ഈഗോ മനുഷ്യനെ എത്ര ഭ്രാന്തൻമാരാക്കും? ഈ ചോദ്യത്തിന്റെ ഉത്തരം കിട്ടാൻ ഈ ഒരു സിനിമ കണ്ടാൽ മാത്രം മതിയാകും, ‘പാർക്കിങ്’. ഈഗോയും അതുവഴി ഉണ്ടാകുന്ന വൈരാഗ്യങ്ങളും മനുഷ്യനെ എങ്ങനെ ചിന്തിക്കാൻപോലുമാവാത്ത മാനസികതലങ്ങളിലേക്ക് എത്തിക്കും എന്നതിന്റെ നേർച്ചിത്രം. ഹോട്സ്റ്റാറിൽ റിലീസ് ചെയ്ത ഈ തമിഴ് ചിത്രം ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ പ്രദർശനം തുടരുകയാണ്. രാംകുമാർ ബാലകൃഷ്ണനാണ് ‘പാർക്കിങ്’ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത സിനിമാതാരം എം.എസ്. ഭാസ്കറും യുവതാരം ഹരീഷ് കല്യാണും മത്സരിച്ച് അഭിനയം കാഴ്ചവെച്ചിരിക്കുന്നു സിനിമയിൽ. തുടക്കത്തിൽ ഇഴച്ചിൽപോലെ തോന്നി സിനിമ കാണുന്നത് നിർത്തിപ്പോയാൽ അത് പ്രേക്ഷകർക്ക് വലിയ നഷ്ടംതന്നെയായിരിക്കും. കാരണം, പിന്നീട് വരാനിരിക്കുന്നത് മാനസിക പിരിമുറുക്കം വേണ്ടുവോളം നൽകുന്ന മുഹൂർത്തങ്ങളാണ്.
സാധാരണ ഫീൽഗുഡ് കുടുംബ സിനിമയായാണ് ‘പാർക്കിങ്’ തുടങ്ങുന്നത്. കഥ പുരോഗമിക്കും തോറും പ്രേക്ഷകർ ഒരു ത്രില്ലർ മൂഡിലേക്ക് മാറും. ഒരു വാടകവീട്ടിൽ മുകളിലും താഴെയുമായി താമസിക്കുന്ന രണ്ട് കുടുംബങ്ങൾ. താഴെ പ്രായമായ ഒരാളും ഭാര്യയും മകളും. മുകളിൽ പുതുതായി താമസത്തിനെത്തുന്ന ദമ്പതികൾ. പാർക്കിങ് സ്ലോട്ടിൽ ഒരു ബൈക്ക് മാത്രമായാണ് സിനിമ തുടങ്ങുന്നത്. പിന്നീട് പുതുതായെത്തിയ ദമ്പതികൾ ഒരു കാർ വാങ്ങിക്കുന്നു. ഈ കാർ പാർക്കിങ് ഏരിയയിൽ എത്തുന്നതു മുതലാണ് സിനിമ അതിന്റെ ത്രില്ലർ മൂഡിലേക്ക് കടക്കുന്നത്.
ഈശ്വർ, ആധിക എന്നിവരാണ് നവ ദമ്പതികളായ കഥാപാത്രങ്ങൾ. ഐ.ടി പ്രഫഷനലാണ് ഈശ്വർ. ഭാര്യ ആധിക ഗർഭിണിയാണ്. താഴത്തെ നിലയിൽ താമസിക്കുന്നത് ഇളമ്പരുത്തി എന്ന സർക്കാർ ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ കുടുംബവും. സ്നേഹത്തിൽ കഴിയുന്ന രണ്ട് കുടുംബങ്ങൾക്കുമിടയിൽ കാർ വാങ്ങുന്നതോടെ അസ്വാരസ്യങ്ങൾ തുടങ്ങുന്നു. 10 വർഷമായി താൻ ആസ്വദിക്കുന്ന പാർക്കിങ് സ്ഥലം കാറിടാൻവേണ്ടി വിട്ടുകൊടുത്തത് ഇളമ്പരുത്തിക്ക് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. പാർക്കിങ്ങിനെച്ചൊല്ലി ഉണ്ടാകുന്ന തർക്കം രണ്ടു കുടുംബങ്ങളെയും അകറ്റുന്നു. പിന്നെ നടക്കുന്നത് ഈഗോ പ്രതികാരത്തിന് വഴിമാറുന്നതാണ്. ഈശ്വറും ഇഴമ്പരുത്തിയും പരസ്പരം പലരീതിയിൽ വൈരാഗ്യവുമായി എത്തുന്നു. പ്രേക്ഷകരെ പിരിമുറുക്കത്തിലാക്കുന്ന മുഹൂർത്തങ്ങളാണ് പിന്നീട് സിനിമ തീരും വരെ.
അഭിനേതാക്കൾ ഓരോരുത്തരും അവരവരുടെ പ്രകടനം ഗംഭീരമാക്കിയിരിക്കുന്നു. ഈശ്വറിന്റെ ഭാര്യ ആധികയായി ഇന്ദുജയും ഇളമ്പരുത്തിയുടെ ഭാര്യയായി രമയും മകളായി പ്രാർഥന നാഥനും മികച്ച പ്രകടനംതന്നെ കാഴ്ചവെച്ചിട്ടുണ്ട്. സിനിമയിൽ ഉടനീളം ആകാംക്ഷ നിലനിർത്താൻ പശ്ചാത്തല സംഗീതവും ഏറെ സഹായിക്കും. വിഷ്വൽ എഡിറ്റിങ്ങിൽ വരെ സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് സിനിമ മുന്നോട്ടുനീങ്ങുന്നത്. ഫാമിലി, ത്രില്ലർ, സസ്പെൻസ് തുടങ്ങി ഏത് ഗണത്തിൽ വേണമെങ്കിലും ഈ സിനിമയെ പ്രേക്ഷകർക്ക് ഉൾപ്പെടുത്താം. തമിഴ്, മലയാളം, തെലുഗു, ഹിന്ദി, കന്നട ഭാഷകളിൽ ഈ സിനിമ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.