ശ്രീകണ്ഠപുരം: മമ്മൂട്ടി നായകനായി തിയറ്ററുകളില്‍ ‘കണ്ണൂര്‍ സ്ക്വാഡ്’ നിറഞ്ഞോടുമ്പോൾ യഥാർഥ കണ്ണൂർ സ്ക്വാഡിന് അഭിമാന നിമിഷം. ഒപ്പം സേനക്കാകെ ബിഗ് സല്യൂട്ട്. കുറ്റാന്വേഷണത്തിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സ്ക്വാഡിലെ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വൈദഗ്ധ്യത്തോടെ തെളിയിച്ച കേസാണ് കണ്ണൂര്‍ സ്ക്വാഡിന്റെ ഇതിവൃത്തം.
റിട്ട. എസ്.ഐ ബേബി ജോര്‍ജ്, എസ്.ഐമാരായ റാഫി അഹമ്മദ് (ജില്ല നാര്‍ക്കോട്ടിക് സെല്‍), എ. ജയരാജന്, രാജശേഖരന്, സുനില്‍കുമാര്‍, മനോജ് (നാലുപേരും ആന്റി നക്സല്‍ സ്ക്വാഡ്), റജി സ്കറിയ (ഇരിട്ടി സ്റ്റേഷന്), വിനോദ് (പാനൂര്‍ സ്റ്റേഷന്), വിരമിച്ച ജോസ് എന്നിവരാണ് ആ ഒമ്പതുപേര്‍. 2013ല്‍ റമദാൻ 26ന് രാത്രിയില്‍ തൃക്കരിപ്പൂരിലെ പ്രവാസി വ്യവസായി സലാം ഹാജി അതിക്രൂരമായി കൊല്ലപ്പെട്ട കേസ് തെളിയിച്ചതിനെ കേന്ദ്രീകരിച്ചാണ് സിനിമ. നോമ്പ് അവസാനം നാട്ടില്‍ എത്തിയതായിരുന്നു സലാം ഹാജി.
ഭാര്യയും മക്കളും ചെറിയ കുട്ടികളും ഉള്‍പ്പെടെയുള്ള വീട്ടുകാരുടെ വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ച് ഒരുസംഘം ആക്രമികള്‍ അവരെ മുറിയിലിട്ട് പൂട്ടുന്നു. സലാംഹാജിയുടെ കഴുത്തില്‍ കയറിട്ട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണത്തിനും പണത്തിനും ആവശ്യപ്പെടുന്നു.
ഏറെ പരിശ്രമിച്ചിട്ടും പണം ലഭിക്കില്ലെന്നായതോടെ സലാം ഹാജിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി ആക്രമികള്‍ വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ കൈക്കലാക്കി രക്ഷപ്പെട്ടു. സംസ്ഥാനത്തെ നടുക്കിയ ഈ കേസിന്റെ അന്വേഷണത്തിനാണ് കണ്ണൂര്‍ ജില്ല പൊലീസ് മേധാവി സ്ക്വാഡിനെ നിയോഗിച്ചത്.
വീട്ടിലെ നിരീക്ഷണ കാമറയും മറ്റും ആക്രമികള്‍ തകര്‍ത്തിരുന്നു. എന്നാല്‍, ഒമ്പതംഗ സ്ക്വാഡ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. സലാം ഹാജിയുടെ അകന്ന ബന്ധുക്കളായ ചെറുവത്തൂരിലെ റമീസും നൗഷാദും ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. സലാം ഹാജിയുടെ കൈവശം വന്‍തോതില്‍ പണം ഉണ്ടെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍.
അത് തട്ടിയെടുക്കാന്‍ തൃശൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. നിശ്ചിത തുകക്ക് പുറമെ തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ദക്ഷിണാഫ്രിക്കയില്‍ ബിസിനസ് തുടങ്ങാമെന്നും അതില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് ഓഹരി നല്‍കാമെന്നും കരാര്‍ ഉണ്ടാക്കിയിരുന്നു. തൃശൂരിലെ അഷ്കര്‍, റിയാസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു ക്വട്ടേഷന്‍ ഏറ്റെടുത്തത്. മുംബൈ, പുണെ എന്നിവിടങ്ങളില്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തി.
ഒടുവില്‍ അലഹബാദില്‍നിന്നാണ് അഷ്കറിനെയും റിയാസിനെയും ബേബി ജോര്‍ജും റാഫി അഹമ്മദും ജയരാജനും റെജി സ്കറിയയും വിനോദും ജോസും ചേര്‍ന്ന് പിടികൂടിയത്. കേസിലെ എട്ട് പ്രതികളെയും സംഭവം നടന്ന് 21 ദിവസത്തിനകം കണ്ണൂര്‍ സ്ക്വാഡ് പിടികൂടിയിരുന്നു. പ്രതികളെ കാസര്‍കോട് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
ഈ സംഭവമാണ് സിനിമക്ക് ആവശ്യമായ ചില മാറ്റങ്ങളോടെ ‘കണ്ണൂര്‍ സ്ക്വാഡാ’യി മാറിയത്. സ്ക്വാഡിലെ യഥാര്‍ഥ പൊലീസുകാരില്‍ ചിലരുടെ പേരുകള്‍ തന്നെ കഥാപാത്രങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. സിനിമയുടെ അവസാനം ഒമ്പത് പൊലീസുകാരുടെയും ഫോട്ടോ അവരുടെ പേരുസഹിതം നല്കി, കണ്ണൂര്‍ സ്ക്വാഡിന് ഞങ്ങളുടെ ആദരമെന്ന് എഴുതിക്കാണിച്ചിട്ടുമുണ്ട്.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സംവിധായകനും തിരക്കഥാകൃത്തും പലതവണ പൊലീസ് സ്ക്വാഡംഗങ്ങളെ നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു. എസ്.പിയുടെ സ്ക്വാഡ് അതേപടി നിലവില്‍ ഇല്ലെങ്കിലും ആയിരക്കണക്കിന് പ്രമാദമായ കേസ് തെളിയിച്ച സേനാംഗങ്ങള്‍ക്കും പൊലീസ് സേനക്കും ബിഗ് സല്യൂട്ട് നൽകുന്നതാണീ സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.