ഒരു പുഷപ്പ് പോലും എടുക്കാതെയാണ് ആർ.ഡി.എക്സിൽ അഭിനയിക്കാനെത്തിയത്; ഹരിശങ്കർ -അഭിമുഖം

ഹമ്മദ് കബീർ സംവിധാനം ചെയ്ത ജൂൺ സിനിമയിലൂടെ ഹരിശങ്കർ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ആർ ഡി എക്സ് എന്ന സിനിമയിലൂടെ വില്ലനായി ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഹരിശങ്കർ.

എന്നെ തേടി വന്നതൊക്കെ ലിമിറ്റഡായ ഓഫറുകൾ

സിനിമയോടുള്ള ആഗ്രഹം തുടങ്ങുന്നതെപ്പോഴാണെന്നതിന് കൃത്യമായ മറുപടി നൽകാനൊന്നും എനിക്കറിയില്ല. പക്ഷേ ചെറുപ്പം മുതലേ സിനിമകൾ കണ്ട് പരിചയമുണ്ട്. പിന്നീട് ഡിഗ്രി കാലഘട്ടമെത്തിയപ്പോഴാണ് സിനിമയെ കുറേകൂടി സീരിയസായി കാണാൻ തുടങ്ങിയതും അഭിനയിക്കാൻ തുടങ്ങിയതും. സത്യം പറഞ്ഞാൽ കഥാപാത്രങ്ങളിൽ സെലക്ടീവാകണമെന്ന് ചിന്തിക്കാനുള്ള പൊസിഷനിലേക്കൊന്നും ഞാനിപ്പോഴുമെത്തിയിട്ടില്ല. എന്നെ തേടി വന്നിട്ടുള്ളതൊക്കെ വളരെ ലിമിറ്റഡായിട്ടുള്ള ഓഫറുകളാണ്. അതാണ് ഞാനിപ്പോൾ ചെയ്ത കഥാപാത്രങ്ങളൊക്കെ. ഇതിനിടയിൽ 'ആരവം' എന്നൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിലും കോവിഡ് പ്രശ്‌നങ്ങളിൽ പെട്ട് ആ സിനിമ മുടങ്ങി പോയി. മാത്രമല്ല,കോവിഡ് കാരണത്താൽ തന്നെ സിനിമയിൽ നിന്ന് ഏകദേശം രണ്ട് വർഷത്തോളം എനിക്ക് മാറി നിൽക്കേണ്ടിയും വന്നു. അതിന് ശേഷം എന്നെ തേടി വന്ന ഓഫറാണ് കേരള ക്രൈം ഫയൽസും, ആർ ഡി എക്‌സും. അതൊന്നും ഒരിക്കലും ചൂസി ആയത് കൊണ്ട് തെരഞ്ഞെടുത്ത കഥാപാത്രങ്ങളാണെന്ന് പറയാൻ പറ്റില്ല. എന്നെ തേടി വന്ന കഥാപാത്രങ്ങൾ ചെയ്തു എന്നെ ഒള്ളൂ.

അഹമ്മദ് കബീറും, സൗഹൃദവും, സിനിമയും

ഞാനാദ്യമായി ഒരു ക്യാരക്ടർ റോൾ ചെയുന്നത് സംവിധായകൻ അഹമ്മദ് കബീറിന്റെ ജൂൺ എന്ന സിനിമയിലാണ്. പക്ഷേ അതിന് മുൻപേ തന്നെ നോൺസൻസ്, ട്രാൻസ് എന്നീ രണ്ട് സിനിമകളുടെ ഭാഗമായി. രണ്ടിലും ചെറിയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. എനിക്ക് എന്തെങ്കിലും നല്ല കഥാപാത്രം തരണമെന്ന ആഗ്രഹമുള്ള ആളായിരുന്നു അഹമ്മദിക്ക. അതുകൊണ്ട് തന്നെ പ്രോപ്പറായ ഒരു സ്ക്രിപ്റ്റിൽ ലാൻഡ് ചെയ്തു നിൽക്കുന്ന സമയത്താണ് ജൂണിലെ ആ കഥാപാത്രം എനിക്ക് തന്നാൽ കൊള്ളാമെന്ന് അഹമ്മദിക്ക വിചാരിക്കുന്നത്. അങ്ങനെയാണ് ആ കഥാപാത്രം ചെയ്യാൻ എന്നെ വിളിക്കുന്നത്. കഥ കേട്ടപ്പോൾ അത് ചെയ്യാമെന്ന് ഞാനും വിചാരിച്ചു. ഞങ്ങൾക്കിടയിലെ സൗഹൃദവും അതിനുള്ള മറ്റൊരു കാരണമാണ്.പക്ഷേ സൗഹൃദം ഉണ്ടെങ്കിൽ കൂടിയും ഓഡീഷൻ കഴിഞ്ഞിട്ടാണ് അഹമ്മദിക്ക ആ കഥാപാത്രം പൂർണ്ണമായും എന്നെ ഏൽപ്പിക്കുന്നത്. അതിന് ശേഷം അഹമ്മദിക്കയുടെ മൂന്നാമത്തെ സിനിമയായ കേരള ക്രൈം ഫയൽസിലേക്ക് എന്നെ വിളിക്കുമ്പോൾ എന്നോട് പറഞ്ഞിരുന്നു ഒരു കഥാപാത്രമുണ്ട്, അത് നീ ചെയ്താൽ നന്നായിരിക്കുമെന്ന്. അതും ഒരു വിശ്വാസത്തിന്റെ പുറത്ത് എനിക്ക് തന്ന കഥാപാത്രമാണ്

 സീരിയസായ സിനിമയിൽ രസകരമായ കഥാപാത്രവുമായി കേരള ക്രൈം ഫയൽസ്

ഒരുവിധം എല്ലാവരും കംഫർട്ടാകുന്ന സിനിമ ലൊക്കേഷനാണ് അഹമ്മദിക്കയുടേത്. അഭിനേതാക്കളിൽ നിന്ന് പരമാവധി നല്ല ഔട്ട് കിട്ടാൻ വേണ്ടി അവരെ ഏറ്റവും നന്നായി കംഫർട്ട് ആക്കുന്ന ഒരു സംവിധായാകനാണ് അദ്ദേഹം. അതോടൊപ്പം അഭിനേതാക്കളുടെ ഇഷ്ടത്തിനഭിനയിക്കാൻ സ്പെയ്സും നൽകും. അതുകൊണ്ട് തന്നെ ജൂൺ സിനിമയിൽ നിന്ന് കേരള ക്രൈം ഫയൽസിലേക്ക് എത്തുമ്പോഴേക്കും ഒരു ആർടിസ്റ്റെന്ന നിലയിൽ ഞാൻ കുറച്ചു കൂടി ഫ്രീയായിരുന്നു. പിന്നെ കേരള ക്രൈം ഫയൽസിനെ സംബന്ധിച്ചിടത്തോളം ആ സ്ക്രിപ്റ്റിന്റെയും, വർക്ക് ചെയ്ത ടീമിന്റെയും ഗുണം കൊണ്ടാണ് അതിൽ ഞാൻ ചെയ്ത ശരത് എന്ന കഥാപാത്രം വിജയിച്ചത്. ആ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ ഛായാചിത്രം വരക്കുന്നതിനായി പൊലീസിന് രൂപരേഖ പറഞ്ഞു കൊടുക്കുന്നുണ്ട് എന്റെ കഥാപാത്രമായ ശരത്. സ്ക്രിപ്റ്റിൽ ഒന്ന് രണ്ട് ഡയലോഗുകൾ മാത്രമാണ് ആ ഭാഗത്തുള്ളത്. സിനിമയുടെ സ്ക്രിപ്റ്റ് വർക്ക്ഷോപ്പ് നടക്കുന്ന സമയത്ത് ഞാൻ ചുമ്മാ കൈയിൽ നിന്നെടുത്തു പറഞ്ഞ ഒരു ഡയലോഗ് അവിടെ എല്ലാവർക്കും ഇഷ്ടമായി. 'സാർ അയാളുടെ പുരികമുണ്ടല്ലോ സാറേ, ടാറിട്ട പുരികമാണ്' അതെന്നൊക്കെയുള്ള ഡയലോഗായിരുന്നു അത്. അത് തന്നെയാണ് പിന്നീട് സിനിമയിൽ ഉപയോഗിച്ചതും. പിന്നെ സിനിമയിൽ ഞാനല്പം ബുദ്ധിമുട്ടിയത് സിഗരറ്റ് വലിക്കുന്ന സീൻ ചെയ്യാനാണ്. അതിനകത്തു സിഗരറ്റ് വലിക്കുന്ന ഒന്ന് രണ്ട് സീനുകളുണ്ട്. എനിക്കാണെങ്കിൽ സിഗരറ്റ് വലിക്കാൻ അറിയില്ല. അപ്പോൾ മാത്രം അല്പം ബുദ്ധിമുട്ടി. ആർ ഡി എക്‌സും, കേരള ക്രൈം ഫയൽസും ഏകദേശം ഒരേ സമയത്തു ഷൂട്ട് തുടങ്ങാനിരുന്ന സിനിമകളായിരുന്നു. ആ സമയത്ത് ആന്റണി വർഗ്ഗീസ് പെപ്പേയുടെ കൈക്ക് ചെറിയ പരിക്ക് പറ്റിയത് കാരണം ആ ർ ഡി എക്‌സിന്റെ ഷൂട്ട് മാറ്റി വെച്ചു. അതിനിടയിൽ ഞാൻ കേരള ക്രൈം ഫയൽസ് അഭിനയിക്കുകയാണുണ്ടായത്.

 അൻപറിവ് മാസ്റ്റേഴ്സ് തന്ന എക്സൈറ്റ്മെന്റ്

അൻപറിവ് മാസ്റ്റേഴ്സാണ് ആർ. ഡി.എക്‌സിന്റെ സംഘട്ടന സംവിധായകർ. കെ.ജി.എഫും സലാറും ലിയോയും ഒക്കെ ചെയ്ത് ബ്രാൻഡായി നിൽക്കുന്നവരാണവർ.സത്യം പറഞ്ഞാൽ ആർ.ഡി.എക്സിലേക്ക് ഞാൻ ഓക്കേ പറയാനുള്ള പ്രധാന കാരണം തന്നെ അൻപറിവ് മാസ്റ്റേഴ്സതിലുള്ളത് കൊണ്ട് കൂടിയാണ്. ക്രിക്കറ്റ് കളിക്കാരനായ അനസ് എന്ന കഥാപാത്രം ചെയ്യാനായി തയ്യാറെടുക്കുമ്പോൾ പോലും അവരുള്ള കാര്യം തുടക്കത്തിലെനിക്കറിയില്ലായിരുന്നു. അറിഞ്ഞു കഴിഞ്ഞപ്പോൾ വലിയ എക്സൈറ്റ്മെന്റാണ് തോന്നിയത്. അവരുടെ കൂടെ വർക്ക് ചെയുന്ന എക്സ്പീരിയൻസ് ഒന്ന് വേറെ തന്നെയാണ്. അവർ വന്നു കഴിഞ്ഞാൽ വർക്കിൽ കളി തമാശകളൊന്നുമുണ്ടാകില്ല. വർക്ക് മാത്രമായിരിക്കും എല്ലാവരുടെയും ശ്രദ്ധ. ഒന്നാമത് ആ സിനിമക്കായി അത്രയും വലിയ തുകയാണ് പ്രൊഡ്യൂസർമാർ ഇൻവെസ്റ്റ്‌ ചെയ്തിട്ടുള്ളത്. അതിന്റെ ഗൗരവം ആ സിനിമയിൽ മൊത്തമുണ്ടായിരുന്നു. ആർ. ഡി. എക്സ് കഴിഞ്ഞപ്പോഴേക്കും കരാട്ടെ ഒക്കെ പോലുള്ള ഒരു സ്കിൽ ഉണ്ടാക്കിയെടുത്താൽ നന്നായിരിക്കുമെന്ന് പോലും എനിക്ക് തോന്നി. രസമെന്താണെന്ന് വെച്ചാൽ ചെയ്യാൻ പോകുന്ന സിനിമ ഇത്രയും വലിയ ഒന്നാണെന്നൊന്നും എനിക്കാദ്യം അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരു പുഷപ്പ് പോലും എടുക്കാതെയാണ് ഞാൻ ലൊക്കേഷനിലേക്ക് പോയതൊക്കെ. ആകെ ഞാൻ ചെയ്ത കാര്യം കഥാപാത്രത്തിന് വേണ്ടി ഡയറ്റ് എടുത്തു വണ്ണം കുറച്ചു എന്നതാണ്. സിനിമ പുറത്തിറങ്ങി കഴിഞ്ഞതിനുശേഷം ഒരുപാട് പേര് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം സംവിധായകൻ അൽഫോൻസ്‌ പുത്രൻ നല്ല അഭിപ്രായം പറഞ്ഞു മെസ്സേജ് അയച്ചു. അതൊക്കെ വലിയൊരു ഭാഗ്യം തന്നെയാണ്.

പുതിയ സിനിമകൾ

കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഷാനവാസ് കെ. ബാവക്കുട്ടി സാർ സംവിധാനം ചെയ്യുന്ന പടമാണ് ഇനി വരാനുള്ളത്. രഘുനാഥ് പലേരി സാറാണ് അതിന്റ തിരക്കഥ ചെയ്തിരിക്കുന്നത്.രഘുനാഥ്‌ സർ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു ഫാന്റസി മൂവിയാണത്. ഞാൻ ചെയ്യുന്നതാണെങ്കിൽ ഒരു ഫണ്ണി നെഗറ്റീവ് കഥാപാത്രമാണ്. അതോടൊപ്പം മറ്റു പ്രോജക്ടുകളും മറ്റും അതിന്റെ തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഉടനെ അതും ആരംഭിക്കുമെന്നാണ് കരുതുന്നത്.

Tags:    
News Summary - R.D.X Movie Fame harisankar Latest Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT