‘4 ഇയേഴ്സ്’ന് ലഭിക്കുന്ന സ്വീകാര്യതക്കനുസരിച്ച് രണ്ടാം ഭാഗം വേണോ എന്ന് ചിന്തിക്കും -രഞ്ജിത് ശങ്കർ

പ്രിയാവാര്യരും സർജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് 4 ഇയേഴ്സ്. പതിവ് രഞ്ജിത്ത് ശങ്കർ ചിത്രങ്ങളിൽ നിന്നും വേറിട്ട്, കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന ഒരു മ്യൂസിക്കൽ ലൗ സ്റ്റോറിയായാണ് ഈ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. തിയറ്റർ കഴിഞ്ഞ് ഒ.ടി.ടിയിൽ എത്തിയ ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു സംവിധായകൻ രഞ്ജിത്ത് ശങ്കർ...

•  പ്രേക്ഷകർ ഏറ്റെടുക്കുന്ന 4 ഇയേഴ്സ്

സന്തോഷത്തേക്കാൾ കൂടുതൽ ആശ്വാസം തരുന്ന കാര്യമാണത്. സിനിമ ആളുകൾ കാണാതെ പോകുന്ന സാഹചര്യം ഉണ്ടായില്ല. പകരം ആളുകളുടെ ചർച്ചകളിലും ഓർമകളിലും ഈ സിനിമ നിലനിൽക്കുകയാണുണ്ടാവുന്നത് . ഒരു ലൗ സ്റ്റോറി ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ രീതിയിലുള്ള ലൗ സ്റ്റോറിയാണ് 4 ഇയേഴ്സ്. പാസഞ്ചർ സിനിമ ചെയ്യുമ്പോൾ അത് എന്റെ രീതിയിലുള്ള ഒരു ത്രില്ലർ സിനിമയായിരുന്നു. അതുപോലെ തന്നെയാണ് ഇതും. ഇഷ്ടപ്പെടുന്നവർക്ക് നന്നായി ഇഷ്ടപ്പെടുകയും ഇഷ്ടപ്പെടാത്തവർക്ക് തീരെ വർക്ക് ആവുകയും ചെയ്യില്ല എന്നതാണ് ഈ ലൗ സ്റ്റോറിയുടെ ഒരു പ്രത്യേകത. അതറിഞ്ഞു കൊണ്ട് തന്നെയാണ് ഈ സിനിമ എടുത്തത്. കാലക്രമേണ ആളുകൾക്ക് ഇഷ്ടപ്പെടുന്ന, അവർ തിരിച്ചു പോയി വീണ്ടും കാണാൻ സാധ്യതയുള്ള ഒരു സിനിമയായാണ് ഇതിനെ എനിക്ക് അനുഭവപ്പെടുന്നത്.


•  കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ്

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിലായിരുന്ന 4 ഇയേഴ്സ് സിനിമയുടെ ഷൂട്ട് നടന്നത്. ഞാൻ പഠിച്ചിറങ്ങിയ കോളജാണത്. ഈ സിനിമയിലാണെങ്കിൽ ഈ കോളേജ് ഒരു കഥാപാത്രം കൂടിയാണ്. ഒരു പത്തു ഇരുപത്തഞ്ചു വർഷം മുൻപ് ഞാൻ സിനിമ സ്വപ്നം കണ്ടു നടന്ന സ്ഥലമാണത്. അവിടെ സിനിമ ചെയ്യാൻ പറ്റുന്നത് പോലും ഒരു ഭാഗ്യമാണ്. ആ കോളജിൽ വെച്ച് ഷൂട്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് സിനിമകൾ ഞാൻ മുൻപേ തന്നെ ആലോചിച്ചിരുന്നു. ഓഡിയൻസിലേക്ക് കൂടുതൽ നല്ല രീതിയിൽ എത്തിക്കാൻ പറ്റുന്ന കഥകളായിരുന്നു അപ്പോഴൊക്കെ ആലോചനയിൽ വന്നത്. താരമൂല്യമുള്ള സിനിമകൾ ആയിരുന്നു അതൊക്കെ. പിന്നീട് ആ ചിന്ത ഞാൻ മാറ്റിവെച്ചു. കാരണം, കോളജിൽ വച്ച് ചെയ്യുകയാണെങ്കിൽ ഒരു പ്രണയകഥ തന്നെ പറയുന്നതാണ് ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നി. അതാണ് കോളജിൽ വെച്ചു ചെയ്യേണ്ട സിനിമ. പക്ഷെ അപ്പോഴും ഞാൻ ഈ പ്ലാൻ മാറ്റിവെച്ചു. സത്യസന്ധമായി സിനിമയെ സമീപിക്കുമ്പോൾ താരങ്ങളുടെ പ്രായം 21 വയസ്സ് പാടുള്ളൂ. എന്നാൽ 21 വയസ്സുള്ള താരങ്ങളൊന്നുമില്ല നമ്മൾക്ക്. പിന്നെയുള്ള ഓപ്ഷൻ താരങ്ങളെ ചെറുപ്പം ആക്കി 21 വയസ്സ് ആക്കുക എന്നതാണ്. പക്ഷേ അത് സത്യസന്ധമായ ഒരു സമീപനം ആവില്ല എന്ന് തോന്നി ഉപേക്ഷിച്ച പദ്ധതിയായിരുന്നു. അതിനു ശേഷം പിന്നീട് സാഹചര്യങ്ങൾ അനുകൂലമായപ്പോഴാണ് ഈ സിനിമ എടുത്തത്. സിനിമയെ സത്യസന്ധമായി സമീപിക്കുക എന്ന കാരണം കൊണ്ടാണ് ഈ സിനിമയെടുക്കാൻ ഇത്ര വൈകിയതും.

• പ്രിയ വാര്യറും സർജാനോ ഖാലിദും

ഗായത്രി എന്ന കഥാപാത്രത്തിന് വേണ്ടി തന്റേതായ നിലക്ക് ഒരുപാട് കോൺട്രിബ്യൂട്ട് ചെയ്ത ആളാണ് പ്രിയ വാര്യർ. അതായത് അവരുടെ പേഴ്സണലാറ്റിയിൽ നിന്നും കുറെ ഭാഗങ്ങൾ ഞാൻ ഗായത്രി എന്ന കഥാപാത്രത്തിലേക്ക് എടുത്തിട്ടുണ്ട്. ഉദാഹരണത്തിന് പ്രിയ ചെയുന്ന ഗായത്രി എന്ന കഥാപാത്രത്തിന്റെ കയ്യിൽ 11 : 11 എന്നൊരു ടാറ്റൂ ഉണ്ട്. അവനെക്കുറിച്ചെല്ലാം സിനിമയിൽ സൂചിപ്പിക്കുന്നുണ്ട്. അത് ശരിക്കും പ്രിയയുടെ കയ്യിലുള്ള ടാറ്റുവാണ്. അതിനു പുറകിലെ കോൺസെപ്റ്റിനെ കുറിച്ച് എനിക്ക് പറഞ്ഞു തന്നത് പ്രിയയാണ്. അതുപോലെ ഈ കഥാപാത്രത്തിന്റെ ഔട്ട്‌ ലുക്ക്, ചിന്താഗതി തുടങ്ങി പലതിനെയും പ്രിയയിൽ നിന്നും കഥാപാത്രത്തിലേക്കായി ഞാൻ എടുത്തിട്ടുണ്ട്. അതുപോലെ സിനിമക്കകത്തു നായകനും നായികയും തമ്മിലുള്ള കെമിസ്ട്രി വളരെ സ്വാഭാവികമായി ഉണ്ടാവേണ്ട ഒന്നാണ്. അത് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല. പ്രിയയും സർജാനോയും സുഹൃത്തുക്കളായിരുന്നു. ഷൂട്ട് തുടങ്ങുമ്പോൾ അവർ കൂടുതൽ നല്ല സുഹൃത്തുക്കളായി മാറി. ആ കെമിസ്ട്രി സിനിമക്ക് ഉപകാരപ്പെട്ടു. അതുപോലെ ഗായത്രി വിശാൽ എന്നീ രണ്ട് കഥാപാത്രങ്ങളെ അവരുടെ പേഴ്സണാലിറ്റിയുമായി ബന്ധിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. സർജാനോ നാദാപുരംകാരനാണ്. പ്രിയ തൃശ്ശൂർ വളർന്നു പുറത്തൊക്കെ ജീവിച്ച പെൺകുട്ടിയാണ്. അങ്ങനെയൊക്കെ തന്നെയാണ് സിനിമയിൽ ഞാൻ ഈ കഥാപാത്രങ്ങളെയും പ്ലെയ്സ് ചെയ്തിരിക്കുന്നത്. അത്തരത്തിൽ ഇവരുടെ വ്യക്തിത്വങ്ങളുമായി കൂടുതൽ അടുപ്പിക്കുമ്പോൾ ഇവർക്ക് കഥാപാത്രം ചെയ്യാൻ കുറെ കൂടി എളുപ്പമായിരിക്കും. അങ്ങനെയൊക്കെ ശ്രമിച്ചിട്ടുണ്ട് ഇതിൽ.


 •  നേരിട്ട് ഓടിടി പ്രദർശനമുണ്ടായിരുന്നുവെങ്കിൽ സിനിമയുടെ സ്വീകാര്യത കൂടുമായിരുന്നില്ലേ

ഇപ്പോൾ ഒ.ടി.ടിയിൽ സിനിമ കണ്ടു അഭിപ്രായം പറയുന്ന ആളുകൾ സിനിമ റിലീസ് ചെയ്ത സമയത്ത് തിയറ്റിൽ വരും എന്നൊക്കെയാണല്ലോ നമ്മൾ ആ സമയത്തു കരുതുന്നത്. പിന്നെ പുതിയതായി ഒരു കാര്യം ചെയ്യുമ്പോൾ നമുക്ക് അറിയില്ല അത് എങ്ങനെയായി തീരുമെന്ന്. ഒരു കോമഡി എലമെന്റ് ഉള്ള സിനിമയാണ് എടുക്കുന്നതെങ്കിൽ വലിയ റിസ്കില്ല. കാരണം ആളുകൾക്ക് എന്ത് ഇഷ്ടമാകുമെന്ന് നമുക്കറിയാം, അവർ പോയി കാണുമെന്നും നമുക്കറിയാം. ഈ സിനിമയെ സംബന്ധിച്ചിടത്തോളം യുവത്വത്തിൽ നിൽക്കുന്ന ആളുകൾക്കാണ് ഇത് കൂടുതൽ കണക്ട് ചെയ്യാൻ സാധിക്കുക. പക്ഷെ ഇത്തരം വിഭാഗം ആളുകൾ കൂടുതലായും ഓ ടി ടി യിലേക്ക് മാറിക്കഴിഞ്ഞു എന്നാണ് ഞാനിപ്പോൾ മനസ്സിലാക്കുന്നത്. മൊത്തത്തിൽ അതിഗംഭീരമാണ് എന്ന് അഭിപ്രായം വരുന്ന സിനിമകൾക്കൊക്കെയാണ് ആളുകൾ കൂടുതലായും ഇപ്പോൾ തിയറ്ററിൽ പോകുന്നത്. ഈ സിനിമയെ സംബന്ധിച്ചിടത്തോളം കാണുന്ന എല്ലാവർക്കും സിനിമ ഇഷ്ടപ്പെടില്ല. റൊമാൻസ് ഇഷ്ടപ്പെട്ടവർക്ക് ഒരിക്കലും ഈ സിനിമ ഇഷ്ടപ്പെടില്ല. അത്തരം സിനിമകൾക്ക് തിയറ്ററുകളിൽ വളരെ സാധ്യത കുറവാണ്. പിന്നെ നെഗറ്റീവ് അഭിപ്രായങ്ങൾ വരുമ്പോഴുള്ള പ്രത്യേകത എന്താണെന്ന് വെച്ചാൽ അത് കുറച്ചുകൂടി ലൗഡ് ആയിട്ടായിരിക്കും കേൾക്കുക. അതു ഈ സിനിമയിൽ ഉണ്ടായിട്ടുണ്ട്. അതാരും ബോധപൂർവം ചെയ്യുന്ന കാര്യമല്ല. ഈ സിനിമ ഇഷ്ടപ്പെടാത്ത ആളുകൾ തീർച്ചയായും ഉണ്ടാകും എന്നുള്ളതുകൊണ്ട് നെഗറ്റീവ് അഭിപ്രായം വരാനുള്ള സാധ്യതയും വളരെ കൂടുതലായിരുന്നു.

• സംഗീതമില്ലാതെ എന്ത് പ്രണയം

ബേസിക്കലി ഒരു ലൗ സ്റ്റോറിയിൽ സംഗീതം വേണം. മ്യൂസിക് അതിനെ കുറച്ചുകൂടി കൊമേഴ്ഷ്യൽ ആക്കി മാറ്റും. അതോടൊപ്പം ഒരു ലൗ സ്റ്റോറിയിൽ സംഗീതം വളരെ ആവശ്യമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതു ഇമോഷനെ നന്നായി ബിൽഡ് ചെയ്യും.4 ഇയേഴ്സ് എന്ന സിനിമയിൽ നായകനും നായികയും സംഗീതവുമായി ബന്ധപ്പെട്ട ആളുകളാണ്. ഗായത്രി ഹൈക്കു കവിതകൾ എഴുതും. വിശാലതിന് സംഗീതം നൽകും. ഈ സിനിമ ശ്രദ്ധിച്ചാൽ തന്നെ അറിയാൻ പറ്റും സിനിമ തുടങ്ങുമ്പോൾ കാണിക്കുന്ന ശൂന്യമായ സ്ഥലങ്ങളിലാണ് പിന്നീട് കഥകൾ നടക്കുന്നത്. സിനിമ തുടങ്ങുന്നത് തന്നെ നായികയുടെ മോണോലോഗിൽ നിന്നാണ്. അതുപോലെ സിനിമ അവസാനിക്കുന്നത് നായകന്റെ മോണോലോഗിലും ആണ്. ഇനിയീ സിനിമക്ക് കിട്ടുന്ന സ്വീകാര്യതക്കനുസരിച്ച് വേണം ഇതിനു രണ്ട് ഭാഗം വേണോ വേണ്ടയോ എന്ന് ചിന്തിക്കാൻ.


•  സിനിമയിലെ 13 വർഷങ്ങൾ

ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹത്തിൽ 2009ൽ സിനിമയിലേക്ക് വന്ന ആളാണ് ഞാൻ. ഇപ്പോൾ ഞാൻ 14 സിനിമകൾ ചെയ്തു. അതിൽ 12 സിനിമയും പ്രൊഡ്യൂസ് ചെയ്തു. ഇന്റർനാഷണൽ ഡിസ്ട്രിബ്യൂഷൻ ചെയ്തു. 4 ഇയേഴ്സ് സിനിമക്ക് വേണ്ടി വരികൾ എഴുതി. അതൊക്കെ ചെയ്യാൻ പറ്റി എന്നുള്ളത് പ്രതീക്ഷിക്കാത്ത കാര്യങ്ങളിൽ പെടുന്ന ഒന്നാണ്. പാസഞ്ചർ സിനിമയുടെ തിരക്കഥക്ക് ലോഹിതദാസ് പുരസ്കാരം കിട്ടിയിരുന്നു. ഇപ്പോൾ സിനിമയുടെ തിരക്കഥയിലും ഒക്കെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലുള്ള എഴുത്തുകാരൊക്കെ എഴുതുന്ന രീതിയിൽ നിന്നൊക്കെ സിനിമ കുറച്ചുകൂടി മാറിയിട്ടുണ്ട്. കൂട്ടായ്മയിലേക്കും, വിഷ്വൽ സ്റ്റോറി ടെല്ലിങ്ങിലേക്കും ഒക്കെ സിനിമ മാറിയിട്ടുണ്ട്. മാറ്റങ്ങൾ എല്ലായ്പ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

•  വരും പ്രോജക്ട്

ചിന്തിക്കുന്നേയുള്ളൂ. തയ്യാറെടപ്പുകൾ ഒന്നുമായിട്ടില്ല.

Tags:    
News Summary - Ranjith Sankar Latest Interview About His New Movie 4 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT