Qalb movie Actor Ashiq Khalid interview

'പറ സൗദ' എന്ന ഡയലോഗ് ഹിറ്റായപ്പോൾ ഒരുപാട് സന്തോഷം തോന്നി; ആഷിക് ഖാലിദ് -അഭിമുഖം

സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയ ഖൽബ് സിനിമയിലെ ‘പറ സൗദ’ എന്നൊരൊറ്റ ഡയലോഗിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ആഷിക് ഖാലിദ്. സിനിമ രംഗത്ത് കൂടുതൽ സജീവമായി കൊണ്ടിരിക്കുന്ന ആഷിക് ഖാലിദ് തന്റെ സിനിമ വിശേഷങ്ങൾ പങ്ക് വെക്കുന്നു മാധ്യമവുമായി

 അഭിനയം യാദൃശ്ചികം

തൊഴിൽപരപരമായി പല മേഖലകളിലൂടെയും കടന്നുപോയിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. അടിസ്ഥാനപരമായി ഇന്റർനെറ്റ് നെറ്റ്‌വർക്ക് എൻജിനീയറിങ് ആണ് എന്റെ യഥാർത്ഥ മേഖല. അതുപോലെ ഒരുപാട് ജോലികൾ ഒത്തിരി സ്ഥലങ്ങളിലായി ചെയ്തിട്ടുമുണ്ട്. ആ ജീവിതാനുഭവമൊക്കെ തന്നെയാണ് ഞാനിപ്പോഴഭിനയിക്കുന്ന കഥാപാത്രങ്ങൾക്ക് ഏറ്റവുമധികം ഉപകാരമായി വരുന്നതും. അഭിനയം എന്ന മേഖലയിലേക്ക് യാദൃശ്ചികമായി എത്തപെട്ട ഒരാളാണ് ഞാൻ. എന്റെ ഒരുപാട് സുഹൃത്തുക്കൾ സിനിമ മേഖലയിലുണ്ട്.

ആദ്യത്തെ വലിയ പെരുന്നാൾ

ഞാനാദ്യമായി അഭിനയിക്കുന്നത് ഷെയ്ൻ നിഗം നായകനായ വലിയ പെരുന്നാൾ എന്ന സിനിമയിലാണ്. ആ സിനിമയുടെ സംവിധായകൻ ഡിമൽ ഡെന്നിസ് എന്റെ സുഹൃത്താണ്. അവനാണ് എന്നെയതിലേക്കഭിനയിക്കാൻ വിളിച്ചത്. അന്ന് ഞാനവനോട് പറഞ്ഞിരുന്നു ഇത് നിന്റെ ആദ്യത്തെ സംരംഭമാണ് നല്ല ആർട്ടിസ്റ്റുകളെ നോക്കൂ എന്ന്. പക്ഷേ അവൻ കൂട്ടാക്കിയില്ല. ആ സിനിമയിലഭിനയിച്ച ഞാനടക്കമുള്ള ഒരുവിധമെല്ലാവർക്കും അഭിനയിക്കാനുള്ള ട്രെയിനിങ് ഒക്കെ തന്നിട്ടാണ് ആ സിനിമയിലവൻ ഞങ്ങളെ അഭിനയിപ്പിച്ചത്. അതിനായി ആക്ട് ലാബ് ഒക്കെ വെച്ചു. ആ വലിയ പെരുന്നാൾ സിനിമയിലെ പെർഫോമൻസ് കണ്ടിട്ടാണ് സംവിധായകൻ സാജിദ് യഹിയ ഖൽബ് സിനിമയിലേക്കഭിനയിക്കാൻ വിളിക്കുന്നത്. ആ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ എനിക്കിഷ്ടപ്പെട്ടു. അങ്ങനെ അത് ചെയ്തു. ഒത്തിരി പടങ്ങളിൽ അഭിനയിക്കാൻ വിളിക്കാറുണ്ടെങ്കിലും എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നുന്ന കഥാപാത്രങ്ങൾ മാത്രമേ ഞാൻ തിരഞ്ഞെടുക്കാറുള്ളൂ. ഒരു നടനെന്ന നിലയ്ക്ക് ഒരു കഥാപാത്രം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്പേസ് മാത്രമേ നമുക്കുള്ളൂ. അവിടുന്നങ്ങോട്ട് ബാക്കിയുള്ളതെല്ലാം സംവിധായകന്റെ കയ്യിലാണ്. നല്ല കഥാപാത്രത്തെ തിരഞ്ഞെടുക്കുക എന്ന എന്റെ ജോലി ഞാൻ നന്നായി തന്നെ ചെയ്യാൻ ശ്രമിക്കാറുണ്ട്.

ഷെയ്ൻ നിഗം പഠിപ്പിച്ചത്

വലിയ പെരുന്നാൾ സിനിമയിലെ നായകനായ ഷെയ്ൻ നിഗത്തിന്റെ രീതി ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാധാരണ നാടകങ്ങളൊക്കെ ചെയ്യുമ്പോഴാണ് കഥാപാത്രത്തെയെങ്ങനെയാണ് ഇമ്പ്രവൈസ് ചെയ്യേണ്ടതെന്നൊക്കെ കൂടുതലായി പഠിപ്പിക്കുന്നത്. പക്ഷേ അങ്ങനെ ഇമ്പ്രവൈസ് ചെയ്യുന്നത് കൂടിയാൽ അഭിനയത്തിലെ സ്വാഭാവികത നഷ്ടപ്പെടും. ആ സ്വാഭാവികത നഷ്ടപ്പെടാതെ എങ്ങനെ അഭിനയിക്കാമെന്നാണ് ഷെയിനിന്റെ അടുത്തുനിന്ന് ഞാൻ പഠിച്ചത്. അതായത് സാധാരണ ജീവിതത്തിൽ സാധാരണക്കാർ എങ്ങനെയാണ് പെരുമാറുക എന്നതാണ് ഷെയ്ൻ സ്ക്രീനിൽ കാണിക്കുന്നത്. അതിനപ്പുറത്തേക്ക് പോയാൽ അഭിനയമായി മാറും. പിന്നെ സിനിമയ്ക്കകത്ത് കാണുന്ന ആർട്ടിസ്റ്റുകളുടെ ബോഡിലാംഗ്വേജാണവരെ വ്യത്യസ്ഥരാക്കുന്നതെന്നാണ് ഞാൻ കരുതുന്നത്. സിനിമയിൽ കാണുന്ന രജനികാന്തിനെ പോലെയല്ലല്ലോ യഥാർഥ ജീവിതത്തിലെ രജനികാന്ത് നടക്കുന്നത്. അത് സിനിമക്കകത്തവരുണ്ടാക്കിയെടുത്ത ഒരു ഇമേജാണ്. അത്തരം ബോഡി ലാംഗ്വേജ് പോലും ജീവിതത്തിൽ നിന്നും തെരഞ്ഞെടുത്തതാണെന്നാണ് ഞാൻ കരുതുന്നത്.

പ്രയത്നവും കഴിവും

അഭിനയം പഠിപ്പിക്കാൻ ട്രെയിനേഴ്സ് വരുന്നു, ആക്ട് ലാബ് വഴി നമ്മുടെ അഭിനയത്തെ ഇംപ്രൂവ് ചെയ്യാൻ ശ്രമിക്കുന്നു തുടങ്ങിയ എക്സ്പീരിയൻസെല്ലാം എനിക്ക് കിട്ടിയത് വലിയ പെരുന്നാൾ സിനിമയിലാണ്. നാടകം പഠിപ്പിക്കുന്ന ആളുകളാണ് നമ്മളെ ആക്ടിങ് പഠിപ്പിക്കാൻ വരുന്നത്. പക്ഷേ അവരെങ്ങനെ പഠിപ്പിച്ചിട്ടും കാര്യമില്ല. ക്യാമറയുടെ മുമ്പിലേക്ക് വരുമ്പോൾ നമ്മളൊറ്റയ്ക്ക് വേണം അത് ഡീൽ ചെയ്യാൻ. അതായത് പഠിപ്പിക്കുന്നവർക്ക് പറഞ്ഞുതരാനെ കഴിയുകയുള്ളൂ . നമ്മുടെ കഥാപാത്രം എങ്ങനെ ചെയ്യണമെന്ന് നമ്മൾ തന്നെ വേണം തീരുമാനിക്കാൻ. ഷൂട്ട് സമയത്ത് ഒറ്റ ടേക്കിലൊന്നും നമ്മുടെ അഭിനയം ശരിയായില്ലെങ്കിൽ കാര്യങ്ങൾ കുറെ കൂടി കോംപ്ലിക്കേറ്റഡ് ആവും. പിന്നെ ഓരോ തവണ ചെയ്യുംതോറും നമ്മുടെ ഫോക്കസ് നഷ്ടപ്പെടും. നമുക്ക് ടെൻഷൻ കൂടും. ഉള്ളത് പറഞ്ഞാൽ അത്തരം സാഹചര്യങ്ങളിലൊന്നും എന്താണ് ചെയ്യേണ്ടതെന്ന് ഈ അഭിനയം പഠിപ്പിക്കാൻ വരുന്ന ട്രെയിനേഴ്‌സാരും നമുക്ക് പറഞ്ഞു തരുന്നില്ല. ക്യാമറ മുൻപിൽ വരുമ്പോൾ അവർ പഠിപ്പിച്ചതൊന്നും നമുക്ക് ഓർമ്മ വരില്ല. നമ്മുടെ പ്രയത്നമാണ് പിന്നെയവിടെ പ്രധാനം. കഴിവും.

ട്രെൻഡായ പറ സൗദ

സോഷ്യൽ മീഡിയയിലിപ്പോൾ ആഘോഷിച്ചുകൊണ്ടിരിക്കുന്ന ‘പറ സൗദ’ എന്ന ഡയലോഗ് വരുന്ന ഷോട്ട് ഖൽബ് സിനിമയ്ക്ക് വേണ്ടി സാജിദ് ഷൂട്ട് ചെയ്യുമ്പോൾ അധികം ടേക്കിലേക്ക് പോകാതിരിക്കാനാണ് ഞാൻ ശ്രദ്ധിച്ചത്. കാരണം കൂടുതൽ കൂടുതൽ ടേക്കിലേക്ക് പോകും തോറും തുടക്കത്തിലെ സ്വാഭാവികത കുറയുകയും അത് ആർട്ടിഫിഷ്യലായി മാറുകയും ചെയ്യും. പിന്നെ ഈ ഡയലോഗ് ഇങ്ങനെയൊരു വോയിസ് മോഡുലേഷനിൽ തന്നെ പറയണമെന്ന പ്ലാനൊന്നുമില്ലായിരുന്നു. പറഞ്ഞു വന്നപ്പോൾ ആ മോഡലേഷൻ സ്വാഭാവികമായി വന്നതാണ്. അവരെഴുതിയ സമയത്ത് ഡയലോഗിൽ ഒരു സൗദ എങ്ങാണ്ട് ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഞാനത് പറഞ്ഞു വന്നപ്പോൾ മൂന്നോ നാലോ എണ്ണം ഒക്കെ ആയി. അത് കഥാപാത്രത്തിലേക്ക് കൂടുതലായി ഫോക്കസ് കിട്ടുമ്പോൾ വരുന്നൊരു സംഭവമാണ്. പക്ഷെ സിനിമ തീയറ്ററിൽ റിലീസായ സമയത്തൊന്നും ഈ സിനിമക്കധികം ഷോ ഒന്നും കിട്ടിയില്ലായിരുന്നു. എന്നാലും ഞങ്ങൾ തിയറ്റർ വിസിറ്റിനൊക്കെ വേണ്ടി പോവുമ്പോൾ ആളുകളുടെ പെരുമാറ്റത്തിൽ നിന്ന് മനസിലായിരുന്നു ആ കഥാപാത്രമവരിൽ സ്ട്രൈക്ക് ചെയ്യപ്പെട്ടുവെന്ന്. ‘ഇതാരാ തുമ്പി ഫോണിൽ? ഖൽബോ?’ എന്നൊക്കെ ചോദിക്കുന്ന ഒരു സീനുണ്ട് സിനിമയിൽ. അതെടുക്കുന്ന സമയത്ത് സംവിധായകൻ സാജിദ് പനി പിടിച്ചിരുപ്പാണ്. എനിക്കാണെങ്കിൽ സാജിദ് ആക്ടീവ് ആയാൽ മാത്രമേ ഫുൾ പവറിൽ അഭിനയിക്കാൻ പറ്റുകയുള്ളൂ. സാജിദിന് വയ്യാത്തതുകൊണ്ട് ഈ സീൻ ഷൂട്ട് ചെയുന്ന സമയം നീണ്ടു പോകുമെന്ന് എനിക്കറിയാം. ഞാനപ്പോൾ പറയുകയും ചെയ്തു നമുക്ക് നാളെ ചെയ്യാമെന്ന്. അപ്പോൾ ലെന എന്റെ അടുത്ത് വന്നു പറഞ്ഞു 'ചേട്ടാ ഞങ്ങളൊക്കെ സിനിമ തുടങ്ങിയ കാലത്താണ് ചേട്ടനീ പറഞ്ഞ ഡയലോഗ് പറഞ്ഞതെങ്കിൽ ചേട്ടനിപ്പോ ചേർത്തല എത്തിയിട്ടുണ്ടാകുമെന്ന്‘. എനിക്കപ്പോ അതിന്റെ അർഥം മനസിലായില്ല. പിന്നെയാണ് എനിക്ക് സംഭവം മനസിലായത്. ഉള്ളത് പറഞ്ഞാൽ എനിക്കാ കഥാപാത്രത്തിലേക്ക് എത്താൻ നല്ലത് ഫോക്കസ് വേണമായിരുന്നു.

 ഒ.ടി.ടി ഹിറ്റ്

ഖൽബ് ഒ.ടി.ടി യിൽ ഇറങ്ങും ഇറങ്ങുമെന്ന് കേൾക്കുന്നെന്നല്ലാതെ അത് ഇറങ്ങുന്നില്ലായിരുന്നു. സിനിമ റിലീസ് ചെയ്ത് ഒരു വർഷം ആവാറായാപ്പോഴാണ് ഒ.ടി.ടി യിൽ എത്തുന്നത്. എനിക്കാണെങ്കിൽ അപ്പോഴേക്കും ഒരു പുതിയ സിനിമ ഇറങ്ങിയ പോലായിരുന്നു മൊത്തത്തിലനുഭവപ്പെട്ടത്. ഒ.ടി.ടി യിൽ സിനിമയും എന്റെ ഡയലോഗും ഒക്കെ നല്ല അഭിപ്രായം നേടിയപ്പോൾ ഒരു സിനിമ ഹിറ്റടിക്കുമ്പോൾ ഉണ്ടാകുന്ന അതേ സന്തോഷമാണ് എനിക്കനുഭവപ്പെട്ടത്. ഇൻസ്റ്റാഗ്രാമിലും വാട്സാപ്പിലും ഫെയ്സ്ബുക്കിലും ഒക്കെ പറ സൗദ എന്ന ഡയലോഗ് ആഘോഷിക്കുമ്പോൾ അതൊരു സിനിമയുടെ വൻ വിജയം പോലെയാണ് എനിക്ക് തോന്നിയത്. അവറാച്ചൻ ആൻഡ് സൺസ് എന്ന പുതിയ സിനിമയുടെ വിളക്കു കൊളുത്തൽ ചടങ്ങിന്റെ വിഡിയോയ്ക്ക് താഴെ വന്ന് പറ സൗദ എന്നൊക്കെ മറ്റുള്ളവർ കമന്റ് ചെയ്യുന്നത് അതിന്റെ പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫനൊക്കെ കണ്ടപ്പോഴവരും നല്ല ഹാപ്പിയായി. കഴിഞ്ഞ പടത്തിലെ ഹാങ്ങോവർ ഇവിടെയും കാണുമ്പോഴുള്ള സന്തോഷം വലുതല്ലേ. അതുപോലെ സംഗതി സിനിമയിൽ ആണെങ്കിലും പല സ്ത്രീകൾക്കും അത് സിനിമയാണെന്നും കഥാപാത്രമാണെന്നുമുള്ള ചിന്ത വിട്ട് വല്ലാത്ത തരം ദേഷ്യം തോന്നിയിട്ടുണ്ട് എന്നോട്‌.

സിനിമ വിശേഷം കുടുംബ വിശേഷം

അവറാച്ചൻ ആൻഡ് സൺസ് ആണ് പുതിയ സിനിമ. ബിജു മേനോൻ ശ്രീനാഥ് ഭാസി ഗ്രേസ് ആന്റണി തുടങ്ങിയവരൊക്കെ അഭിനയിക്കുന്ന സിനിമയാണ്. ഒരുപാട് പ്രതീക്ഷയോടെയാണ് ആ സിനിമ ഞാൻ കാത്തിരിക്കുന്നത്. അതിനകത്ത് ഒരു വില്ലൻ വേഷമാണ് ചെയ്തിട്ടുള്ളത്. ഹിറ്റാവുമെന്ന് ഉറപ്പുള്ള ഒരു സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇപ്പോൾ. അതാണ് പുതിയ സിനിമ വിശേഷം. പിന്നെ കുടുംബവിശേഷം പറയുകയാണെങ്കിൽ ഭാര്യയും മക്കളും ആണ് കുടുംബം. മോൾ ഫാഷൻ ഡിസൈനറാണ്. മോൻ പ്ലസ് വൺ വിദ്യാർത്ഥിയും.

Tags:    
News Summary - Qalb movie Actor Ashiq Khalid interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.