സ്വന്തം വീട്ടിൽ കറണ്ട് പോയാൽ അപ്പുറത്തെ വീട്ടിലും പോയിട്ടുണ്ടോ എന്ന് നോക്കുന്നവരാണ് പൊതുവെ മിക്കവരും. മറ്റൊരാളുടെ വ്യക്തിജീവിതത്തിലേക്കുള്ള കടന്നുകയറ്റം അല്ലെങ്കിൽ ഒളിഞ്ഞുനോട്ടം എങ്ങനെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു എന്ന് വ്യക്തമാക്കുന്ന സിനിമയാണ് ‘നടന്ന സംഭവം’. ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും മത്സരിച്ചഭിനയിച്ച ചിത്രം പുരുഷന്മാരുടെ അരക്ഷിതാവസ്ഥയെ ഒരു പുരുഷന്റെ കാഴ്ചപ്പാടിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്. സംവിധായകൻ വിഷ്ണു നാരായൺ സംസാരിക്കുന്നു...
‘മറഡോണ’ക്കു ശേഷം ‘നടന്ന സംഭവം’
‘നടന്ന സംഭവം’ കണ്ട് ആളുകൾ നല്ല അഭിപ്രായം അറിയിക്കുന്നുണ്ട്. കുടുംബങ്ങൾ ഒന്നടങ്കം തിയറ്ററിൽ എത്തുന്നത് വലിയ അംഗീകാരമായി കാണുന്നു. ഈ സിനിമ കൊണ്ട് എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് കൃത്യമായി പ്രതിഫലിപ്പിക്കാൻ സാധിച്ചു എന്നതിൽ ഏറെ സന്തോഷമുണ്ട്.
മലയാളിയെ മാത്രം ഉദ്ദേശിച്ചുള്ളതല്ല ഈ സിനിമ. മനുഷ്യന്റെ ഇൗഗോ, അഹങ്കാരം, ദേഷ്യം, സങ്കടം, സന്തോഷം എന്നിവയൊക്കെ എല്ലായിടത്തുമുള്ളതാണല്ലോ. ഇതിലെ കഥാപാത്രങ്ങൾ നമുക്ക് ചുറ്റും കാണാൻ സാധിക്കുന്നവരാണ്. നമുക്കിടയിൽ തന്നെ സംഭവിച്ച കാര്യങ്ങളുമാണ് പറയുന്നത്. ദാമ്പത്യജീവിതത്തിലെ സ്ത്രീ പ്രാതിനിധ്യം, സ്വാതന്ത്ര്യം, സൗഹൃദം ഇവയെക്കുറിച്ചൊക്കെ സിനിമ ചർച്ചചെയ്യുന്നുണ്ട്.
നടന്ന സംഭവമോ?
ഒരു പ്രത്യേക സംഭവമല്ല സിനിമയിലുള്ളത്. ഇതിലെ കഥാപാത്രങ്ങളും കഥാപരിസരങ്ങളും സംഭവങ്ങളുമെല്ലാം നമുക്കിടയിൽതന്നെ കണ്ടെത്താവുന്നതാണ്. ബിജു മേനോൻ, സുരാജ്, സുധി കോപ്പ എന്നിവരുടെയൊക്കെ കഥാപാത്രങ്ങളെ നമുക്ക് എവിടെയൊക്കെയോ പരിചയമുണ്ട്. ഒരു പ്രത്യേക സംഭവത്തിന്റെ പുനരാവിഷ്കാരമല്ല ഈ സിനിമ.
സുരാജിനെയും ബിജു മേനോനെയും പോലുള്ള പെർഫോർമേഴ്സ് വന്നതാണ് സിനിമയെ ശ്രദ്ധേയമാക്കിയത്. എടുത്തുപറയേണ്ട കഥാപാത്രമാണ് ലിജോ മോളുടേത്. ഞങ്ങൾ മുന്നോട്ടുവെച്ച ലിജോ മോൾ ചെയ്ത കഥാപാത്രം ആയിരക്കണക്കിന് സ്ത്രീകളുടെ നിലപാടാണ്.
സിനിമക്കൊപ്പം
ചെറുപ്പം തൊട്ടേ കലാപരമായ താൽപര്യമുണ്ടായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ചെറിയ നാടകമൊക്കെ ചെയ്തിട്ടുണ്ട്. ഡിഗ്രി വരെ അങ്ങനെ പോയി. നാടകങ്ങളിലൂടെയാണ് സിനിമയിലേക്കു വരണമെന്ന ആഗ്രഹമുണ്ടായത്. സ്കൂളിലും നാട്ടിലും ആഘോഷ സമയങ്ങളിലുമൊക്കെ നാടകങ്ങൾ ചെയ്തിട്ടുണ്ട്. ഒരു സാദാ നാട്ടിൻപുറത്തുനിന്ന് വന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ആദ്യസമയത്ത് എങ്ങനെയാണ് സിനിമയിലേക്ക് എത്തിപ്പെടുക, ആരെ കാണണം എന്നൊന്നും അറിയില്ലായിരുന്നു. പി.ജി ചെയ്തത് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലായിരുന്നു. അവിടെയെത്തിയത് വലിയ വഴിത്തിരിവായി.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുടവട്ടൂർ ആണ് എന്റെ നാട്. നടൻ മുരളിയുടെ ജന്മസ്ഥലമാണ്. അദ്ദേഹത്തിന്റെ നാടിനടുത്താണ് എന്റെയും സ്വദേശം. അച്ഛൻ, അമ്മ, ഭാര്യ, മക്കൾ ഇതാണ് കുടുംബം. ഞാനും ഭാര്യയും മക്കളും എറണാകുളത്താണ് താമസം. മാതാപിതാക്കൾ നാട്ടിലാണ്.
സിനിമയും യാഥാർഥ്യവും
നമ്മൾ കാണുന്ന കാഴ്ചകളാണല്ലോ ഒരോ സംഭവവും. അത് ഏത് ആംഗിളിലാണ് കാണുന്നത് എന്നതിലാണ് കാര്യം. ഈ സിനിമയെടുത്താൽ തന്നെ ഇതിലെ കഥാപാത്രമായ ലിങ്കൺ കാണുന്ന കാഴ്ചകളാണ് പല പ്രശ്നങ്ങൾക്കും ഹേതുവാകുന്നത്. പക്ഷേ, ലിങ്കൺ ഈ സിനിമയിൽ വളരെ ഗൗരവമുള്ള കഥാപാത്രമാണ്. അയാളുടെ കാഴ്ചയിൽ എല്ലാ തെറ്റാണ്. അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും അതിൽനിന്ന് ലഭിക്കുന്ന ഹരം അയാൾ എൻജോയ് ചെയ്യുകയും ചെയ്യുന്നു. അത് അയാളുടെ സാധാരണ സ്വഭാവമാണ്. പിന്നെ അജിത്ത് എന്ന കഥാപാത്രമാണെങ്കിലും അദ്ദേഹത്തിന്റെ കാഴ്ചയിൽ അദ്ദേഹത്തിന്റെ ഭാര്യയും അയൽവാസിയായ ഉണ്ണിയുടെ കഥാപാത്രവും തമ്മിൽ സൗഹൃദമുണ്ടാകുന്നു. എന്നാൽ അയാൾക്കത് പോസിറ്റിവ് ആയി കാണാൻ സാധിക്കുന്നില്ല. അത് അയാളുടെ കാഴ്ചയുടെ പ്രശ്നമാണ്. അയാൾ ഭാര്യക്കും കുടുംബത്തിനുമായി എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നുണ്ട്. പക്ഷേ, അദ്ദേഹത്തിന് എവിടെയോ ഒരു പോയന്റിൽ അയാൾ ചിന്തിക്കുന്നത് ‘‘വേർ ഈസ് മൈ പ്രോപർട്ടീസ്’’ എന്നാണ്. ആ ചിന്തയാണ് കല്ലുകടിയാകുന്നതും പല പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതും. ഇങ്ങനെ യാഥാർഥ്യത്തെ ചേർത്തുനിർത്തിക്കൊണ്ടാണ് സിനിമ മുന്നോട്ടുനീങ്ങുന്നത്.
സിനിമയിലെ ഗോഡ് ഫാദർ
യൂനിവേഴ്സിറ്റി കാമ്പസിലെ സൗഹൃദങ്ങളാണ് സിനിമയിലേക്ക് വഴി തുറക്കുന്നത്. ആദ്യം ചെറിയ ചില ചിൽഡ്രൻസ് സിനിമകളുടെ അസി. ഡയറക്ടറായി. പിന്നീട് ഒരു പോയന്റിലാണ് ആഷിഖ് അബുവിന്റെ അടുത്തെത്തുന്നത്. അദ്ദേഹത്തോടൊപ്പം ‘22 ഫീമെയിൽ കോട്ടയം’, ‘ഇടുക്കി ഗോൾഡ്’, ‘ടാ തടിയാ’, ‘റാണി പത്മിനി’, ‘ഗ്യാങ്സ്റ്റർ’ എന്നീ പടങ്ങളൊക്കെ ചെയ്തു. അതോടൊപ്പം തെന്ന സമീർ താഹിറിനൊപ്പം ‘നീലാകാശം, പച്ചക്കടൽ, ചുവന്നഭൂമി’ ചെയ്യാൻ സാധിച്ചു. പിന്നെ ദിലീഷ് നായർക്കൊപ്പം ‘ഡമാർ പഠാർ’ ചെയ്തു. അങ്ങനെയൊടുവിലാണ് ‘മഹേഷിന്റെ പ്രതികാരം’ സിനിമക്കൊപ്പം ചേരുന്നത്. അവിടെനിന്നാണ് ദിലീഷ് പോത്തന്റെ കൂടെ ചേരുന്നത്. പോത്തേട്ടനൊപ്പം അസോസിയേറ്റ് ആയിരുന്നു.
ഒരു പ്രത്യേകയാളെ ഗോഡ് ഫാദറായി കാണുന്നില്ല. ഒരുപാട് പേരുടെ പിന്തുണയും സഹായവും ലഭിച്ചിട്ടുണ്ട്. ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നില്ലെങ്കിലും ആഷിഖ് അബുവിന്റെ കൂടെ ചേർന്നത് മുതലാണ് സിനിമയോടുള്ള സമീപനത്തിലും കാഴ്ചപ്പാടിലുമൊക്കെ മാറ്റം സംഭവിക്കുന്നത്.
തമാശക്കപ്പുറം
വളരെ കൃത്യമായി ചില വിഷയങ്ങൾ സിനിമയിലൂടെ പറയാൻ ഉദ്ദേശിച്ചിട്ടുണ്ട്. ദാമ്പത്യം, സൗഹൃദം, ഡൊമസ്റ്റിക് വലയൻസ്, കുടുംബം, സ്ത്രീ സ്വാതന്ത്ര്യം അങ്ങനെ പലവിഷയങ്ങളെയും സിനിമ കൃത്യമായി അഡ്രസ് ചെയ്യുന്നുണ്ട്. എന്നാൽ, വളരെ ഗൗരവമുള്ളൊരു സിനിമ ചെയ്യുന്നു എന്ന രീതിയിലല്ല ഞാനിത് ചെയ്തിട്ടുള്ളത്. തമാശയും ത്രില്ലറുമൊക്കെയായി എല്ലാവർക്കും ഈസിയായി മനസ്സിലാക്കാനും എൻജോയ് ചെയ്യാനും സാധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ചിത്രം ഒരുക്കിയത്. പ്രധാനമായും ഫാമിലി പ്രേക്ഷകരെ ലക്ഷ്യംവെച്ചാണ് സിനിമ. അവരെ കുറെയേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.