് ചെയ്യുന്ന കാര്യം തന്നെയാണ്. പക്ഷേ റിവ്യൂവേഴ്‌സ് റിവ്യൂ പറയുന്ന രീതി, റിവ്യൂ പറയുന്ന ഭാഷ ഇതെല്ലാം കുറച്ച് കൂടി ശ്രദ്ധിക്കേണ്ടതാണ് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. പിന്നെ യുവാക്കളെ പോലെയല്ല കുടുംബ പ്രേക്ഷകർ. യുവാക്കളധികവും സിനിമ കാണാൻ ഒറ്റയ്ക്ക് പോകുന്നവരാണ്.എന്നാൽ ഫാമിലി പ്രേക്ഷകർ അങ്ങനെയല്ല.ഒരു ദിവസത്തെ യാത്ര, തിയേറ്റർ ടിക്കറ്റ്, സ്നാക്സ് തുടങ്ങിയ ചെലവുകളെല്ലാം കണക്കുകൂട്ടിയതിന്റെ എക്സ്പെൻസവർ വിലയിരുത്തും. എന്നിട്ട് മാത്രമേ അവർ സിനിമയ്ക്ക് പോകൂ. അക്കാര്യത്തിലെല്ലാം കോൺഷ്യസായതുകൊണ്ട് തന്നെ സിനിമയെ കുറിച്ചുള്ള അഭിപ്രായം മുൻകൂട്ടി അറിയാൻ കൂടി അവർ താൽപര്യം കാണിക്കും. അങ്ങനെയുള്ള ഓഡിയൻസിനെ ഇത്തരത്തിലുള്ള റിവ്യൂസ് എന്തായാലും ബാധിക്കും. അവർ റിസ്ക് എടുക്കാൻ മടിക്കും.അത്തരത്തിൽ നോക്കിയാൽ അശ്വന്ത് കോക്കിന്റെ റിവ്യൂ കുടുംബ പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ആയി ബാധിച്ചിട്ടുണ്ട്. പിന്നെ അശ്വന്ത് കോക്കുമായി ഞാൻ നേരിട്ട് സംസാരിച്ചിട്ടില്ല. എനിക്ക് ആ വ്യക്തിയെ നേരിട്ട് അറിയുക പോലുമില്ല.
• സംവിധായകൻ മാത്രമല്ല എഡിറ്റർ കൂടിയാണ്
എന്റെ കരിയർ തുടങ്ങുന്നത് ഒരു എഡിറ്ററായിട്ടാണ്. ഡോക്യുമെന്റീസൊക്കെയാണ് ഞാൻ ചെയ്തിട്ടുള്ളത്. പിന്നെ സിനിമയിൽ ഞാൻ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല. ഞാൻ സിനിമയിലേക്ക് എത്തുന്നത് തന്നെ ഡോക്യുമെന്ററി ഫിലിംസ് വഴിയാണ്. അന്ന് നമ്മൾ ക്യാമറയുമായി ഷൂട്ട് ചെയ്യാൻ പോകുന്നു, ഷൂട്ട് ചെയ്യുന്നു എന്നതൊക്കെയാണ് കാര്യമായി നടന്നിരുന്നത്. പിന്നെ പരസ്യ ചിത്രങ്ങളൊക്കെ ചെയ്തിരുന്നു ലാലേട്ടന്റെ കൂടെ. അതൊക്കെ കരിയറിൽ ഒരുപാട് ഉപകരിച്ചിട്ടുണ്ട്. പിന്നെ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയിലൂടെയാണ് ഞാൻ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഒരു എഡിറ്റർ എന്ന് നിലക്ക് ആദ്യമായി വർക്ക് ചെയുന്നത്. ഷൈജിൽ പിവി കൂടി എനിക്കൊപ്പം ഇതിൽ എഡിറ്ററായി വർക്ക് ചെയ്തിട്ടുണ്ട്.
• ലൂക്ക സിനിമയ്ക്കും മുൻപേ മറ്റൊരു സിനിമ
ലൂക്ക സിനിമ ചെയ്യുന്ന സമയത്ത് ഞാൻ നവാഗതനായിരുന്നു. ആ സിനിമയ്ക്ക് മുൻപ് ഞാൻ തമിഴിൽ ഒരു ഇൻഡിപെൻഡൻസ് സിനിമ ചെയ്തിട്ടുണ്ട്. 'അലൈയിൽ തിസൈ' എന്നാണ് പേര്. അതിന്റെ നിർമ്മാണം തിരക്കഥ സംവിധാനം ചായാഗ്രഹണം എല്ലാം ഞാൻ തന്നെയാണ് ചെയ്തിട്ടുള്ളത് . ഒന്നരമണിക്കൂർ ദൈർഘ്യമാണ് ആ സിനിമക്കുള്ളത്. ഞാനാ വർക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സത്യത്തിൽ അതിൽ രണ്ട് ക്രൂ മെമ്പേഴ്സ് മാത്രമേയുള്ളൂ. ഞങ്ങൾ രണ്ട് പേരും കൂടി യാത്ര ചെയ്താണ് ആ വർക്ക് മൊത്തം ഷൂട്ട് ചെയ്തിട്ടുള്ളത്. അന്നാ വർക്കിന് കൂടെ നിന്ന പോസ്റ്റ് പ്രൊഡക്ഷൻ ടീമാണ് ലൂക്കാ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ടീമായി മാറുന്നത്.
• അധ്യാപകൻ സംവിധായകനാകുമ്പോൾ വിദ്യാർഥി ഛായാഗ്രഹകൻ
ഞാൻ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ഫാക്കൽറ്റിയായി വർക്ക് ചെയ്തിരുന്നു 3 1/2 വർഷം. അന്ന് ശ്യാം അവിടുത്തെ ജേണലിസം വിദ്യാർത്ഥിയായിരുന്നു. പിന്നെ ലൂക്ക സിനിമയിൽ ശ്യാം കുറച്ചു കാലം എന്നെ അസിസ്റ്റ് ചെയ്തിരുന്നു.വളരെ മൾട്ടി ടാലെന്റ്റ്ഡ് ആയിട്ടുള്ള ഒരാളാണ്. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയിൽ ശ്യാം ആണ് ക്യാമറ ചെയ്തിരിക്കുന്നത്. ഒരു ഛായാഗ്രഹകൻ എന്ന നിലയിൽ വളരെ നല്ല സഹകരണമായിരുന്നു ശ്യാം.
• നിർമ്മാതാവായി ഷേർമിൻ കോക്കർ
ഒരു പ്രൊഡക്ഷൻ ഹൗസ് എന്ന നിലക്ക് ഭയങ്കര സപ്പോർട്ടാണവർ തരുന്നത് . ഒരു സിനിമയ്ക്ക് ഏറ്റവും ആവശ്യമുള്ള കാര്യമാണ് ആ സിനിമയെ മനസ്സിലാക്കാൻ കഴിയുന്ന ഒരു പ്രൊഡക്ഷൻ ടീം. അത്തരം പ്രൊഡക്ഷൻ ഹൗസിലേക്ക് സിനിമ എത്തിയാലേ ആ സിനിമക്കും നമുക്കും ഒരുപോലെ ഗുണമുണ്ടാകൂ. റിലാക്സായി വർക്ക് ചെയ്യാൻ പറ്റും. അക്കാര്യത്തിൽ ഈ സിനിമയിൽ മാത്രമല്ല ലൂക്ക സിനിമയിലൊക്കെ എനിക്കാ ഭാഗ്യം ലഭിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ ഹൗസ് നമ്മളുമായി ഒരു കുടുംബം പോലെ സഹകരിക്കാൻ തയ്യാറായാൽ മാത്രമേ നല്ല സിനിമ ഉണ്ടാകൂ.
• വിദ്യാസാഗറിന്റെ സംഗീതം
വിദ്യാജിയുടെ കൂടെ വർക്ക് ചെയ്യുക എന്നുള്ള ഒരു വലിയ താല്പര്യത്തിന്റെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും പുറത്ത് തന്നെയാണ് ഞാൻ സിനിമയ്ക്ക് കൂടി ഇങ്ങനെ ഒരു പേര് നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടാണ് മാരിവില്ലിൻ ഗോപുരങ്ങൾ. അതുതന്നെ ഞാൻ സിനിമയ്ക്കും പേരായി നൽകി. പിന്നെ മ്യൂസിക് കുറച്ച് എക്സ്പിരിമെന്റലായാൽ കൊള്ളാമെന്നെനിക്കുണ്ടായിരുന്നു. നമ്മൾ കണ്ടു മറന്ന പല ഫാമിലി സിനിമകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു മ്യൂസിക് സ്ട്രക്ചർ ഈ സിനിമയിൽ ഉൾപ്പെടുത്തിയാൽ കൊള്ളാമെന്ന് എനിക്ക് തോന്നി. അതൊരു പക്ഷേ ഈ സിനിമയെ ഫാമിലി പ്രേക്ഷകരിലേക്ക് കൂടുതൽ എത്തിക്കാൻ സാധിച്ചേക്കും. ഫസ്റ്റ് നരേഷനിൽ തന്നെ അദ്ദേഹം കഥയെ കുറിച്ച് നല്ല രീതിയിൽ മനസ്സിലാക്കി കഴിഞ്ഞിരുന്നു. പിന്നെ സോങ്ങിന്റെ സ്ട്രക്ചർ ഒക്കെ ഒരു മൂന്നാല് ദിവസങ്ങൾ കൊണ്ട് ചെയ്തു തീർത്തു. സോങ് കമ്പോസ് ചെയുന്ന സെക്ഷൻ വളരെ രസകരമായിരുന്നു. പണ്ടത്തെ രീതിയിൽ ഹാർമോണിയം ഒക്കെ ഉപയോഗിച്ചാണ് സോങ് കമ്പോസ് ചെയ്തത്. അദ്ദേഹം ചോദിച്ചിരുന്നു ഈ സിനിമയ്ക്ക് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പേര് കൊടുത്തത് എന്ന്. ഈ സിനിമ ഒരു ആഘോഷമാണ് പ്രേക്ഷകർക്ക് കൊടുക്കേണ്ടത്. മാരിവിൽ എന്നാൽ മഴവില്ല് എന്നാണ് അർത്ഥം.അത് സന്തോഷത്തിന്റെ സൂചകമാണ്. ഗോപുരങ്ങൾ ആണ് ഈ സിനിമയിൽ കാണുന്ന ഫ്ലാറ്റുകൾ. അതുപോലെ മഴവിൽ നിറമങ്ങൾ പോലെ വ്യത്യസ്തമായ ലെയറുകൾ ഉള്ള കഥാപാത്രങ്ങളാണ് ഈ സിനിമയിൽ ഉള്ളത്.അതൊക്കെ കാരണമാണ് ഈ പേര് തീരുമാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.